August 11 Tuesday 2026

അയ്യന്‍കാളി നയിച്ച വിദ്യാഭ്യാസ വിപ്ലവവും കര്‍ഷകത്തൊഴിലാളി സമരവും

മഹാത്മ അയ്യന്‍കാളിയും കേരള നവോത്ഥാനവും (ഭാഗം -02)

സവര്‍ണ നീതി അടിയാളരായി താഴ്ത്തിക്കെട്ടിയ അടിസ്ഥാന ജനതയുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി ഐതിഹാസികമായ പോരാട്ടം നടത്തി ചരിത്രത്തിലേക്ക് നടന്നു കയറിയ അയ്യന്‍കാളിയുടെ ശ്രദ്ധ അടുത്തതായി പതിഞ്ഞത് മണ്ണിന്റെ മക്കളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിലായിരുന്നു. സഞ്ചാരസ്വാതന്ത്ര്യം പോലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യവും വിലക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള വിജ്ഞാന കേന്ദ്രങ്ങളിലൊന്നും അടിയാളജാതിക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. മാത്രമല്ല, അക്ഷരാഭ്യാസം നേടുന്നതിനുള്ള അടിമ ജാതികളുടെ ശ്രമങ്ങളെ തികഞ്ഞ ധിക്കാരവും അപരാധവുമായാണ് സവര്‍ണരും ഭരണാധികാരികളും കണ്ടിരുന്നത്. പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ നടത്തിയിരുന്ന അപൂര്‍വം ചില നാട്ടുഭാഷാ വിദ്യാലയങ്ങളില്‍ അടിമജാതികളില്‍പ്പെട്ട കുട്ടികളെ പ്രവേശിപ്പിച്ചിരുന്നെങ്കിലും സവര്‍ണ ഹിന്ദുക്കളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പള്ളിക്കൂടങ്ങളിലൊന്നിലും അയിത്തജാതിയില്‍പ്പെട്ട കുട്ടികളെ പ്രവേശിപ്പിച്ചിരുന്നില്ല. ഈയൊരു സാമൂഹിക പശ്ചാത്തലത്തിലായിരുന്നു അയ്യന്‍കാളി അധഃസ്ഥിത സമുദായത്തിലെ കുട്ടികളുടെ അക്ഷരാഭ്യാസത്തെപ്പറ്റി ഗഹനമായി ചിന്തിക്കുന്നതും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും. ഇതിനായി പല വാതിലുകളും അദ്ദേഹം മുട്ടിയെങ്കിലും അവയൊന്നും തന്നെ തുറപ്പെട്ടില്ലെന്നു മാത്രമല്ല അനുഭാവപൂര്‍വമായൊരു പ്രതികരണം പോലും അദ്ദേഹത്തിന് കേള്‍ക്കാനായില്ല. ഒടുവില്‍ എന്തു വില കൊടുത്തും തന്റെ അധഃസ്ഥിത സമുദായത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം യാഥാര്‍ഥ്യമായേ മതിയാവൂ എന്നു തീരുമാനിച്ചുറച്ച അദ്ദേഹം 1904-ല്‍ വെങ്ങാനൂര്‍ കേന്ദ്രീകരിച്ച് സ്വന്തം പള്ളിക്കൂടം തന്നെ നിര്‍മിച്ച് വീണ്ടും ചരിത്ര സൃഷ്ടിക്കുക തന്നെ ചെയ്തു. പക്ഷേ, ജാതി തിമിരം ബാധിച്ച യാഥാസ്ഥിതികള്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവര്‍ പള്ളിക്കൂടം നിര്‍മിച്ച അന്നേ ദിവസം തന്നെ രാത്രിയില്‍ അത് അഗ്‌നിക്കിരയാക്കി. എന്നാല്‍, തന്റെ ജനതയുടെ വിമോചനം വിദ്യാഭ്യാസത്തിലൂടെ ദര്‍ശിച്ച അയ്യന്‍കാളി അദ്ദേഹത്തിന്റെ അനുയായികളുടെ സഹായത്താല്‍ പിറ്റേ ദിവസം പള്ളിക്കുടം പുനര്‍നിര്‍മിക്കുകയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തു. അതോടെ തിരുവിതാംകൂറില്‍ അധഃസ്ഥിതരുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സമാരംഭമായി.

