August 13 Thursday 2026

തമിഴക രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ

വീരാരാധന കക്ഷിരാഷ്ട്രീയത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നുള്ളതിന് തമിഴ്‌നാട്ടില്‍ ഒരുപാട് മുന്‍കാല ഉദാഹരണങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കും. എംജിആര്‍ അതിന്റെ ഏറ്റവും ശക്തമായ ഒരു ഉദാഹരണമാണ്. ഒടുവില്‍ അത് ഇളയ ദളപതി വിജയില്‍ എത്തിനില്‍ക്കുന്നു. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് വിജയുടെ തമിഴക വെട്രി കഴകം. നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 144 എംഎല്‍എമാരുടെ പിന്തുണ നേടാന്‍ വിജയിക്ക് സാധിച്ചിട്ടുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ തമിഴ്‌നാട്ടില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ദ്രാവിഡ ഇതര പ്രത്യശാസ്ത്രം ഉയര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. പണമൊഴുക്കലിന്റെ വേദിയായ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സാധാരണക്കാരായ തന്റെ ആരാധകര്‍ക്ക് സീറ്റുകള്‍ നല്‍കി വിജയിപ്പിച്ചെടുക്കാനുള്ള തന്റേടം ഇളയ ദളപതിക്ക് ഉണ്ടായി എന്നത് ചെറിയൊരു കാര്യമേ അല്ല.

ഓട്ടോ ഡ്രൈവര്‍മാരെയും വീട്ടമ്മമാരെയും വിദ്യാസമ്പന്നരെയുമാണ് വിജയി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കിയത്. കോടികള്‍ ചിലവഴിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ജനവിധി തേടാന്‍ കഴിയുന്ന തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂമികയിലാണ് ഈ തന്റേടവുമായി വിജയ് മുന്നിട്ടിറങ്ങിയത് എന്നത് എങ്ങനെയാണ് ഒരു നിസ്സാര കാര്യമല്ല.

വിജയിയുടെ തമിഴക വെട്രി കഴകം ഏറ്റവും വലിയ കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണം ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതാണ് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേവല ഭൂരിപക്ഷം ഇല്ലാത്ത ഏറ്റവും വലിയ കക്ഷികളായി ബിജെപി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ഗവര്‍ണര്‍മാര്‍ ബിജെപിയെ ക്ഷണിച്ച അനുഭവങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. എന്നാല്‍, എന്തുകൊണ്ടാണ് വിജയിക്കുമാത്രം ഇത് ലഭിക്കാതെ പോയത്? അതാണ് അതിന്റെ രാഷ്ട്രീയം. അതായത് ഏറ്റവും വലിയ കക്ഷിയായ വിജയിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാതെ സംസ്ഥാനത്ത് ഒരു രാഷ്ട്രപതി ഭരണം നിലവില്‍ വരുത്തുവാനുള്ള കളികളാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കളിച്ചിരുന്നത് എന്നു പറഞ്ഞാല്‍ തെറ്റ് കണ്ടെത്താന്‍ സാധിക്കുകയില്ല. അത്തരമൊരു രാഷ്ട്രീയ സ്ഥിതിവിശേഷം സൃഷ്ടിച്ച് കേവലം ഒരു സീറ്റ് മാത്രം നേടിയ ബി.ജെ.പിക്ക് അനുകൂലമായി ഭാവി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഹിന്ദുത്വ പാര്‍ട്ടിക്ക് വളരുവാന്‍ നിലമൊരുക്കുകയാണ് ആര്‍ലേക്കര്‍ എന്ന നിരീക്ഷണത്തിന് ഏറെ പ്രസക്തിയുണ്ട്.

