ശ്രീ നാരായണ ഗുരുദേവന്റെ പ്രസിദ്ധമായ ആത്മോപദേശ ശതകം എന്ന കൃതിയിലെ,
” അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍
അവനിയില്‍ ആദിമമായൊരാത്മരൂപം,
അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരന്ന് സുഖത്തിനായ് വരേണം” എന്നൊരു ശ്ലോകമുണ്ട്.
ഈയൊരു നയം നമ്മുടെ വ്യവഹാരത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അനുഷ്ഠിക്കുവാന്‍ ശ്രമിച്ചാല്‍ ലോകത്ത് പ്രശ്‌നങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയും. എല്ലാവരും ജന്മം കൊണ്ടത് ഈശ്വരനില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഏവരും ആത്മസഹോദരരാണ്. പ്രകൃതിയില്‍ കാണപ്പെടുന്നത് ബാഹ്യമായ വൈവിധ്യങ്ങള്‍ മാത്രമാണ്. ആന്തരികമായ പൊരുള്‍ ഒന്ന് തന്നെയാണ്.
ബാഹ്യ പ്രകൃതത്തിലെ വൈവിധ്യങ്ങള്‍ക്കനുസരിച്ച് ഓരോരുത്തരുടേയും അഭിരുചികള്‍ വ്യത്യസ്തമായിരിക്കും. ഒരാള്‍ ഏത് മതത്തില്‍ വിശ്വസിക്കണമെന്നും ഏത് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കണമെന്നും ഏത് വസ്ത്രം ധരിക്കണമെന്നും എങ്ങനെ ആരാധന നടത്തണമെന്നും എന്ത് ആഹാരം കഴിക്കണമെന്നും ഒക്കെ നിശ്ചയിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അവന്റെ സ്വാതന്ത്ര്യത്തിന് അനുസരിച്ചായിരിക്കണം. അതില്‍ ബാഹ്യമായ യാതൊരു ഇടപെടലും സമ്മര്‍ദ്ദവും പ്രേരണയും ആജ്ഞാപിക്കലും നിര്‍ബ്ബന്ധിക്കലും ഉണ്ടാകാന്‍ പാടുള്ളതല്ല. ഓരോ വ്യക്തിയും ഓരോ സംഘടനയും ഇക്കാര്യം മനസ്സില്‍ വയ്ക്കുക. ഒരു വ്യക്തിയെ സംബന്ധിച്ച് ഒരേസമയം തന്നെ അവന്‍ ദൈനംദിനം ഇടപെടുന്നത് അനേകം മേഖലകളിലാണ്. ഒരു കുടുംബാഗം എന്ന നിലയില്‍ ഇടപഴകുമ്പോള്‍ എത്ര പേര്‍ ഓര്‍ക്കാറുണ്ട് ആ വീട്ടിലുള്ള മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍. പല കുടുംബങ്ങളിലും കാര്യങ്ങള്‍ എപ്പോഴും നിശ്ചയിക്കപ്പെടുന്നത് ഗൃഹനാഥന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. ഭാര്യയെന്നാല്‍ ഭരിക്കപ്പെടേണ്ടവള്‍ എന്ന പഴഞ്ചന്‍ സങ്കല്‍പമാണ് പല കുടുംബനാഥന്‍മാര്‍ക്കും ഇപ്പോഴുമുള്ളത്. മക്കളെ അവരുടെ കഴിവുകള്‍ക്കും സങ്കല്‍പങ്ങള്‍ക്കും അവരുടെ സാധ്യതകള്‍ക്കും അനുസൃതമായി വളരാന്‍ അനുവദിക്കാതെ തന്റെ ഇഷ്ടങ്ങള്‍ അവര്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്ന മാതാപിതാക്കള്‍ അപരപ്രിയത്തെ അറിയാത്തവരാണ്. അതുപോലെ തന്നെ തങ്ങളുടെ നന്മയ്ക്കു വേണ്ടി മാതാപിതാക്കളും അധ്യാപകരും ചെയ്യുന്ന കാര്യങ്ങളിലെ നന്മകളെ തിരിച്ചറിയുവാന്‍ മക്കള്‍ക്കും കഴിയണം. എല്ലാവരും മറ്റുള്ളവരുടെ വീക്ഷണകോണിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കുവാനുള്ള വിശാലമനസ്‌ക്കത നേടണം. സങ്കുചിതമനസ്സാണ് ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
മനുഷ്യന്‍ ഒരു സാമൂഹൃജീവികൂടിയാണ് അവന് അവന്റേതായ പഠിക്കുന്ന ഇടങ്ങളും തൊഴിലിടങ്ങളും മത -സാമുദായിക-രാഷ്ട്രീയ-സാംസ്‌ക്കാരിക-മേഖലകളിലെ തന്റേതായ സ്ഥാനങ്ങളും ഉണ്ട്. ഇവിടെയെല്ലാം വ്യത്യസ്ത സ്വഭാവങ്ങള്‍ ഉള്ളവരുമായി ദൈനംദിനം ഒരുവന് ഇടപഴകേണ്ടതായി വരും. പലപ്പോഴും നമ്മുടെ ഒരു നോട്ടമോ നമ്മുടെ ഒരു വാക്കോ പോലും പല വിധത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടവരുത്താം. അതുമൂലം അതാതിടങ്ങളില്‍ നമുക്ക് ശത്രുതയും എതിര്‍പ്പും വന്നു ചേരും. നാം ഒരു പ്രകാരത്തിലും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ നമുക്ക് മേല്‍ ആരോപിക്കപ്പെടാം. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. നമ്മുടെ ഓരോ പ്രവൃത്തിയിലും ഓരോ വാക്കുകളിലും അറിയാതെ നാം അപരപ്രിയത്തെ മറന്നു പോകുന്നു. സാമൂഹ്യമായ നമ്മുടെ ഓരോ ഇടപെടലിലും അതീവ ജാഗ്രതയോടെ അപരപ്രിയത്വം വിസ്മൃതമാകാതെ മനസ്സിലുണ്ടാകണം.
