ലോകം ഒരു സമ്പൂര്‍ണ്ണ ഊര്‍ജ്ജയുദ്ധത്തിലേക്ക് വഴിമാറിയിരിക്കുന്നു. ഇസ്രായേലും അമേരിക്കയും തുടങ്ങിവെച്ച യുദ്ധം ആഗോള സമ്പദ്വ്യവസ്ഥക്ക് അനുദിനം വലിയ നാശനഷ്ടങ്ങളാണ് വരുത്തുന്നത്. ലോകത്തുടനീളമുള്ള രാജ്യങ്ങള്‍ക്ക് വന്‍പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സാഹചര്യത്തിലേക്ക് യുദ്ധം വളര്‍ന്നിരിക്കുന്നു. ഈ യുദ്ധം ലോകത്തെ എണ്ണയുടെ ഒഴുക്ക് നിയന്ത്രിക്കുക മാത്രമല്ല എണ്ണ വ്യാപാരം കെട്ടിപ്പടുത്ത സാമ്പത്തിക ഘടനയെ തകര്‍ക്കുകയും കൂടി ചെയ്യുന്നു. സൈനികമായ ആക്രമണങ്ങളേക്കാള്‍ യു.എസും ഇസ്രായേലും ഒപ്പം അവരെ ആശ്രയിക്കുന്ന ലോകരാജ്യങ്ങളും ഭയപ്പെടുന്നതും ഇറാന്‍ പ്രയോഗിക്കുന്ന ഊര്‍ജ്ജ ആയുധമാണ്. ഊര്‍ജ്ജം സഞ്ചരിക്കുന്ന ചെറിയ ഇടനാഴികള്‍ ലോകത്തെ വിറപ്പിക്കുകയാണ്. പ്രാദേശീകമായി ആരംഭിച്ച യുദ്ധം ലോകത്തിന്റെ സാമ്പത്തിക നട്ടെല്ലായ ഇന്ധന വിപണി കേന്ദ്രീകരിക്കുന്ന ഒരു അന്തര്‍ദേശീയ പങ്കാളിത്തമുള്ള കനത്ത പോരാട്ടമായി മാറിയിരിക്കുന്നു.
യുദ്ധമാരംഭിച്ചതിനു ശേഷം ലോകത്തെ ഏറ്റവും വലിയ എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി തടസ്സപ്പെടുത്തിയതോടെയാണ് യുദ്ധം ഒരു ആഗോള ഊര്‍ജ്ജയുദ്ധമായി (എനര്‍ജി വാര്‍) മാറിയത്. അതോടേ ആഗോള എണ്ണവില കുതിച്ചുയരുകയും അമേരിക്കയുള്‍പ്പെടെയുള്ള ലോകത്തുടനീളമുള്ള ഭൂരിപക്ഷം രാജ്യങ്ങളിലും കനത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയുമാണ്. യുദ്ധം തുടങ്ങുന്നതിനു മുമ്പ് അമേരിക്കയും ഇസ്രായേലും പറഞ്ഞ കാരണം പോലും മാറിയിരിക്കുന്നു. ഇപ്പോള്‍ ലോകത്തിന്റെ 21 ശതമാനം ഊര്‍ജ്ജം കൊണ്ടുപോകുന്ന ഹോര്‍മൂസ് കടലിടുക്ക് തുറക്കുക എന്ന ലക്ഷ്യമായി മാറി. ചരിത്രത്തിലുടനീളം ആഗോള രാഷ്ട്രീയത്തെയും സമ്പദ്വ്യവസ്ഥയെയും രൂപപ്പെടുത്തുന്ന ശക്തമായ ആയുധമായി എണ്ണ നിലകൊണ്ടിട്ടുണ്ട്. പലപ്പോഴും തോക്കുകളെക്കാളും മിസൈലുകളെയും പ്രഹരശേഷിയുള്ള ഒരു ആയുധമായി ‘എണ്ണ’ മാറിയിട്ടുമുണ്ട്. രാഷ്ട്രങ്ങളുടെ ജയപരാജയങ്ങളും ആഗോള സാമ്പത്തിക ക്രമവും നിശ്ചയിക്കുന്നതില്‍ ഈ ‘കറുത്ത സ്വര്‍ണ്ണത്തിന്’ വലിയ പങ്കുണ്ടായിരുന്നു.
