ഒഡീഷ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, അസം, തെലങ്കാന എന്നിവിടങ്ങളിലെ ആദിവാസി-ദലിത്-മുസ്ലിം ന്യൂനപക്ഷ മേഖലകളില്‍ പലവട്ടം യാത്ര ചെയ്യുവാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ദാരിദ്ര്യം, ഭൗതിക സാഹചര്യങ്ങളുടെ അഭാവം, ഭൂമി നഷ്ടപ്പെടല്‍, സാമ്പത്തിക ചൂഷണം, ഭരണകൂടത്തിന്റെ അവഗണന, തീവ്ര ഹിന്ദുത്വ ശക്തികള്‍ സ്പോണ്‍സേഡ് ചെയ്യുന്ന ജാതി ഹിംസകള്‍, ആള്‍ക്കൂട്ട കൊലകള്‍, ജീവന് നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങിയ കഠിനമായ സാമൂഹ്യ യാഥാര്‍ഥ്യങ്ങളാണ് ഇവിടങ്ങളില്‍ നമ്മുടെ മുന്നിലേക്കെത്തുന്നത്.
ഇന്ത്യയുടെ സമകാലീന സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തില്‍ ഏറെ പ്രധാനപ്പെട്ട സ്ഥാനം കൈവരിക്കുന്ന പ്രദേശങ്ങളാണ് പ്രധാനമായും കിഴക്കന്‍ ഇന്ത്യയുടെ ആദിവാസി മേഖലകള്‍. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ഈ പ്രദേശങ്ങള്‍ ‘ദേശത്തിന്റെ വികസന എന്ജിന്’ എന്നാണ് ഭരണകൂടം നല്‍കിയിട്ടുള്ള വിശേഷണം. എന്നാല്‍, വികസന പദ്ധതികളുടെ സാമ്പത്തിക-സാമൂഹിക നേട്ടങ്ങള്‍ ആദിവാസികളിലേക്ക് എത്താറില്ല. അവര്‍ക്ക് നേരിടേണ്ടി വരുന്നത് ഭൂമി നഷ്ടപ്പെട്ടുള്ള അഭയാര്‍ഥി ജീവിതവും അനീതിയും, ചൂഷണവും മറ്റും ആണ്. അതോടൊപ്പം സാംസ്കാരിക വിച്ഛേദനവും സംഭവിക്കുന്നു.
ഭൂമി, ജലം, വനസമ്പത്ത് എന്നീ മൂല്യങ്ങളാണ് ആദിവാസി ജീവിതത്തിന്റെ അടിസ്ഥാനം. വലിയ അണക്കെട്ടുകള്‍, ഖനന പദ്ധതികള്‍, വ്യവസായിക സമുച്ചയങ്ങള്‍ തുടങ്ങിയവ ആദിവാസികളെ അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് പുറത്താക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ കുടിയിറക്കപ്പെട്ടവരില്‍ 80 ശതമാനത്തിലധികം ആദിവാസികളും ദലിതുകളും മറ്റു ഗ്രാമീണ ദരിദ്രരുമാണ്. ഇന്ത്യയിലെ ധാതു സമ്പത്ത് (minerals) ഉള്ള ഏറ്റവും സമൃദ്ധമായ പ്രദേശങ്ങള്‍ ആണ് ഈ ആദിവാസി മേഖലകള്‍. ഇരുമ്പ്, ബോക്സൈറ്റ്, മാംഗനീസ്, കോള്‍, യുറേനിയം, ഡയമണ്ട്, ഗോള്‍ഡ് തുടങ്ങി അനവധി ധാതു ഖനികള്‍ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ മൈനിംഗ് കോര്‍പ്പറേറ്റുകള്‍ (Adani, Vedanta, Tata, Jindal, Essar, NMDC, Coal India തുടങ്ങിയവ) ഇവിടങ്ങളില്‍ തങ്ങളുടെ നിയന്ത്രണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു.

