August 9 Sunday 2026

2018ലെ വെള്ളപ്പൊക്കം വന്ന വഴികള്‍

2018 ല്‍ കേരളത്തില്‍ ഉണ്ടായ പ്രളയം മനുഷ്യനിര്‍മിതമാണെന്നും കുത്തക കമ്പനികള്‍ക്കുവേണ്ടി കേരളത്തിലെ ജനങ്ങളെ കുരുതികൊടുക്കുകയായിരുന്നു അന്നത്തെ ജലസേചന വകുപ്പ് മന്ത്രി മാത്യു. ടി. തോമസ് ചെയ്തതെന്നും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ആരേപണം ഉന്നയിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന്റെ ദിവസങ്ങള്‍ക്ക് മുന്‍പ് ഉന്നയിച്ച ആരോപണത്തിന് തെളിവായി മന്ത്രി വി. കൃഷ്ണന്‍കുട്ടിയുടെ ശബ്ദസന്ദേശവും മാത്യു കുഴല്‍ നാടന്‍ പുറത്തുവിട്ടു.

പുതിയ ആരോപണങ്ങള്‍ സംബന്ധിച്ച് –
ഏറെ ഗൗരവമുള്ള ആരോപണമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. പുതിയ സര്‍ക്കാര്‍, അത് ഏത് മുന്നണിയുടെതായാലും, ഈ വിഷയം സത്യസന്ധമായും സുതാര്യമായും അന്വേഷിച്ച് യാഥാര്‍ത്ഥ്യം പൊതു സമൂഹത്തിനുമുന്നില്‍ വയ്ക്കണം.

വെള്ളപ്പൊക്കം വന്ന വഴികള്‍
മഴ മാത്രമാണ് വെള്ളപ്പൊക്കത്തിന് കാരണം എന്ന വാദവും അണക്കെട്ടുകള്‍ കൈകാര്യം ചെയ്തതിലെ വീഴ്ച മാത്രമാണ് വെള്ളപ്പൊക്കത്തിന് കാരണം എന്ന വാദവും ശരിയല്ല. ഇവ രണ്ടും അതിനൊപ്പം മറ്റു ചില ഘടകങ്ങളും കൂടിച്ചേര്‍ന്നാണ് പ്രളയം ഉണ്ടായത്.
1. അതിശക്തമായ മഴ തന്നെയാണ് ഒന്നാമത്തെ കാരണം. 2018 ഓഗസ്റ്റ് 15 16 തീയതികളില്‍ കേരളത്തിന്റെ പലയിടങ്ങളിലും 24 മണിക്കൂറില്‍ 30 സെന്റീമീറ്ററില്‍ അധികം മഴ രേഖപ്പെടുത്തി. ചിലയിടങ്ങളിലെങ്കിലും അത് നാല്‍പതു സെന്റീമീറ്ററിനും മുകളിലായിരുന്നു. ഇത്രയും വലിയ മഴയില്‍ ഒഴുകിയെത്തുന്ന വെള്ളത്തെ വഹിക്കുവാനുള്ള ശേഷി ഇന്ന് നമ്മുടെ പുഴകള്‍ക്കില്ല.

2. മലനാട്ടിലും ഇടനാട്ടിലും എല്ലാം ഉണ്ടായ തെറ്റായ ഭൂവിനിയോഗം വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രധാന ഘടകമായിരുന്നു. വനാവരണം മിക്കവാറും നഷ്ടപ്പെട്ട പശ്ചിമഘട്ട മലനിരകള്‍ക്ക് പണ്ടത്തെപ്പോലെ മഴ വെള്ളത്തില്‍ ഒരു നല്ല ഭാഗം പിടിച്ചുവയ്ക്കാന്‍ ഇന്ന് കഴിയുന്നില്ല. അതിനാല്‍ തന്നെ വലിയ മഴയില്‍ വെള്ളം മിക്കവാറും പൂര്‍ണമായിത്തന്നെ താഴോട്ട് ഒഴുകി പുഴവെള്ളവും മലവെള്ളവുമായി മാറുകയാണ്. ഇടനാട്ടില്‍ വെള്ളം സംഭരിച്ചിരുന്ന നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും ഇന്ന് വല്ലാതെ ചുരുങ്ങിയിരിക്കുന്നു. 1970കളുടെ തുടക്കത്തില്‍ ഉണ്ടായിരുന്നതിന്റെ 20% ത്തോളം മാത്രം നെല്‍പ്പാടങ്ങളാണ് ഇന്ന് അവശേഷിക്കുന്നത്. (നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ വെള്ളപ്പൊക്കത്തിന് രൂക്ഷത കുറയുമായിരുന്നു എന്നതിന് ദൃഷ്ടാന്തം തൊട്ടടുത്ത വര്‍ഷം പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ കാണുവാന്‍ കഴിഞ്ഞു. അന്ന് ഒരു ദിവസത്തില്‍ 40 സെന്റീമീറ്റര്‍ ഓളം മഴ ആലത്തൂരില്‍ രേഖപ്പെടുത്തിയിട്ടും വലിയ വെള്ളപ്പൊക്കം ഉണ്ടായില്ല. അതിന് കാരണം ആലത്തൂരിലും പരിസരങ്ങളിലും ഇന്നും ധാരാളം നെല്‍വയലുകള്‍ അവശേഷിക്കുന്നുണ്ട് എന്നതാണ്)