1941ല്‍ രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ് ജപ്പാന്റെ സൈനിക നീക്കങ്ങള്‍ തടയാന്‍ അമേരിക്കയാണ് ആദ്യമായി എണ്ണ ഉപരോധം (Embargo) ഏര്‍പ്പെടുത്തുന്നത്. അഥവാ അമേരിക്കയാണ് എണ്ണ ഉപരോധം ആദ്യമായി ലോകത്തിനു പരിചയപ്പെടുത്തുന്നത്. അങ്ങനെ എണ്ണയെ ഒരു രാഷ്ട്രീയ ആയുധമായി പ്രയോഗിക്കാന്‍ ആരംഭിച്ചു. ജപ്പാന്റെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് പ്രധാന കാരണങ്ങളിലൊന്ന് അമേരിക്ക ഏര്‍പ്പെടുത്തിയ ഈ എണ്ണ ഉപരോധമായിരുന്നു. തങ്ങളുടെ സൈന്യത്തിന് ചലിക്കാന്‍ എണ്ണ വേണമെന്ന് തിരിച്ചറിവാണ് ജപ്പാനെ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്.
1973 ല്‍ യോങ്കിപ്പൂര്‍ യുദ്ധത്തില്‍ ഇസ്രായേലിനെ പിന്തുണച്ച അമേരിക്കയ്ക്കും നെതര്‍ലാന്‍ഡ്സിനും എണ്ണ നല്‍കില്ലെന്ന് പറഞ്ഞ അറബ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഈ ആയുധം പിന്നീട് പ്രയോഗിച്ചത്. പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ എണ്ണ നല്‍കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണവില നാലിരട്ടിയായി വര്‍ധിച്ചു. അമേരിക്കയില്‍ ഇന്ധനത്തിന് വലിയ ക്ഷാമമുണ്ടായി. ആഗോള സാമ്പത്തിക മാന്ദ്യത്തിനു അത് കാരണമാവുകയും ചെയ്തു. ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു കൂട്ടം അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് ലോകത്തെ വന്‍ശക്തികളെ (അമേരിക്കയെയും യൂറോപ്പിനെയും) സാമ്പത്തികമായി മുട്ടുകുത്തിച്ചത്.
എണ്ണയിന്ന് വെറും ഇന്ധനമല്ല. മറിച്ച് ലോക സമ്പ്ദ് ഘടനയുടെ നട്ടെല്ല് കൂടിയാണ്. യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ അമേരിക്കയുള്‍പ്പെടെ പല രാജ്യങ്ങളിലും എണ്ണ വിലയില്‍ 50 മുതല്‍ 100 ശതമാനം വരെ വര്‍ധനവുണ്ടായിരിക്കുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ഗ്യാസോലിന്‍ വില ഏകദേശം 23 ശതമാനം വര്‍ധിച്ചതിനാല്‍ അമേരിക്കന്‍ പൊതുജനങ്ങള്‍ വളരെയധികം പ്രകോപിതരായി തുടങ്ങി. മറ്റു ചില രാജ്യങ്ങളില്‍ ഇന്ധനം (പെടോള്‍ ഗ്യാസ്) കിട്ടാത്ത ഖനിയായിരിക്കുന്നു. പലനാടുകളിലും അവരുടെ അടിസ്ഥാന സൗകര്യമായ ഗതാഗതത്തേയും വൈദ്യുതിയേയും ഒപ്പം ഉത്പാദനത്തേയും കാര്യമായി ബാധിച്ചിരിക്കുന്നു. അതുവഴി അവരുടെ ഭക്ഷ്യവസ്തുക്കളുടെ വില ഭീമമായി ഉയര്‍ന്നു. ഹോട്ടലുകളും ഭോജനശാലകളും പൂട്ടിയിടേണ്ട അവസ്ഥയായി. ഹോസ്റ്റലുകള്‍ അടച്ചു. ഗതാഗത ചെലവുകള്‍ താങ്ങാനാകാത്തതായി. വിതരണ ശ്രിംഖലകള്‍ മന്ദഗതിയിലായി. ക്രമേണ എല്ലാ മേഖലകളിലേക്കും പണപ്പെരുപ്പം വ്യാപിക്കുകയാണ്. യുദ്ധമിനിയും മാസങ്ങള്‍ തുടര്‍ന്നാല്‍ വലിയ സാമ്പത്തിക മാന്ദ്യമായിരിക്കും ഫലം. ഇന്ത്യയുള്‍പെടെ പല രാജ്യങ്ങളും കൊറോണക്ക് തുല്യമായ ലോക്ഡൗണ്‍ സംവിധാനങ്ങള്‍ പോലും ആലോചിച്ചു കൊണ്ടിരിക്കുന്നു.
