ഉച്ചാണിപ്പൂവ്, ഉച്ചിമല കാറ്റ്, ഉച്ചിമലയില്‍ പിടിക്കുന്ന തീ, എം80 പോലുള്ള അങ്കമ്മാളുടെ ബൈക്ക്, പച്ചകുത്തല്‍, വോക്ക്മാന്‍, ഹെഡ്ഫോണ്‍, തിരുനെല്‍വേലിയിലെ വരണ്ട പ്രദേശങ്ങള്‍ എന്നിവയുടെ വിഷ്വലുകളിലൂടെയാണ് അങ്കമ്മാള്‍ എന്ന സിനിമ രൂപപ്പെടുന്നത്. അത് വെറും അങ്കമ്മാള്‍ എന്ന സ്ത്രീയുടെ സ്വാത്വപ്രതിസന്ധിയുടെ സംഘര്‍ഷങ്ങളുടെ സിനിമ എന്നതിനപ്പുറം, സ്ത്രീജീവിതം, പരിസ്ഥിതി, മോഡേണിറ്റി എന്നിവ ഒക്കെ ചേര്‍ന്ന് ഇന്ത്യന്‍ ദേശീയതയില്‍ ചേര്‍ന്നും വിഘടിച്ചും നില്‍ക്കുന്ന ദേശങ്ങളുടെ കാഴ്ചകള്‍ കൂടിയാണ്. ഈ കാഴ്ചകള്‍ അങ്കമ്മാള്‍ എന്ന സിനിമയിലൂടെ കാണുന്നതുതന്നെ ഒരു അന്യായ ദൃശ്യവിരുന്നാണ്. ഈ സിനിമയെ അങ്കമ്മാള്‍ എന്ന സ്ത്രീയിലേക്കും അവരുടെ പ്രതിസന്ധികളിലേക്കുമാത്രം ചുരുക്കിക്കണ്ട് വായിക്കുക എന്നതാണ് ആ സിനിമയോട് ചെയ്യാന്‍ പാടില്ലാത്ത ഒരു നല്ല കാര്യം എന്നു തോന്നുന്നു. അതിനും അപ്പുറം ഉള്ള ഒരു ബ്രില്ല്യന്റ് ടെക്സ്റ്റ് ആണ് ഈ സിനിമ.
ഒരു എം80 പോലുള്ള ബൈക്കില്‍ അങ്കമ്മാള്‍ സഞ്ചരിച്ചു ഉച്ചാണിപ്പൂവിനെക്കുറിച്ച് തന്റെ പേരക്കുട്ടിയോടു സംസാരിച്ചുകൊണ്ടാണ് ഈ സിനിമ ആരംഭിക്കുന്നത്. ഒരു വിശാലമായ വയല്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവിടെ അടിക്കുന്ന കാറ്റ് ദൃശ്യങ്ങള്‍ക്ക് ജീവന്‍ നല്‍കുമെന്നു പറയുന്നതുപോലെ, അവര്‍ രണ്ടുപേരും ആ നരച്ച പ്രദേശത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ അടിക്കുന്ന മലയോരക്കാറ്റ് നമ്മളെ ഈ സിനിമയിലേക്കു വലിച്ചടുപ്പിക്കുന്നു. ഒരു ബ്ലൗസ് ധരിക്കാന്‍ മടിയുള്ളതോ അതിന് ഇഷ്ടമില്ലാത്തതോ ആയ അങ്കമ്മാള്‍, പക്ഷേ ഈ സിനിമയിലെ ആ കാറ്റിനോടുമുതല്‍ ഏറ്റവും പുതിയ തലമുറയിലെ മഞ്ജു എന്ന പെണ്‍കുട്ടിയോടു ഉച്ചാണിപ്പൂവ് (അതുതന്നെയാണെന്ന് തോന്നുന്നു) ശരീരത്തില്‍ പച്ചകുത്തുന്നതിനെക്കുറിച്ച് അടക്കം സംസാരിക്കുന്ന ഒരു മള്‍ട്ടി വേഴ്‌സറ്റൈല്‍ ഐഡന്റിറ്റി ആയി മാറുന്നു. അതേസമയം ഉച്ചാണി പൂവ് ഒരു അരിക്കോലം ആയി ഒരു വീടിന്റെ മുറ്റത്ത് അവര്‍ വരയ്ക്കുകയും ചെയ്യുന്നു. അങ്കമ്മാള്‍ ഒരു തെരുവില്‍ ഇരുന്ന് പുതുതായി വിവാഹം കഴിഞ്ഞ കപ്പിള്‍സിനെ കളിയാക്കുന്നു. അങ്ങനെ ഇന്ത്യന്‍ സമൂഹത്തിലെ ദേശസങ്കല്‍പ്പത്തിനുള്ളിലെ ഒരു ഉള്‍നാടന്‍ സ്ത്രീജീവിതം പരിസ്ഥിതി, മോഡേണിറ്റി, സമൂഹം എന്നിവയുമായി നിരന്തരമായി ഇന്ററാക്ട് ചെയ്യുന്നതും കാണാം.