വെങ്ങാനൂരില്‍ പള്ളിക്കൂടത്തിന്റെ നിര്‍മാണവും സംരക്ഷണവും ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസവും പുരോഗമിക്കുമ്പോഴാണ് അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അധഃസ്ഥിത സമുദായത്തെ ഏകീകരിക്കുന്നതിനും നാരായണ ഗുരുവിന്റെയും ഡോ. പല്‍പ്പുവിന്റെയും കുമാരനാശാന്റെയും നേതൃത്വത്തില്‍ 1903-ല്‍ പ്രവര്‍ത്തനം ആരംഭിച്ച എസ്.എന്‍.ഡി.പി.യോഗത്തിന്റെ മാതൃകയില്‍ ഒരു സംഘടന രൂപീകരിക്കുന്നതിനെ സംബന്ധിച്ച് അയ്യന്‍കാളി ഗൗരവമായി ആലോചിക്കുന്നത്. ഇത്തരമൊരു ആലോചനയുമായി സഞ്ചരിക്കുമ്പോഴാണ് ബ്രഹ്‌മനിഷ്ഠാ മീത്തിന്റെ പ്രചാരകനായ സദനാന്ദ സ്വാമികളുമായി അയ്യന്‍കാളി അടുക്കുന്നതും അദ്ദേഹത്തിന്റെ പ്രചോദനത്തില്‍ വെങ്ങാനൂരിന് സമീപത്തെ പാച്ചല്ലൂര്‍ കേന്ദ്രമാക്കി ബ്രഹ്‌മനിഷ്ഠാമീത്തിന്റെ ഒരു ശാഖ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതും. എന്നാല്‍, താമസിയാതെ സദാനന്ദ സ്വാമികളുടെ ഹിന്ദുമത പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും വീക്ഷണങ്ങളുമായി വിയോജിക്കാന്‍ തുടങ്ങിയ അയ്യന്‍കാളി ബ്രഹ്‌മനിഷ്ഠാ മീത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും തന്റേതായ പാതയില്‍ അടിസ്ഥാന വിഭാഗങ്ങളെ സംഘടിപ്പിച്ച് മുന്നേറാന്‍ തീരുമാനിക്കുകയും ചെയ്തു. അധഃസ്ഥിത വിഭാഗങ്ങളുടെ വിമോചനം സാക്ഷാത്ക്കരിക്കപ്പെടണമെങ്കില്‍ സംഘടിത മതങ്ങളുടെ വേലിക്കെട്ടുകള്‍ക്ക് പുറത്ത് അവര്‍ ഒരു സ്വതന്ത്ര സാമുദായിക ശക്തിയായി വികസിക്കേണ്ടതുണ്ടെന്നും താമസിയാതെ അയ്യന്‍കാളി മനസ്സിലാക്കി. ഈ ചിന്തയുടെ അടിസ്ഥാനത്തിലാണ് അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉദ്ധാരണവും ശാക്തീകരണവും ലക്ഷ്യമാക്കി 1907-ല്‍ അദ്ദേഹം സാധുജന പരിപാലന സംഘത്തിന് രൂപം നല്‍കുന്നത്. അധഃസ്ഥിത വിഭാഗങ്ങള്‍ക്കിടയില്‍ സാമുദായിക ബോധവും സംഘബോധവും ആത്മാഭിമാനവും സ്വാശ്രയത്വവും വളര്‍ത്തുക, തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരാക്കുക, വിദ്യാഭ്യാസ പ്രചരണം നടത്തുക, അതിനായി സമുദായത്തെ സജ്ജമാക്കുക, ശുചിത്വം, അച്ചടക്കം എന്നിവയുടെ അനിവാര്യതയെപ്പറ്റി സമുദായത്തെ ബോധവത്ക്കരിക്കുക, കെട്ടുറപ്പുള്ള ചിട്ടയായ ജീവിതക്രമത്തിന് അടിത്തറയിടുക, സമുദായ അംഗങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് സമുദായ കോടതി രൂപീകരിച്ച് സത്വര പരിഹാരം കാണുക, അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദൂരികരിക്കുന്നതിനു വേണ്ടി യത്‌നിക്കുക, അധഃസ്ഥിത വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ആവലാതികളും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരിക, തൊഴില്‍ ശാലകളും സ്ഥാപനങ്ങളും സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപക ലക്ഷ്യങ്ങള്‍.

