August 9 Sunday 2026

ഇസ്‌ലാമോഫോബിയയുടെ തെരഞ്ഞെടുപ്പ് മാനങ്ങള്‍ | Islamophobia Files

”Islamophobia is rooted in racism and is a type of racism that targets expressions of Muslimness or perceived Muslimness.”

(ഇസ്‌ലാമോഫോബിയ എന്നത് വംശീയതയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്; മുസ്‌ലിം സ്വത്വത്തിന്റെ നേരിട്ടുള്ള പ്രകാശനത്തെയോ അല്ലെങ്കില്‍ മുസ്‌ലിമെന്ന് തോന്നിക്കുന്നവരെയോ ലക്ഷ്യമാക്കുന്ന വംശീയയതയാണത്)

2018-ല്‍ ബ്രിട്ടീഷ് സാമാജികരുടെ സര്‍വകക്ഷി സംഘങ്ങളില്‍ ഒന്നായ ഓള്‍ പാര്‍ട്ടി പാലമെന്ററി ഗ്രൂപ്പ് ഓണ്‍ ബ്രിട്ടീഷ് മുസ്‌ലിംസ് ഇസ്‌ലാമോഫോബിയക്ക് നല്‍കിയ നിര്‍വചനമാണിത്. ഇസ്‌ലാമോഫോബിയയെ മുസ്‌ലിം/ ഇസ്‌ലാം വിമര്‍ശനങ്ങളില്‍ നിന്നും വേറിട്ട് മനസ്സിലാക്കണമെന്നതാണ് ഈ നിര്‍വചനം ആവശ്യപ്പെടുന്നത്. സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെയും വിദ്വേഷ പ്രസ്താവനകളുടെയും പേരില്‍ വികസിക്കുന്ന ഇസ്‌ലാമോഫോബിയ, വിമര്‍ശനവും വിവേചനവും തമ്മിലുള്ള അകലം ലഘൂകരിച്ചാണ് ശക്തിപ്രാപിക്കുന്നതെന്നാണ് കേരളത്തിലെ ഇസ്‌ലാമോഫോബിയയെ പറ്റിയുള്ള സമഗ്ര പഠനം ‘കേരള ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ട് 2024’ പറയുന്നത്.

ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങള്‍ കേരളത്തില്‍ പ്രധാനമായും രണ്ടു തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നാമത്തേത് മുസ്‌ലിം സംഘടനത്തോടും മുസ്‌ലിംകളുടെ സ്വയം നിര്‍ണയാവകാശത്തോടുമുള്ള നിഷേധമാണ്. മുസ്‌ലിം സംഘാടനത്തെ വര്‍ഗീയതയായും പുരോഗമ വിരുദ്ധമായും മതേതരവിരുദ്ധമായും കാണുന്ന പ്രവണത ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളില്‍ പ്രധാനായ ഒന്നാണ്. സ്വയം സംഘടിക്കാനും പ്രവര്‍ത്തിക്കാനുമുള്ള മുസ്‌ലിംകളുടെ അവകാശത്തെ നിഷേധിക്കുന്ന ഒരു കാഴ്ചപ്പാട് ഇന്ത്യന്‍ ദേശീയതയുടെ പ്രബല മാതൃകയില്‍ ഉള്‍പ്പെട്ടതാണെന്ന് കേരള ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു (പേജ് 12)

തെരഞ്ഞെടുപ്പിലെ തോല്‍വികളും വര്‍ഗീയത ആരോപണങ്ങളും

മുസ്‌ലിം രാഷ്ട്രീയ സംഘടനകളെ വര്‍ഗീയമെന്നും മതേതരമെന്നും വേര്‍തിരിക്കുന്നത് കേരള രഷ്ട്രീയത്തില്‍ പുതിയ പ്രവണതയല്ല. എന്നാല്‍, വര്‍ഗീയ/മതേതര ദ്വയങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചും രാഷ്ട്രീയ ബന്ധങ്ങള്‍ക്കനുസരിച്ചും താല്‍ക്കാലികമായി (Arbritrary) ചാര്‍ത്തപ്പെടുന്ന ഒന്നുമാത്രമാണ്. എപ്പോള്‍ വേണമെങ്കിലും ഒരു മുസ്‌ലിം രാഷ്ട്രീയപാര്‍ട്ടി വര്‍ഗീയമോ മതേതരമോ ആക്കി മാറ്റപ്പെടാം. മതേതരമായിരുന്ന മുസ്‌ലിം ലീഗിന് ആ ‘പദവി’ നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ് എന്ന് എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ സുദേഷ് എം.രഘു നിരീക്ഷിക്കുന്നു.