കേരളത്തില്‍ ഞങ്ങളുടെ എണ്‍പതുകളിലെ കുട്ടിക്കാലത്തും (വളരെ അപൂര്‍വമായി ഇന്നും കാണുന്ന) സ്ത്രീജീവിതങ്ങളുടെ വേഷങ്ങള്‍ ലുങ്കിയും ബ്ലൗസുമായിരുന്നു. പുറത്തേക്ക് പോകുമ്പോള്‍ അവര്‍ ഒരു തോര്‍ത്തെടുത്ത് മാറത്ത് ഇടും. അത് വെറും ഒരു സാംസ്‌കാരിക ചിഹ്നം മാത്രമായിരുന്നില്ല. ഒരുപക്ഷേ ഒരു പ്രത്യേക ഭൂമിശാസ്ത്രത്തിന്റെ ചൂടും സാഹചര്യങ്ങളും ചേര്‍ന്ന് രൂപപ്പെട്ട വസ്ത്ര സാംസ്‌കാരികതയുമാകാം അത്. മുണ്ടെന്ന വസ്ത്രം ഉള്ളിലേക്ക് കാറ്റ് കടക്കും എന്ന ഒരൊറ്റ സൗകര്യം കൊണ്ടുമാത്രം ധരിക്കുന്ന പുരുഷന്മാരുമുണ്ട്. (നമുക്ക് സൗകര്യമുള്ള തനി കൂറ വേഷങ്ങള്‍ ധരിച്ച് സാംസ്‌കാരിക റഡാറുകള്‍ നോക്കി അത്ഭുതപ്പെടുന്നത് കണ്ടു ചിരിക്കുകയും ചെയ്യുന്നത് ഹോബിയാക്കിയ മനുഷ്യരും ഈ സമൂഹത്തിലുണ്ട്.) അങ്കമ്മാള്‍ എന്ന സ്ത്രീയുടെ ബ്ലൗസ് ഇടാതെയുള്ള ജീവിതം ചിലപ്പോള്‍ കാലാവസ്ഥയോടും ഭൂമിയോടും സ്ത്രീ ജീവിതത്തിന്റെ ആയാസത്യയെയും ബന്ധപ്പെട്ടു കൂടെ രൂപപ്പെട്ടതുമാകാം. അതിലേക്കാണ് സമൂഹം/സോ കോള്‍ഡ് മോഡേണിറ്റി സാംസ്‌കാരികമായി ഇടപെടുന്നത്. അങ്കമ്മാളുടെ വസ്ത്രം എന്ന ഒരൊറ്റ വിഷയത്തിലേക്ക് ഈ സിനിമയെ ചുരുക്കിയാല്‍, ഈ സിനിമയുടെ പല തലങ്ങളും ആസ്വദിക്കുന്നതില്‍ വലിയ മിസിങ് സംഭവിക്കും എന്നു തോന്നുന്നു. ഒരു വിഷയത്തിലേക്ക് ചുരുക്കാതെ തുറവിയിലേക്ക് നയിക്കുന്ന ഒരു പോയറ്റിക് വിന്‍ഡോ ആയാണ് എനിക്ക് ഈ സിനിമയെ കാണുവാന്‍ താല്‍പര്യം. ഒരു ദേശത്തിന്റെ ഫെമിനിനിറ്റിയെയും കാലങ്ങളെയും കാട്ടുതീയേയും മോഡേണിറ്റിയേയും പൊയറ്റിക്കായി കാണിക്കുന്ന ഇന്ത്യന്‍ സിനിമയിലെ ഒരു വണ്ടറായി അങ്കമ്മാള്‍ മാറുന്നുമുണ്ട്.
