ഇന്ത്യയിലെ തൊഴില്‍ മേഖല ചരിത്രപരമായ ഒരു സന്ധിയെ അഭിമുഖീകരിക്കുകയാണ്. നിലവിലുള്ള 29 പ്രധാന തൊഴില്‍ നിയമങ്ങളെ അപ്രസക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നാല് ലേബര്‍ കോഡുകള്‍ക്കെതിരെ തൊഴിലാളി വര്‍ഗ്ഗം ഉയര്‍ത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് 2026 ഫെബ്രുവരി 12-ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
കോര്‍പ്പറേറ്റ് പ്രീണനവും ലേബര്‍ കോഡുകളും
മോദി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ കോര്‍പ്പറേറ്റ് അനുകൂല മാറ്റങ്ങള്‍ വരുത്താനുള്ള നീക്കങ്ങള്‍ സജീവമായിരുന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്തെ രണ്ടാം ലേബര്‍ കമ്മീഷന്‍ നിര്‍ദേശിച്ച പരിഷ്‌കാരങ്ങളെ, തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി നടപ്പാക്കുകയാണ് കേന്ദ്രം ചെയ്തത്.
FICCI, CII തുടങ്ങിയ വന്‍കിട മുതലാളിത്ത സംഘടനകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി കൊണ്ടുവന്ന നാല് പ്രധാന ലേബര്‍ കോഡുകള്‍ ഇവയാണ്:
1. വേതന കോഡ് (Code on Wages)
2. വ്യവസായ ബന്ധ കോഡ് (Industrial Relations Code)
3. സാമൂഹിക സുരക്ഷാ കോഡ് (Social Security Code)
4. തൊഴില്‍ സുരക്ഷയും ആരോഗ്യവും (Occupational Safety, Health and Working Conditions Code)
തൊഴിലാളികളെ ബാധിക്കുന്ന പ്രധാന വെല്ലുവിളികള്‍
ഈ പുതിയ മാറ്റങ്ങള്‍ കേവലം ക്രമീകരണങ്ങളല്ല, മറിച്ച് തൊഴിലാളികളുടെ അവകാശങ്ങളെ അടിമത്തത്തിന് സമാനമായ സാഹചര്യത്തിലേക്ക് തള്ളിവിടുന്നവയാണ്.
ജോലി സമയം: നിലവിലുള്ള എട്ട് മണിക്കൂര്‍ ജോലി എന്നത് 12 മണിക്കൂര്‍ വരെയാക്കി വര്‍ധിപ്പിക്കാന്‍ ഉടമകള്‍ക്ക് അധികാരം ലഭിക്കുന്നു. ഇത് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ILO) മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്.
പിരിച്ചുവിടല്‍ ഭീഷണി: 300 പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ തൊഴിലാളികളെ പിരിച്ചുവിടാനും സ്ഥാപനം പൂട്ടാനും ഉടമകള്‍ക്ക് അനുവാദം നല്‍കുന്നു. രാജ്യത്തെ ഭൂരിഭാഗം ഇടത്തരം സ്ഥാപനങ്ങളും ഈ പരിധിയില്‍ വരുമെന്നത് തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കും.
സമരാവകാശം നഷ്ടപ്പെടുന്നു: വ്യവസായ ബന്ധ കോഡ് അനുസരിച്ച്, പണിമുടക്കുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത് സംഘടിക്കാനും അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനുമുള്ള തൊഴിലാളികളുടെ ഭരണഘടനാപരമായ അവകാശത്തെ തകര്‍ക്കുന്നു.
പരിശോധകരില്‍ നിന്നുള്ള മാറ്റം: ‘ലേബര്‍ ഇന്‍സ്‌പെക്ടര്‍’ എന്ന തസ്തിക ‘ഫെസിലിറ്റേറ്റര്‍’ ആയി മാറുന്നതോടെ, നിയമലംഘനങ്ങള്‍ പരിശോധിക്കാനുള്ള അധികാരം ഇല്ലാതാവുകയും മാനേജ്മെന്റുകളുടെ താല്‍പ്പര്യത്തിനനുസരിച്ച് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യും.