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന യുദ്ധം മൂലം ആഗോള സാമ്പത്തിക രംഗം കനത്ത തകര്‍ച്ച നേരിടുകയാണ്. ഇരുപക്ഷത്ത് നിന്നുമുള്ള സൈനിക നീക്കങ്ങള്‍ ഒരു മാസം പിന്നിടുമ്പോള്‍ ആഗോള ഓഹരി വിപണികള്‍ അഞ്ചാം വാരവും തുടര്‍ച്ചയായ തകര്‍ച്ചയിലാണ്. യുഎസ് സൂചികകളായ നസ്ദാക്കും ഡോവ് ജോണ്‍സും 10 ശതമാനം അധികമായി ഇടിഞ്ഞപ്പോള്‍ ബോണ്ട് മാര്‍ക്കറ്റും അസ്ഥിരമായി തുടരുന്നു. ഇന്ധനവില ബാരലിന് 110 ഡോളറിന് മുകളില്‍ കുതിച്ച ഏകദേശം 12 ബില്യണ്‍ വിദേശ നിക്ഷേപം വിപണിയില്‍ നിന്ന് നീങ്ങിയത് ഇന്ത്യന്‍ വിപണിക്ക് 30 ലക്ഷം കോടി രൂപയുടെ വമ്പന്‍ നഷ്ടമാണ് വരുത്തിവെച്ചത്. സെന്‍സെക്‌സ് 73,583 ലും നിഫ്റ്റി 22,819 ലും എത്തിയതോടെ ഇന്ത്യയിലെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ അവയുടെ ഉയര്‍ന്ന നിലയില്‍ നിന്ന് 12 ശതമാനത്തില്‍ അധികം തിരുത്തല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. യുദ്ധം നീണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ വിപണി ഇനിയും താഴേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
യുദ്ധം തുടങ്ങിയ ശേഷം ക്രൂഡോയില്‍ വില 51 ശതമാനാണ് വര്‍ധിച്ചത്. 1990 സെപ്റ്റംബറിലെ ഗള്‍ഫ് യുദ്ധത്തിനു ശേഷമുള്ള റെക്കോര്‍ഡും മറികടന്നു. രണ്ടാം ഗള്‍ഫ് യുദ്ധവേളയില്‍ ഇത് 46 ശതമാനം വര്‍ധിച്ചിരുന്നത്. ഇത് ബാരലിനും 119.50 ഡോളര്‍ വരെയെത്തി. യുദ്ധം തുടരുകയാണെങ്കില്‍ ബാരലിനു 150 മുതല്‍ 200 ഡോളര്‍ വരെ എത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. ഊര്‍ജ്ജപ്രതിസന്ധി ലോകത്തെ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ ലോകമെങ്ങും കാണുന്നത്. ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിച്ചതിനാല്‍ ചരക്ക് നീക്കത്തെയും നിര്‍മാണ മേഖലയെയും നേരിട്ട് ബാധിച്ചിരിക്കുന്നു. ഉല്‍പാദനം വര്‍ധിക്കുന്നതും ഉല്‍പാദനം കുറയുന്നതും സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുന്നു. ജര്‍മനി, ജപ്പാന്‍ തുടങ്ങിയ വ്യവസായ പ്രധാന രാജ്യങ്ങളില്‍ ഇന്ധനവില വര്‍ധനവ് കാരണം ഫാക്ടറികള്‍ ഭാഗികമായി അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നു. ഇത് ആഗോള വിതരണ ശൃംഖലയെ (സപ്ലൈ ചെയിന്‍) ബാധിക്കുകയും ആ രാജ്യങ്ങളുടെ ജിഡിപി വളര്‍ച്ച നെഗറ്റീവ് ആകാന്‍ കാരണമാവുകയും ചെയ്യുന്നു.