സമൂഹത്തിന്റെ ‘പരിഷ്‌കാര’ത്തിന്റെയും അതോടൊപ്പം വരുന്ന ചില മോഡേണിറ്റി അഭിമാനങ്ങളുടെയും ഭാഗമായാണ് അങ്കമ്മാളുടെ ബ്ലൗസ് ഇല്ലായ്മ ഒരു വിഷയം ആകുന്നത്. അങ്കമ്മാളുടെ ജീവിതത്തിലെ ഫ്‌ളെക്‌സിബിലിറ്റിയാണ്, അത്തരം സമൂഹങ്ങള്‍ക്കുവേണ്ടി അവര്‍ ബ്ലൗസ് ഇട്ടു, തങ്ങളുടെ തനിസ്വഭാവം മാറ്റിവെച്ച്, വാക്കുകളും സംസാരങ്ങളും കുറച്ച്, ഒരു ‘ആണ്‍കാണല്‍’ ചടങ്ങില്‍ പങ്കെടുക്കുന്നത്. തന്റെ മക്കളുടെ വളര്‍ച്ചക്കിടയില്‍ അവര്‍ പലതവണ അത്തരത്തില്‍ മാറിയിട്ടുണ്ടാകാം. മാറ് മറയ്ക്കുക, ബ്ലൗസ് ധരിക്കുക എന്നിവ അങ്കമ്മാള്‍ എന്ന സ്ത്രീയുടെ ജീവിതത്തിലെ അനേകം വിഷയങ്ങളില്‍ ഒന്നുമാത്രമായിരിക്കാം. ഒരു കുട്ടിയുടെ മുലകുടി നിര്‍ത്താന്‍ മറ്റൊരു സ്ത്രീയുടെ മാറില്‍ മരുന്ന് തേയ്ക്കാന്‍ തയ്യാറാകുന്ന അങ്കമ്മാളില്‍ നിന്ന് തന്നെ, ശരീരം സാംസ്‌കാരികത തുടങ്ങിയ കാര്യങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം വലിയ വിഷയമല്ല എന്ന നിലയിലാണ് അവര്‍ ജീവിക്കുന്നത്. അവര്‍ പറയുന്ന തമാശകളിലൊക്കെ അത് പുറത്തെടുക്കുന്നുമുണ്ട്.
