August 9 Sunday 2026

ഇസ്രായേല്‍ ക്വിയര്‍ സൗഹാര്‍ദപരമാണെന്ന അവകാശവാദം വിഭാഗീയവും ജനവിരുദ്ധവുമാണ്

ക്വിയര്‍ മുന്നേറ്റങ്ങളുടെ ലക്ഷ്യം എന്നത് ക്വിയര്‍ അവകാശങ്ങള്‍ക്കോ, ക്വിയര്‍ വ്യക്തികളുടെ ഉന്നമനത്തിനോ ‘മാത്രമായി’ പോരാടുക എന്നതിലേക്ക് ചുരുക്കുന്നത് തികച്ചും വിഭാഗീയമായ സമീപനമാണ്. മാത്രമല്ല, ക്വിയര്‍ വിഭാഗങ്ങളെ കൊണ്ട് മാത്രം ഒറ്റയ്ക്ക് നടത്തിയെടുക്കാവുന്ന കാര്യവുമല്ല ഇത്. ഇതുവരെ ക്വിയര്‍ വിഭാഗങ്ങള്‍ നേടിയ ഏതൊരു അവകാശവും ബഹുജന പിന്തുണയോടെ നേടിയതാണ്. ലോകത്തുണ്ടായിട്ടുള്ള എല്ലാ അവകാശങ്ങളും അവബോധങ്ങളും തെരുവിലിറങ്ങാന്‍ തയാറായ വിവിധ വര്‍ഗ്ഗബഹുജനങ്ങളുടെ സമരങ്ങളുടെ ഫലമാണ്. പ്രക്ഷുബ്ധമായ തെരുവുകളുടെ പ്രകമ്പനങ്ങളാണ് അധികാരസംവിധാനങ്ങളായ സര്‍ക്കാരുകളെയും കോടതികളെയും ജനാധിപത്യവല്‍ക്കരിക്കുന്നതിന് വഴിയൊരുക്കുക.

ലോക ക്വിയര്‍ മുന്നേറ്റങ്ങളുടെ നേതാക്കളിലൊരാളായ, സ്റ്റോണ്‍വാള്‍ കലാപത്തിന്റെ മുന്‍നിരപോരാളിയായിരുന്ന, അവരുടെ സ്വത്വത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ കൊലചെയ്യപ്പെട്ട മാര്‍ഷാ പി. ജോണ്‍സണ്‍ എന്ന ആഫ്രോ-അമേരിക്കന്‍ ട്രാന്‍സ് സ്ത്രീയുടെ പ്രസിദ്ധമായ വാക്കുകളാണ് ‘No Pride for some of us without liberation for all of us’ എന്നത്. ‘നമുക്കെല്ലാവര്‍ക്കും വിമോചനമില്ലാതെ നമ്മളില്‍ ചിലര്‍ക്ക് മാത്രമായി സ്വാഭിമാനം കണ്ടെത്താനാവില്ല’ എന്നാണ് അവര്‍ മുന്നോട്ടുവച്ച നിലപാട്. ലോകത്തെ അടിച്ചമര്‍ത്തപ്പെടുന്ന എല്ലാവര്‍ക്കും വിമോചനമില്ലാതെ നമുക്കാര്‍ക്കും വിമോചനം സാധ്യമല്ല എന്നാണ് അതിലെ ഊന്നല്‍. ആത്മാഭിമാന ബോധത്തെ ഉയര്‍ത്തിപ്പിടിച്ചു നടത്തുന്ന സ്വാതന്ത്ര്യപോരാട്ടങ്ങളാണ് ഇനിയും നമ്മള്‍ തുടരേണ്ടത് എന്ന് മാര്‍ഷ നമ്മളെ പഠിപ്പിച്ചു.

