November 22 Sunday 2026

ഇസ്‌ലാമോഫോബിയയുടെ അന്ത്യം: ഇസ്‌ലാമോ-വംശീയതയുടെ ഉദയം

വംശീയവും മതപരവുമായ മുൻവിധികൾ സമൂഹത്തിൽ എങ്ങനെ പരസ്പരം കൂടിച്ചേരുന്നു എന്നത് പഠിക്കുന്ന ഗവേഷകനും സാമൂഹിക പ്രവർത്തകനുമായ ജയ്ദീപ് സിംഗ് 2016 ൽ എഴുതിയതാണ് ഈ ലേഖനം. മുസ്ലിംകൾക്കും ഇസ്ലാമിനുമെതിരെ നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ പ്രചാരണങ്ങളെയും ആക്രമണങ്ങളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഇസ്ലാമോഫോബിയ എന്ന പദപ്രയോഗത്തിൻറെ പരിമിതികളെ വിശകലനം ചെയ്യുകയും ‘ഇസ്ലാമോ റേസിസം’ അഥവാ, ഇസ്‌ലാമോ-വംശീയത എന്ന എന്ന പദം മുന്നോട്ട് വെക്കുകയും ചെയ്യുന്നു ജയ്ദീപ് സിംഗ്. 9/11 ആക്രമണവും തുടർന്ന് രൂപപ്പെട്ട ഭീകരതക്കെതിരായ യുദ്ധം (War on റ്റ്രോർ) നും കാൽ നൂറ്റാണ്ട് പിന്നിടുന്ന പശ്ചാത്തലത്തിൽ ജയ്ദീപ് സിംഗ് മുന്നോട്ടുവെച്ച ‘ഇസ്ലാമോ റേസിസം’ എന്ന പ്രയോഗം കൂടുതൽ പ്രസക്തമാകുന്നു.

2016 ഫെബ്രുവരി 10-ന്, 68 വയസ്സുള്ള അഫ്ഗാൻ-അമേരിക്കൻ പൗരനായ അബ്ദുൽ ജമീൽ കമാവലിനെ ഒറിഗണിലെ പോർട്ട്‌ലാൻഡിന്റെ ഒരു പ്രാന്തപ്രദേശത്ത് ഒരു കൈക്കോട്ട് കൊണ്ട് അടിച്ചുകൊലപ്പെടുത്തി. “മുസ്‌ലിംകളുടെ ഒരു അത്താണി” ആയി ഓർമിക്കപ്പെടുന്ന അദ്ദേഹം രണ്ട് പതിറ്റാണ്ടിലേറെയായി ഈ പ്രദേശത്ത് അഭയാർഥികളുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. അഫ്ഗാനിസ്ഥാൻറെ പുനർനിർമാണത്തിലും ജനങ്ങളുടെ പുനരധിവാസത്തിലും സാമൂഹിക ശാക്തീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് സന്നദ്ധ സംഘടനകൾക്കും അദ്ദേഹം തുടക്കമിട്ടിരുന്നു. കമാവലിന്റെ ഉടമസ്ഥതയിലുള്ള ഒരു വീട്ടിൽ നിർമാണജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ആരോപണവിധേയനായ കൊലയാളി. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവങ്ങളെ നിസ്സാരമായാണ് കാണാറുള്ളത്. സവിശേഷ ശാരീരിക-മാനസിക സ്വഭാവമുള്ള അമേരിക്കക്കാർക്ക് ഇത്തരം അക്രമം ഒരു സാധാരണ യാഥാർഥ്യമാണ്. മുസ്‌ലിം അമേരിക്കക്കാർക്കും മുസ്‌ലിംകളാണെന്ന് കരുതപ്പെടുന്നവർക്കുമെതിരെ അവസാനമില്ലാത്ത വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പരയാണ് അമേരിക്കയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ ആശയപരമായ മുൻവിധിയുടെ ശാരീരിക പ്രകടനം ഒട്ടും പുതിയതല്ല. നിരപരാധികളായ ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ നിയന്ത്രണത്തിനും പലപ്പോഴും അവരുടെ ധാരണയ്ക്കും പുറത്തുള്ള സംഭവങ്ങളോടുള്ള പ്രതികരണമായി ഇത് കാലാകാലങ്ങളിൽ ശക്തിപ്രാപിക്കാറുണ്ട്.