അവരുടെ ഏറ്റവും രഹസ്യമായ ഒരു വയസ്സായ മനുഷ്യനോടുള്ള പ്രണയ കാമുകീഭാവനയിലാണ് അവര്‍ ഉള്ളുതുറക്കുന്നത്. ആ ദൃശ്യങ്ങള്‍ ഒക്കെ അപാരമായ സൗന്ദര്യമുള്ളതാണ്. കേസരി കൊടുക്കുന്ന സീന്‍ ഒക്കെ ഒരു രക്ഷയുമില്ല. അവര്‍ രണ്ടുപേരും പ്രകൃതിയില്‍ ഇരുന്ന് സംസാരിക്കുന്ന ദൃശ്യങ്ങള്‍ തന്നെ പോയട്രിയാണ്. അയാള്‍ അവരോട് പറയുന്നത് പഠിച്ച പുതിയ കുട്ടികള്‍ക്ക് പുതിയ ചിന്തകള്‍ ഉണ്ടാകും, അവര്‍ക്കുവേണ്ടി നമ്മള്‍ മാറാമെന്നതാണ്. എന്ത് ”ടീമുകളുടെ” കളുടെ എന്തു പരിപാടിക്ക് വേണ്ടിയും മാറാന്‍ തയ്യാറുള്ള ഒരു സെന്‍ ജീവിതവുമാണ് അങ്കമ്മാളുടേത്. അങ്ങനെ രാഷ്ട്രീയവും സദാചാരവും പൊളിറ്റിക്കല്‍ മൊറാലിറ്റിയും ഒന്നുമില്ലാതെ, തന്റെ ഭക്ഷണം, പാര്‍പ്പിടം, കുട്ടികള്‍, തന്റെ ഏകാന്തമായ ജീവിതം എന്നിവയില്‍ അഭിരമിക്കുന്ന, മനുഷ്യരെ ഹോമോസാപിയന്‍സ് ആയി കാണുന്ന കിണ്ണന്‍ കഥാപാത്രവുമായി എല്ലാത്തിനോടും എക്‌സ്‌പോസ്ഡ് ആയി, അതെല്ലാം ഉള്‍ക്കൊണ്ട് ജീവിക്കുന്ന അപാരമായ കഥാപാത്രമായി അങ്കമ്മാള്‍ മാറുന്നു.
ഈ സിനിമയിലെ തിയേറ്റര്‍ എന്ന ഇടം പുതിയ തലമുറയിലെ പ്രണയവും കാമവും രൂപപ്പെടുന്നതിന്റെ പരിണാമചരിത്രത്തിലേക്ക് നോക്കാന്‍ കൂടെ പ്രേരിപ്പിക്കുന്നതാണ്. തിയേറ്റര്‍ ആഘോഷത്തിന്റെയും കൂക്കുവിളികളുടെയും ഇടമാകുമ്പോള്‍, അതേ സമയം കാമുകീകാമുകന്മാരുടെ പ്രണയം രൂപപ്പെടുന്ന ലൈംഗിക ഇടവുമാകുന്നു. തിയേറ്ററിലെ ഇരുട്ടിലും വെളിച്ചത്തിലും സിനിമ കാണിക്കുമ്പോള്‍ രണ്ടു പേരുടെ ലൈംഗികതയും, സെക്‌സും, അതിന്റെ ഒരു ഇടം കൂടെ ആയി മാറുന്നു. ഓരോ കാലത്തും തിയേറ്റര്‍ എന്നത് ആള്‍ക്കൂട്ടത്തിന്റെയും ഇരുട്ടിലെ ഏകാന്തതയുടെയും, സ്‌ക്രീനിന്റെയും കാണികളുടെ ഇടയിലൂടെ സഞ്ചരിക്കുന്ന കാമനകളുടെയും ലൈംഗികതയുടെയും ഇടമായി മാറുന്നത് കാണാന്‍ രസകരമാണ്. നാഗര്‍കോവില്‍ എന്ന അങ്കമ്മാളുടെ ദേശത്തിന്റെ പ്രകൃതിയിലപ്പുറം, മോഡേണിറ്റിയുടെ ഒരു സ്‌പേസായി തിയേറ്റര്‍ ‘ജീവിതം’ കാമുകീകാമുകന്മാരെ രൂപപ്പെടുത്തുന്നതായി കാണിക്കുന്നതും വേറിട്ടൊരു രീതി തന്നെയാണ്.