സാധുജന പരിപാലന സംഘം രൂപീകരിക്കപ്പെട്ടതോടെ അയ്യന്‍കാളി അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അതിന്റെ ആദ്യ പടിയായി ഇതു സംബന്ധിച്ച് ഒരു നിവേദനം തയ്യാറാക്കുകയും ദിവാന് സമര്‍പ്പിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് 1907 അവസാനം ദിവാന്‍ അധഃസ്ഥിതരുടെ വിദ്യാഭ്യാസ അവകാശങ്ങളെ തത്വത്തില്‍ അംഗീകരിച്ചു കൊണ്ടു ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. എന്നാല്‍, സര്‍ക്കാര്‍ സര്‍വീസിലെ യാഥാസ്ഥിതിക ഹിന്ദുക്കള്‍ പ്രസ്തുത ഉത്തരവ് പൂഴ്ത്തിവെച്ചതിനാല്‍ അധഃസ്ഥിത വിഭാഗക്കാര്‍ക്ക് ആയതിന്റെ പ്രയോജനം ലഭിച്ചില്ല. സുപ്രധാനമായ ഈ ഉത്തരവിനെപ്പറ്റി വളരെ വൈകിയറിഞ്ഞ അയ്യന്‍കാളി മുന്‍ചൊന്ന ഉത്തരവ് നടപ്പാക്കുന്നതിനു വേണ്ടി ദിവാനെ സമീപിച്ചെങ്കിലും അദ്ദേഹം തന്റെ നിസ്സഹായവസ്ഥ അറിയിക്കുകയാണുണ്ടായത്. ഈയൊരു ഘട്ടത്തിലാണ് തന്റെ അനുയായികളായ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടുള്ള കേരള ചരിത്രത്തിലെ ആദ്യത്തെ തൊഴിലാളി പണിമുടക്ക് സമരത്തിന് അയ്യന്‍കാളി ആഹ്വാനം ചെയ്യുന്നത്.

‘എന്റെ കുഞ്ഞുങ്ങളെ പള്ളിക്കൂടങ്ങളില്‍ കയറാന്‍ അനുവദിച്ചില്ലെങ്കില്‍ ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുവിക്കും’ എന്ന അയ്യന്‍കാളിയുടെ ആഹ്വാനം തിരുവിതാംകൂറില്‍ ഒരു കാട്ടുതീ പോലെ പടര്‍ന്നു പിടിക്കുക തന്നെ ചെയ്തു. അയ്യന്‍കാളിയുടെ ആഹ്വാനം ചെവികൊണ്ട അദ്ദേഹത്തിന്റെ അനുയായികള്‍ പണിമുടക്ക് എന്ന സമരായുധം പ്രയോഗിച്ച് പാടങ്ങളില്‍ നിന്നും വിട്ടുനിന്നതോടെ അക്ഷരാര്‍ഥത്തില്‍ പാടങ്ങളില്‍ മുട്ടിപ്പുല്ല് മുളയ്ക്കുക തന്നെ ചെയ്തു. അങ്ങനെ കേരള ചരിത്രത്തിലെ പ്രഥമ കര്‍ഷക തൊഴിലാളി സമരത്തിന് സമാരംഭമായി. അധഃസ്ഥിതരുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം, വേതന വര്‍ധന, ജോലി സ്ഥിരത, ജന്മിമാരുടെ ക്രൂരതകള്‍ക്ക് പരിഹാരം കാണുക, ജോലി എട്ടു മണിക്കൂറായി നിജപ്പെടുത്തുക, ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കുക, നിര്‍ബന്ധിത കൂലിയില്ലാ വേല അവസാനിപ്പിക്കുക, കൂലി പണമായി നല്‍കുക തുടങ്ങിയവയായിരുന്നു പണിമുടക്ക് സമരം ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍.