മുസ്‌ലിം അമേരിക്കക്കാർക്കും അവരുടെ പുണ്യസ്ഥലങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അപൂർവമായേ വാർത്തയാകാറുള്ളൂ; കാരണം ഇത്തരം സംഭവങ്ങളിൽ ഭൂരിഭാഗത്തിനും മുഖ്യധാരാ മാധ്യമങ്ങളിൽ യാതൊരു ശ്രദ്ധയും ലഭിക്കുന്നില്ല. ഇത് ഒരു സാധാരണ അവസ്ഥയായിക്കഴിഞ്ഞിരിക്കുന്നു. എഫ്.ബി.ഐയുടെ കണക്കുകൾ പ്രകാരം, 9/11ന് ശേഷം ഉണ്ടായ വലിയ വർധനയ്ക്കു പിന്നാലെ മുസ്‌ലിം അമേരിക്കക്കാർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം 9/11ന് മുമ്പുണ്ടായിരുന്നതിന്റെ ഏകദേശം അഞ്ചിരട്ടി എന്ന നിലയിലേക്ക് ഉയർന്നിരിക്കുന്നു. അതിലും ആശങ്കാജനകമായ കാര്യം, മുസ്‌ലിംകളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതിനാൽ സഹ അമേരിക്കക്കാരിൽ നിന്ന് ഭീതിയിലായ സിഖുകാരെയും മറ്റ് ദക്ഷിണേഷ്യൻ അമേരിക്കക്കാരെയും പോലുള്ള വലിയൊരു വിഭാഗത്തെയും, വിദ്വേഷ കുറ്റകൃത്യങ്ങൾ ഒരിക്കലും റിപ്പോർട്ട് ചെയ്യാത്ത അതിലും വലിയ എണ്ണത്തെയും ഈ കണക്കുകൾ ഉൾക്കൊള്ളുന്നില്ല എന്നതാണ്.

പാരീസിലെ ഭീകരാക്രമണങ്ങളിൽ നിന്നുയർന്ന ഇസ്‌ലാംവിരുദ്ധ മുൻവിധിയുടെ അന്താരാഷ്ട്ര വ്യാപനത്തിനും തുടർന്ന് കാലിഫോർണിയയിലെ സാൻ ബെർണാർഡിനോയിൽ നടന്ന ആക്രമണത്തിനും ശേഷം, സാമാന്യവത്ക്കരിക്കപ്പെട്ടിരുന്ന ഈ വിദ്വേഷ അക്രമം വീണ്ടും ഭയാനകമായ രീതിയിൽ ശക്തിപ്പെട്ടു. അതിന്റെ ഫലമായി, 2014 “വംശാനന്തര സമൂഹം” എന്ന ആശയം സ്വയം പുകഴ്ത്തുന്ന ഒരു സങ്കൽപ്പമോ വംശീയ അസമത്വത്തെക്കുറിച്ചുള്ള ചർച്ചകൾ മറച്ചുവയ്ക്കാനുള്ള ശ്രമമോ ആണെന്ന് വെളിപ്പെടുത്തിയതുപോലെ, 2015 “ഇസ്‌ലാമോഫോബിയ” എന്ന പദത്തിന്റെ കാലഹരണപ്പെട്ട അവസ്ഥ നിർണായകമായി തെളിയിച്ചു.

ഇസ്‌ലാമിനെയും അതിന്റെ അനുയായികളെയും ചുറ്റിപ്പറ്റിയുള്ള ആഴത്തിലുള്ള സംശയവും അപകീർത്തിപ്പെടുത്തലും, അതിന്റെ ഫലമായുള്ള വിദ്വേഷ അക്രമത്തെയും പ്രതിഫലിപ്പിക്കുന്നതിൽ ഇസ്ലാമോഫോബിയ എന്ന പദം പരാജയപ്പെടുന്നുവെന്ന് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ വിഷലിപ്തമായ സാമൂഹിക പരിസരം പരിശോധിക്കുമ്പോൾ, നമ്മൾ വെറും ഭയത്തെക്കുറിച്ചല്ല സംസാരിക്കുന്നത്; ആഴത്തിൽ വേരൂന്നിയ മുൻവിധിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമാണ്.

