”ഉന്‍ ലോഗോം കോ ബെയ്ല്‍ നഹി മില്‍നാ ചാഹിയെ (അവര്‍ക്ക് ജാമ്യം ലഭിക്കരുത്)’‘ – ഛത്തീസ്ഗഢിലെ ദുര്‍ഗ് സെഷന്‍സ് കോടതിക്ക് മുന്നില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പറഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യമാണ്ത്.
കേരളത്തില്‍ നിന്നുള്ള കത്തോലിക്ക കന്യാസ്ത്രീകളായ വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെ ഛത്തിസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തതാണ് ചര്‍ച്ചാവിഷയം. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയവ ആരോപിച്ചാണ് ജുലൈ 26ന് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്‌റംഗദള്‍ പ്രവത്തകര്‍ മനുഷ്യക്കടത്ത് ആരോപിച്ച് ബഹളമുണ്ടാക്കിയതോടെയാണ് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ (എ.എസ്.എം.ഐ) കന്യാസ്ത്രീകളെ റെയില്‍വേ പൊലീസ് അറസ്സ് ചെയ്തത്. ആഗ്രയിലെ കോണ്‍വെന്റിലേക്ക് 8,000 രൂപ മുതല്‍ 10,000 രൂപ വരെയുള്ള ശമ്പളത്തിന് ഗാര്‍ഹികജോലി ചെയ്യുന്നതിനായി മൂന്ന് സ്ത്രീകളെ കൊണ്ടു പോകുന്നതിനിടെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
നാരായണ്‍പുര്‍ ജില്ലയിലെ മൂന്ന് ആദിവാസി യുവതികളെ ജോലിക്ക് കൊണ്ടുപോകുന്നതിനായി അതേ നാട്ടുകാരനായ സുഖ്മാന്‍ മാണ്ഡവി എന്നയാളുട കൂടെ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സംശയം തോന്നി ടിക്കറ്റ് പരിശോധകന്‍ ടിക്കറ്റ് ചോദിച്ചതിനെ തുടര്‍ന്നാണ് സംഭവം. സഹയാത്രികരായ കന്യാസ്ത്രീകളുടെ കയ്യിലാണ് ടിക്കറ്റെന്ന് യുവതികള്‍ പറഞ്ഞപ്പോള്‍ സംശയം തോന്നിയ പരിശോധകന്‍ പ്രദേശത്തെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയുമാണ് ഉണ്ടായത്. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദള്‍ സംഘം ബഹളമുണ്ടാക്കിയതോടെ റെയില്‍വേ പൊലീസ് കന്യാസ്ത്രീകളെയും നാരായണ്‍പുര്‍ സ്വദേശിയെയും അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ഉള്‍പ്പെടുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ ഇത് വന്‍ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഘ്പരിവാര്‍ ഒഴികെയുള്ള സംഘടനകള്‍ അറസ്റ്റില്‍ അപലപിച്ച് പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയും റദ്ദാക്കിയതോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ ആഹ്ലാദത്തിലാണ്. കന്യാസ്‌ക്രീകള്‍ക്ക് ഒരിക്കലും ജാമ്യം ലഭിക്കരുതെന്നാണ് അവരുടെ ആവശ്യം.

കന്യാസ്ത്രീകള്‍ക്ക് അവരുടെ വേഷം ധരിച്ച് ഉത്തരേന്ത്യയില്‍ നടക്കാന്‍ ഭയമാണെന്ന് അവര്‍തന്നെ സമ്മതിച്ചു. ഗുജറാത്ത്, ഒഡിഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ എല്ലാ കാലത്തും ക്രൈസ്തവര്‍ സംഘ്പരിവാറിന്റെ ഇരകളാണ്. പള്ളികള്‍ നശിപ്പിച്ചും പീഡിപ്പിച്ചും ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നത് അത്രപെട്ടന്നൊന്നും ചരിത്രത്തില്‍ നിന്ന് മായ്ച്ച് കളയാനാകില്ല. സംഘ്പരിവാര്‍ പിന്തുടരുന്ന വിചാരധാരയില്‍ ശത്രുക്കളെന്ന് എടുത്തു പറഞ്ഞവരില്‍ മുസ്ലിംകള്‍ കഴിഞ്ഞാല്‍ അടുത്തത് ക്രൈസ്തവരാണ്. എന്നാല്‍ മതമൈത്രിയുടെ മുഖംമൂടിയണിഞ്ഞ് കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ ക്രൈസ്തവരുടെ പ്രീതി പിടിച്ചെടുത്ത് കൂടെനിര്‍ത്തുകയാണെന്നും പറയാം. ഇതുകൊണ്ട് തന്നെ പലപ്പോഴും മപസ്ലിംകള്‍ക്കെതിരെ
ആക്രമണങ്ങള്‍ കനക്കുമ്പോഴും അടുത്ത ഊഴും തന്റേതാണെന്ന ഒരു ചിന്ത ഇവര്‍ക്ക് ഉണ്ടായിക്കാണില്ല.
