രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനില്‍ക്കുന്ന ജാതിവിവേചനം തടയുക എന്ന ലക്ഷ്യത്തോടെ 2026 ജനുവരി 13 ന് യു.ജി.സി നടപ്പിൽ കൊണ്ടുവന്ന ചട്ടങ്ങള്‍ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വഴി തുറന്നിരിക്കുകയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ ചട്ടങ്ങള്‍ സ്റ്റേ ചെയ്യുകയും 2012 -ലെ ഇതു സംബന്ധിച്ചുള്ള ചട്ടങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യു.ജി.സിയോട് നിര്‍ദ്ദേശിച്ചിരിക്കുകയുമാണ്. സവര്‍ണ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഈ നീക്കം. 2026-ലെ ഇക്വറ്റി ചട്ടങ്ങള്‍ സ്റ്റേ ചെയ്‌തെങ്കിലും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ഇക്വറ്റി ചട്ടങ്ങളുടെ സാധ്യതകളും പ്രത്യാഘാതങ്ങളും ജാതിവിവേചനവും ഒരു സജീവ പ്രശ്നമായി നിലനില്‍ക്കുകയാണ്. ഇതു ഒരേ സമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി സമൂഹത്തില്‍ ഒരു സവര്‍ണ-അവര്‍ണ ധ്രുവീകരണത്തിന് വഴിതുറക്കുകയും കലാകലാങ്ങളായി അനിയന്ത്രിതമാംവിധം ജാതിവിവേചനത്തിനും ബഹിഷ്‌കരണത്തിനും വിധേയമായി കൊണ്ടിരിക്കുന്ന ദലിത്-ആദിവാസി – പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദത്തിലേക്കും അതിജീവന പ്രതിസന്ധിയിലേക്കും പുറന്തള്ളലിലേക്കും തള്ളിവിട്ടിരിക്കുകയാണ്. ക്യാമ്പസുകളിലെ ജാതിവിവേചനം പരിഹരിക്കാന്‍ 2026- ലെ ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഇക്വറ്റി സമിതികളില്‍ സവര്‍ണവിഭാഗത്തിന് പ്രാതിനിധ്യം ഇല്ലെന്നും അത് റിവേഴ്‌സ് ഡിസ്‌ക്രിമിനേഷന് കാരണമാകുമെന്നുമാണ് സവര്‍ണപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ പക്ഷം. തങ്ങളെകൂടി ജാതിവിവേചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന വിചിത്ര വാദവുമായി രംഗത്തുവരികയാണ് അവർ. ഇതേസമയം പുതിയ ചട്ടങ്ങള്‍ ക്യാമ്പസുകളില്‍ നിലനില്‍ക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കാന്‍ അപര്യാപ്തമാണെന്നതിനാല്‍ 2012 – ലെ ചട്ടങ്ങള്‍ പരിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് അഭികാമ്യമെന്നാണ് ദലിത് വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം. ദലിത്-ആദിവാസി വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നത് സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ക്യാമ്പസുകളിലെ ജാതിവിവേചനം നേരിടാന്‍ 2012 -ലെ ചട്ടങ്ങളില്‍ വേണ്ട ഭേദഗതി വരുത്തി നടപ്പിലാക്കുന്നതിനു പകരം UGC യുടെ ഇപ്പോഴത്തെ വിവാദപരമായ ചട്ടങ്ങളുടെ രൂപീകരണത്തിന് പിന്നില്‍ വ്യക്തമായ സംഘപരിവാര്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ്.