കൂടുതൽ ആഴത്തിൽ പരിശോധിക്കുന്തോറും ഇത് മതശാസ്ത്രം കൊണ്ടോ സമകാലിക സംഭവങ്ങൾ കൊണ്ടോ മാത്രം രൂപപ്പെട്ട ഒരു സവിശേഷ പ്രതിഭാസമല്ലെന്നും, നൂറ്റാണ്ടുകളായി രക്തരൂക്ഷിതമായ മേധാവിത്വ ചരിത്രത്തിന്റെ ആധുനിക തുടർച്ചയാണെന്നും വ്യക്തമാകുന്നു. മുസ്‌ലിംകൾക്കെതിരായ മുൻവിധി പുതിയൊരു പ്രവണതയല്ല; മറിച്ച് വ്യത്യസ്തമായി കാണപ്പെടുകയും വസ്ത്രം ധരിക്കുകയും സംസാരിക്കുകയും ആരാധിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന നിറമുള്ള ജനവിഭാഗങ്ങളെയും ദൃശ്യമായ “മറ്റുള്ളവരെയും” പൈശാചികവൽക്കരിച്ചുകൊണ്ടിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള അമേരിക്കൻ പാരമ്പര്യത്തിന്റെ തുടർച്ചയാണ്. മുസ്‌ലിം അമേരിക്കക്കാർക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങളെക്കുറിച്ച് സത്യസന്ധമായി സംസാരിക്കുകയും അവയെ ഈ ചരിത്രപരമായ പശ്ചാത്തലത്തിൽ മനസ്സിലാക്കുകയും ചെയ്യേണ്ട സമയം ഏറെ കഴിഞ്ഞിരിക്കുന്നു.

അമേരിക്കയിൽ മുസ്‌ലിമായി കാണപ്പെടുന്നത് പ്രത്യേകിച്ച് ദുഷ്കരമായ ഒരു കാലഘട്ടമാണിത്. മുൻനിര റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർഥികൾ മുസ്‌ലിം അമേരിക്കക്കാരെ പ്രത്യേകമായി ലക്ഷ്യമിടുന്ന, ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ അധിക സംസ്ഥാന നിരീക്ഷണത്തിനും അസമമായ പരിഗണനയ്ക്കുമുള്ള നിർദേശങ്ങളിലൂടെ റിപ്പബ്ലിക്കിന്റെ സാമൂഹിക ഘടനയെ കൂടുതൽ ദുർബലമാക്കിയിരിക്കുകയാണ്—അവരുടെ പ്രവേശനം നിരോധിക്കുക, കുറ്റവാളികളെപ്പോലെ കുടുംബങ്ങളെ ഡാറ്റാബേസുകളിൽ രജിസ്റ്റർ ചെയ്യുക, പുണ്യസ്ഥലങ്ങളിൽ വർഷങ്ങളായി ഏതാണ്ട് രഹസ്യമായി തുടരുന്ന സംസ്ഥാന നിരീക്ഷണം തുടരുക തുടങ്ങിയവ. യഥാർഥത്തിൽ, പൊതുപ്രവർത്തകരുടെ മുസ്‌ലിംകളെ പരസ്യമായി മനുഷ്യത്വരഹിതരാക്കുന്ന സമീപനവും അവസാനമില്ലാത്ത വിദ്വേഷ അക്രമവും ചേർന്നതോടെ, 9/11ന് ശേഷമുള്ള ചരിത്രപരമായ തോതിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ മഹാമാരിക്കാലത്തേക്കാൾ സ്ഥിതി ഇപ്പോൾ മോശമാണെന്ന് പലരും വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഈ സാമൂഹിക-സാംസ്കാരിക മഹാമാരിയെ വിശേഷിപ്പിക്കാൻ കൂടുതൽ കൃത്യമായ ഒരു പദമായി ഇസ്‌ലാമോ-വംശീയത (Islamo-racism) ഞാൻ മുന്നോട്ടുവയ്ക്കുന്നത്. അമേരിക്കൻ ചരിത്രത്തിൽ വംശീയവും മതപരവുമായ ഭൂരിപക്ഷത്തിന്റെ പലപ്പോഴും ദുഷ്ടമായ ആധിപത്യത്തിൽ നിന്ന് ഉയർന്നുവന്ന മറ്റ് മേധാവിത്വവാദ രൂപങ്ങളെപ്പോലെ, ഇതും വ്യക്തമായി നിർവചിക്കാവുന്നതും പിന്തുടർന്ന് കണ്ടെത്താവുന്നതുമായ ചരിത്രമുള്ള ഒരു വംശീയ മാതൃകയാണ്. ഈ ചരിത്രം വിവിധ തരത്തിലുള്ള ഭൂരിപക്ഷ അക്രമങ്ങൾക്ക് ഇരയായ മറ്റ് വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങളുടെ ചരിത്രത്തോട് സാമ്യമുള്ളതാണെങ്കിലും അതിൽനിന്ന് വ്യത്യസ്തവുമാണ്. അമേരിക്കൻ ഇന്ത്യക്കാരെയും ആദ്യകാല ഏഷ്യൻ കുടിയേറ്റക്കാരെയും അവരുടെ മതസംസ്കാരത്തിന്റെയും മാനവികതയുടെയും പേരിൽ ഒരേസമയം അപമാനിച്ചിരുന്ന അമേരിക്കൻ വംശീയതയുടെ മറ്റ് രൂപങ്ങളെപ്പോലെ, ഇസ്‌ലാമോ-വംശീയതയുടെ ഘടനയെയും അതിന്റെ കാതലായ വംശീയവും മതപരവുമായ മുൻവിധികളുടെ സംയോജനം സങ്കീർണമാക്കുന്നു.