LGBTQIA+ സ്വത്വങ്ങളില്‍ പെടുന്നതിന്റെ പേരിലോ, ഈ സ്വത്വബോധം ഉയര്‍ത്തിപ്പിടിച്ച് സ്വയം അടയാളപ്പെടുത്താനും തുറന്നുജീവിക്കാനും തീരുമാനിച്ചതിന്റെ പേരിലോ പലവിധ മര്‍ദ്ദനങ്ങള്‍ നേരിടുന്നതിനെ ചെറുക്കുക എന്ന ഉദ്ദേശത്തിലാണ് സ്വത്വാടിസ്ഥാനത്തിലുള്ള ക്വിയര്‍ പ്രസ്ഥാനങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. അത് മുഴുവന്‍ മാനവരാശിയുടെ വിമോചനത്തിനായുള്ള പോരാട്ടങ്ങളോട് ഐക്യപ്പെടാനുള്ള ദീര്‍ഘകാല പരിപാടികളില്‍ നിര്‍ബന്ധമായി ഏര്‍പ്പെടുകയും, അതിന്റെ അടിസ്ഥാനത്തില്‍ സംഘടിതമായി മുന്നേറുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

 

തങ്ങള്‍ക്ക് നേരേ നിരന്തരമായി നടന്നുകൊണ്ടിരുന്ന പുരുഷാധിപത്യത്തെ ചെറുത്തും അതിനെതിരെ പോരാടിയുമാണ് ക്വിയര്‍ മുന്നേറ്റങ്ങള്‍ പിറന്നത് എന്ന് മറന്നുകൂടാ. പുരുഷാധിപത്യത്തിന്റെ സമ്പൂര്‍ണ്ണ പതനം നടപ്പിലായിട്ടില്ല എന്ന് മാത്രമല്ല മുതലാളിത്തതിന്‍കീഴില്‍ അത് ചരിത്രത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തതിനേക്കാള്‍ ഭീകരമായി നിലനില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അതിനെ ചെറുത്തു തോല്‍പ്പിക്കുക എന്നത് തന്നെയാണ് അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ ലിംഗ-ലൈംഗിക വിഭാഗങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രപരമായ ഉത്തരവാദിത്തം. ഇതിനായി, മുകളില്‍ പറഞ്ഞ പോലെ, മുഴുവന്‍ ബഹുജനങ്ങളുമായും ഐക്യപ്പെടേണ്ടതുണ്ട്.

ചൈനീസ് വിപ്ലവത്തിന്റെ നേതാവായിരുന്ന മാവോ സെ തുങ് മുന്നോട്ടു വച്ച ഐക്യം-സമരം-ഐക്യം എന്ന ദിശയിലാണ് ഇത് മുന്നോട്ട് കൊണ്ടുപോകേണ്ടത്. എന്നുവച്ചാല്‍, സമരമില്ലാത്ത ഐക്യമോ, ഐക്യമില്ലാത്ത സമരമോ അല്ല നമുക്കാവശ്യം. വിട്ടുവീഴ്ച്ചയില്ലാത്ത വിമര്‍ശനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടും സ്വാഗതാര്‍ഹമായതിനെ പ്രശംസിച്ചുകൊണ്ടും നമുക്ക് ശക്തമായ ഐക്യമുന്നണി കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതായിരിക്കും നമ്മുടെ രാഷ്ട്രീയ വളര്‍ച്ചയെ കൃത്യമായും സഹായിക്കുക.

ഈ സമീപനത്തില്‍ നിന്നുകൊണ്ട് ഈ സാഹചര്യത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. അതായത്, ”ഞാന്‍ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു” എന്ന് പ്രഖ്യാപിക്കുന്ന ക്വിയര്‍ വ്യക്തികളും കൂട്ടായ്മകളും കേരളത്തില്‍ ഒരു ന്യൂനപക്ഷമാണെങ്കിലും ഇവര്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ വസ്തുതാവിരുദ്ധവും വിഷം നിറഞ്ഞതുമാണ്. ഉദാഹരണത്തിന്, ‘ഇസ്രായേല്‍ ക്വിയര്‍ സൗഹാര്‍ദപരമാണ്’ എന്നത് പോലുള്ള അവകാശവാദങ്ങള്‍ വിഭാഗീയവും ജനവിരുദ്ധവുമാണ്; ഇതിനെതിരെ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്യേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞപക്ഷം ഇസ്രായേലിന്റെ വംശീയ ബോധത്തെ പറ്റിയെങ്കിലും മുന്‍വിധികളില്ലാതെ മനസ്സിലാക്കേണ്ടതുണ്ട്.