പഠന റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും IIT ,NIT ,IIM, AllMS തുടങ്ങിയ സ്ഥാപനങ്ങളിലും കേന്ദ്ര സര്‍വകലാശാലകളിലും ദീര്‍ഘകാലമായി കൊടിയ ജാതിവിവേചനത്തിനും ബഹിഷ്‌കരണത്തിനും പീഡനങ്ങള്‍ക്കും വിധേയരാവുന്നവരാണ് ദലിത് – ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികൾ. ലഭ്യമായ പാര്‍ലമെന്റ് ഡേറ്റകള്‍ വെളിപ്പെടുത്തുന്നത് ചുരുങ്ങിയ കാലത്തിനുള്ളില്‍ വിവേചനത്തിന്റെ ഫലമായി ഏതാണ്ട് 13,500 വിദ്യാര്‍ഥികള്‍ IIT ,NIT, AllMS, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ നിന്നും പഠനം ഉപേക്ഷിച്ചു പോയിട്ടുണ്ടെന്നും നൂറിലധികം വിദ്യാര്‍ഥികള്‍ പഠന ഗവേഷണങ്ങള്‍ തുടരാനാവാതെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നുമാണ്. ഇവരില്‍ ഭൂരിഭാഗവും ദലിത്-ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ്. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കാവസ്ഥയില്‍ നിന്നും വരുന്ന ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥ്യകള്‍ക്ക് ക്യാമ്പസുകളില്‍ പലപ്പോഴും കടുത്ത ജാതി വിവേചനത്തെയാണ് അനുഭവിക്കേണ്ടി വരുന്നത്. ഇവരുടെ ജാതിയും വംശവും പദവിയും ഭാഷയും ദേശവും മതവുമെല്ലാം വിവേചനത്തിന് വിഷയീഭവിക്കുന്നുണ്ട്. ഉന്നത ശാസ്ത്ര, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിലെയും കേന്ദ്രസര്‍വകലാശാലകളിലെയും അക്കാദമിക് വിഭാഗത്തില്‍ എസ്.സി, എസ് .ടി വിഭാഗത്തില്‍പ്പെട്ടവരുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന പിന്തുണയുടെ അഭാവവും ക്യാമ്പസുകളില്‍ എസ്.സി ,എസ് .ടി വിദ്യാര്‍ഥികളെ ഒറ്റപ്പെടലിലേക്കും സമ്മര്‍ദങ്ങളിലേക്കും തള്ളിവിടുന്നുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് llT കളില്‍ 98% അധ്യാപകരും സവര്‍ണ ജാതിയില്‍പ്പെട്ടവരാകയാല്‍ ഇവിടങ്ങളില്‍ വിവേചനാത്മക പരിരക്ഷാ നടപടികള്‍ യാതൊന്നും നടപ്പിലാക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. 45 കേന്ദ്ര സര്‍വകലാശാലകളില്‍ 4 % പ്രൊഫസര്‍മാര്‍ മാത്രമാണ് OBC വിഭാഗത്തില്‍ നിന്നുള്ളത് ! അതുകൊണ്ടു തന്നെ ഇവിടങ്ങളില്‍ സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും കാലതാമസം കൂടാതെ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതിനും ക്രിയാത്മകമായ പദ്ധതികള്‍ യാതൊന്നും തന്നെ ഫലവത്തായി നടപ്പിലാക്കുന്നുമില്ല. അതുകൊണ്ടു തന്നെ ഇവിടങ്ങളില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും ജാതിവിവേചനവും പുറന്തള്ളലും നിലനില്‍ക്കുന്നതായും നിരീക്ഷക്കപ്പെട്ടിട്ടുണ്ട്.കലാ കായിക രംഗങ്ങള്‍, ഹോസ്റ്റലുകള്‍, മെസ്സ്, സൗഹൃദ കൂട്ടായ്മകള്‍ എന്നിവിടങ്ങളിലും ദലിത്-ആദിവാസി വിദ്യാര്‍ഥികള്‍ വിവേചനം നേരിടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്നുണ്ട്. തത്ഫലമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാഹോദര്യത്മക അന്തരീക്ഷമല്ല പൊതുവെ നിലനില്‍ക്കുന്നത്.