ഒരു സംസ്ഥാനത്തും നടക്കാത്ത കാര്യങ്ങളാണ് മലപ്പുറത്തു നടക്കുന്നത് എന്നും, മുസ്‌ലിം ലീഗും യൂത്ത് ലീഗും മലപ്പുറം ആസ്ഥാനമായി മറ്റൊരു സംസ്ഥാനം എന്ന ആവശ്യമുന്നയിക്കുന്നുണ്ട് എന്നുമൊക്കെയുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വായിക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ് (കേരള കൗമുദി 3 ആഗസ്റ്റ് 2025). മുസ്‌ലിം സംഘാടനത്തെയും മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശങ്ങളെയും പ്രശ്‌ന ഭൂമികയായി ചിത്രീകരിക്കുകയും മുസ്ലിങ്ങള്‍ രാഷ്ട്രത്തിന്റെ വിഭവങ്ങള്‍ അധികാര രാഷ്ട്രീയത്തിലൂടെ അനര്‍ഹമായി കയ്യടക്കുന്നു എന്ന ഇസ്‌ലാമോഫോബിക് ആഖ്യാനത്തെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇത്തരം വാദങ്ങള്‍.

തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഇടത് സംഘടനകള്‍, വിശിഷ്യ, സിപിഐ(എം) നിര്‍മിച്ചെടുക്കുന്ന ഇസ്‌ലാമോഫോബിയ പല കാലങ്ങളില്‍ കേരളം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ പ്രധാനമായും യുഡിഎഫ് മുന്നണിയുടെ വിജയം ജമാത്തെഇസ്ലാമി, എസ് ഡിപിഐ പോലുള്ള മുസ്‌ലിം രാഷ്ട്രീയ സംഘടനകളുടെ പിന്തുണയിലാണെന്നാണ് സിപിഐ(എം) ആരോപിച്ചത്. കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയുടെ ചിലയിടങ്ങളിലെ പരാജയം ഇതേ ആരോപണം ഉയര്‍ത്തിയാണ് നേതാക്കള്‍ നേരിട്ടത്.

കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ എംഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷങ്ങളില്‍ എസ്ഡിപിഐയുടെ പിന്തുണയോടുകൂടിയാണോ എംഎസ്എഫ്കാര്‍ ആയുധവുമായി വന്നതെന്ന് പരിശോധിക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷാണ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത് (ദേശാഭിമാനി ദിനപത്രം 6 ആഗസ്റ്റ് 2025). എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പാലക്കാട് നടന്ന രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പ്രസംഗിച്ചത് എംഎസ്എഫ് കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയ സംഘടനയാണ് എന്നും പി.കെ നവാസ് തികഞ്ഞ വര്‍ഗീയവാദിയാണ് എന്നുമാണ്. ‘പട്ടിയെ വെട്ടി പഠിച്ചവരുടെ ബാക്കി പത്രമാണ്’ എംഎസ്എഫ് എന്നുകൂടി സഞ്ജീവ് പറഞ്ഞു. പ്രസംഗം വിവാദമാവുകയും സഞ്ജീവിന് എതിരെ വിമര്‍ശനങ്ങള്‍ ഉണ്ടാവുകയും ചെയ്തു. എസ്എഫ്‌ഐ നേതാക്കള്‍ സഞ്ജീവിന് പിന്തുണയുമായി രംഗത്തെത്തി. അദ്ദേഹം ഉന്നയിച്ചത് രാഷ്ട്രീയ വിമര്‍ശനമാണെന്നായിരുന്നു അവരുടെ ന്യായം. കൂടാതെ സംഘ്പരിവാര്‍ നേതാവ് ശശികല ടീച്ചര്‍ സഞ്ജീവിന്റെ പ്രസംഗത്തിന് പിന്തുണയുമായി വന്നു. രാഷ്ട്രീയ വിമര്‍ശങ്ങള്‍ എന്ന പേരില്‍ ഇസ്‌ലാമോഫോബിക് വാര്‍പ്പ് മാതൃകകള്‍ അവതരിപ്പിക്കുകയാണ് വിദ്യാര്‍ഥി നേതാക്കള്‍ ചെയ്തത്.