അസംഘടിത മേഖലയും ലേബര്‍ കോഡും
രാജ്യത്തെ തൊഴിലാളികളില്‍ 85 ശതമാനത്തിലധികം പേര്‍ അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരാണ്. ഇന്ത്യയിലെ തൊഴില്‍ശക്തിയുടെ നട്ടെല്ലാണ് അസംഘടിത മേഖല. കാര്‍ഷിക തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, ഓണ്‍ലൈന്‍ ഡെലിവറി പങ്കാളികള്‍ (Gig workers), ചെറുകിട കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി കോടിക്കണക്കിന് ആളുകള്‍ ഈ വിഭാഗത്തില്‍ വരുന്നു. പുതിയ ലേബര്‍ കോഡുകള്‍ ഇവരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കും. പുതിയ ‘വേതന കോഡ്’ അനുസരിച്ച്, കുറഞ്ഞ വേതനം (Minimum Wage) നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുന്നു. ഇത് ഫലത്തില്‍ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന തുച്ഛമായ വേതനത്തില്‍ പോലും കുറവുണ്ടാക്കാന്‍ സാധ്യതയുണ്ട്. ബോണസ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ കണക്കാക്കുന്ന രീതി മാറ്റുന്നത് വഴി കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ ലാഭം വര്‍ധിപ്പിക്കാനും തൊഴിലാളിയുടെ പോക്കറ്റ് ചോര്‍ത്താനും അവസരമൊരുങ്ങുന്നു.
പുതിയ നിയമപ്രകാരം 300 പേരില്‍ താഴെ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ തൊഴിലാളികളെ പിരിച്ചുവിടാം. അസംഘടിത മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും ഈ പരിധിയില്‍ വരുന്നവയാണ്. ഇത് തൊഴിലാളികളെ എപ്പോഴും ഭയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും, തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.
സംസ്ഥാനങ്ങളുടെ നിലപാടും നിലവിലെ സാഹചര്യവും
കേന്ദ്ര നിയമങ്ങള്‍ക്ക് സമാന്തരമായി ചട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ പല സംസ്ഥാന സര്‍ക്കാരുകളും ഇതിനകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വ്യവസായ സൗഹൃദ റാങ്കിംഗില്‍ (Ease of Doing Business) മുന്നിലെത്താനായി തൊഴില്‍ വകുപ്പിനുമേല്‍ വ്യവസായ വകുപ്പ് നടത്തുന്ന ഇടപെടലുകള്‍ തൊഴിലാളികളുടെ താല്‍പ്പര്യങ്ങളെ പലപ്പോഴും വിസ്മരിക്കുന്നു.
സംയുക്ത സമരസമിതിയുടെ പ്രസക്തി
ദേശീയ പണിമുടക്ക് വെറുമൊരു പ്രതിഷേധമല്ല, മറിച്ച് ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. ഈ പണിമുടക്ക് വിജയിപ്പിക്കണമെങ്കില്‍ തൊഴിലാളി സംഘടനകളുടെ കരുത്തുറ്റതും വിട്ടുവീഴ്ചയില്ലാത്തതുമായ ഐക്യനിര ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇന്ത്യയിലെ തൊഴിലാളി സമൂഹത്തിന്റെ 85 ശതമാനത്തിലധികം വരുന്ന അസംഘടിത മേഖലയെനിര്‍മ്മാണ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവര്‍സമരത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സംയുക്ത സമരസമിതിക്ക് കഴിയണം. ഈ വിഭാഗത്തിന് നിയമപരമായ സുരക്ഷയും സാമൂഹിക സുരക്ഷാ പദ്ധതികളും ഉറപ്പാക്കാന്‍ ലേബര്‍ കോഡുകള്‍ക്കെതിരായ പോരാട്ടം വിജയിച്ചേ തീരൂ.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മേല്‍ കത്തിവെക്കുമ്പോള്‍ അവിടെ യൂണിയനുകളുടെ രാഷ്ട്രീയ നിറത്തിന് പ്രസക്തിയില്ല. പക്ഷേ നിലവിലെ സംയുക്ത സമര സമിതി അങ്ങനെയല്ല എന്നത് ഖേദകരമാണ്. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി ഭരണകൂടം നടത്തുന്ന നീക്കങ്ങളെ ചെറുക്കാന്‍ രാഷ്ട്രീയ ഭേദമന്യേയുള്ള ഐക്യം അനിവാര്യമാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിലൂടെ തൊഴിലാളി വര്‍ഗ്ഗത്തെ തളര്‍ത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയുകയും ഒറ്റക്കെട്ടായി അതിനെ നേരിടുകയും വേണം. ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ നിശ്ചലമാകുന്ന രീതിയില്‍ തൊഴിലാളി ഐക്യം രൂപപ്പെടുത്തിയാല്‍ മാത്രമേ ജനവിരുദ്ധമായ ലേബര്‍ കോഡുകളില്‍ നിന്ന് പിന്തിരിയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കാന്‍ കഴിയൂ.
(എഫ്.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് ലേഖകന്‍)
