67,160 എന്നത് ചെറിയൊരു കണക്കല്ല. യൂറോപ്പിലെ ഹോളോകോസ്റ്റിന്റെ പുരാതന ചരിത്രം കേട്ട് ഞെട്ടിത്തരിക്കുന്ന നമ്മുടെ കണ്‍മുന്നില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സംഭവ്യമായികൊണ്ടിരിക്കുന്ന ഗസ്സയിലെ വംശഹത്യയില്‍ പൊലിഞ്ഞ മനുഷ്യ ജീവനുകളുടെ എണ്ണമാണിത്. ഇതെല്ലാം ഇന്നത്തെ ലോകത്തിന് നിസാരമാകുന്നത് എങ്ങനെയാണ്? സയണിസ്റ്റ് ഭീകരതക്ക് മുന്നില്‍ മുഖം തിരിച്ച് നില്‍ക്കാന്‍, ഒരു വാക്കുകൊണ്ടുപോലും പ്രതികരിക്കാതെ മൗനം കൈക്കൊള്ളാന്‍ നമുക്ക് സാധിക്കുന്നത് എങ്ങനെയാണ്? ചരിത്രം കണ്ടതില്‍ വച്ചേറ്റവും മോശം ജനതയെന്നെ നാളെയുടെ തലമുറ നമ്മളെ വിലയിരുത്താന്‍ ഗസ്സ തെരുവുകളിലെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നഷ്ടമായി കൊണ്ടിരിക്കുന്ന കുഞ്ഞ് സ്വപ്നങ്ങള്‍ മാത്രം മതിയാവും.
ചിരി നിശബ്ദമായ കണ്ണീരിന്റെ രാവും പകലും ഒരു ജനതയെ മുഴുവനും വേട്ടയാടുമ്പോള്‍, അവരുടെ പുഞ്ചിരി തീര്‍ത്തും നഷ്ട്ടമാകുമ്പോള്‍, അനിശ്ചിതമായ ഒരു ഭാവിയിലേക്ക് ഓരോ ദിനവും അവര്‍ ഉണര്‍ന്നെണീക്കുമ്പോള്‍, അവരുടെ ഹൃദയത്തിന്റെ ഭയം പുറത്തുള്ള ലോകത്തിന് അപരിചിതമായിരിക്കുകയെന്നത് അത്ഭുതം തന്നെ. പക്ഷേ, സത്യമിതാണ് ബോംബിന്റെ വെടിയൊച്ചയുടെ ഒരു വിദൂര മുഴക്കം പോലും സങ്കല്‍പ്പിക്കാന്‍ നമുക്കൊന്നും കഴിഞ്ഞെന്ന് വരില്ല. പ്രതീക്ഷ ഇല്ലാതാകുന്ന നഷ്ടത്തിന്റെയും വേദനയുടെയും, അറ്റുപോയ ഒരു ഭാവിയുടെയും മോഷ്ട്ടിക്കപ്പെട്ടുപോയ ഒരു ബാല്യത്തിന്റെയും നിലവിളിക്ക് മുന്നില്‍ പറയാതെ പറയുന്ന ഒരു യാചനക്ക് മുന്നില്‍ ഈ ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും തുറക്കട്ടെ.
ഭക്ഷണത്തിന് വേണ്ടി കത്തുനില്‍ക്കുമ്പോള്‍ വെടിയേറ്റ് മരിച്ചവര്‍ മാത്രം മൂവായിരത്തോളം വരും. ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെടുന്നു. ഗസ്സയുടെ വിശപ്പുകൊണ്ട് ശൂന്യമായ പാത്രങ്ങളില്‍ പട്ടിണി മരണം 460 എന്ന് രേഖപ്പെടുത്തുന്നു. ലോകത്തിന്റെ പൊള്ളയായ കണ്ണുകളെ ഭയപ്പെടേണ്ടതില്ലെന്ന ധൈര്യമായിരിക്കാം സയണിസ്റ്റ് നരവേട്ടയുടെ ഊര്‍ജം. പക്ഷേ, നരഭോജികള്‍ക്കിടയില്‍ സമാധാനമെന്ന ആയുധമേന്തുന്ന ഫലസ്തിന്‍ ജനതക്ക് വേണ്ടി ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഒലിവ് മരങ്ങള്‍ തളിര്‍ക്കുന്നു. പ്രതീക്ഷയുടെ കപ്പലുകളില്‍ മനുഷ്യര്‍ ഗസ്സയുടെ തീരമണയുന്നു. കൊടിയദുഃഖങ്ങള്‍ക്ക് മീതെ കാലം നടക്കുമ്പോള്‍, ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും തുറക്കുമ്പോള്‍ സയണിസ്റ്റ് പുച്ഛങ്ങള്‍ അവസാനിച്ചേക്കാം.
ഫലസ്തീന്‍; സമ്പന്നമായൊരു ചരിത്രം പേറുന്ന പുണ്യഭൂമി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള മനുഷ്യവാസത്തിന്റെ കഥകള്‍ പറയുന്ന മണ്ണ്. പുരാതന കനാന്യര്‍, ഫിലിസ്ത്യര്‍, റോമാക്കാര്‍ എന്നിവരുള്‍പ്പെടെ വിവിധ സാമ്രാജ്യങ്ങളും നാഗരികതകളും കീഴടക്കുകയും ഭരിക്കുകയും ചെയ്ത ഭൂമി. ജൂതന്മാരും ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒരുപോലെ പുണ്യഭൂമിയായി കരുതുന്ന ഫലസ്തീന്‍. ഫലസ്തീന്‍ വൈരുധ്യങ്ങളുടെ നാടാണ്, സൗന്ദര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും, പ്രതീക്ഷയുടെയും നിരാശയുടെയും മണ്ണാണ്. വെല്ലുവിളികള്‍ക്കിടയിലും, മികച്ച ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തില്‍ ഫലസ്തീന്‍ ജനത ഉറച്ചുനില്‍ക്കുന്നു. ഭാവിയിലേക്ക് നോക്കുമ്പോള്‍, സ്വയം നിര്‍ണ്ണയാവകാശത്തിനും, അന്തസ്സിനും, സമാധാനത്തിനുമുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം അംഗീകരിക്കേണ്ടത് അത്യാവശ്യമാണ്. നീതിയുക്തവും സമാധാനപരവുമായ ഭാവി ആ ജനതക്ക് മേല്‍ ഉണ്ടാവട്ടെ.
