ഈ യുദ്ധത്തോടെ അമേരിക്ക രാഷ്ട്രീയമായി കൂടുതല്‍ ശിഥിലമാവും. ഇറാന്റെ പതനം പശ്ചിമേഷ്യയെ സമ്പൂര്‍ണ്ണമായി അനാഥമാക്കും. രാഷ്ട്രീയമായി അനിശ്ചിതമാക്കും. ഇറാന്‍ രാഷ്ട്രവും അവിടുത്തെ ജനതയും ഒരു പ്രത്യേക രാഷ്ട്രീയബോധത്തിലും മതബോധത്തിലും ഊട്ടപ്പെട്ട ജനതയെന്ന നിലയ്ക്ക് അതെങ്ങനെയായിരിക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല.
1979-ഇറാന്‍ ഇസ്‌ലാമിക് വിപ്ലവത്തോടെ, നൂറ്റാറ്റാണ്ടുകളായി പേര്‍ഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ നടമാടിയിരുന്ന അമേരിക്കന്‍ -പശ്ചാത്യന്‍ കോളനിവല്‍ക്കരണം അവസാനിക്കുകയായിരുന്നു. രിസാഷാ പഹലവി എന്ന രാജാവിനെയും രാജവംശത്തെയും വച്ചുകൊണ്ട് ഇറാനിലെ എണ്ണ മുഴുവന്‍ നൂറ്റാണ്ടുകളായി ഊറ്റിക്കൊണ്ടിരുന്ന അധിനിവേശ ശക്തികളുടെ അധികാരം നഷ്ടമാവുന്നത്, ഇമാം ഖുമൈനിയുടെ ഇസ്‌ലാമിക് വിപ്ലവത്തോടെയാണ്. അമേരിക്കയെ അദ്ദേഹം സാത്താന്‍ എന്ന് വിളിച്ചത് ആധുനിക ഇറാന്റെ പ്രതീതീകാത്മകമായ രാഷ്ട്രീയ ശബ്ദമായിരുന്നു. അമേരിക്കന്‍ ബന്ധികളെ വച്ചു വിലപേശിയ ഇറാന്റെ രാഷ്ട്രീയ നടപടി ഭൂഖണ്ഡത്തിലെ ശബ്ദമില്ലാത്തവരുടെ പ്രചോദനമായി മാറി. ശേഷം തങ്ങളുടെ സര്‍വ്വ മേഖലയിലും ഇറാന്‍ ഉണ്ടാക്കിയ മുന്നേറ്റം അധിനിവേശ ശക്തികള്‍ക്ക് ചുട്ട പാഠമായിരുന്നു. ലോകസിനിമയില്‍ പോലും ഇറാന്‍ ഉണ്ടാക്കിയ ആധുനിക ചലനങ്ങള്‍ ഒരുകാരണവശാലും ആര്‍ക്കും അവഗണിക്കാവതല്ല.
ഷിയാ ഇസ്‌ലാമിന്റെ രക്തസാക്ഷിത്വ (Martyrdom) ആശയത്തില്‍ ഊന്നിക്കൊണ്ടുള്ള ഇറാനികളുടെ ‘മത രാഷ്ട്രീയം’ ശത്രുവിന് ഏറ്റവും വലിയ വെല്ലുവിളിയാണ്. ഫ്രഞ്ച് ദാര്‍ശനികനായ മിഷേല്‍ ഫുക്കോ പോലും തന്റെ പഠനങ്ങളില്‍ ഇറാന്‍ ജനതയുടെ ഈ വേറിട്ട രാഷ്ട്രീയ ഗുണത്തെ സാംസ്‌കാരികമായി വിശകലനം ചെയ്തിട്ടുണ്ട്. പൊടുന്നനെ കീഴടക്കാന്‍ പറ്റുന്ന ഒന്നല്ല ഈ ജനത. ഖാംനഈയുടെ കൊല/മരണം പോലും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.