കറന്‍സികള്‍ അസ്ഥിരത കൈവരിക്കുന്നതും വലിയ അപകട സൂചനയും മാന്ദ്യകാരണവുമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. റഷ്യയും ചൈനയും സ്വന്തം കറന്‍സികളില്‍ വ്യാപാരം നടത്താന്‍ ശ്രമിക്കുന്നത് അമേരിക്കന്‍ മേധാവിത്വമില്ലാതാക്കന്‍ സഹായകരവും. ആ രാജ്യങ്ങള്‍ക്ക് ഗുണകരമാണെങ്കിലും നിലവിലുള്ള വ്യവസ്ഥ നിലനില്‍ക്കുവോളം അന്താരാഷ്ട്ര നാണയ വിപണിയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഇതിലൂടെ മറ്റ് രാജ്യങ്ങളുടെ കറന്‍സി മൂല്യം ഇടിയാന്‍ കാരണമാകുന്നു. യുദ്ധസമയത്ത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ പരമ്പരാഗതമായി ജനങ്ങള്‍ കരുതുന്ന അമേരിക്കന്‍ ഡോളര്‍, യുഎസ് ട്രഷറി ബോണ്ടുകള്‍ എന്നിവയെ പോലും സംശയത്തോടെ വീക്ഷിക്കുന്ന അവസ്ഥയിലാണിപ്പോള്‍. യുദ്ധത്തോടൊപ്പം അമേരിക്കയുടെ പുതിയ വിദേശനയവും ട്രംപ് എടുക്കുന്ന നിലപാടുകളുമൊക്കെയാണ് ഇതിനു കാരണം. എന്നാല്‍, സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ സാധാരണക്ക് വിപരീതമായി യുദ്ധവേളയില്‍ വിലയിടിഞ്ഞെങ്കിലും അതൊരു മാര്‍ക്കറ്റ് കറക്ഷന്‍ എന്ന നിലയിലാണ് നിക്ഷേപകര്‍ കാണുന്നത്.
ഇറക്കുമതി രാജ്യങ്ങളുടെ കടബാധ്യതയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ശ്രീലങ്ക, പാകിസ്താന്‍, ഈജിപ്ത് തുടങ്ങിയ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് എണ്ണ വാങ്ങാന്‍ കൂടുതല്‍ ഡോളര്‍ ചിലവാക്കേണ്ടി വരുന്നു. അവരുടെ വിദേശനാണ്യ ശേഖരം തീരുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് കടം തിരിച്ചടയ്ക്കാന്‍ ഇവര്‍ക്ക് കഴിയാതെ വരുന്നു. ഇത് രാജ്യങ്ങള്‍ പാപ്പരാകുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. അത് വഴി എണ്ണയും മറ്റ് അവശ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്ന വികാസ രാജ്യങ്ങള്‍ വലിയ കടക്കെണിയിലാകുന്നു. ഭക്ഷ്യ സുരക്ഷാ ഭീഷണിയാണ് മറ്റൊരു ഘടകം. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും ഗോതമ്പ്, അരി എന്നിവയുടെ വില കുത്തനെ ഉയരുന്നത് വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു. നിലവിലുള്ള യുദ്ധം വളത്തിന്റെ (വളം) വില വര്‍ധിപ്പിക്കുകയും കാര്‍ഷിക ഉല്‍പാദനത്തെ ബാധിക്കുകയും ചെയ്യുന്നു.
യുദ്ധമെത്ര നീണ്ടുപോയാലും ആഗോള സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തളര്‍ത്തുമെന്നുറപ്പാണ്. വരാനിരിക്കുന്ന കഠിനമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ വ്യക്തിതലങ്ങളില്‍ ജാഗ്രതയുണ്ടാകണം. കുടുംബങ്ങളിലും കരുതലുകള്‍ അനിവാര്യമാണ്. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറച്ചും, ആഡംബരങ്ങള്‍ ഒഴിവാക്കിയും സമ്പാദ്യം മിച്ചവെച്ചും, വരും മാസങ്ങളിലേക്ക് ആവശ്യമായ അവശ്യസാധനങ്ങളും മരുന്നുകളും കരുതിയും ജീവിതശൈലിയില്‍ മാറ്റം നാം വരുത്തേണ്ടതുണ്ട്. യുദ്ധം കൊണ്ടുവരുന്ന അനിശ്ചിതത്വം നിറഞ്ഞ ഈ കാലഘട്ടത്തില്‍ അച്ചടക്കമുള്ള സാമ്പത്തിക ആസൂത്രണവും മുന്‍കരുതലുകളും മാത്രമാണ് സാധാരണക്കാര്‍ക്ക് സുരക്ഷിതമായി മുന്നോട്ട് പോകാനുള്ള ഏക പോംവഴി.