ആദിവാസികളുടെ ജീവന്റെ അടിസ്ഥാനം അവരുടെ ഭൂമിയും കാടുമാണ്. മൈനിംഗ് കമ്പനികള്‍ വലിയ തോതില്‍ ഭൂമി ഏറ്റെടുത്തു, ഗ്രാമങ്ങള്‍ മാറ്റിപ്പാര്‍പ്പിച്ചു, ഇതിലൂടെ ആയിരക്കണക്കിന് ആദിവാസികള്‍ വീടില്ലാതാവുകയും ഭൂമിയില്ലാതാവുകയും ചെയ്യുന്നു. സര്‍ക്കാരുകള്‍ പലപ്പോഴും ‘വികസനം’ എന്ന പേരില്‍ ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറ് എഴുതിക്കൊടുക്കുന്നു. എന്നാല്‍, അത്തരം വികസനത്തില്‍ ലാഭം ഭരണകൂടവും കോര്‍പ്പറേറ്റുകളും രാഷ്ട്രീയ ദല്ലാള്‍മാരും പങ്കിടുന്നു. പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഗ്രാമീണര്‍ക്കും അവരുടെ ജീവിത നിലവാരത്തെ ഉയര്‍ത്താനുള്ള സാഹചര്യങ്ങള്‍ നിര്‍മിക്കപ്പെടാതെ പോകുന്നു. അധിനിവേശത്തിന്റെ ഇരകളായ ഈ ദരിദ്ര ഗ്രാമീണരുടെ ജീവിതം വീണ്ടും പിന്നോക്കം പോകുന്നു.
അസമില്‍ കഴിഞ്ഞ ദിവസം ബി.ജെ. പി ഭരണകൂടം ആയിരക്കണക്കിന് ഏക്കര്‍ വരുന്ന പട്ടികവര്‍ഗ ഭൂപ്രദേശം അദാനിക്ക് ഫാക്ടറി തുടങ്ങാന്‍ എഴുതിക്കൊടുക്കുന്നതിനെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. പട്ടികവര്‍ഗങ്ങള്‍ക്കും ആദിവാസി സമൂഹങ്ങള്‍ക്കും ഭൂമി കേവലം സാമ്പത്തിക സ്വത്തല്ല, അവരുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും അധിഷ്ഠാനം ആണ്. അത് നഷ്ടപ്പെടുന്നത് അവരുടെ ജീവിതത്തെ ഉന്മൂലനം ചെയ്യുന്നതിന് തുല്യമാണ്.
നിയമപരമായ ചട്ടങ്ങളെ കാറ്റില്‍ പറത്തിയാണ് ഭരണകൂടം കോര്‍പ്പറേറ്റ് ഭീമന്മാര്‍ക് എല്ലാവിധ സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുന്നത്. ഭരണഘടനയിലും Fifth Schedule, Sixth Schedule പ്രദേശങ്ങളിലെയും PESA നിയമം, Forest Rights Act പോലെയുള്ള നിയമങ്ങളിലും ആദിവാസി ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍, എല്ലാ നിയമ വ്യവസ്ഥകളും ഭരണഘടനാ പരിരക്ഷകളും അട്ടിമറിക്കപ്പെടുന്നു. കോര്‍പ്പറേറ്റ്-ഭരണകൂട ഭീകരത കൂടാതെ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളാലും വേട്ടയാടപ്പെടുകയാണ് ആദിവാസി മേഖലകള്‍. ഹൈന്ദവീകരണത്തിന്റെ ലാബോട്ടറി ആയി ഗോത്ര മണ്ണിനെ അവര്‍ മാറ്റിയിരിക്കുന്നു.

സ്വാഭാവികമായ സൈ്വര്യ ജീവിതം ആദിമ ഗോത്രങ്ങള്‍ക്ക് ഇല്ലാതായി. തീയും രക്തവും വിഴങ്ങുന്ന ഗ്രാമങ്ങളില്‍ സംസ്കാരകലാപഠനം എന്നിങ്ങനെയുള്ള വ്യവഹാരങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ല. ഗ്രാമീണ സംസ്കാരത്തിന്റെ ആഘോഷാത്മക മുഖങ്ങളും കലാത്മക പ്രതീകങ്ങളും ഗ്രാമീണ ചാരുതകളും മുന്നില്‍ നിന്നും മാഞ്ഞു പോകുന്ന സാമൂഹ്യ ജീവിതമാണ് നമ്മുടെ മുന്നില്‍ തെളിയുന്നത്്.