ബ്രിട്ടീഷ് സാമ്രാജ്യത്വവും അമേരിക്കന്‍ സാമ്രാജ്യത്വവും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ചേര്‍ന്ന് ഉണ്ടാക്കിയ ഇസ്രായേല്‍ എന്ന ഗൂഢപദ്ധതിയുടെ നടത്തിപ്പുകാര്‍ യൂറോപില്‍ നിന്നും വന്നിട്ടുള്ള വെള്ളക്കാരായ ജൂതന്മാരാണ്. പശ്ചിമേഷ്യയിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഉത്പാദനത്തിന്റെ കുത്തക തങ്ങളുടെ വരുതിയില്‍ നിര്‍ത്തുക എന്ന ലക്ഷ്യമാണ് ഇസ്രായേല്‍ എന്ന പദ്ധതിയുടെ അടിസ്ഥാനം. ഇതിനുവേണ്ടി ഇസ്ലാം, ക്രിസ്തുമതം, ജൂതമതം എന്നീ സെമറ്റിക് മതങ്ങളുടെ വിശ്വാസപരമായി പ്രധാനപ്പെട്ട ഭൂപ്രദേശം തിരഞ്ഞെടുക്കുകയും ഈ പ്രത്യേകതയുടെ മറവില്‍ സാമ്രാജ്യത്വം അതിന്റെ എയിട് പോസ്റ്റ് പശ്ചിമേഷ്യയില്‍ സ്ഥാപിച്ച്, അവിടം സാമ്രാജ്യത്വത്തിന്റെ മേല്‍നോട്ടത്തിന്‍ കീഴില്‍ വരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. യൂറോപ്പില്‍ നിന്നും കുടിയേറിയ വെള്ളക്കാരാണ് ഇസ്രായേലിലെ ബഹുഭൂരിപക്ഷം ജനങ്ങളും. ആഫ്രിക്കയില്‍ നിന്നും മറ്റ് വന്‍കരകളില്‍ നിന്നും ഇസ്രായേലിലേക്ക് ജൂതന്മാര്‍ കുടിയേറിയിട്ടുണ്ടെങ്കിലും അവരോട് തികച്ചും വംശീയമായിട്ടാണ് ഈ വെള്ളഭീകരത പെരുമാറിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ അറബ് വംശജരോടുള്ള വംശീയതയുടെയും വംശഹത്യയുടെയും ഉറവിടം ഇതില്‍നിന്നും വ്യക്തമാണ്..!

മുകളില്‍ പറഞ്ഞ പോലെ, ഇസ്രായേല്‍ എന്ന പദ്ധതി സാമ്രാജ്യത്വത്തിന്റെ എയിഡ് പോസ്റ്റ് മാത്രമാണ്. ആ ഉദ്ദേശത്തില്‍ വലിയൊരളവില്‍ ഇതുവരെ അവര്‍ മുന്നിട്ടു നില്‍ക്കുന്നുമുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളുടെയും പട്ടാളത്തേയും, പൊലീസ് സംവിധാനത്തെയും പരിശീലനം നല്‍കിയതടക്കം, ലോകത്തിലെ മിക്ക ഭരണകൂടങ്ങള്‍ക്കും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് അവയുടെ ജനതയ്ക്ക് മേല്‍ വൃത്തികെട്ട നിരീക്ഷണവലയം ഏര്‍പ്പെടുത്താന്‍ കൂട്ടുനിന്നതിന്റെ ചരിത്രവും വര്‍ത്തമാനവും അതിനുണ്ട്. മൊസാദ് പോലുള്ള ചാരസംഘടനകള്‍ അതിനുള്ള ചുക്കാന്‍ പിടിക്കുന്നു. നമുക്കറിയുന്ന പോലെ, ഇന്ത്യന്‍ പൊലീസ് ഏതൊക്കെ രീതിയിലാണ് ഇന്ത്യന്‍ ജനതയെ അടിച്ചമര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും നടപ്പിലാക്കുന്നതും എന്ന് മനസ്സിലാക്കിക്കൊണ്ട് ഇസ്രായേലുമായുള്ള ഇന്ത്യയുടെ സഖ്യത്തെ നോക്കിക്കാണേണ്ടതുണ്ട്.