എസ്എഫ്‌ഐയുടെ ഇസ്ലാമോഫോബിയ

വസീം ആര്‍.എസ് നിരീക്ഷിക്കുന്നതു പോലെ പ്രധാനമായും അഞ്ചു തരത്തിലാണ് ഇവിടെ ഇസ്‌ലാമഫോബിയ പ്രവര്‍ത്തിച്ചത്:

ഒന്നാമതായി ‘മുസ്‌ലിം’ എന്ന നാമം തന്നെ ‘വര്‍ഗീയ’മാണെന്ന ആരോപണം. എംഎസ്എഫിനെ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ പൊതുജനത്തിന് മുന്നില്‍ അവരുടെ സംഘടനയുടെ പൂര്‍ണരൂപം പറഞാല്‍ മതി എന്ന പ്രസ്താവന മുസ്‌ലിം എന്ന പേര് പൊതുസമൂഹത്തില്‍ അപകടപരമായ ഒരു സൂചകമാണ് എന്നതും, മതേതര പൊതുസമൂഹത്തിന് ഉള്‍കൊള്ളാന്‍ പറ്റാത്ത ഒന്നാണ് എന്ന നിര്‍മിതിയും അതിലുണ്ട്. മുസ്‌ലിം സംഘടനത്തെയും സ്വയം നിര്‍ണയിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവരുടെ സ്വാതന്ത്ര്യത്തെയും നിരാകരിക്കുകയും മതേതര പൊതു സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്യാനുള്ള ശ്രമമാണത്.

നല്ല മുസ്‌ലിമിന് പകരം മോശം മുസ്‌ലിം എന്ന വിഭജനമാണ് രണ്ടാമത്തേത്. ചില മുസ്‌ലിം സംഘടനകള്‍ അപകടകരമായതും വര്‍ഗീയവുമാണെന്നും മുസ്‌ലിം ലീഗിലും എംഎസ്എഫ് അടക്കമുള്ള സംഘടനകളിലും അത്തരം ആളുകള്‍ ‘നുഴഞ്ഞു കയറുന്നുണ്ട്’ എന്നുമുള്ള ആരോപണം പൊതുവെ ഇടതുപക്ഷം ഉന്നയിക്കുന്നതാണ്. നല്ല മുസ്‌ലിംകള്‍ക്ക് ഇത്തരം വര്‍ഗീയവാദികള്‍ ഭീഷണിയായെന്നും അവര്‍ വാദിക്കുന്നു.

ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഷയിലാണ് പി.കെ നവാസ് സംസാരിക്കുന്നത് എന്നാണ് എസ്എഫ്‌ഐ നേതാവിന്റെ കണ്ടെത്തല്‍. ഇടത് ഹിന്ദുത്വ എന്നത് സി. ദാവൂദിന്റെ പദാവലിയാണ് എന്നാണ് സംസ്ഥാന പ്രസിഡണ്ട് ശിവപ്രസാദ് പറയുന്നത്. വര്‍ഗീയവാദികള്‍ അല്ലാത്ത ‘നല്ല’ മുസ്‌ലിംകളെ വര്‍ഗീയ മുസ്‌ലിംകള്‍ തങ്ങളുടെ അജണ്ടക്ക് അനുസരിച്ചു ഉപയോഗിക്കുന്നു എന്നും അതൊന്നും ‘സ്വത’ രാഷ്ട്രീയമല്ല എന്നുമാണ് എസ്എഫ്‌ഐയുടെ ആരോപണം.

മൂന്നാമതായി, ഇരയായ മുസ്‌ലിം സ്ത്രീ എന്ന വാര്‍പ്പുമാതൃക. ഒരേസമയം മുസ്‌ലിം സ്ത്രീകളെ പലവിധത്തില്‍ അധിക്ഷേപിക്കുകയും അവരുടെ സ്വയം നിര്‍ണ്ണയ അവകാശങ്ങളെ മുഖവിലക്കെടുക്കതിരിക്കുകയും അവര്‍ സ്വമേധയാ അടിച്ചമര്‍ത്തപ്പെട്ടവരാണ് എന്ന മുന്‍വിധിയും വെച്ച് പുലര്‍ത്തുക എന്നതാണത്. തട്ടത്തിനെതിരെയുള്ള എസ്എഫ്‌ഐ നേതാക്കളുടെ വിമര്‍ശനങ്ങള്‍ നോക്കുക. മലാല യൂസഫ്‌സയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, താലിബാനുമായി മുസ്‌ലിം ലീഗിനെ സമീകരിക്കുകയും മുസ്‌ലിം സ്ത്രീ സ്വയം അടിച്ചമര്‍ത്തപ്പെട്ടവള്‍ ആണെന്നും മുസ്‌ലിമാവുക എന്നത്‌കൊണ്ട് മാത്രം മതത്തിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകില്ല എന്ന ധ്വനിയാണ് എസ്എഫ്‌ഐ നല്‍കുന്നത്.