3. ഡാം മാനേജ്‌മെന്റും വെള്ളപ്പൊക്കവും
2018ല്‍ അണക്കെട്ടുകള്‍ കൈകാര്യം ചെയ്തതില്‍ വൈദ്യുതി വകുപ്പിനും ജലസേചന വകുപ്പിനും തീര്‍ച്ചയായും വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ ശക്തമായ വേനല്‍ മഴ ലഭിക്കുകയും ജൂണിലും ജൂലൈയിലും അധികമഴ ലഭിക്കുകയും വീണ്ടും അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുകള്‍ ഉണ്ടാവുകയും ചെയ്തിട്ടും മിക്ക അണക്കെട്ടുകളും നിറച്ചുനിര്‍ത്താനാണ് ബന്ധപ്പെട്ടവര്‍ ഉത്സാഹിച്ചത്. ചെറിയ അണക്കെട്ടുകള്‍ ജൂണ്‍ മാസത്തില്‍ തന്നെയും വലിയ അണക്കെട്ടുകള്‍ ജൂലൈ രണ്ടാം പകുതിയോടെയും മിക്കവാറും നിറഞ്ഞിരുന്നതാണ്. അതിനുശേഷം ഉള്ള സമയങ്ങളില്‍ മഴപെയ്ത് അധിക ജലം ഒഴുകിയെത്തിയാല്‍ ഷട്ടര്‍ തുറന്നു വിടുകയും മഴ കുറയുമ്പോഴേക്കും ഷട്ടര്‍ വീണ്ടും അടച്ച് അണക്കെട്ടുകള്‍ നിറച്ചു നിര്‍ത്തുകയും ചെയ്യുകയെന്നതാണ് ഇവര്‍ കൈകൊണ്ട രീതി. അതിന്റെ ഫലമായാണ് വലിയ മഴ പെയ്തപ്പോള്‍ എല്ലാ അണക്കെട്ടുകളും തുറന്നു വലിയ തോതില്‍ വെള്ളം പുറത്തുവിടേണ്ടിവന്നത്. കൂടുതല്‍ അണക്കെട്ടുകള്‍ ഉള്ള പമ്പ പെരിയാര്‍ ചാലക്കുടിപ്പുഴ തടങ്ങളില്‍ ആണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായത് എന്ന വസ്തുത മറക്കരുത്. അണക്കെട്ടുകളില്‍ നിന്ന് നേരത്തെ നിയന്ത്രിതമായി വെള്ളം തുറന്നുവിട്ട് വലിയ മഴ വന്ന സമയത്ത് അതില്‍ ഒരു ഭാഗം സംഭരിക്കാന്‍ ആവശ്യമായ ഫ്‌ലഡ് കുഷ്യന്‍ നിലനിര്‍ത്തിയിരുന്നുവെങ്കില്‍ പെരിയാറിലും ചാലക്കുടിപ്പുഴത്തടത്തിലും പരമാവധി പ്രളയ ജലനിരപ്പ് ഒന്നര മീറ്റര്‍ മുതല്‍ 2 മീറ്റര്‍ വരെ താഴെ മാത്രമേ എത്തുമായിരുന്നു. അങ്ങനെയെങ്കില്‍ വെള്ളം കയറിയതില്‍ പകുതി വീടുകള്‍ എങ്കിലും രക്ഷപ്പെടുമായിരുന്നു. മറ്റു വീടുകളിലും നാശനഷ്ടങ്ങളുടെ തോത് ഗണ്യമായി കുറയുമായിരുന്നു.

തോട്ടപ്പള്ളി സ്പില്‍വേ യഥാസമയം തുറക്കാതിരുന്നത് വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലും അതിലേക്ക് ഒഴുകിയെത്തുന്ന പുഴത്തടങ്ങളിലും വെള്ളപ്പൊക്ക രൂക്ഷത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട് എന്ന് പ്രളയശേഷം നടന്ന നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്പില്‍വേ നേരത്തെ തുറക്കാത്തതിന് പിന്നില്‍ ആരോപണത്തില്‍ ഉന്നയിക്കുന്ന പോലുള്ള താല്പര്യങ്ങള്‍ ഉണ്ടായിരുന്നുവോ എന്നത് തീര്‍ച്ചയായും അന്വേഷിക്കപ്പെടേണ്ടതാണ്. കക്കി ഡാമില്‍ നിന്ന് വലിയ അളവില്‍ വെള്ളം തുറന്നതും അവിടെ പ്രധാന ഘടകമായിരുന്നു.