ഇന്ത്യന്‍ ഭരണകൂടത്തോട് ചേര്‍ന്ന് മുംബൈ പോലീസിന് പരിശീലനം നല്‍കിയതായാലും ഇസ്രായേലി ചാര സോഫ്റ്റ്-വെയറായ ‘പെഗാസസ്’ വഴി നിരവധി അവകാശപ്രവര്‍ത്തകരെ അന്യായമായി നിരീക്ഷണത്തില്‍ ഇട്ടത് ഉള്‍പ്പടെയുള്ള ലോകോത്തര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഡ്രോണുകള്‍ അടക്കമുള്ള പടക്കോപ്പുകള്‍ നല്‍കുന്നതിലും ഇസ്രായേല്‍ മുന്‍പന്തിയിലാണ്. സാമ്രാജ്യത്വത്തിന്റെ ആയുധകച്ചവടത്തില്‍ ഇസ്രായേല്‍ വഹിക്കുന്ന പങ്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഭരണാധികാരി വര്‍ഗ്ഗത്തിന് അതുമായുള്ള ബന്ധവും ഇന്ന് രഹസ്യമല്ല. അത് സാമ്രാജ്യത്വത്തിന്റെ ആയുധകച്ചവടം എത്ര ഭീകരമാണ് എന്നും ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങള്‍ സാമ്രാജ്യത്വത്തോട് എത്രത്തോളം കീഴ്‌പ്പെട്ടു നില്‍ക്കുന്നു എന്നും വ്യക്തമാക്കുന്നു.

കേരളത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍, വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേക ബ്ലോക്ക് നിര്‍മിച്ചിട്ടുള്ളതായി അറിയാമല്ലോ. നമ്മളെ എത്ര സൂക്ഷ്മമായാണ് സാമ്രാജ്യത്വ ഗൂഢപദ്ധതികള്‍ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നത് എന്ന് തന്നെയാണ് ഇത്തരം ഉദാഹരണങ്ങള്‍ മനസ്സിലാക്കിത്തരുന്നത്.

ഫലസ്തീനിലെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങളിലും നേരിട്ടുള്ള യുദ്ധത്തിലും കൊല്ലപ്പെടുന്നവരില്‍ ആയിരക്കണക്കിന് ക്വിയര്‍ മനുഷ്യരുമുണ്ടെന്ന് തീര്‍ച്ചയാണ്. അവിടെ കൊല്ലപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കണക്കുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍, ആ ദ്വന്ദ്വത്തിന് പുറത്ത് ഒരു കണക്കും ലഭ്യമല്ല. അവിടുത്തെ ക്വിയര്‍ മനുഷ്യരുടെ അവസ്ഥ ചിന്തിക്കാന്‍ കഴിയുന്നതിലും ഭീകരമാണ്. ഇത്തരമൊരു സംവിധാനത്തിനെ എങ്ങനെയാണ് നമുക്ക് ക്വിയര്‍ സൗഹാര്‍ദപരം എന്ന് വിളിക്കാനാവുക? അങ്ങനെ കാണുന്നെങ്കില്‍ അത് ക്വിയര്‍ മുന്നേറ്റങ്ങളുടെ ചരിത്രത്തോടും ലോകജനതയോടും ചെയ്യുന്ന വഞ്ചനയാണ്. അവരോട് ഇല്ലാത്ത മമത ഇസ്രായേലിനോട് ഉണ്ടാവുന്നത് ഏത് ബോധത്തില്‍ നിന്നാണ് എന്നും ഇക്കൂട്ടര്‍ ആരുടെ പക്ഷത്താണ് എന്നും എന്തിനെയാണ് സേവിക്കുന്നത് എന്നും വളരെ വ്യക്തമാണ്.