തട്ടവുമായി ബന്ധപ്പെട്ട് വന്ന മറ്റൊരു ചര്‍ച്ച പ്രശസ്ത കവി, റഫീഖ് അഹമ്മദ്‌ന്റെ, ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ പറ്റിയുള്ള ‘മാപ്പ്’ എന്ന കവിതയിലാണ്. ‘മത ദേഹമല്ല, മൃതദേഹം’ എന്നാണ് റഫീഖ് അഹമ്മദ് മുമ്പ് മുസ്‌ലിം സ്ത്രീകളെ പറ്റി എഴുതിയതെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പലരും റഫീഖ് അഹമ്മദിനെ ഓര്‍മിപ്പിച്ചു. എന്നാല്‍, ഇതിന് റഫീഖ് അഹമ്മദ് കൊടുത്ത മറുപടി, കന്യാസ്ത്രീകള്‍ ചാക്കുപോലുള്ള വസ്ത്രത്തില്‍ കയറി മുഖം മൂടിയിട്ടില്ല എന്നും, അവര്‍ പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട് എന്നുമാണ്. ഹിജാബ് ധരിച്ച മുസ്‌ലിം സ്ത്രീകള്‍ ഏജന്‍സി ഇല്ലാത്തവരാണ് എന്നും, സ്ഥിരം ഹിജാബിനുള്ളില്‍ ‘കുടുങ്ങി ‘ക്കിടക്കുന്നവരാണ് എന്നും അവര്‍ സമൂഹത്തില്‍ യാതൊന്നും ചെയ്യുന്നില്ല എന്നുമുള്ള വാര്‍പ്പ് മാതൃക തന്നെയാണത്.

നാലാമതായി ഇസ്ലാമോഫോബിക് രീതിയിലുള്ള മുസ്ലിം സംഘടനാ വിമര്‍ശനം: തുടര്‍ന്ന് ഇസ്ലാമിനെയല്ല, സംഘടനയെയാണ് വിമര്‍ശിച്ചതെന്ന മറുപടി. സിപിഐഎം നേതാക്കളും മറ്റു ‘മതേതര ബാധ്യത’ യുള്ളവരും മുസ്‌ലിം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ അതിനെതിരെ വരുന്ന വിമര്‍ഷങ്ങളോടുള്ള പ്രതികരണങ്ങളില്‍ ആദ്യത്തേതാണ് മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ അത് ഇസ്‌ലാം വിരുദ്ധമാകുമോ, മലപ്പുറത്തെ വിമര്‍ശിച്ചാല്‍ അത് മുസ്‌ലിം വിരുദ്ധതയകുമോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍. വിമര്‍ശനം മുസ്‌ലിംകള്‍ക്കെതിരല്ല, മറിച്ച് മുസ്‌ലിം ലീഗിനെതിരാണ്, മുസ്ലിംകളുടെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനില്ല, തുടങ്ങി വംശീയ പ്രസ്താവനകളും ചെയ്തികളും വിമര്‍ശിക്കപ്പെടുമ്പോള്‍ ഉണ്ടാകാറുള്ള സ്ഥിരം മറുപടി മറ്റൊരു തരത്തില്‍ ഇസ്‌ലാമോഫോബിയ സാമാന്യവല്‍കരിക്കാന്‍ കാരണമാകുന്നതാണ്. ഇസ്‌ലാമും മുസ്‌ലിംകളും മുസ്‌ലിം ലീഗും മറ്റേത് രാഷ്ട്രീയ മത സാമുദായിക സംഘടനകളും വിമര്‍ശനത്തിന് അതീതമല്ല. എങ്കിലും മുസ്‌ലിം സംഘടനകളെയും മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശങ്ങളെയും മുസ്‌ലിം രാഷ്ട്രീയ, മത പ്രസ്ഥാനങ്ങളെയും വിമര്‍ശിക്കാനായി ഇസ്‌ലാമോഫോബിക് മാതൃകകള്‍ ഉപയോഗിക്കുന്നത് വംശീയത തന്നെയാണ്.