ആദിവാസികളുടെ നിലവിളികള്‍ പലപ്പോഴും കേള്‍ക്കപ്പെടാതെ പോകുന്നു. ഭരണകൂടം ‘ദേശീയ സുരക്ഷ’യും ‘വികസനവും’ പറഞ്ഞ് അവരുടെ സ്വരങ്ങളെ അടിച്ചമര്‍ത്തുന്നു. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊലീസും അര്‍ധസൈനിക സേനയും വിന്യസിക്കപ്പെടുന്നു. അതിനെതിരെ സംസാരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ വരെ രാജ്യദ്രോഹക്കേസുകളില്‍ കുടുക്കുന്ന ദൗര്‍ഭാഗ്യകരമായ യാഥാര്‍ഥ്യമാണ് ഇന്നത്തെ ഇന്ത്യയില്‍ നടക്കുന്നത്. ഇതെല്ലാറ്റിനിടയിലും, ആദിവാസികള്‍ അവരുടെ സംസ്കാരത്തിന്റെയും ഭൂമിയുടെയും അവകാശത്തിന്റെയും സംരക്ഷണത്തിനായി പോരാടിക്കൊണ്ടിരിക്കുന്നു. ഒറ്റപ്പെട്ട ഗ്രാമങ്ങളിലും, കാടുകളുടെ നടുവിലും, അവര്‍ നടത്തുന്ന പ്രതിരോധങ്ങളും പ്രതിഷേധങ്ങളും തന്നെ ഒരു സംസ്കാരമായിത്തീര്‍ന്നിരിക്കുന്നു. അവരുടെ പോരാട്ടങ്ങള്‍, ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവി തന്നെ നിര്‍ണ്ണയിക്കുന്നവയാണ്.
ജാര്‍ഖണ്ഡ്
ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹങ്ങള്‍ ഇന്നും കടുത്ത പ്രതിസന്ധിയിലാണ്. ഭൂമി നഷ്ടപ്പെടല്‍, ദാരിദ്ര്യം, തൊഴില്‍ അഭാവം, വനാവകാശം നഷ്ടപ്പെടല്‍, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളുടെ ക്ഷാമം, സ്ത്രീകള്‍ നേരിടുന്ന സുരക്ഷാ ഭീഷണി ഭരണഘടന നല്കുന്ന PESA, Forest Rights Act പോലുള്ള നിയമങ്ങള്‍ നടപ്പാകാതെ, ഭൂമി സംരക്ഷണ നിയമങ്ങള്‍ പോലും ലംഘിച്ച്, ഖനന-കോര്‍പ്പറേറ്റ് പദ്ധതികള്‍ വേഗത്തില്‍ വ്യാപിക്കുന്നു. ഇതിലൂടെ ഗ്രാമങ്ങള്‍ ഒഴിപ്പിക്കപ്പെടുകയും ആയിരങ്ങള്‍ വീടും ഭൂമിയും നഷ്ടപ്പെടുത്തി കുടിയൊഴിയുകയും ചെയ്യുന്നു.
ബോണ്ടോ പ്രാചീന ഗോത്രം
ഒഡീഷയിലെ ബോണ്ടോ ഹില്‍സിലെ ബോണ്ടോ ആദിവാസികള്‍ സാംസ്കാരികാധിനിവേശത്തിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. അവരുടെ ഭൂമിയും വനവും നഷ്ടപ്പെടുന്നത്, ഭാഷയും ആചാരങ്ങളും അവഗണിക്കപ്പെടുന്നത്, വസ്ത്രധാരണജീവിതരീതികള് ‘പിന്നാക്കം’ എന്നു വിളിച്ച് പരിഹസിക്കപ്പെടുന്നത് ഇവരെ ഗുരുതര പ്രതിസന്ധിയിലാക്കുന്നു. വിദ്യാഭ്യാസവും വികസനപദ്ധതികളും പലപ്പോഴും അവരുടെ സംസ്കാരത്തെ ഇല്ലാതാക്കുന്ന രീതിയിലാണ് നടപ്പാക്കുന്നത്. അവരുടെ പ്രാക്തനദൈവങ്ങള്ക്ക് പകരം ബോണ്ടോ ഹില്‍സ്സില്‍ സംഘ പരിവാര്‍ ശക്തികള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ പണിതു കഴിഞ്ഞു.