1907ല്‍ ആരംഭിച്ച് 1908-ല്‍ വിജയകരമായി പര്യവസാനിച്ച കേരളത്തിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി പണിമുടക്ക് സമരം ദലിതരുടെ ജീവിതവീക്ഷണങ്ങളില്‍ നാടകീയമായ പരിവര്‍ത്തനങ്ങളാണ് സൃഷ്ടിച്ചത്. സാമൂഹിക പരിവര്‍ത്തനത്തിന് സംഘടിത മുന്നേറ്റത്തിന്റെ അനിവാര്യതയും സാധ്യതകളും ദലിതര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്തുതസമരം തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും വിജയ കൊടിക്കൂറ പാറിക്കുകയുണ്ടായി. സമരം വിജയിച്ചതോടെ മാടമ്പിമാരുടെ അതിക്രമങ്ങള്‍ക്ക് ശമനമുണ്ടാവുകയും ജോലിക്ക് നിശ്ചിത വേതനം ഉറപ്പുവരുത്തുകയും ചെയ്തു. ജോലി ആറു ദിവസമായി പരിമിതപ്പെടുത്താന്‍ കഴിഞ്ഞതായിരുന്നു സമരത്തിന്റെ മറ്റൊരു വിജയം. ഇതിന്‍ പ്രകാരം ഞായറാഴ്ചകള്‍ പൊതു അവധികളായി പ്രഖ്യാപിക്കപ്പെട്ടു. അധഃസ്ഥിത വിദ്യാര്‍ഥികളുടെ വിദ്യാലയ പ്രവേശനമായിരുന്നു സമരത്തിന്റെ മറ്റൊരു നേട്ടം. ഇതിനെല്ലാം ഉപരിയായി സങ്കീര്‍ണമായ ഏതൊരു ജീവിത സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്തും സംഘശക്തിയും ഈ പണിമുടക്ക് സമരത്തിലൂടെ ദലിതര്‍ നേടിയെടുക്കുകയും ചെയ്തു.