ക്രൂരന്മാരായ ഏതെങ്കിലും ഭരണാധികാരികളുടെ തോന്നലുകളിന്മേല്‍ ഉണ്ടാവുന്ന നടപടികളല്ല ഇതൊന്നും. ഈ ചൂഷണാധിഷ്ഠിതമായ വ്യവസ്ഥയെ മുന്നോട്ട് ചലിപ്പിക്കാന്‍, ലോകത്തെ അധ്വാനിക്കുന്ന മുഴുവന്‍ ജനതവിഭാഗങ്ങളെയും ചൊല്‍പ്പടിക്ക് നിര്‍ത്താനായി നടത്തിപ്പോരുന്ന സാമ്രാജ്യത്വത്തിന്റെ ഗൂഢാലോചനയും ഗൂഢപദ്ധതികളുമാണിവ. ഭരണവര്‍ഗ്ഗങ്ങളെയും അവരുടെ ഭരണകൂടങ്ങളേയും സംബന്ധിച്ചിടത്തോളം, ഏതൊരു അടിച്ചമര്‍ത്തല്‍ പ്രവര്‍ത്തിക്ക് പിന്നിലും പലതരം ഉദ്ദേശങ്ങളുണ്ട്. അപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധങ്ങള്‍ തകര്‍ത്തുക എന്നും, അതുവഴി അനിവാര്യമായും വരാന്‍ സാധ്യതയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കുക എന്നും. ഇന്നത്തെ ആഗോളവ്യവസ്ഥയെ നിയന്ത്രിക്കുന്നവരുടെ ലോകജനതയോടുള്ള മുന്നറിയിപ്പ് കൂടിയാണ് പലസ്തീന്‍. എന്നാല്‍, സ്വന്തം മണ്ണ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന പലസ്തീനി ജനതയുടെ പോരാട്ടവീര്യം ചരിത്രത്തില്‍ പകരം വയ്ക്കാനില്ലാത്ത മാതൃകയാണ്. ഒരു ജനതയെ എത്രത്തോളം പീഡിപ്പിക്കാമോ അതിന്റെ ആയിരംമടങ്ങ് പലസ്തീനി ജനതയോട് കഴിഞ്ഞ കുറെ ദശകങ്ങളായി ഇസ്രായേലി സയണിസ്റ്റ് കുടിയേറ്റക്കാരുവഴി സാമ്രാജ്യത്വ ശക്തികള്‍ ചെയ്തുകഴിഞ്ഞു. എന്നിട്ടും ഈ പോരാട്ടവീര്യത്തെയും ചെറുത്തുനില്‍പ്പിനെയും അവര്‍ക്ക് തോല്‍പ്പിക്കാനായിട്ടില്ല.

‘പിന്തിരിപ്പന്‍’ പലസ്തീനും ‘പുരോഗമന’ ഇസ്രായേലും എന്ന ലേഖനത്തില്‍ ‘9/11ന് ശേഷമുള്ള രാഷ്ട്രീയാന്തരീക്ഷത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ വിശാലമായ യുക്തികള്‍ക്കുള്ളില്‍… എല്‍.ജി.ബി.ടി.ക്യു അവകാശങ്ങളുടെ രക്ഷകരൂപമായി യു.എസ്. ഭരണകൂടം സ്വയം പ്രഖ്യാപിക്കുന്നത്, പ്രധാനമായും മുസ്ലീം രാഷ്ട്രങ്ങള്‍ക്കെതിരെ, സൈനിക ഇടപെടലുകളെയും സുരക്ഷാവല്‍ക്കരണ തന്ത്രങ്ങളെയും ന്യായീകരിക്കാനാണ്.’ എന്ന് ജസ്ബീര്‍ കെ. പുവറിനെ വ്യാഖ്യാനിച്ച് ആദി നിരീക്ഷിക്കുന്നു. അപ്പോള്‍ തന്നെയും ക്വിയര്‍ അവകാശങ്ങള്‍ക്കെതിരെ നിരന്തരം നിലപാടെടുത്ത ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആവുകയും, പിന്നീട് ‘സ്ത്രീ-പുരുഷന്‍ എന്ന രണ്ട് ജെന്‍ഡര്‍ മാത്രമേയുള്ളൂ’ എന്ന് നിലപാടുള്ള, ട്രാന്‍സ് വിരുദ്ധനായ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ ശേഷം നിര്‍ണായകമായ ക്വിയര്‍ അവകാശങ്ങള്‍ എടുത്തു കളയുകയും ചെയ്തിട്ടുള്ളത് നമുക്കറിയാം. ഈ ട്രംപിനാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കണമെന്ന് ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെടുന്നത്..!