അമേരിക്കൻ വംശീയതയുടെ മറ്റ് രൂപങ്ങളെപ്പോലെ, ഇസ്‌ലാമോ-വംശീയതയും ചരിത്രപരമായ സ്റ്റീരിയോടൈപ്പുകളിൽ വളർത്തിയെടുത്ത സവിശേഷമായ ഒരു പ്രതിച്ഛായാ ലോകം ഉൾക്കൊള്ളുന്നു. താടിയുള്ള, ഇരുണ്ട നിറമുള്ള, തലപ്പാവ് ധരിച്ച ഭീകരവാദിയുടെ ഭീഷണിജനകമായ രൂപമാണ് അതിന്റെ കേന്ദ്രചിഹ്നം; ഈ തെറ്റായ പ്രതിനിധാനം ഭൂരിഭാഗം അമേരിക്കക്കാരും ദീർഘകാലമായി അംഗീകരിച്ചുപോന്നതാണ്. എന്നാൽ, ഈ ഓറിയന്റലിസ്റ്റ് സങ്കൽപ്പങ്ങളുടെ കൂട്ടത്തിൽ മുഖംമൂടിയിട്ട, അടിച്ചമർത്തപ്പെട്ട സ്ത്രീകളും കാലഹരണപ്പെട്ട മതനിയമങ്ങളാൽ നയിക്കപ്പെടുന്ന ആധുനികതയ്ക്കുമുമ്പത്തെ മതഭ്രാന്തന്മാരും ഉൾപ്പെടുന്നു. മുൻവിധി നിറഞ്ഞ ഈ സങ്കൽപ്പങ്ങളാണ് മിക്ക അമേരിക്കക്കാരുടെയും മനസ്സിൽ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും കുറിച്ചുള്ള ധാരണകളെ നിർണായകമായി രൂപപ്പെടുത്തുന്നത്.

ഇസ്‌ലാമോ-വംശീയതയിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു സവിശേഷ പദസമ്പത്തും ഉൾപ്പെടുന്നു (ജിഹാദ്, ശരീഅത്ത്, ചാവേർ ബോംബർ, “നോ-ഗോ” മേഖല, ഭീകരവാദി, അഭയാർഥി തുടങ്ങിയവ). നമ്മുടെ ഭൂതകാലത്തെയും വർത്തമാനത്തെയും മറ്റ് വംശീയതകളെപ്പോലെ, ഇസ്‌ലാമോ-വംശീയതയ്ക്കും വ്യക്തമായ രാഷ്ട്രീയ പ്രയോജനമുണ്ട്. സമീപകാലത്ത്, 21-ാം നൂറ്റാണ്ടിനായി റിപ്പബ്ലിക്കൻ പാർട്ടി അത്യന്തം വിജയകരമായ വംശീയ ഭയമുണർത്തൽ രാഷ്ട്രീയമായ “സതേൺ സ്ട്രാറ്റജി”യെ വിജയകരമായി പുനർനിർവചിച്ചിരിക്കുകയാണ്. ഭയപ്പെട്ടിരിക്കുന്ന വെള്ളക്കാരുടെ വോട്ടുകൾ ആകർഷിക്കുന്നതിനുള്ള രാഷ്ട്രീയ ഉപാധിയായി ആഫ്രിക്കൻ അമേരിക്കക്കാരോടൊപ്പം മുസ്‌ലിംകളെയും ഉപയോഗിക്കുന്നു. ഈ രാഷ്ട്രീയ തന്ത്രമാണ് വംശീയ വിദ്വേഷത്തിന്റെ ഏറ്റവും പുതിയ പൊട്ടിത്തെറിക്ക് വേദിയൊരുക്കാൻ സഹായിച്ചത്.

