“NTA പിരിച്ചുവിടുക” “NEET നിർത്തലാക്കുക” “ധർമ്മേന്ദ്രപ്രധാൻ രാജിവെക്കുക” തുടങ്ങിയ ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ട് ഡൽഹിയിൽ വിദ്യാർത്ഥികളും യുവാക്കളും ആരംഭിച്ച പ്രക്ഷോഭത്തിന് പൊതുജനങ്ങളുടെ പിന്തുണ ഓരോ ദിവസവും കൂടിവരികയാണ്. വർഷങ്ങളായി കേന്ദ്രീകൃത പരീക്ഷാ സംവിധാനത്തിന് എതിരെ വർദ്ധിച്ചുവരുന്ന പരാതികൾക്കെതിരെ മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്. അതിനെ തുടർന്ന് ജന്തർ മന്തറിൽ വിദ്യാർത്ഥികളും യുവജനങ്ങളും നടത്തുന്ന പ്രക്ഷോഭം ഒരു പരീക്ഷാ ക്രമക്കേടിനെതിരെയുള്ള പ്രതിഷേധം മാത്രമായി കാണാൻ കഴിയില്ല. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ഭാവി, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ, യുവതലമുറയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള രാഷ്ട്രീയ ചോദ്യങ്ങളും സമരം ഉയർത്തുന്നുണ്ട്.
ഈ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മറ്റൊരു വലിയ യാഥാർത്ഥ്യമുണ്ട്-രാജ്യത്തെ യുവജന തൊഴിലില്ലായ്മ. വർഷങ്ങളോളം പഠിച്ചും ദാരിദ്ര്യത്തോട് പടവെട്ടിയും കുടുംബങ്ങളെ കടബാധ്യതയിലാഴ്ത്തിയും മത്സരപരീക്ഷകൾക്കായി തയ്യാറെടുത്ത ആയിരക്കണക്കിന് യുവാക്കൾക്ക് പോലും തൊഴിൽ ഉറപ്പില്ല. അതിനിടയിൽ ചോദ്യപേപ്പർ ചോർച്ചകളും പരീക്ഷാ ക്രമക്കേടുകളും ആവർത്തിക്കുമ്പോൾ തകർന്നുപോകുന്നത് ഒരു പരീക്ഷയുടെ വിശ്വാസ്യത മാത്രമല്ല; നീതി ലഭിക്കുമെന്ന യുവതലമുറയുടെ വിശ്വാസം കൂടിയാണ്. അതുകൊണ്ടാണ് ഇന്ന് അവർ തെരുവിലിറങ്ങുന്നത്. പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടന്നത് പ്രതിഷേധത്തെ സുരക്ഷാ പ്രശ്നമായി അവതരിപ്പിക്കാനുള്ള സമീപനത്തിന്റെ ഭാഗമാണ്. എന്നാൽ, സമാധാനപരമായി പ്രതിഷേധിക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. ആ അവകാശം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ അത് വിദ്യാർത്ഥികളുടെ മാത്രം വിഷയമായി ചുരുങ്ങുന്നില്ല; ഇവിടെ നിലനിൽക്കുന്ന ഭരണസംവിധാനം സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടിയുള്ളതാണോ എന്ന് ചോദ്യം ഉയരുന്നു.
ദേശീയ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത
ദേശീയ പരീക്ഷാ ഏജൻസിയായ NTA പരീക്ഷാ നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ബാഹ്യ ഏജൻസികളെ ആശ്രയിക്കുന്നതിനാൽ ഉത്തരവാദിത്തവും മേൽനോട്ടവും സംബന്ധിച്ച ചോദ്യങ്ങൾ പലതവണ ഉയർന്നിട്ടുണ്ട്. ദേശീയതല പ്രവേശന പരീക്ഷകളിൽ അതീവ ജാഗ്രത വേണമെന്നും പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ഗൗരവത്തോടെ കാണണമെന്നും സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന NEET-UG പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും വീണ്ടും ഇതേ ആശങ്കകൾ ശക്തമാക്കി. പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങൾ, പുനഃപരീക്ഷകൾ എന്നിവ വിദ്യാർത്ഥികളിൽ വലിയ മാനസികവും സാമ്പത്തികവുമായ സമ്മർദ്ദം സൃഷ്ടിച്ചു. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം തകരുമ്പോൾ അതിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്.