2007 എസ്.കെ തോറാട്ട് കമ്മിറ്റി റിപ്പോര്‍ട്ട്
ഡെല്‍ഹി AllMS – ലെ ദലിത്-ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ നേരിട്ടുകൊണ്ടിരുന്ന കൊടിയ ജാതിവിവേചനത്തെപ്പറ്റി പഠിക്കാന്‍ അന്നത്തെ UGC ചെയര്‍മാന്‍ എസ്. കെ തോറാട്ടിന്റെ അദ്ധ്യക്ഷതയില്‍ 2006 -ല്‍ നിയമിച്ച കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ജാതിവിവേചനത്തിന്റെ ഭീകരത തുറന്നുകാട്ടിയ ആദ്യത്തെ റിപ്പോര്‍ട്ട്. 2007 – ല്‍ സമര്‍പ്പിച്ച തോറാട്ട് റിപ്പോര്‍ട്ടില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം കമ്മിറ്റി അക്കമിട്ട് ചൂണ്ടിക്കാണിക്കുകയും അവ പരിഹരിക്കാന്‍ സത്വരമായ നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തു. ഏകദേശം 72% ദലിത്- ആദിവാസി വിദ്യാര്‍ഥികളും ക്ലാസ് മുറികളില്‍ ജാതി ,വംശം ,ഭാഷ ,പ്രാവീണ്യം ,മെരിറ്റ് ,സംവരണം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം നേരിടുന്നതായി തോറാട്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുകയുണ്ടായി. പ്രാക്ടിക്കല്‍ പരീക്ഷകള്‍, അഭിമുഖങ്ങള്‍, ഗവേഷണ മേഖല തെരഞ്ഞെടുക്കല്‍, ഗൈയ്ഡുകളുടെ ലഭ്യത എന്നിവയിലും ഏതാണ്ട് 84 ശതമാനത്തോളം ജാതി സ്വാധീനിക്കുന്നതായും ഈ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുകയുണ്ടായി. മാത്രമല്ല ഹോസ്റ്റലുകള്‍ ,മെസ്സുകള്‍, സൗഹൃദകൂട്ടായ്മകള്‍, കലാകായിക സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ഈ വിദ്യാര്‍ഥ്യകള്‍ ജാതിയുടെയും തൊട്ടുകൂടായ്മയുടെയും പേരില്‍ വര്‍ദ്ധിച്ചതോതില്‍ സാമൂഹിക വിവേചനം നേരിടുന്നതായും തോറാട്ട് റിപ്പോര്‍ട്ട് അക്കമിട്ടു രേഖപ്പെടുത്തുകയുണ്ടായി. സവര്‍ണ വിദ്യാര്‍ഥികള്‍ ദലിത് – ആദിവാസി വിദ്യാര്‍ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനോ ഹോസ്റ്റലുകളില്‍ മുറി പങ്കിടാനോ തയ്യാറാകാത്ത സാഹചര്യവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ‘റിസര്‍വേഷന്റെ ഔദാര്യത്തില്‍ കടന്നുകൂടിയര്‍ ‘ എന്നാരോപിച്ച് ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ നിരന്തരം മാനസികമായി തകര്‍ക്കുന്ന രീതിയിലുള്ള പരിഹാസങ്ങളും റാഗിംഗുകളും ക്യാമ്പസുകളില്‍ നിലനില്‍ക്കുന്നതായും തോറാട്ട് കമ്മിറ്റി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയുണ്ടായി.
ഉന്നത വിദ്യാഭ്യസ മേഖലയില്‍ നിലനില്‍ക്കുന്ന ജാതിവിവേചനവും ബഹിഷ്‌കരണവും തടയാന്‍ 1989-ലെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമങ്ങള്‍ (തടയല്‍) നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രായോഗികമായ നിരവധി നിര്‍ദ്ദേശങ്ങള്‍ തോറാട്ട് കമ്മിറ്റി മുന്നോട്ടുവെക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജാതിവിവേചനവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സെല്ലുകള്‍ രൂപീകരിക്കുക, ദലിത്-ആദിവാസി വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ റെമഡിയല്‍ കോച്ചിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുക, അദ്ധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ജാതിവിവേചനത്തെ സംബന്ധിച്ച് ബോധവത്ക്കരണം നടത്തുക, കലാകായിക പരിപാടികളിലും മറ്റും എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കുക, വിദ്യാര്‍ഥികളുടെ ഐഡന്‍സ്റ്റിറ്റി വെളിപ്പെടുത്താത്ത വിധത്തില്‍ സുതാര്യമായ മൂല്യനിര്‍ണയം നടത്തുക തുടങ്ങിയവയായിരുന്നു തോറാട്ട് കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട ശുപാര്‍ശകള്‍. അത്യന്തം ഗൗരവമേറിയ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനം തടയുക എന്ന ലക്ഷ്യത്തോടെ UGC 2012 – ല്‍ Promotion of equity in higher education institution regulations – 2012 പുറപ്പെടുവിക്കുന്നത്.