ക്രൈസ്തവ സഭാ നേതൃത്വം കേന്ദ്രവുമായി നല്ല ബന്ധമാണ് കാത്തുസൂക്ഷിച്ചുകൊണ്ടിരുന്നത്. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ പീഡനങ്ങളുണ്ടാകുമ്പോഴും ഇത് തുടര്‍ന്നിരുന്നു. മുസ്‌ലിംകള്‍ക്കെതിരെ ആക്രമങ്ങളുണ്ടാകുമ്പോഴും ഇവര്‍ മൗനം പാലിച്ചു എന്നുതന്നെ പറയാം.

കന്യാസ്ത്രീകളുടെ അറസ്റ്റിനു പിന്നാലെ മതപരിവര്‍ത്തനം ചര്‍ച്ചാവിഷയമായിരിക്കുകയാണ്. യഥാര്‍ഥത്തില്‍ മതപരിവര്‍ത്തനം ഇത്രപ്രശ്‌നമാണോ? ഇത് പൗരന്റെ അവകാശം റദ്ദ് ചെയ്യുന്നുണ്ടോ? കന്യാസ്ത്രീകളോടൊപ്പം യാത്ര ചെയ്ത മൂന്ന് സ്ത്രീകളും പ്രായപൂര്‍ത്തിയായവരാണ്. 18 വയസ്സ് പൂര്‍ത്തിയായവരാണ്. അവര്‍ മതം മാറിയാല്‍ തന്നെ അത് നിര്‍ബന്ധിത പരിവര്‍ത്തനമായി കണക്കാക്കാനാകില്ല. പ്രായപൂര്‍ത്തിയായ ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ഏത് മതം സ്വീകരിക്കുവാനുമുള്ള അവകാശമുണ്ട്. എന്നാല്‍, കന്യാസ്ത്രീകളുടെ് അറസ്റ്റോടെ ഛത്തിസ്ഗഢ് സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം കര്‍ക്കശമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അത് യഥാര്‍ഥത്തില്‍ മതസ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് എന്ന് പറയാം.
വിഷയത്തില്‍ കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) സ്വീകരിച്ച നിലപാടും ചര്‍ച്ചയായിരിക്കുകയാണ്. ക്രിസ്ത്യന്‍ പ്രശ്‌നങ്ങളില്‍ തീവ്ര നിലപാടുമായി രംഗത്തുവരാറുള്ള കാസ ഈ വിഷയത്തില്‍ പ്രധാന മന്ത്രിക്ക് കത്തയച്ചു എന്നല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ഗൂഢാലോചനയാണിതെന്നും ഇവര്‍ തുടക്കത്തില്‍ പറഞ്ഞതായിക്കാണാം. ബി.ജെ.പിക്ക് ക്രൈസ്തവരിലേക്ക് കടന്നു ചെല്ലാനുള്ള പാലമായാണ് കാസ പ്രവര്‍ത്തിക്കുന്നത്. താന്‍ പ്രഖ്യാപിച്ച ശത്രുക്കളെയെല്ലാം തുടച്ചുനീക്കുകയെന്നതാണ് സംഘ് അജണ്ട അതിലേക്ക് എത്തിച്ചേരാന്‍ അവര്‍ ഏത് മാര്‍ഗവും സ്വീകരിക്കാന്‍ മടിക്കില്ല.