കേന്ദ്രീകരണവും സംസ്ഥാനങ്ങളുടെ അവകാശവും
NTA ഒരു പരീക്ഷാ ഏജൻസി മാത്രമല്ല. ഉന്നതവിദ്യാഭ്യാസ പ്രവേശന നടപടികളെ സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കുന്ന സംവിധാനത്തിന്റെ പ്രധാന ഉപാധിയായി അത് മാറിയിരിക്കുന്നു. പ്രവേശന പരീക്ഷകൾ കേന്ദ്രീകരിക്കപ്പെടുമ്പോൾ വിദ്യാഭ്യാസ നയത്തിലും പാഠ്യപദ്ധതിയിലും സംസ്ഥാനങ്ങളുടെ പങ്ക് സ്വാഭാവികമായും ചുരുങ്ങുന്നു. വ്യത്യസ്ത ഭാഷകളും സിലബസുകളും സാമൂഹിക യാഥാർത്ഥ്യങ്ങളും ഉള്ള രാജ്യമാണ് ഇന്ത്യ. അത്തരമൊരു രാജ്യത്ത് എല്ലാ വിദ്യാർത്ഥികളെയും ഒരേ മാനദണ്ഡം ഉപയോഗിച്ച് വിലയിരുത്തുന്ന ഒരു സംവിധാനം തികഞ്ഞ പരാജയം ആണെന്ന് തെളിയിക്കപ്പെട്ടതാണ്.
സ്കൂളുകളെ വിഴുങ്ങുന്ന കോച്ചിംഗ് സംസ്കാരം
ഇന്ന് പ്രശ്നം പരീക്ഷാ ഹാളിൽ മാത്രം ഒതുങ്ങുന്നില്ല. സ്കൂൾ വിദ്യാഭ്യാസം തന്നെ ക്രമേണ മത്സരപരീക്ഷാ പരിശീലനമായി ചുരുങ്ങുകയാണ്. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും പ്ലസ് വൺ, പ്ലസ് ടു തലത്തിൽ എൻട്രൻസ് ഇന്റഗ്രേറ്റഡ് ബാച്ചുകൾ വ്യാപകമാകുകയാണ്. സ്കൂൾ പഠനവും NEET, JEE പരിശീലനവും ഒരുമിച്ച് നടക്കുന്ന ഈ രീതി വിദ്യാർത്ഥികളുടെ ജീവിതത്തെ മുഴുവൻ പരീക്ഷയെ ചുറ്റിപ്പറ്റിയാക്കുന്നു. രാവിലെ മുതൽ രാത്രി വരെ കോച്ചിംഗ്, ടെസ്റ്റുകൾ, റിവിഷൻ-ഇതിനിടയിൽ ബാല്യവും കൗമാരവും പതിയെ ഇല്ലാതാകുന്നു.
ഒരുകാലത്ത് അനുബന്ധ സംവിധാനമായിരുന്ന സ്വകാര്യ ട്യൂഷൻ ഇന്ന് വൻ കോർപ്പറേറ്റ് വ്യവസായമാണ്. കോച്ചിംഗ് മേഖലയിലെ ഈ വളർച്ച വിദ്യാഭ്യാസത്തെ തന്നെ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റിമറിക്കുന്നു. സ്കൂളുകൾ അറിവ് പകരുന്ന ഇടങ്ങളിൽ നിന്ന് MCQ, Time Management, Exam Strategies പരിശീലന കേന്ദ്രങ്ങളായി മാറിത്തുടങ്ങുന്നത് അതിന്റെ പ്രകടമായ ഉദാഹരണമാണ്. ഭാഷ, ചരിത്രം, സാമൂഹ്യശാസ്ത്രം, കല, കായികം, സാഹിത്യം-ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന മേഖലകൾ എന്നിവ പിന്നിലേക്ക് തള്ളപ്പെടുന്നു. പരീക്ഷ ജയിക്കാൻ വേണ്ട കഴിവ് മാത്രം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി മാറുമ്പോൾ സമൂഹത്തിനാണ് നഷ്ടം.
കവർന്നെടുക്കപ്പെടുന്ന ബാല്യം
പ്ലസ് വൺ, പ്ലസ് ടു കാലഘട്ടം ജീവിതം പഠിക്കാനുള്ള പ്രായമാണ്. സുഹൃത്തുക്കൾ, കളിസ്ഥലങ്ങൾ, ലൈബ്രറികൾ, കലാപരിപാടികൾ, വായന, ചർച്ചകൾ—ഇവയെല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.
എന്നാൽ, കോച്ചിംഗ് സംസ്കാരം ഈ അനുഭവങ്ങളെ പതിയെ ഇല്ലാതാക്കുകയാണ്. രാജസ്ഥാനിലെ കോട്ട പോലുള്ള കോച്ചിംഗ് കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദവും ആത്മഹത്യകളും സംബന്ധിച്ച റിപ്പോർട്ടുകൾ വർഷങ്ങളായി മാധ്യമങ്ങളും വിവിധ പഠനങ്ങളും രേഖപ്പെടുത്തുന്നുണ്ട്. ഇത് വ്യക്തികളുടെ പരാജയമല്ല; അതിരുകടന്ന മത്സരാധിഷ്ഠിത വിദ്യാഭ്യാസ മാതൃകയുടെ മുന്നറിയിപ്പാണ്.