ചരിത്രപരമായും, ജൂത വംശഹത്യയ്ക്ക് അക്കാലത്ത് കൂട്ടുനിന്നിട്ടുള്ള സാമ്രാജ്യത്വ ശക്തികളാണ് ഇന്ന് ജൂതരുടെ അവകാശം ഉയര്‍ത്തിപിടിക്കുന്നതായി ഭാവിക്കുകയും പകരം മുസ്ലീങ്ങളെ വംശഹത്യ ചെയ്യുകയും ചെയ്യുന്നത് എന്നതും നമുക്കറിയാം. ഇത്തരത്തില്‍ മുതലാളിത്തം അതിന്റെ ആവശ്യത്തിനനുസരിച്ച് എന്തിനെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഈ ചരിത്രവസ്തുതയെ തിരിച്ചറിഞ്ഞുകൊണ്ട് അതിന്റെ ക്വിയര്‍ സൗഹൃദമെന്ന പൊള്ളത്തരത്തെ തുറന്നുകാണിക്കേണ്ടത് അനിവാര്യമാണ്. ക്വിയര്‍ അവകാശങ്ങള്‍ നിറവേറ്റുന്നു എന്ന് ലോക ജനതയ്ക്ക് മുന്നില്‍ ഇസ്രായേല്‍ വരുത്തിതീര്‍ക്കാനുള്ള ശ്രമം മുതലാളിത്തതിന്റെ ഒത്തിരി തന്ത്രങ്ങളില്‍ ഒന്ന് മാത്രമാണ്. ഗാസയിലെ ക്വിയര്‍ മനുഷ്യരെ ഓര്‍ക്കാതെ ഈ പറ്റിപ്പിന് കൂട്ടുനില്‍ക്കുന്നതിന് അന്താരാഷ്ട്ര നിയുക്തസംഘത്തിന്റെ ഭാഗമായി ടെല്‍ അവീവ് പ്രൈഡിന് പോയ ഇന്ത്യന്‍ പ്രതിനിധികള്‍ ഇന്ത്യന്‍ ക്വിയര്‍ മുന്നേറ്റത്തിന് നാണക്കേടാണ്. ചരിത്രം ഇതിന് പകരം ചോദിക്കുക തന്നെ ചെയ്യും.

അവസാനമായി, ക്വിയര്‍ മുന്നേറ്റങ്ങള്‍ ഏകശിലയല്ല. മറ്റെല്ലാ ആശയധാരകളെയും പോലെ; പല ധാരകളായി, പലവിധ ധാരണകളില്‍ മുന്നോട്ട് പോകുന്ന ഒന്നാണ്. ലോകത്തെ മുഴുവന്‍ അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ വിമോചനം സ്വപ്നം കാണുന്ന, അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ പോരാട്ടത്തില്‍ ഐക്യപ്പെടാനുള്ള ശ്രമം സൈദ്ധാന്തികമായും പ്രായോഗികമായും ക്വിയര്‍ പ്രസ്ഥാനങ്ങള്‍ക്കകത്ത് നിന്നും ചെറുതോതിലാണെങ്കിലും ഉണ്ടായിവരുന്നുണ്ട്. ഇത് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും, അതില്‍ തൃപ്തരാവാതെ കുറച്ചുകൂടി ശക്തവും ബോധപൂര്‍വ്വവുമായ ശ്രമം നടത്തേണ്ടതുണ്ട്. ഈ സ്വപ്നത്തിലും പോരാട്ടത്തിലും പങ്കുചേരാത്ത ക്വിയര്‍ വ്യക്തികളെയും കൂട്ടായ്മകളെയും വേറിട്ട് മനസ്സിലാക്കേണ്ടതുമുണ്ട്.