പണിമുടക്ക് സമരത്തെത്തുടര്‍ന്ന് 1908-ലെ ഒത്തുതീര്‍പ്പ് കരാര്‍ പ്രകാരം അധഃസ്ഥിത വിദ്യാര്‍ഥികളുടെ വിദ്യാലയ പ്രവേശനം അനുവദിക്കപ്പെട്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനന്തര നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് അയ്യന്‍കാളിയും സഹപ്രവര്‍ത്തകരും വീണ്ടും സമരമുഖത്തേക്ക് നീങ്ങി. നിവേദനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍ 1910-ല്‍ ഇതു സംബന്ധിച്ച് ദിവാന്‍ വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ പള്ളിക്കൂടങ്ങളിലും ജാതി പരിഗണിക്കാതെ ദലിത് കുട്ടികളെ പ്രവേശിക്കണം എന്നതായിരുന്നു പ്രസ്തുത ഉത്തരവിന്റെ ഉള്ളടക്കം. എന്നാല്‍, ദലിത് വിദ്യാര്‍ഥികളെ പ്രവേശിച്ചാല്‍ പള്ളിക്കൂടം അശുദ്ധമാവുമെന്നു ശഠിച്ച സവര്‍ണ മാടമ്പിമാര്‍ ഉത്തരവിനെതിരെ രംഗത്ത് വന്നതോടെ പ്രതിസന്ധികള്‍ കൂടുതല്‍ സങ്കീര്‍ണമായി. പലയിടങ്ങളിലും സ്‌കൂളില്‍ പ്രവേശിക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം ദലിത് കുട്ടികള്‍ എത്തിയെങ്കിലും സവര്‍ണര്‍ സംഘടിതമായി തടഞ്ഞതിനാലും അക്രമം അഴിച്ചുവിട്ടതിതിനാലും സ്‌കൂള്‍ പ്രവേശനത്തിന് എത്തിയ കുട്ടികള്‍ക്ക് നിരാശരായി മടങ്ങിപോകേണ്ടിവന്നു. പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഒരിടത്തും ദലിത് കുട്ടികളെ സ്‌കൂളില്‍ പ്രവേശിക്കാന്‍ സവര്‍ണര്‍ അനുവദിച്ചില്ല. അക്രമങ്ങള്‍ വ്യാപകമായതോടെ സവര്‍ണരുടെ ധിക്കാരത്തെ ധീരമായി നേരിടാന്‍ തന്നെ അയ്യന്‍കാളി തീരുമാനിച്ചു. അനുയായികളോടൊപ്പം പൂജാരി അയ്യന്റെ മകള്‍ പഞ്ചമിയുമായി അദ്ദേഹം ബാലരാമപുരത്തെ ഊരുട്ടമ്പലം സ്‌കൂളില്‍ എത്തി. സവര്‍ണര്‍ തടയാന്‍ നോക്കിയെങ്കിലും അദ്ദേഹം പഞ്ചമിയെയും കൊണ്ടു സ്‌കൂളില്‍ പ്രവേശിച്ചു. തുടര്‍ന്ന് സവര്‍ണ തെമ്മാടികളുടെ നേതൃത്വത്തില്‍ അവിടെയാകെ ഒരു ലഹള തന്നെ പൊട്ടിപ്പുറപ്പെടുകയുണ്ടായി. സ്‌കൂളിന് തീയിട്ടു കൊണ്ട് തുടങ്ങിയ ലഹള അന്നാട്ടിലാകെ പടര്‍ന്നു പിടിച്ചു. കണ്ണില്‍കണ്ട പുലയരാദി അടിയാളന്മാരുടെ കുടിലുകളൊക്കെയും തീയിട്ടു നശിപ്പിക്കുകയും യുവാക്കളെയും കുട്ടികളെയും ആക്രമിക്കുകയും ചെയ്തു. ഊരുട്ടമ്പലത്ത് നിന്നും നെയ്യാറ്റിന്‍ കരയിലേക്കും പെരുമ്പഴുതൂരിലേക്കും വ്യാപിച്ച ലഹളയെപ്പറ്റി സദസ്യ തിലകന്‍ വേലുപ്പിള്ള ട്രാവന്‍കൂര്‍ മാനുവലില്‍ ഇപ്രകാരം രേഖപ്പെടുത്തി കാണുന്നു: ”ശ്രീ മൂലം തിരുനാളിന്റെ കാലത്തുണ്ടായ ലഹളകളില്‍ ഒന്നാണ് പുലയ ലഹള എന്നറിയപ്പെടുന്ന സംഭവങ്ങള്‍. പുലയ ലഹളകള്‍ നെയ്യാറ്റിന്‍കര താലൂക്കിലും ചുറ്റുമുള്ള പ്രദേശങ്ങളിലും പടര്‍ന്നു പിടിച്ചു. അത് അക്കാലത്തുണ്ടായ ലഹളകളില്‍ ഏറ്റവും ഗൗരവമുള്ളതായിരുന്നു.” സാമൂഹിക സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി അധഃസ്ഥിത വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭങ്ങളെയും അവയെ അടിച്ചമര്‍ത്താന്‍ സവര്‍ണര്‍ നടത്തിയ അക്രമങ്ങളെയും എല്ലാം പുലയര്‍ നടത്തിയ ലഹളകളായി ചിത്രീകരിച്ച് അടിച്ചമര്‍ത്താനും തമസ്‌ക്കരിക്കാനായിരുന്നു അക്കാലത്ത് ലഹളക്ക് നേതൃത്വം നല്‍കിയ സവര്‍ണര്‍ ശ്രമം നടത്തിയിരുന്നത്. വാസ്തവത്തില്‍ ലഹളകള്‍ നടത്തിയത് അധഃസ്ഥിതരായിരുനില്ല, മറിച്ച് കീഴാളരുടെ മനുഷ്യാവകാശ, അതിജീവന പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച സവര്‍ണരായിരുന്നു എന്നതായിരുന്നു യാഥാര്‍ഥ്യം.

(തുടരും)

 

Related