പശ്ചിമേഷ്യയില്‍, പല രാഷ്ട്രങ്ങളെയും ലാഘവത്തോടെ അമേരിക്കന്‍ നിയന്ത്രിത പശ്ചാത്യ അധിനിവേശകര്‍ കുരുതി കൊടുത്തപ്പോള്‍ ഇറാന്‍ മാത്രം പിടിച്ചു നിന്നത് ഈ രാഷ്ട്രീയ ദര്‍ശനത്തിന്റെ മികവിലാണ്. ഇത്രയും കാലം അമേരിക്കയും ഇസ്രായേലും ഇറാനെ വീഴ്ത്താനുള്ള ഗവേഷണത്തിലായിരുന്നു. ഇപ്പോഴിതാ രണ്ടും കല്‍പ്പിച്ചു അവര്‍ രംഗത്തിറങ്ങി. അമേരിക്കന്‍ ഉപരോധം കൊണ്ട് ഇറാനെ മുട്ടുകുത്തിക്കാന്‍ ഏറെ പണിയെടുത്തു. ഫാഷിസവും സയണിസവും ഒരേ നാണയത്തിന് പിന്നില്‍ അണിനിരന്നു. രാജ്യത്ത് ഉപരോധവും വിലക്കയറ്റവുമുണ്ടാക്കി കറന്‍സിയുടെ വിലയിടിച്ചു രാജ്യത്തെ ശിഥിലമാക്കാന്‍ നോക്കി. പഴയ പഹലവി രാജകുമാരനെ തിരിച്ചുവിളിച്ചു രാജ്യ അധികാരം ഏല്‍പ്പിക്കാനാണ് ഇപ്പോള്‍ അമേരിക്കയും ഇസ്രായേലും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഭരണമാറ്റം കൊണ്ടുമാത്രമേ അമേരിക്കക്കും സഖ്യ ശക്തികള്‍ക്കും അത് സാധിക്കൂ എന്നവര്‍ക്കറിയാം.
ഇറാനെ വരുതിയില്‍ നിര്‍ത്തി അവിടുത്തെ വിഭവങ്ങള്‍ മുഴുവന്‍ തങ്ങളുടേതാക്കുക എന്നതിനോടൊപ്പം ഇറാന്റെ രാഷ്ട്രീയ അധികാരം തങ്ങളില്‍ ഭദ്രമാക്കി പശ്ചിമേഷ്യയെ സമ്പൂര്‍ണ്ണമായി കൈപ്പിടിയിലൊതുക്കുക എന്ന ദുഷ്ടലാക്കാണ് ഇപ്പോഴത്തെ ഇറാന്‍ രാഷ്ട്രീയ-വംശീയാധിനിവേശത്തിന് പിന്നിലുള്ളത്. ഇറാഖിനെയും ലിബിയയെയും സിറിയയെയും ലബനാനെയും അവിടുത്തെ ജനങ്ങളെയും കുരുതി കൊടുത്തപോലെ ഇറാന്റെ കാര്യത്തില്‍ ചരിത്രം പെട്ടെന്ന് വഴങ്ങിത്തരുമെന്ന് കരുതരുത്. അമേരിക്കയും സഖ്യ ശക്തികളും കൊട്ടിഘോഷിച്ചപോലെ അവിടങ്ങളിലെല്ലാം തേനും പാലും ഒഴുകിയോ അതോ ആ രാഷ്ട്രങ്ങളും മനുഷ്യരും ഗതിയില്ലാതെ നാമാവശേഷരായോ എന്നും ചോദിക്കേണ്ട മൂര്‍ത്തസന്ദര്‍ഭവും ഇതുതന്നെ. ഇപ്പോള്‍, താത്കാലികമായി ഇറാന്‍ തകര്‍ന്നാല്‍ തന്നെ അമേരിക്കന്‍-ഇസ്രായേല്‍ കൊടും ചതിയോട് കാലം എങ്ങനെ പ്രതികാരം വീട്ടുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. അമേരിക്ക വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ്. ഇറാനികളുടെ രക്ത സാക്ഷിത്വ സങ്കല്‍പം ( Martyrdom politics ) അത്രയും കരുത്തുറ്റതാണ്, എന്നതിന് തെളിവാണ് ഇപ്പോഴത്തെ ആ രാജ്യത്തിന്റെ രാഷ്ട്രീയ നിലപാടുകളും.
കടപ്പാട്: fb.com/umertharamel.tharamel