ഈ മുൻവിധികളുടെ ഘടകങ്ങൾ ചേർന്ന് ഒരു ഘടന രൂപപ്പെടുന്നു—മുസ്‌ലിംകളെ വെറുക്കുകയും, സമൂഹം “സാധാരണ” എന്ന് കരുതുന്ന മാനദണ്ഡത്തിൽ നിന്ന് വംശീയവും മതപരവുമായ അകലത്തിൽ നിൽക്കുന്ന, വ്യക്തമായി തിരിച്ചറിയാവുന്ന “മറ്റൊരാളെ” അമേരിക്കൻ വിരുദ്ധനായി ചിത്രീകരിക്കുകയും പൈശാചികവൽക്കരിക്കുകയും ചെയ്യുന്ന ഒരു ഘടന. വളർന്നുവരുന്ന ഈ വംശീയത മുസ്‌ലിം അമേരിക്കക്കാരുടെയും മുസ്‌ലിംകളാണെന്ന് കരുതപ്പെടുന്നവരുടെയും സുരക്ഷയും സ്വാതന്ത്ര്യവും ഗണ്യമായി പരിമിതപ്പെടുത്തുന്നു.

ഇസ്‌ലാമോ-വംശീയത നമ്മുടെ കൂട്ടായ ചരിത്രത്തിലെ ഈ കാലഘട്ടത്തിന്റെ സവിശേഷത തന്നെയാണ്. അതിന്റെ പ്രകടനങ്ങൾ ഭാവിതലമുറകളും ചരിത്രകാരന്മാരും ഈ കാലത്തെ എങ്ങനെ ഓർക്കും എന്നതിനെ സ്വാധീനിക്കും. അമേരിക്കൻ ഇന്ത്യക്കാരുടെ വംശഹത്യ, ആഫ്രിക്കൻ അമേരിക്കക്കാരുടെ അടിമത്തം, കീഴടക്കലിന് ശേഷമുള്ള കാലിഫോർണിയയിൽ നിന്ന് മെക്സിക്കൻ ജനതയെ അക്രമത്തിലൂടെ പുറത്താക്കിയത്, ജാപ്പനീസ് അമേരിക്കക്കാരുടെ തടങ്കൽ എന്നിവ ആ ചരിത്രഘട്ടങ്ങളിലെ നമ്മുടെ ദേശീയ സ്വഭാവത്തിന്റെ പ്രതിഫലനങ്ങളായി കാണപ്പെടുന്നതുപോലെ, ഗ്വാണ്ടനാമോ ബേയും ഈ കാലഘട്ടത്തെ നിർവചിക്കുകയും അപകീർത്തികരമായ ഓർമയായി നിലനിൽക്കുകയും ചെയ്യും.

ഇത്രയും വംശീയ വൈവിധ്യമുള്ള ഒരു മതസമൂഹത്തിനെതിരായ മുൻവിധിയെ ഞാൻ എന്തുകൊണ്ടാണ് വംശീയതയുടെ ഒരു രൂപമായി കണക്കാക്കുന്നതെന്ന് ഒരാൾ ചോദിച്ചേക്കാം. 9/11ന് ശേഷം മുസ്‌ലിം, സിഖ്, ദക്ഷിണേഷ്യൻ, അറബ് അമേരിക്കക്കാർ അനുഭവിച്ച യാഥാർഥ്യങ്ങളാണ് അതിന് എന്റെ മറുപടി. ഈ സമൂഹങ്ങളുടെ കൂട്ടായ ചരിത്രം ഒരു തുടർച്ചയായ പ്രക്രിയയ്ക്ക് ശക്തമായ തെളിവുകൾ നൽകുന്നു—മതപരമായ സ്വത്വം വംശീയവൽക്കരിക്കപ്പെടുകയും, അതിന് വംശീയമായ അർത്ഥം നൽകപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ.