സ്വകാര്യവൽക്കരണത്തിന്റെ രാഷ്ട്രീയം
നീതി ആയോഗിന്റെ School Education System in India റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരു ദശകത്തിനിടെ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി (94,000 സ്കൂളുകൾ). മറുവശത്ത് സ്വകാര്യ സ്കൂളുകളും കോച്ചിംഗ് മേഖലയുമാണ് വേഗത്തിൽ വളരുന്നത്.
സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തം, നിലവാരം ഇല്ലായ്മ, ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകൾ തുടങ്ങിയവ സ്വകാര്യ വിദ്യാഭ്യാസ വിപണിക്ക് കൂടുതൽ അവസരമൊരുക്കുന്നു.
ഇത് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് ഗ്രാമീണ മേഖലയിലെയും ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളിലെയും വിദ്യാർത്ഥികളാണ്. തമിഴ്നാട്ടിൽ NEET പരീക്ഷയുടെ സാമൂഹിക പ്രത്യാഘാതങ്ങൾ പഠിച്ച ജസ്റ്റിസ് എ.കെ. രാജൻ കമ്മിറ്റി റിപ്പോർട്ടും കോച്ചിംഗ് ലഭ്യതയും സാമൂഹിക പശ്ചാത്തലവും പ്രവേശന സാധ്യതയെ കാര്യമായി സ്വാധീനിക്കുന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡമ്മി സ്കൂളുകളുടെ വ്യാപനം
വിദ്യാർത്ഥികൾ പേരിന് മാത്രം സ്കൂളിൽ ചേർന്ന് മുഴുവൻ സമയവും കോച്ചിംഗ് സ്ഥാപനങ്ങളിൽ ചെലവഴിക്കുന്ന ഡമ്മി സ്കൂൾ രീതി പല സംസ്ഥാനങ്ങളിലും വ്യാപകമാകുകയാണ്. പരീക്ഷ എഴുതാനും ലാബ് എക്സാമിനും മാത്രമാണ് അവർ സ്കൂളിലെത്തുന്നത്. UNESCO ഈ പ്രവണതയെ “Shadow Education” എന്ന ആശയത്തിലൂടെയാണ് വിശകലനം ചെയ്യുന്നത്. ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിന് സമാന്തരമായി വളരുന്ന ഇത്തരം സംവിധാനങ്ങൾ സ്കൂളുകളുടെ സാമൂഹികവും സാംസ്കാരികവുമായ പങ്കിനെ ദുർബലപ്പെടുത്തും.
ബദൽ എന്ത്?
ഇന്ത്യ പോലൊരു വൈവിധ്യമാർന്ന രാജ്യത്ത് എല്ലാ വിദ്യാർത്ഥികൾക്കും ഒരൊറ്റ കേന്ദ്രീകൃത പ്രവേശന പരീക്ഷ എന്നത് പ്രയോഗ്യമല്ല. ഓരോ സംസ്ഥാനങ്ങളും അവരവരുടെ സാഹചര്യത്തിനനുസരിച്ചുള്ള പാഠ്യപദ്ധതിയാണ് രൂപപ്പെടുത്തേണ്ടത്. മുൻപുണ്ടായിരുന്നതുപോലെ, സംസ്ഥാനതലത്തിൽ നടന്നിരുന്ന പരീക്ഷകൾ പുനഃസ്ഥാപിക്കുക, ദേശീയ തലത്തിൽ അതാത് സ്ഥാപനങ്ങൾ നേരിട്ട് പരീക്ഷ നടത്തുക, സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, വിദ്യാഭ്യാസത്തിലെ സാമൂഹിക – സാമ്പത്തിക അസമത്വം കുറയ്ക്കുന്ന നയങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് അടിയന്തരമായി ചെയ്യേണ്ടത്.
ജന്തർ മന്തർ ഉയർത്തുന്ന ചോദ്യം
ഉയരുന്ന ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുപകരം പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്. JNU, JMU, DU തുടങ്ങിയ സർവ്വകലാശാലകളുടെ വിദ്യാർത്ഥികൾ നടത്തിയ സമരങ്ങളിലും കർഷകപ്രക്ഷോഭത്തിലും കേന്ദ്രസർക്കാരിൻ്റെ ജനാധിപത്യവിരുദ്ധത നമ്മൾ നേരിട്ട് കണ്ടതാണ്. ജന്തർ മന്തറിൽ ഉയരുന്ന ശബ്ദം രാജ്യത്തിൻറെ ഭാവിയെ സംബന്ധിച്ചുള്ളതാണ്. അതേ സമയം തന്നെ, ജനാധിപത്യത്തിൽ ചോദ്യം ചെയ്യാനുള്ള അവകാശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്ന മുന്നറിയിപ്പുമാണ്. മുഴുവൻ ജനാധിപത്യ വിശ്വാസികളും രാജ്യത്തെ വിദ്യാഭ്യാസത്തെ സംരക്ഷിക്കാനും ജനാധിപത്യ അവകാശങ്ങൾ നിലനിർത്താനും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ പങ്കു ചേരേണ്ടതുണ്ട്.