ഭാരതം ഒരു ബഹുസ്വരത നിറഞ്ഞ രാജ്യമാണ്. ഇന്നത്തെ ഹിന്ദുമതത്തിന്റെ പൂര്‍വ്വികരായ ആര്യന്‍മാര്‍ മുതല്‍ യഹൂദ – പാഴ്‌സി ക്രൈസ്തവ-ഇസ്‌ലാമിക മതങ്ങള്‍ വരെ ഇന്ത്യയിലേക്ക് പല കാലങ്ങളായി കടന്നുവന്നവരും അവര്‍ ഈ നാടിന്റെ ആധ്യാത്മിക-സാംസ്‌കാരിക-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളില്‍ അമൂല്യ സംഭാവനങ്ങള്‍ നല്‍കിയവരുമാണ്. പൂക്കളിലെ വൈവിധ്യമാണ് പൂക്കളത്തിന്റെ മനോഹാരിത എന്ന പോലെ അനുഷ്ഠാനങ്ങളിലേയും ആചാരങ്ങളിലേയും വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യം. ഓരോ മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും വിശ്വാസ സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന തന്നെ ഓരോ പൗരനും നല്‍കുന്നുണ്ട്. ഒരു മതവും മറ്റൊന്നിനേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ല. ഓരോരുത്തര്‍ക്കും തങ്ങളുടെ വിശ്വാസം അവരെ സംബന്ധിച്ച് അവര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണോ അതുപോലെ തന്നെയാണ് മറ്റൊരാള്‍ക്ക് അയാളുടെ മതവിശ്വാസം അയാള്‍ക്ക് പ്രിയമായിരിക്കുന്നത്. ഇതോര്‍ത്താല്‍ നമുക്ക് അന്യമത വിദ്വേഷം ഒരിക്കലും ഉണ്ടാകുകയില്ല.
തങ്ങളുടെ അധികാരത്തിന് വെല്ലുവിളി നേരിടുമ്പോഴാണ് ഭരണാധികാരികള്‍ പലപ്പോഴും അയല്‍ രാജ്യങ്ങളുമായി കലഹിക്കുന്നതും, നമ്മുടെ രാജ്യം അപകടത്തില്‍ എന്ന മുറവിളി ഉയര്‍ത്തി സ്വന്തം കസേര ഉറപ്പിക്കുന്നതും. അത് കുടിലമായ രാജ്യതന്ത്രമാണ്. ഒരു യുദ്ധം സൃഷ്ടിക്കുന്നത് ഭരണാധികാരികളാണെങ്കിലും ജീവനും സ്വത്തും നടഷ്ടപ്പെടുന്നത് നിരപരാധികള്‍ക്കാണ്. സ്വന്തം ഹിതം മാത്രം നോക്കി ഭരിക്കുന്ന ഭരണകര്‍ത്താക്കളാണ് ഇന്ന് ലോകത്തെ നശിപ്പിക്കുന്നത്. ജനഹിതം അറിയുന്ന ഒരു ഭരണകര്‍ത്താവിന് ഒരിക്കലും അന്യായമായി അയല്‍ രാജ്യത്തെ ആക്രമിക്കാന്‍ കഴിയില്ല. ഭരണാധികാരികള്‍ മനുഷ്യരാകണം; മനുഷ്യത്വമുള്ളവരാക്കണം
” അരുള്‍അന്‍പ് അനുകമ്പ, മൂന്നിനും പൊരുളൊന്നാണിത് ജീവതാരകം,
അരുളുള്ളവനാണ് ജീവി എന്ന്,
ഉരുവിട്ടീടുകയീനവാക്ഷരി ”
അറിവ്,അന്‍പ്, അനുകമ്പ ഇവ മൂന്നിനും ഒരു പൊരുളായിട്ടുള്ളത്, അടിസ്ഥാനമായിട്ടുള്ളത് ഒരേയൊരു സത്യമാണ്. ഈ സത്യം ജീവനെ സംസാര സാഗരം തരണം ചെയ്യിപ്പിക്കും. അങ്ങനെ സംസാര സാഗരത്തിന്റെ മറുകരയില്‍ എത്തിക്കാന്‍ അരുളിനും, അന്‍പിനും അനുകമ്പക്കും സാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തെ മനസ്സിലാക്കി കഴിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍. ജീവിതം ധന്യമാക്കി കഴിയുന്ന മനുഷ്യന്‍. അതുകൊണ്ട് ‘അരുളുള്ളവനാണു ജീവി’ എന്ന നവാക്ഷരി മന്ത്രം എപ്പോഴും ഉരുക്കഴിച്ച് കഴിയണം. എങ്കില്‍ അനുകമ്പ എന്ന ഗുണം അതിരുവിടുന്നവന് ഉണ്ടാകും. അവന് ഈ സംസാരസാഗരം കടക്കാന്‍ പ്രയാസമില്ല.
(ആലുവ അദ്വൈതാശ്രമം സെക്രട്ടറിയാണ് സ്വാമി ധര്‍മചൈതന്യ)