തെലങ്കാന
തെലങ്കാനയിലെ ആദിവാസികള്‍ (ഗോണ്ട്, കൊയ, ചേഞ്ചു, ലംബാട തുടങ്ങിയവര്‍) ഇന്ന് പുതിയ അധിനിവേശത്തിന്റെ ഭാഗമായി വലിയ പ്രതിസന്ധി നേരിടുകയാണ്. ഖനനകമ്പനികളും അണക്കെട്ട് പദ്ധതികളും കാരണം അവരുടെ ഭൂമി, കാട്, ജലസ്രോതസ്സുകള്‍ നഷ്ടപ്പെടുന്നു. അവര്‍ക്കുള്ള അവകാശങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല. അതിനൊപ്പം, അവരുടെ ഭാഷ, ആഘോഷങ്ങള്‍, കലാരൂപങ്ങള്‍ എന്നിവ ‘മെയിന്‍സ്ട്രീം’ സംസ്കാരത്തിലേക്ക് തള്ളിക്കൊണ്ടുപോകപ്പെടുന്നു. മാവോയിസ്റ്റ്-പൊലീസ് സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ ആദിവാസികള്‍ ഇരട്ട സമ്മര്‍ദ്ദം അനുഭവിക്കുന്നു.
ഛത്തീസ്ഘട്ട്
ഖനനകോര്പ്പറേറ്റ് അധിനിവേശം, സുരക്ഷാ-മാവോയിസ്റ്റ് സംഘര്‍ഷം, ഹിന്ദുത്വ സംഘടനകളുടെ സംസ്കാര-മത അധിനിവേശം എന്നിവയാണ് ഇന്നത്തെ ഛത്തീസ്ഘട്ടിലെ ആദിവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതിനെതിരെ ഉയരുന്ന ശബ്ദമായ ഡോ. ബിനായക് സെന്‍ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പോലും രാജ്യദ്രോഹി മുദ്ര പതിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഒഡീഷയിലെ കാശിപ്പൂര്‍ പോരാട്ടം
ഒഡീഷയിലെ റായഗഡ ജില്ലയിലെ കാശിപ്പൂര്‍ പ്രദേശം 1990-കളില്‍ ആരംഭിച്ച ആദിവാസി പ്രതിരോധ സമരങ്ങളുടെ ചരിത്രത്തില്‍ പ്രധാനപ്പെട്ട ഇടം പിടിച്ചയിടമാണ്. കുട്ടിയ, ജുവാങ്, ഡോംഗ്രിയ കോന്ത് എന്നിവരാണ് ഇവിടുത്തെ പ്രധാന ആദിവാസി സമൂഹങ്ങള്‍. Utkal Alumina International Ltd. (ബിര്ളനോഴ്സ്ക് ഹൈഡ്രോഇന്ഡല് കൂട്ടുകെട്ട്) ഇവിടെ ബോക്സൈറ്റ് ഖനനം നടത്താനും വലിയ അലൂമിനിയം പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുമായി എത്തി.