ഈ സമൂഹങ്ങളിലെ അംഗങ്ങളെ വംശീയമായി തിരിച്ചറിയുന്നത് പലപ്പോഴും മതപരമായ അടയാളങ്ങൾക്ക് നൽകപ്പെട്ട വംശീയ അർത്ഥത്തിൽ നിന്നാണ് നേരിട്ട് ഉരുത്തിരിയുന്നത്. ഉദാഹരണത്തിന്, 9/11ന് ശേഷമുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഇരകളെ തിരിച്ചറിയിച്ച അടയാളങ്ങൾ കേവലം വംശീയമോ പ്രധാനമായും വംശീയമോ ആയിരുന്നില്ല; മറിച്ച് മതപരമായ അടയാളങ്ങളായിരുന്നു, അവ പിന്നീട് വംശീയവൽക്കരിക്കപ്പെട്ട സൂചകങ്ങളായി മാറി. മുഖത്തെ താടി രോമം, പാശ്ചാത്യേതര വസ്ത്രധാരണം, തലപ്പാവ്, തൊപ്പി, ഹിജാബ് തുടങ്ങിയ മതപരമായ പ്രകടമായ അടയാളങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അമേരിക്കയിൽ സാധാരണയായി ശാരീരിക രൂപമാണ് വംശീയ തിരിച്ചറിയലിനെ നിർണയിക്കുന്നതെങ്കിലും, വംശീയവൽക്കരിക്കപ്പെട്ട മതപരമായ അടയാളങ്ങൾ “മുസ്‌ലിം എന്ന് തോന്നുന്ന” വ്യക്തിയുടെ കാര്യത്തിൽ ഈ സമവാക്യത്തെ കൂടുതൽ സങ്കീർണമാക്കുന്നു.

സാധാരണയായി ഈ അടയാളങ്ങൾ ധരിക്കുന്നവരുടെ ഇരുണ്ട നിറമുള്ള ചർമ്മവുമായി ചേർന്നപ്പോൾ, ഈ മതപരമായ അടയാളങ്ങൾ ധരിക്കുന്നവരെ 9/11ന് ശേഷം നിലവിൽ വന്ന ഒരു അനൗദ്യോഗിക വംശീയ വിഭാഗത്തിലെ അംഗങ്ങളായി തിരിച്ചറിയിക്കുന്നു: “മുസ്‌ലിം എന്ന് തോന്നുന്നവർ.” ഈ വിഭാഗത്തിനുള്ളിൽ വരുന്ന വംശീയ, ജാതി, മത, സാംസ്കാരിക, ദേശീയ സമൂഹങ്ങളിലെ അംഗങ്ങളെല്ലാം സമൂഹത്തിലെ “മറ്റുള്ളവർ” എന്ന നിലയിൽ വംശീയമായും മതപരമായും അടയാളപ്പെടുത്തപ്പെടുന്നു. യാത്ര ചെയ്യുമ്പോഴും, പോലീസുമായി ഇടപെടുമ്പോഴും, ജോലി അപേക്ഷിക്കുമ്പോഴും, മോശം സേവനം ലഭിക്കുമ്പോഴും, അപരിചിതരുടെ വിദ്വേഷത്തിന് ഇരയാകുമ്പോഴും—ദൈനംദിന ജീവിതത്തിൽ അവർ പലപ്പോഴും ഓർമിപ്പിക്കപ്പെടുന്നത്, കർശനമായി പരിമിതപ്പെടുത്തിയ സ്വാതന്ത്ര്യങ്ങളുള്ള ഒരു പുതിയ വംശീയ വിഭാഗത്തിലെ പ്രായോഗികമായി അംഗങ്ങളായി തങ്ങൾ മാറിയിരിക്കുന്നു എന്നതാണ്.

ഒന്നാമതായി, ഇസ്‌ലാമോ-വംശീയതയെ വെറുമൊരു ഭയം എന്നതിലുപരി കാണുന്നതിലൂടെ, ഒറ്റപ്പെട്ടതായി തോന്നുന്ന ഈ പ്രതിഭാസത്തിനും നമ്മുടെ രാജ്യത്തിന്റെ വെള്ളക്കാരുടെയും ക്രിസ്ത്യാനികളുടെയും മേധാവിത്വത്തിന്റെ ദീർഘമായ ചരിത്രത്തിനുമിടയിലെ നേരിട്ടുള്ള ബന്ധം നമുക്ക് കാണാൻ കഴിയും. നാം മുമ്പും ഇതിലൂടെ കടന്നുപോയിട്ടുണ്ട്. ചരിത്രത്തിൽ നിന്ന് ഉയർന്നുവരുന്ന ശക്തമായ സമാന്തരങ്ങൾ പരിശോധിച്ച് നമ്മുടെ മുൻകാല പിഴവുകളിൽ നിന്ന് പഠിക്കാനും കഴിയും.