ഈ ചട്ടങ്ങളില്‍ ജാതിവിവേചനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാനും പരിഹാരം കാണാനും ആന്റി ഡിസ്‌ക്രിമിനേഷന്‍ ഓഫീസറെ നിയമിക്കുക, പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കുക, തുല്യ അവസര സെല്ലുകളും റെമഡിയല്‍ സമ്പ്രദായും ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. നിയമ ലംഘനം നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ശിക്ഷാ നടപടികളും നിര്‍ദേശിക്കപ്പെടുകയുണ്ടായി. ഓണ്‍ലൈന്‍ വഴി പരാതികള്‍ സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. എന്നാല്‍ ഈ ചട്ടങ്ങളുടെ ഏറ്റവും വലിയ പോരായ്മ അത് ജാതി വിവേചനം തടയേണ്ട നടപടിക്രമങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നില്ല എന്നതായിരുന്നു. ഈ ചട്ടങ്ങളുടെ നടത്തിപ്പിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങും അപര്യാപ്തമായിരുന്നു. ഇതു കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിന് പ്രതിസന്ധികൾ സൃഷ്ടിച്ചു. ശുഷ്‌കവും അപ്രായോഗികവുമായിരുന്നു ഇതിലെ വ്യവസ്ഥകൾ. ജാതിവിവേചനം സംബന്ധിച്ച പരാതിപരിഹാര സമിതികളില്‍ വിവേചനം അനുഭവിക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യത്തെ സംബന്ധിച്ചും അവ്യക്തത നിലനിന്നിരുന്നു. ചുരുക്കത്തില്‍ പ്രായോഗികതയിലെ അവ്യക്തയായിരുന്നു ഈ ചട്ടങ്ങളുടെ മറ്റൊരു വീഴ്ച. ഇവയിലെ പഴുതുകള്‍ പ്രയോജനപ്പെടുത്തി ഭൂരിഭാഗം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്നും പിന്തിരിയുകയായിരുന്നു. മിക്ക സ്ഥാപനങ്ങളിലും ആന്റി ഡിസ്‌ക്രിമിനേറ്ററി ഓഫിസറെ നിയമിക്കുകയോ പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കുകയോ ചെയ്തിരുന്നില്ല. ചുരുക്കത്തില്‍ 2012-ലെ UGC ചട്ടങ്ങള്‍ അവയുടെ നിര്‍വചന പരിമിതികള്‍ മൂലവും പ്രായോഗികതയുടെ അപര്യാപ്തത മൂലവും ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ജാതീയമായ പിന്തിരിപ്പന്‍ മനോഭാവം മൂലവും അട്ടിമറിക്കപ്പെടുകയായിരുന്നു. തത്ഫലമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങളും ആത്മഹത്യകളും കൊഴിഞ്ഞുപോക്കും ആശങ്കാജനകമായി വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 2018 – 2023 കാലയളവില്‍ മാത്രം 98 വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം ആത്മഹത്യ ചെയ്തത്. ഇതില്‍ ഭൂരിഭാഗവും ദലിത്-ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളായിരുന്നു എന്നതും ശ്രദ്ധേയമാണ്. 2016 – ല്‍ ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥ്യയായ രോഹിത് വെമുലയുടെ ആത്മഹത്യയും 2023-ല്‍ ബോംബെ ഐ ഐ ടി വിദ്യാര്‍ഥി ദര്‍ശന്‍ സോളങ്കിയുടെ ആത്മഹത്യയും 2019 -ല്‍ ബോംബെ ബി.വൈ.എല്‍ നായര്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ മാനസിക പീഡനത്തെത്തുടര്‍ന്നുണ്ടായ പായല്‍ തദ്വിയുടെ ആത്മഹത്യയും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും തദ്വാരാ ഇവിടങ്ങളില്‍ നിലനില്‍ക്കുന്ന ജാതിവിവേചനത്തെയും ബഹിഷ്‌കരണത്തെയും പ്രതിരോധിക്കാന്‍ കര്‍ശനമായ ചട്ടങ്ങള്‍ വേണമെന്ന ആവശ്യം പ്രക്ഷോഭങ്ങളിലൂടെ ഉയര്‍ന്നു വരികയും ഉണ്ടായി. 