ആയിരക്കണക്കിന് ഏക്കര്‍ കാട്, കൃഷിയിടം നഷ്ടപ്പെടുമെന്നും, ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നും അറിഞ്ഞ ആദിവാസികള്‍ ശക്തമായ പ്രതിരോധ സമരങ്ങള്‍ തുടങ്ങി. 1998 ഡിസംബര്‍ 16-ന് മടികോണ്ടയില് നടന്ന പൊലീസ് വെടിവെപ്പില്‍ മൂന്ന് ആദിവാസികള്‍ കൊല്ലപ്പെട്ടത് ഈ പോരാട്ടത്തിന്റെ Turning Point ആയിരുന്നു. ഈ സംഭവം ‘കാശിപ്പൂര്‍ മസാക്കര്‍’ എന്ന പേരില്‍ ചരിത്രത്തിലേക്ക് ചേര്‍ന്നു. ദേശീയ-അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഇവരെ പിന്തുണച്ചു. ശക്തമായ പ്രതിരോധം കാരണം പദ്ധതി വര്‍ഷങ്ങളോളം തടസ്സപ്പെട്ടു. ഇന്ന് പ്ലാന്റ് ഭാഗികമായി പ്രവര്‍ത്തിക്കുണ്ടെങ്കിലും കാശിപ്പൂര്‍ പോരാട്ടം ആദിവാസികളുടെ ജീവന് -സംസ്കാര-പരിസ്ഥിതി അവകാശങ്ങള്‍ക്ക് വേണ്ടി നടന്ന ശക്തമായ സമരത്തിന്റെ പ്രതീകമായി ഇന്ത്യന്‍ ജനകീയ സമര ചരിത്രത്തില്‍ നിലകൊള്ളുന്നു.
നിയം ഗിരിയുടെ ജയം: ജനകീയ സമരത്തിന്റെ പ്രതീകം
ഒഡീഷയിലെ നിയംഗിരി മലകള്‍ ഇന്ത്യയിലെ പരിസ്ഥിതി-സാമുദായിക ചരിത്രത്തില്‍ ഒരിക്കലും മാഞ്ഞുപോകാത്ത ഒരു അധ്യായമാണ്. ലോകത്തെ വലിയ മൈനിങ്ങ് കോര്‍പ്പറേഷനായ വേദാന്ത (Vedanta)യുടെ ബോക്സൈറ്റ് ഖനന പദ്ധതിയെ ചെറുത്ത് ഡോംഗ്രിയ കോന്തുകളുടെ ഉറച്ച പ്രതിരോധം ഇവിടെ വിജയം കണ്ടു. മലയും കാടും മാത്രമല്ല, അവരുടെ ജീവിതവും മതവും സംസ്കാരവും തന്നെ നിലനില്ക്കണമെന്ന ആഗ്രഹമാണ് സമരത്തിന്റെ ശക്തി.
ഗ്രാമസഭകളെ തീരുമാനാധികാരികളാക്കിക്കൊണ്ടുള്ള 2013ലെ സുപ്രീംകോടതി വിധി പിന്തുടര്ന്ന് 12 ഗ്രാമങ്ങളും ഏകകണ്ഠമായി ഖനനത്തെ നിരസിച്ചു. ഇതോടെ വേദാന്തയുടെ പദ്ധതി സ്ഥിരമായി തടഞ്ഞു. നിയമം, പരിസ്ഥിതി, ജനങ്ങളുടെ സംസ്കാരിക അവകാശങ്ങള്‍ എന്നിവയെല്ലാം ഒരുമിച്ചുചേര്‍ന്ന് ഉറച്ച ജയത്തിലേക്ക് എത്തിച്ച അപൂര്‍വ നിമിഷമായിരുന്നു അത്. ഇന്ന് നിയംഗിരി മലകള്‍ ആദിവാസി പ്രതിരോധത്തിന്റെ പ്രതീകവും ജനകീയ സമരത്തിന്റെ അന്താരാഷ്ട്ര മാതൃകയും ആയി തുടരുന്നു.
ഖാവ് ചോഡബ് നഹീ – പ്രതിരോധ ഗാനം
Gaon Chodabi Nahi (ഞങ്ങള്‍ നമ്മുടെ ഗ്രാമങ്ങള്‍ വിട്ടുപോകില്ല.) എന്ന പ്രസിദ്ധമായ പ്രതിരോധ ഗാനം കാശിപ്പൂരിന്റെ പശ്ചാത്തലത്തില്‍ നിന്നാണ് ഉണ്ടായത്. ഈ ഗാനത്തിന്റെ മൂസിക് വീഡിയോ അന്തരിച്ച ചലച്ചിത്രകാരന് കെ.പി ശശി നിര്‍മിച്ചിട്ടുണ്ട്. പൊള്ളുന്ന സമകാലീന കാലഘട്ടത്തില്‍ ഈ പാട്ട്, തീര്‍ച്ചയായും പ്രതിരോധത്തിന്റെ/ മനുഷ്യാവകാശത്തിന്റെ ദേശീയ ഗാനമാണ്.