ഒരു പക്ഷേ ഒരു സെന്‍ ജീവിതം ഉള്ള അങ്കമ്മാളുടെയും മറ്റുള്ള മനുഷ്യരുടെ ഇടയിലും ജീവിക്കുന്ന അവരെ ബാലന്‍സ് ചെയ്തു കൊണ്ട് പോകുന്ന ഒരു സ്ത്രീ ആയി വരുന്ന അവരുടെ മകന്റെ ഭാര്യ ആണ് ഈ സിനിമയിലെ ഏറ്റവും സൂപ്പര്‍ബ് ആയ മറ്റൊരു കഥാപാത്രം. സമൂഹം, കുടുംബം, സാംസ്‌കാരികത ഇതിന്റെ ഇടയില്‍ തന്റെ റോള്‍ എന്താണ് എന്നു കൃത്യമായി അറിയുന്ന ആ സ്ത്രീ, ഇതൊക്കെ താന്‍ ഡീല്‍ ചെയ്യാം എന്ന അപാരമായ ഡിസിഷനും എടുക്കുന്നു. അങ്കമ്മാള്‍ അടക്കമുള്ള പല മനുഷ്യരുടെയും ഇടയില്‍ ഇവര്‍ ഒരു പാലം ആയി അവര്‍ മാറുന്നുണ്ട്. ഭര്‍ത്താവിന്റെ അനിയന്റെ കുടുംബത്തിന്റെ മുന്നില്‍ അവര്‍ അതി ഗംഭീരമായി ആ കുടുംബത്തെ പ്രസന്റ് ചെയ്യുന്നുണ്ട്. അങ്കമ്മാളില്‍ നിന്നു വേര്‍പെട്ട് ഈ സ്ത്രീ അടക്കം, ദേശത്തിലെ പല തരം സ്ത്രീകളെ, നഗര ജീവിതത്തിലെ സ്ത്രീകളെ അടക്കം പല തരം മനുഷ്യരുടെ ഒരു അപാരമായ വൈബ്രന്‍സുകളുടെ സ്‌ക്രീന്‍ പ്രസന്‍സ് കൂടെ ആണ് ഈ സിനിമ. പൊളിറ്റിക്കല്‍ മൊറാലിറ്റിക്ക് അപ്പുറം ഈ സ്ത്രീകള്‍ ഒക്കെ പ്രണയത്തിലൂടെ കുടുംബത്തിലൂടെ ലൈംഗീകതയിലൂടെ സ്വയം പൊളിക്കുന്നത് കാണുന്നത് രസമാണ്. ഒറ്റയ്ക്ക് ഒരു മൂലയ്ക്കിരുന്നു ഗ്രാമത്തിന്റെ രാത്രിയില്‍ നാദസ്വരം വായിക്കുന്ന ചേട്ടന്റെ കഥാപാത്രമൊക്കെ ഐക്കണിക് ആണ്.
പ്രകൃതി, മോഡേണിറ്റി, സദാചാരം, മൊറാലിറ്റി, മോഡേണിറ്റിയുടെ ടൂളുകള്‍, കാലാവസ്ഥകള്‍ അങ്ങനെ മനുഷ്യജീവിതത്തിലെ (മറ്റു ജീവജാലങ്ങളുടേയും) പലവിധ സൂക്ഷ്മമായ സംഗതികളെ ദൃശ്യവത്കരിച്ച അതിമനോഹരമായ ഒരു പോയട്രിയായി അങ്കമ്മാള്‍ എന്ന സിനിമ മാറുന്നു. ഇത്തരം ദൃശ്യതയില്‍ ഇതൊരു അന്താരാഷ്ട്ര സിനിമ കൂടിയാണ്. ഇതിനെ അങ്കമ്മാളുടെ ബ്ലൗസിലേക്ക് ചുരുക്കി പൊളിറ്റിക്കലൈസ് ചെയ്ത് ചളമാക്കാതെ വായിക്കാനാണ് എനിക്ക് തോന്നുന്നത്. അതിനപ്പുറം അപാരമായ സാധ്യതകള്‍ ഉള്ള ഒരു ദൃശ്യലോകം കൂടെ ആണ് അങ്കമ്മാള്‍.