2019 – ല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും പായല്‍ തദ്വിയുടെ മാതാവ് സല്‍മ തദ്വിയും സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഇതു സംബന്ധിച്ച് 2012 ലെ ചട്ടങ്ങളുടെ സാധ്യതകളും പരിമിതികളും പുനപരിശോധിച്ച് കലാനുസൃതമായ പരിഷ്‌കരിച്ച് നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ 2012- ലെ ചട്ടങ്ങള്‍ പുനപരിശോധിച്ച് പരിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് പകരം UGC പുതിയ ചട്ടങ്ങള്‍ ഫ്രെയിം ചെയ്യുകയാണ് ചെയ്തത്. 2026 ജനുവരി 13 – ന് ഈ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇതിനെതിരെ സവര്‍ണ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിക്കുകയും 2026 ജനുവരി 29 -ന് സുപ്രിം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബഞ്ച് ഈ ചട്ടങ്ങളെ സ്റ്റേ ചെയ്യുകയും ചെയ്തു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അരങ്ങേറുന്ന ജാതിവിവേചനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ഈ ചട്ടങ്ങള്‍ അവ്യക്തമാണെന്നും അവ ദുര്‍വിനിയോഗം ചെയ്യാന്‍ സാധ്യത കൂടുതലുമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മാത്രമല്ല ചട്ടങ്ങളിലെ നിര്‍വചനങ്ങള്‍ പലതും അവ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.2012 – ലെ ചട്ടങ്ങളില്‍ ജാതിവിവേചനത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ നിര്‍ണയനം അവ്യക്തമായെങ്കിലും പല വിധത്തില്‍ നിര്‍വചിച്ചിരുന്നെങ്കില്‍ 2026 – ലെ ചട്ടങ്ങളില്‍ ഒരു വിദ്യാര്‍ഥി ജാതിവിവേചനത്തിന് വിധേയമായിട്ടുണ്ടോ എന്നു നിര്‍ണയിക്കാനുള്ള അധികാരം ഇക്വറ്റി കമ്മിറ്റികളിലാണ് നിക്ഷിപത്മാക്കിയിരിക്കുന്നത്. ജാതിരഹിത സമൂഹ സൃഷ്ടിക്ക് പകരം ഈ ചട്ടങ്ങള്‍ സാമൂഹ്യ വിഭജനത്തിനായിരിക്കും വഴിതുറക എന്നും കോടതി നിരീക്ഷിച്ചു. 2012 – ലെ ചട്ടങ്ങളില്‍ ദലിത്-ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെയാണ് ജാതി വിവേചനത്തില്‍ സംരക്ഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ 2026-ലെ ചട്ടങ്ങള്‍ പ്രകാരം OBC ,ട്രാസ്ജന്‍ഡര്‍, EWS വിഭാഗങ്ങളെയും ഈ പട്ടികയില്‍, ഉള്‍പ്പെടുത്തി. ഇതാകട്ടെ ജാതിവിവേചനത്തിന്റെ പേരില്‍ ദലിത്- ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട നിയമ സംരക്ഷണത്തെ തത്വത്തില്‍ അസ്ഥിരപ്പെടുത്തുകയാണ് ഉണ്ടായത് .2026-ലെ ചട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് നിര്‍വചിക്കാത്തതിനാല്‍ UGC നിയന്ത്രണത്തിന്‍ കീഴില്‍വരുന്ന കേന്ദ്ര സര്‍വകലാശാലകള്‍ക്കും അനുബന്ധ സര്‍വകലാശാലകള്‍ക്കും മാത്രമേ ബാധകമാവുന്നുള്ളൂ എന്ന പരിമിതിയുമുണ്ട്. ജാതിവിവേചനത്തെ നിര്‍ണയിക്കാനുള്ള ഇക്വറ്റി കമ്മിറ്റികളില്‍ നിഷിപ്തമാക്കിയതാണ് ഈ ചട്ടങ്ങളുടെ മറ്റൊരു പോരായ്മ. ജാതി വിവേചനത്തെ ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കുന്നില്ല എന്നതാണ് ഇതിലെ മറ്റൊരു പരിമിതി.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനത്തെ ക്രിമിനല്‍ കുറ്റകൃത്യമായി വീക്ഷിച്ച് അവയെ പ്രതിരോധിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതു പോലെ 2012 – ലെ ചട്ടങ്ങളില്‍ വേണ്ട ഭേദഗതികള്‍ ,പ്രത്യേകിച്ചും നിയമം നടപ്പിലാക്കുന്ന നടപടി ക്രമങ്ങളില്‍ കൃത്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാവും വിധം പ്രാബല്യത്തില്‍ വരുത്തുകയാണ് കൂടുതൽ ഉചിതം.