ഞങ്ങള്‍ നമ്മുടെ ഗ്രാമങ്ങള്‍ വിട്ടുപോകില്ല
നമ്മുടെ കാടുകള്‍ വിട്ടുപോകില്ല
നമ്മുടെ അമ്മയായ ഭൂമിയെ വിട്ടുപോകില്ല
ഞങ്ങള്‍ നമ്മുടെ പോരാട്ടം ഉപേക്ഷിക്കില്ല.
ഞങ്ങള്‍ നമ്മുടെ ഗ്രാമങ്ങള്‍ വിട്ടുപോകില്ല.
അവര്‍ അണക്കെട്ടുകള്‍ പണിതു,
ഗ്രാമങ്ങള്‍ മുങ്ങിച്ചു, ഫാക്ടറികള്‍ പണിതു.
അവര്‍ കാടുകള്‍ വെട്ടി, ഖനികള്‍ തുറന്ന്, സങ്കേതങ്ങള്‍ പണിതു.
വെള്ളമില്ലാതെ, നിലമില്ലാതെ, കാടില്ലാതെ ഞങ്ങള്‍ എവിടേക്ക് പോകും?
വികസനത്തിന്റെ ദൈവമേ, ഞങ്ങളുടെ ജീവന് രക്ഷിക്കാന്‍ വഴി പറഞ്ഞു തരണമേ.
ഗ്രാമവും കാടും നമ്മുടെ ജീവന്റെ ശ്വാസം.
ശശി മേമ്മുറി: രാജ്യത്തിനകത്തും പുറത്തും നിരവധിയായ കലാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് ചിത്രകാരന് ആയ ശശി മേമ്മുറി. ഗ്രാമീണ ഇന്ത്യയിലൂടെ, പ്രത്യേകിച്ച് ആദിവാസി-ദലിത്-മുസ ലിം ന്യൂനപക്ഷ മേഖലകളിലൂടെ അനേകം യാത്ര ചെയ്തിട്ടുണ്ട്. സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ആവിക്ഷ്കാരങ്ങള്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. എഴുത്തും വരയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സോഷ്യല്‍ പേയ്സിനെ (സ്രാമൂഹിക ഇടം) അടയാളപ്പെടുത്തുന്നതാണ്. സിനിമാ കലാരംഗത്ത് പ്രവര്‍ത്തിക്കാറുണ്ട്.
അമേരിക്കയിലെ Bellefonte art museum 2025 സെപ്റ്റംബര്‍ 5 മുതല്‍ ഒക്ടോബര്‍ 26, വരെ സംഘടിപ്പിക്കുന്ന (Heralding Utopias: conception of caste-less/class-less/state-less world ) ഇന്റര്‍നാഷണല്‍ എക്സിബിഷനില്‍ ചരിത്ര പ്രാധാന്യം ഉള്ള കായല്‍ സമ്മേളനത്തെ മുന്‍ നിര്‍ത്തി ശശി മേമ്മുറി വരച്ച പെയിന്റിംഗ് തെരഞ്ഞെടുത്തിട്ടുണ്ട്. 90 മുതല്‍ ഇന്ത്യയില്‍ നടന്നിട്ടുള്ള നിര്‍ണായക ദലിത്-ആദിവാസി- ബഹുജന അവകാശ പോരാട്ടങ്ങളില്‍ ഭാഗമായിട്ടുണ്ട്. പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകന് ആയ കെ.പി ശശിയോടൊപ്പം മീഡിയ ആക്റ്റിവിസത്തിന്റെ ഭാഗമായി കിഴക്കന്‍ ഇന്ത്യയിലെ വിവിധ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