അഞ്ചാമതായി എന്തിനു പുറകിലും അദൃശ്യമായ ‘മുസ്‌ലിം കരം’ ഉണ്ടെന്ന് ആരോപിക്കുന്നതാണ്. ആഗോള ഇസ്‌ലാമോഫോബിയ ആഖ്യാനങ്ങളോട് ചേര്‍ത്തുവെക്കുകയും മുസ്‌ലിം സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് സംശയകരമാണ് എന്ന തരത്തിലുള്ള ആഖ്യാന നിര്‍മിതികളും അതിന്റെ ഭാഗമാണ്. മതത്തിന്റെ പേരില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാമോ? മതം രാഷ്ട്രീയത്തില്‍ ഇടപെടാമോ? തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തി, മുസ്‌ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മതം പറഞ്ഞാണ് കലാലയങ്ങളില്‍ വോട്ടു പിടിക്കുന്നത് എന്നും ചില ‘തട്ടിന്‍പുറത്തുള്ള’ അറബി കോളജുകള്‍ കയ്യിലുള്ളതുകൊണ്ടാണ് എംഎസ്എഫിന് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ ജയിക്കാനായതെന്നുമാണ് എസ്എഫ്‌ഐയുടെ വിമര്‍ശനം. ഇതേ വിമര്‍ശനം മറ്റൊരു തരത്തില്‍ കെഎസ്‌യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.എച് മുബാസും എംഎസ്എഫിന് എതിരെ ഉന്നയിച്ചു. മുസ്‌ലിംകളുടെ സ്വയം നിര്‍ണായ അവകാശങ്ങളെ നിഷേധിക്കുകയും അതിനുവേണ്ടിയുള്ള സംഘാടനങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഭീകരതയും വര്‍ഗീയതയും ആരോപിക്കുകയും ചെയ്യുന്നത് ഇസ്‌ലാമോഫോബിയയുടെ മറ്റൊരു രീതിയാണ്.

ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് സിപിഎം നടത്തിയ മാര്‍ച്ച്‌

ഇതേ മാതൃകയില്‍ തന്നെയാണ് മലിന ജല പ്രശ്‌നം ഉന്നയിച്ചു ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി യിലേക്ക് സിപിഎം തിരൂരങ്ങാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ കണ്ടത്. പ്രാദേശിക നേതാവ് പി. കാര്‍ത്തികേയന്‍ താലിബാന്റെ ആശയം പഠിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് വൈസ് ചാന്‍സലര്‍ ബഹാവുദ്ദീന്‍ നദ്‌വിക്കെന്ന് ആരോപിച്ചു. അന്താരാഷ്ട്ര ബന്ധങ്ങള്‍ ആരോപിച്ചു മുസ്‌ലിം സംഘടനകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ഇത്തരം ഇസ്ലാമോഫോബിയയുടെ രീതി.