പറയത്തക്ക രീതിയില്‍ ഭരണവിരുദ്ധ വികാരം ഇല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് സ്റ്റാലിന് കാലിടറിയത് എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വിജയ് തരംഗം തന്നെയാണ് അതിനുള്ള പ്രധാന കാരണമായി കണ്ടെത്താവുന്നത്. തമിഴ്‌നാട്ടില്‍ 2.5 വോട്ടര്‍മാരും 40 വയസ്സിന് താഴെയുള്ളവരാണ്. ഈ വിഭാഗത്തെ സ്വാധീനിക്കാന്‍ വിജയിക്ക് സാധിച്ചു എന്നത് ഫലത്തെ സ്റ്റാലിന് പ്രതികൂലമാക്കി. തന്റെ റാലികളില്‍ ഒഴുകിയെത്തിയ ജനക്കൂട്ടത്തെ വോട്ടാക്കി മാറ്റുവാനും വിജയിക്ക് സാധിച്ചു എന്നതാണ് ഫലം നല്‍കുന്ന സൂചന. സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്ര, ഗൃഹനാഥകള്‍ക്കായുള്ള സാമ്പത്തിക സഹായം, സ്‌കൂളുകളിലെ പ്രഭാത ഭക്ഷണ പദ്ധതി, വ്യവസായിക വളര്‍ച്ച എന്നിവയെല്ലാം ജനവികാരത്തെ സ്വാധീനിക്കാന്‍ സ്റ്റാലിന് ഉപയോഗപ്പെട്ടില്ല. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായതും ഡിഎംകെക്ക് വിനയായി. ഫെഡറലിസവുമായി ബന്ധപ്പെട്ട സ്റ്റാലിന്റെ പോരാട്ടങ്ങള്‍ പ്രത്യശാസ്ത്രപരമായി ഏറെ അനിവാര്യമായിരുന്നു എങ്കിലും ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്‌നവുമായി ബന്ധമില്ലാത്തതിനാല്‍ വോട്ടര്‍മാര്‍ അതിനെ പ്രാധാന്യമുള്ളതായി കണ്ടില്ല. വിജയിയെ ഒരു പ്രധാന രാഷ്ട്രീയ എതിരാളിയായി തുടക്കത്തിലെ നോക്കി കാണുവാന്‍ ഡിഎംകെക്ക് സാധിക്കാതിരുന്നതും വിജയിയുടെ മുന്നേറ്റത്തിന് സഹായകമായി.

സ്റ്റാലിന്റെ മകനായ ഉദയനിധിയെ ഉയര്‍ത്തിക്കാട്ടിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ കുടുംബാധിപത്യ രാഷ്ട്രീയമായി നോക്കി കണ്ട വോട്ടര്‍മാര്‍ സ്റ്റാലിനില്‍ നിന്നും മാറി ചിന്തിക്കാന്‍ തുടങ്ങി. 1984,1991 തിരഞ്ഞെടുപ്പുകളില്‍ സ്റ്റാലിന്‍ പരാജയം രുചിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി ആയതിനുശേഷം ഉള്ള ഈ തിരഞ്ഞെടുപ്പ് തോല്‍വി സ്റ്റാലിന് ഏറ്റ കനത്ത തിരിച്ചടിയാണ്. വെറുമൊരു തോല്‍വി എന്നതിനപ്പുറം ഇത് ഡിഎംകെയുടെ ഭാവിയെ കൂടെ രൂപപ്പെടുത്തുന്ന ഒന്നായി മാറുകയാണ്.