സമകാലിക ഇന്ത്യയിലെ ക്വിയര്‍ മുന്നേറ്റങ്ങളില്‍ നിയമപരമായ പരിഷ്‌കരണത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പാത സ്വീകരിച്ച് സ്വയം ചുരുക്കുന്ന ശക്തമായ ഒന്നോ അതിലധികമോ ധാരകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പരിഷ്‌കരണവാദധാരയെ എതിര്‍ക്കുക എന്നതിനര്‍ത്ഥം പരിഷ്‌കരണങ്ങളേ പൂര്‍ണ്ണമായും എതിര്‍ക്കുക എന്നല്ല; വ്യവസ്ഥിതിയുടെ സമ്പൂര്‍ണ്ണമായ മാറ്റത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പകരമായി, ഇന്ന് നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്കകത്തെ മാറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ മുഴുവന്‍ ഊര്‍ജ്ജവും കേന്ദ്രീകരിക്കുന്നതിന് എതിരാവുക എന്നതാണ്. പരിഷ്‌കരണവാദികളുടെ ഈ ധാരകള്‍ പ്രത്യക്ഷമായും, പരോക്ഷമായും ഭരണവര്‍ഗ്ഗങ്ങളെ സേവിക്കുകയാണെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്.

ക്വിയര്‍ മുന്നേറ്റങ്ങളുടെ ഇന്ത്യന്‍ ചരിത്രവും, ലോക ചരിത്രവും സൂക്ഷ്മപഠനത്തിന് വിധേയമാക്കി അതിന്റെ വിപ്ലവാത്മകത വീണ്ടെടുക്കാന്‍ തയ്യാറുള്ളവരായി മാറാന്‍ ക്വിയര്‍ പ്രസ്ഥാനങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. ലോകജനതയുടെ വിമോചനത്തിനായി എല്ലാ മര്‍ദ്ദിത ശക്തികളോടും ഐക്യപ്പെട്ട് പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവോടെ ക്വിയര്‍ പ്രസ്ഥാനത്തിന്റെ പോരാട്ടത്തിന്റെ ഗതി തിരിച്ചു വിടേണ്ടതായുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു.

Reference/സൂചിക:

(1) നേരും നെറിവും | ഭാഗം 13 | കെ. മുരളി ( അജിത്ത് ) [1:39 – 27:20]
https://youtu.be/WyrMA3qDYEM
(2) Mumbai Police, Made in Israel, Rhys Machold -24/11/2024
https://m.thewire.in/article/books/mumbai-police-made-in-israel
(3) India Has Second Highest Number of WhatsApp Victims Targeted With Pegasus: US Court Documents, The Wire Staff -11/04/2025
https://m.thewire.in/article/tech/whatsapp-pegasus-target-indians-us-court
(4) ‘പിന്തിരിപ്പന്‍’ പലസ്തീനും ‘പുരോഗമന’ ഇസ്രായേലും; Homonationalism ഒരുക്കുന്ന കെണികള്‍, ആദി -25/06/2025
https://truecopythink.media/lgbtqi/israel-attacks-on-palestine-and-lgbtqi-community-stand-aadhi-writes
(5) International LGBT Delegation at LGBTQ Centre (Tel Aviv), Laxmi Narayan Tripathi & Aryan Pasha -11/06/2025
https://www.instagram.com/p/DKwRQE9vWOA/?igsh=MWJoNTBqd3J1MWpncg==
(6) ഡോണള്‍ഡ് ട്രംപിനെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്ത് ബിന്യമിന്‍ നെതന്യാഹു, മാധ്യമം -08/07/2025
https://www.madhyamam.com/world/israeli-pm-benjamin-netanyahu-nominates-donald-trump-for-nobel-peace-prize-1425953

Related