കേരള സ്റ്റോറി വീണ്ടുമെത്തുമ്പോള്‍: കന്യാസ്ത്രീകളുടെ അറസ്റ്റും ചില ഇസ്‌ലാമോഫിയയുടെ പുനരാലോചനകളും
കേരള സ്റ്റോറി എന്ന സിനിമക്ക് മികച്ച സംവിധാനത്തിനും ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചത് സിനിമയുടെ രാഷ്ട്രീയ അജണ്ട വീണ്ടും ചര്‍ച്ചചെയ്യാന്‍ ഇടയാക്കി. കേരളത്തെ അപമാനിക്കുന്ന സിനിമ എന്ന തരത്തിലാണ് കൂടുതല്‍ പ്രതികരണങ്ങളും വന്നത് എന്നത് ശ്രദ്ധേയമാണ്. കേരളം എന്ന സംഘ്പരിവാറിന് വഴങ്ങാത്ത ഉപദേശീയതയും സംഘ്പരിവാറിന്റെ തീവ്ര ദേശീയതയും തമ്മിലുള്ള പ്രശ്‌നം എന്ന നിലക്കാണ് മലയാളി പൊതുബോധം അതിനെ സമീപിച്ചത്. സിനിമയിലെ മുസ്‌ലിം വിദ്വേഷത്തെ പറ്റിയുള്ള പ്രതികരണങ്ങള്‍ അധികമുണ്ടായിരുന്നില്ല. കേരളത്തെ അപമാനപ്പെടുത്താനും വര്‍ഗീയത വളര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനും നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. (ഡൂള്‍ ന്യൂസ്, 1 ആഗസ്റ്റ് 2025). മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായി സിനിമയുടെ സംവിധായകന്‍ സുദിപ്‌തോ സെന്‍ പറഞ്ഞത് അടുത്തിടെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന പ്രചോദനമായാണ് ഞാന്‍ സിനിമ നിര്‍മിച്ചത് എന്നും ഇത് കണ്ട് അദ്ദേഹം സന്തോഷിക്കുന്നുണ്ടാകും എന്നുമാണ്. (ന്യൂസ് 18, 2 ആഗസ്റ്റ് 2025).
കേരള സ്റ്റോറി സിനിമ ഇടവകയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്സാഹം കാട്ടിയ ഇടുക്കി രൂപതയുടെ മുസ്‌ലിം വിരുദ്ധ നിലപാടുകളടക്കം കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ വിമര്‍ശിക്കപ്പെട്ടു. (ചെറുകര സണ്ണി ലൂക്കോസ് മംഗളം ദിനപത്രം, 2 ആഗസ്റ്റ് 2025) ക്രിസ്ത്യാനികളുടെ ഇടയില്‍ സിറോ മലബാര്‍ സഭയിലും സിറോ മലങ്കര സഭയിലുമാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിം വിരുദ്ധത പ്രചരിക്കുന്നത് എന്ന് അദ്ദേഹം ലേഖനത്തില്‍ പറയുന്നു. ഇത്തരം വിദ്വേഷങ്ങള്‍ക്ക് നേതൃത്വവും പ്രചോദനവും നല്‍കുന്ന മത മേലധ്യക്ഷന്മാരെ അദ്ദേഹം വിമര്‍ശിക്കുന്നു.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്രിസ്ത്യന്‍ സഭകളുടെ വിശിഷ്യാ കത്തോലിക്കാ സഭയുടെ മുസ്‌ലിംകളുമായി ബന്ധപ്പെട്ട മുന്‍ നിലപാടുകളെ പലരും പുനര്‍വിചിന്തനത്തിന് വിധേയമാക്കി. കേരളത്തില്‍ ഇസ്‌ലാമോഫോബിയ ശക്തമാക്കുവാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട് എന്നും അറിഞ്ഞോ അറിയാതെയോ അതില്‍ ചില ക്രൈസ്തവ സഭാ വിശ്വാസികളും നേതൃത്വവും പെട്ടുപോയിട്ടുണ്ട് എന്നും യാക്കോബായ സഭ നിരണം ഭദ്രാസന മെതാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. (റിപ്പോര്‍ട്ടര്‍ ടീവി, 1 ആഗസ്റ്റ്, 2025). ഇതേ വിഷയത്തിലുള്ള പ്രതികരണങ്ങള്‍ കൂടുതലും ഉത്തരേന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളെക്കൂടി പ്രതിപാദിക്കുന്നതായിരുന്നു. വരാപ്പുഴ ആര്‍ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പില്‍ അടക്കമുള്ള വൈദികരും ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തി. (ദി ഹിന്ദു ദിനപത്രം, 3 ആഗസ്റ്റ് 2025).
എന്നാല്‍, മറ്റേത് സമരങ്ങളിലും ആരോപിക്കപ്പെടുന്നത് പോലെ കന്യാസ്ത്രീകളുടെ അറസ്റ്റിന് എതിരായ സമരത്തിലും ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐ യുടെയും നുഴഞ്ഞുകയറ്റം ആരോപിക്കപ്പെട്ടു. ബിജെപി നേതാവായ ഷോണ്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനം നടത്തി, ക്രിസ്ത്യന്‍ സമരങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐ പോലുള്ള സംഘടനകളും നുഴഞ്ഞു കയറി എന്ന് ആരോപിച്ചു.

ഇസ്‌ലാമോഫോബിയ പ്രസ്താവനകള്‍ കേവല രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മാത്രമല്ല സൃഷ്ടിക്കുന്നത്. അത് ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷത്തെ ശക്തിപ്പെടുത്തുകയും വംശീയതയെ സാമാന്യവത്കരിക്കുകയും ചെയ്യുന്നുണ്ട്. തന്മൂലം ഒരു ജനതയുടെ സ്വയം ആവിഷ്‌കരിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും അരികുകളിലേക്ക് തള്ളപ്പെടുകയും ചെയ്‌തേക്കാം. ഇത്തരം സൂചനകള്‍ നാം ഗൗരവത്തിലെടുക്കേണ്ടതുണ്ട്.

റഫറന്‍സ്: കേരളം ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ട്, 2024, (പ്രതീക്ഷ ബുക്ക്‌സ്, കോഴിക്കോട്,2025)
Islamophobia Defined: the inquiry into a working definition of Islamophobia. (All Party Parliamentary Group on British Muslims 2018)

 

Related