ഇന്‍ഡ്യ സഖ്യത്തിന് ഏറ്റ വിള്ളലാണ് പ്രധാനപ്പെട്ട മറ്റൊരു രാഷ്ട്രീയ നീക്കം. കോണ്‍ഗ്രസ് തങ്ങളെ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ഇന്‍ഡ്യ സഖ്യത്തില്‍ നിന്നും പുറത്തു വന്നിരിക്കുകയാണ് ഡിഎംകെ. ഇന്‍ഡ്യ സഖ്യത്തില്‍ 25 പാര്‍ട്ടികളില്‍ ആയി 234 അംഗങ്ങളാണുള്ളത്. ഇതില്‍ ഡിഎംകെയുടെ അംഗങ്ങള്‍ 22 ആണ്. സഖ്യത്തില്‍ നിന്നും ഡിഎംകെ പിന്‍വലിഞ്ഞതോടെ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരുടെ എണ്ണം 212 ആയി ചുരുങ്ങും. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഡിഎംകെ അംഗങ്ങളുടെ പാര്‍ലമെന്റിലെ ഇരിപ്പിടം മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്ത് നല്‍കിയിരിക്കുകയാണ് ഡിഎംകെ നേതാവ് കനിമൊഴി. ഡിഎംകെയുടെ സഖ്യമായി മത്സരിച്ചതിനു ശേഷം ടിവികെ യുടെ മന്ത്രിസഭയില്‍ ഭാഗമാകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇരു പാര്‍ട്ടികളും തമ്മില്‍ അകന്നത്. ആകെ 234 സീറ്റുകളാണ് തമിഴ്‌നാട് നിയമസഭയില്‍ ഉള്ളത്. അതായത്, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷത്തിന് വേണ്ടത് 118 അംഗങ്ങളുടെ പിന്‍ബലമാണ്. ഇതില്‍ തമിഴക വെട്രി കഴകം 108 സീറ്റുകളിലാണ് വിജയിച്ചത്. വിജയ് രണ്ടു സീറ്റുകളില്‍ നിന്നും മത്സരിച്ച് വിജയിച്ചതിനാല്‍ ഒരു സീറ്റ് രാജി വെക്കുമ്പോള്‍ തമിഴക വെട്രി കഴകത്തിന്റെ സീറ്റ് എണ്ണം 107 ആയി ചുരുങ്ങും. കോണ്‍ഗ്രസ് (5),സിപിഐ(2),സി പി ഐ എം (2), വി സി കെ (2), മുസ്ലിം ലീഗ് (2) അണ്ണാ ഡി എം കെ വിമത വിഭാഗം (24)എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് വിജയ് കേവലഭൂരിപക്ഷം തികച്ചിരിക്കുന്നത്.

അണ്ണാ ഡിഎംടിയുടെ സ്ഥിതിയാണ് ഏറെ പരിതാപകരമായി മാറിയിരിക്കുന്നത് 167 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 47 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചിരിക്കുന്നത്. 2021 ല്‍ 33.5 ശതമാനം വോട്ടുകള്‍ നേടിയ പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ നേടിയതാകട്ടെ 21.21 ശതമാനം വോട്ടുകളാണ്. അതായത് 12.29 ശതമാനം വോട്ടുകളുടെ ഇടിവാണ് അണ്ണാ ഡിഎംകെക്ക് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പില്‍ അണ്ണാ ഡിഎംകെയിലെ വിമത വിഭാഗം തമിഴക വെട്രി കഴകത്തെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

രൂപീകരിച്ച് ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ അധികാരം നേടുന്ന പാര്‍ട്ടിയായി സമീപകാലത്ത് നാം കണ്ടത് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെയാണ്. ഇപ്പോള്‍ മറ്റൊരു ഉദാഹരണമായി തമിഴക വെട്രി കഴകവും ആ സ്ഥാനത്ത് എത്തിയിരിക്കുന്നു. തമിഴ്‌നാട് പരമ്പരാഗത രാഷ്ട്രീയ മുദ്രാവാക്യങ്ങളില്‍ നിന്നും മാറി ചിന്തിച്ചിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ് തമിഴക വെട്രി കഴകത്തിന് ഉണ്ടായ വിജയം. പുരോഗമനപരമായ രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ടു പോകാന്‍ വിജയിക്ക് സാധിക്കുമോ? മറിച്ച്, അധികാരം കിട്ടിയതിനുശേഷം പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ പരിധസ്ഥിതിയിലേക്ക് തന്നെ വിജയിയും തമിഴ് വെട്രി കഴകവും ചെന്നെത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്.

Related