“മുസ്‌ലിം എന്ന് തോന്നുന്ന” വ്യക്തിയായിരിക്കുന്നതിന്റെ സമകാലിക യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നതിനും ഇസ്‌ലാമോ-വംശീയതയുടെ സ്വഭാവം മനസ്സിലാക്കുന്നത് അനിവാര്യമാണ്. ഈ സമൂഹങ്ങളിൽ വംശവും മതവും പരസ്പരം കലർന്ന്, മുഖ്യധാരയ്ക്ക് പുറത്തുള്ളതുമാത്രമല്ല, ഭരണകൂടം കുറ്റകരമാക്കിയിട്ടുള്ളതുമായ ഒരു “മറ്റൊരാളുടെ” സ്വത്വത്തിന്റെ ഘടകങ്ങളായി മാറിയിരിക്കുന്നു. മാത്രമല്ല, സ്വാധീനമുള്ള രാഷ്ട്രീയ, മത, മാധ്യമ വ്യക്തികൾ ഇസ്‌ലാമിനെയും മുസ്‌ലിം അമേരിക്കക്കാരെയും വഞ്ചനാപരമായി അപകീർത്തിപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി, ചരിത്രത്തിലുടനീളം നിറമുള്ള ജനവിഭാഗങ്ങളെ ബാധിച്ച സാമൂഹിക അധഃപതനത്തിനും—സാധ്യതയുള്ള അക്രമത്തിനും—വ്യക്തികളെ ഇരയാക്കുന്ന പ്രധാന ഘടകമായി ദൃശ്യമായ മതപരമായ സ്വത്വം ഉയർന്നുവന്നിരിക്കുന്നു.

ഇസ്‌ലാമോ-വംശീയതയെ ചരിത്രപരമായ പശ്ചാത്തലത്തിൽ സ്ഥാപിക്കുന്നത് പഴയൊരു സാമൂഹിക വൈകല്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയും കൂടുതൽ വ്യക്തമാക്കുന്നു. പൊതുജീവിതത്തിൽ “മറ്റുള്ളവരെ” വേർതിരിക്കാനും അടയാളപ്പെടുത്താനും മതത്തെ ഉപയോഗിക്കുന്ന സമകാലിക രീതി—നമ്മുടെ ഭൂതകാലത്ത് നിറമുള്ള ഓരോ സമൂഹവും വഹിച്ചിരുന്ന ഒരു സ്ഥാനം—നമ്മുടെ കൂട്ടായ ചരിത്രത്തിൽ വംശം വഹിച്ച പങ്കിനെ വളരെ അടുത്തായി അനുകരിക്കുന്നു. ഇസ്‌ലാമോ-വംശീയതയെ ചരിത്രപരമായി മനസ്സിലാക്കുമ്പോൾ, അമേരിക്കക്കാരെ ഭിന്നിപ്പിച്ച് വ്യക്തിപരമായ നേട്ടം നേടുന്നതിനായി ജനപ്രിയവാദികൾ വീണ്ടും സ്വത്വത്തെ (അല്ലെങ്കിൽ കരുതപ്പെടുന്ന സ്വത്വത്തെ) എങ്ങനെ ഉപയോഗിക്കുന്നുവെന്ന് വ്യക്തമായി കാണാൻ കഴിയും.