ചാലക്കുടിപ്പുഴയിലെ വെള്ളപ്പൊക്കം

ചാലക്കുടി പുഴയില്‍ ജൂണ്‍ രണ്ടാം വാരത്തില്‍ ചെറിയ വെള്ളപ്പൊക്കവും ജൂലൈ മധ്യത്തില്‍ സാമാന്യം ശക്തമായ വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. (വീണ്ടും ജൂലൈ 31 നും ഓഗസ്റ്റ് 9-11 തിയ്യതികളിലും വലിയ വെള്ളപ്പൊക്കം ഉണ്ടായി) അന്ന് പെരിങ്ങല്‍കുത്ത് ഒഴികെ മുകളിലെ അണക്കെട്ടുകള്‍ ഒന്നും നിറഞ്ഞിരുന്നില്ല. എന്നാല്‍ ജൂലൈ മധ്യത്തില്‍ ഇവയില്‍ എല്ലാം അതിവേഗം ജലം ഉയരുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ മുകളിലെ അണക്കെട്ടുകള്‍ കൂടി നിറഞ്ഞതിനു ശേഷം അതിശക്തമായ മഴപെയ്താല്‍ വളരെ വലിയ വെള്ളപ്പൊക്കത്തിനുള്ള സാധ്യത ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്ന് ജൂലൈ മാസം പതിനാറാം തീയതി മുതല്‍ പലവട്ടം ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വലിയ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് അണക്കെട്ടുകള്‍ നിറച്ച് നിര്‍ത്തരുത് എന്നും വലിയ വെള്ളപ്പൊക്കം ഉണ്ടായാല്‍ വെള്ളം കയറാന്‍ ഇടയുള്ള വീടുകള്‍ കണ്ടെത്തുവാന്‍ ആവശ്യമായ മാപ്പിങ് നടത്തണമെന്നും അധികൃതരോട് ഫോണിലൂടെയും രേഖാമൂലവും ആവശ്യപ്പെട്ടിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒരു നടപടിയും ഉണ്ടായില്ല. ഫലം ചരിത്രമാണല്ലോ.

ഓഗസ്റ്റ് പതിനാറിന് വെളുപ്പിന് രണ്ടുമണിക്ക് കേരള ഷോളയാറില്‍ നിന്നും ഒരു സെക്കന്‍ഡില്‍ 42000 ഘനയടി വെള്ളവും പറമ്പിക്കുളത്ത് നിന്ന് 33,000 ഘനയടി വെള്ളവും ആണ് തുറന്നുവിട്ടത്. തൂണക്കടവില്‍ നിന്നുള്ള കണക്ക് ലഭ്യമായില്ല. ( തമിഴ്‌നാട് ഷോളയാറില്‍ നിന്നും വലിയ അളവില്‍ വെള്ളം കേരള ഷോളയാറിലേക്കും പറമ്പിക്കുളം എത്തിയിരുന്നു)
ഈ വെള്ളമെല്ലാം ഒഴുകിയെത്തിയതോടെയാണ് പെരിങ്ങല്‍കുത്ത് അണക്കെട്ട് കവിഞ്ഞത്. തനത് വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് ഉള്‍പ്പെടെ ഒരു സെക്കന്‍ഡില്‍1,20,000 ഘനയടിയില്‍ കൂടുതല്‍ (3500 ഘനമീറ്റര്‍ അഥവാ സെക്കന്‍ഡില്‍ 35 ലക്ഷം ലിറ്ററില്‍ കൂടുതല്‍) വെള്ളം പെരിങ്ങല്‍കുത്തില്‍ നിന്ന് താഴോട്ട് ഒഴുകിയിട്ടുണ്ടാകും എന്നാണ് കണക്കാക്കുന്നത്. ചാലക്കുടിയില്‍ എത്തുമ്പോഴേക്കും ഇത് സെക്കന്‍ഡില്‍ 40 ലക്ഷം ലിറ്ററും പുത്തന്‍വേലിക്കരയില്‍ 45 ലക്ഷം ലിറ്ററും ആയിട്ടുണ്ടാകും.
അന്ന് പറമ്പിക്കുളത്ത് നിന്ന് ജൂലൈ അവസാന വാരം മുതല്‍ ചെറിയ അളവില്‍ വെള്ളം തുറന്നു വിട്ടിരുന്നു. പൂര്‍ണ്ണ സംഭരണ നിരപ്പിന്റെ ഒരു അടിയോളം താഴെ വെള്ളം നിര്‍ത്തുവാനും അവര്‍ തയ്യാറായി (അഞ്ചടിയെങ്കിലും താഴെ നിര്‍ത്തുകയാണ് വേണ്ടത്). എന്നാല്‍ നമ്മുടെ സ്വന്തം വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഷോളയാറില്‍ ജൂലൈ അവസാനം മുതല്‍ വെള്ളപ്പൊക്കം വരെയും ജലനിരപ്പ് 100% ത്തില്‍ തന്നെ നിര്‍ത്തുകയാണ് ചെയ്തത്.

 

Related