അവസാനമായി, ഇസ്‌ലാമോ-വംശീയതയെ വംശീയതയുടെ ഒരു രൂപമായി തിരിച്ചറിയുന്നത് കൂടുതൽ സമത്വമുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് മുന്നിലുള്ള ഒരു പ്രധാന തടസ്സത്തെ വ്യക്തമാക്കുന്നു—വംശം, ജാതി, മതപരമായ സ്വത്വം എന്നിവയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് വ്യക്തിയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ വിലയിരുത്തുന്ന ഒരു രാഷ്ട്രം. അമേരിക്കൻ വംശീയതയുടെ ഈ ഏറ്റവും പുതിയ രൂപത്തിന്റെ പ്രചാരകർ സൃഷ്ടിക്കുന്ന സാങ്കൽപ്പിക ഭീതിരൂപങ്ങളെ നിരാകരിച്ച്, ഒബാമയുടെ കാലഘട്ടത്തിൽ രാജ്യത്തുടനീളം ഉയർന്നുവരുന്ന മുൻവിധിയുടെ തിരമാലയ്ക്കെതിരെ നാം പുതുക്കിയ ശക്തിയോടെ നിലകൊള്ളണം. ഇപ്പോൾ ഈ പോരാട്ടം നടത്താനുള്ള ധൈര്യം നമുക്ക് കണ്ടെത്താനായില്ലെങ്കിൽ, അത് ഭാവിതലമുറകളെയും തുടർച്ചയായി അലട്ടിക്കൊണ്ടിരിക്കും.

ജയ്ദീപ് സിംഗ്: വംശീയവും മതപരവുമായ മുൻവിധികൾ സമൂഹത്തിൽ എങ്ങനെ പരസ്പരം കൂടിച്ചേരുന്നു എന്നത് പഠിക്കുന്ന പണ്ഡിതനും സാമൂഹിക പ്രവർത്തകനുമാണ്. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഈസ്റ്റ് ബേയിൽ സിഖ്, പഞ്ചാബി പഠനങ്ങളുടെ സബർവാൾ ചെയർ അദ്ദേഹം വഹിച്ചിട്ടുണ്ട്. സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എജ്യുക്കേഷൻ ഫണ്ട് (SALDEF) എന്ന സംഘടനയുടെ സഹസ്ഥാപകനുമാണ്. കാലിഫോർണിയയിലെ നിരവധി സർവകലാശാലകളിൽ എത്നിക് സ്റ്റഡീസ് അധ്യാപകനായി പ്രവർത്തിച്ചിട്ടുള്ള ഡോ. സിംഗ്, അമേരിക്കൻ ചരിത്രത്തിലും സമകാലിക സമൂഹത്തിലും വംശം, ലിംഗം, ജാതീയത, വർഗം എന്നിവയുടെ കേന്ദ്രസ്ഥാനത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന കോഴ്സുകൾ പഠിപ്പിച്ചിട്ടുണ്ട്.

രചയിതാവിന്റെ കുറിപ്പ്: ഈ ലേഖനത്തിന്റെ ആദ്യ കരടിനെക്കുറിച്ച് വിലയേറിയ വിമർശനങ്ങളും അഭിപ്രായങ്ങളും നൽകിയ ഡോ. നിതാഷ ശർമ്മ, ഡോ. രാഹുൽദീപ് ഗിൽ, ഡോ. റസ്സൽ ജ്യൂങ്, ഡോ. ക്രിസ് നാസ്, സോണ കൗർ റായ്, വിന്റി സിംഗ്, മല്ലിക കൗർ, ദീപ ഐയർ, മാർക്ക്-റീഡിംഗ് സ്മിത്ത്, പ്രഭ്ദീപ് കെഹൽ, ഗുർദിത് സിംഗ് എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി.

ഇസ്‌ലാമിനെയും അതിന്റെ അനുയായികളെയും ചുറ്റിപ്പറ്റിയുള്ള ആഴത്തിലുള്ള സംശയവും അപകീർത്തിപ്പെടുത്തലും, അതിന്റെ ഫലമായുള്ള വിദ്വേഷ അക്രമത്തെയും പ്രതിഫലിപ്പിക്കുന്നതിൽ ഇസ്ലാമോഫോബിയ എന്ന പദം പരാജയപ്പെടുന്നുവെന്ന് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ വിഷലിപ്തമായ സാമൂഹിക പരിസരം പരിശോധിക്കുമ്പോൾ, നമ്മൾ വെറും ഭയത്തെക്കുറിച്ചല്ല സംസാരിക്കുന്നത്; ആഴത്തിൽ വേരൂന്നിയ മുൻവിധിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഈ സാമൂഹിക-സാംസ്കാരിക മഹാമാരിയെ വിശേഷിപ്പിക്കാൻ കൂടുതൽ കൃത്യമായ ഒരു പദമായി ഇസ്‌ലാമോ-വംശീയത (Islamo-racism) മുന്നോട്ടുവയ്ക്കുന്നത്.

Related