August 11 Tuesday 2026

ഇനി പറയൂ, ഫാസിസം വന്നോ?

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ ആക്രമിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം ഓര്‍മയിലേക്ക് വന്നത് കെ.പി ശശി ചെയ്ത ‘വോയ്‌സസ് ഫ്രം ദ റൂയിന്‍സ്, കണ്ഡമാല്‍ ഇന്‍ സെര്‍ച്ച് ഓഫ് ജസ്റ്റിസ്’ എന്ന ഡോക്യുമെന്ററിയെക്കുറിച്ചാണ്. കണ്ഡമാല്‍ പത്രത്താളില്‍ ഒടിഞ്ഞ കുരിശിന് മുന്നില്‍ കീറിയ വസ്ത്രം ധരിച്ച കന്യാസ്ത്രീകളുമായി ഓര്‍മയില്‍ സജീവമായുള്ള ചിത്രമാണ്. ഗുജറാത്തിലെ കുത്തബ്ദീന്‍ അന്‍സാരിയെപ്പോലെ. പക്ഷേ, ഈ ഡോക്യുമെന്ററിയാണ് കണ്ഡമാലിലെ യാഥാര്‍ഥ്യങ്ങളിലേക്ക് വരും വര്‍ഷങ്ങളില്‍ ആ സംഭവം സൃഷ്ടിച്ചെടുക്കാന്‍ പോകുന്ന ഭയത്തിന്റെ ആവരണത്തെക്കുറിച്ച് മനസ്സിലാക്കി തന്നത്. ഛത്തീസ്ഗഡില്‍ ഇപ്പോള്‍ നടന്നത് ആ ഡോക്യുമെന്ററി ശക്തമായി അന്നേ വിളിച്ച് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞത് ചെറിയൊരു പ്രശ്‌നത്തെ മാധ്യമപ്രവര്‍ത്തകര്‍ വലിയ വിഷയമാക്കി എന്നാണ്. മനുഷ്യക്കടത്തുപോലെയുള്ള ഗുരുതര കുറ്റകൃത്യം ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ ആക്രമിക്കുകയും ജയിലിലടക്കുകയും ചെയ്ത സംഭവത്തെയാണ് നിസാര സംഭവം എന്ന് ബജ്‌റംഗ്ദള്‍ വിശേഷിപ്പിച്ചത്. അത് ചിലപ്പോള്‍ അവരെ സംബന്ധിച്ച് ശരിയുമായിരിക്കാം. അതിലും ഹീനമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ളപ്പോള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയോ അല്ലെങ്കില്‍ വളരെ വൈകി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ചെയ്യുന്ന ഇടത്താണ് ഒരു മാധ്യമ പട തന്നെ ഈ കേസില്‍ വന്ന് തമ്പടിച്ചിട്ടുള്ളത്. മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ നമ്മള്‍ 151-ാം ഇടത്താണല്ലോ. നിങ്ങളോട് ഒന്ന് താഴാന്‍ പറഞ്ഞതേയുള്ളൂ പക്ഷേ നിങ്ങള്‍ ഇഴഞ്ഞൂ എന്ന് അടിയന്തരാവസ്ഥയിലെ മാധ്യമങ്ങളെക്കുറിച്ച് പറഞ്ഞ എല്‍.കെ അദ്വാനിയുടെ പാര്‍ട്ടി ഇപ്പോള്‍ മാധ്യമങ്ങളെ ഭൂമിക്കടിയില്‍ ഇഴയാന്‍ വിട്ടിരിക്കുകയാണെന്നത് മറ്റൊരു സത്യം.

ഛത്തീസ്ഗഡില്‍ മാത്രമല്ല ഒഡീഷ, യു.പി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ക്രിസതുമത വിശ്വാസികള്‍ ആക്രമിക്കപ്പെടുന്നുണ്ട്. മുസ്‌ലിംകളോട് സംഘ്പരിവാറിനുള്ള അതേ വെറുപ്പ് തന്നെയാണ് ക്രിസ്ത്യാനികളോടും അവര്‍ക്കുള്ളത്. അത് മനസ്സിലാകാത്തവര്‍ ഇന്ത്യയില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് നേരെയും അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും നടത്തിയ ആക്രമണങ്ങളുടെ ലിസ്റ്റ് ഗൂഗിള്‍ ചെയ്ത് മനസ്സിലാക്കണം. ഈ ആക്രമണങ്ങളൊന്നും ആകസ്മികമോ സാഹചര്യത്തിന്റെ സമ്മര്‍ദ്ദമോ ആയിരുന്നില്ല. കൃത്യമായി ആസൂത്രണം ചെയ്ത് സാവധാനത്തില്‍ നടപ്പാക്കിയ കര്‍മ പദ്ധതികള്‍ ആയിരുന്നു. ഛത്തീസ്ഗഡിലെ സംഭവം തന്നെ നോക്കൂ. കന്യാസ്ത്രീകളുടെ ഒപ്പം സ്വദേശി വനിതകളെ കണ്ട റെയില്‍വേ ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ആക്രമണത്തിലേക്കും കേസിലേക്കും നയിച്ചത്. ഇത്ര പെട്ടെന്ന് ബജ്‌റംഗ്ദളിന് എങ്ങനെ അതിന്റെ മിഷണറിയെ ചലിപ്പിക്കാന്‍ കഴിഞ്ഞു. ആക്രമണം, കേസ്, എന്‍.ഐ.എ കോടതി, ജയില്‍ വരെയെത്തിക്കാന്‍ കഴിഞ്ഞു. അത് കേവലം സ്വാഭാവിക പ്രക്രിയയല്ല, പകരം കാലങ്ങളായി അവരുടെ തിങ്ക് ടാങ്കുകള്‍ വികസിപ്പിച്ചെടുത്ത നൂറു ശതമാനം വിജയസാധ്യതയുള്ള പല ഫോര്‍മുലകളാണ് അതിന് പിന്നില്‍. വിദ്വേഷവും, നിയമവും, മാധ്യമങ്ങളും എല്ലാം ഉള്‍ച്ചേര്‍ന്ന ഒരു മികച്ച മിശ്രിതമാണത്. കൂട്ടിച്ചേര്‍ക്കലുകള്‍ സാഹചര്യത്തിനനുസരിച്ചായിരിക്കും എന്ന് മാത്രം. ഈ ഫോര്‍മുലകള്‍ ശത്രുക്കളായി കണ്ട ഏത് വിഭാഗം മനുഷ്യര്‍ക്ക് നേരെയും പ്രയോഗിക്കാന്‍ അവര്‍ മടിക്കാറില്ല. മുസ്‌ലിംകളാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇരകള്‍ എന്ന് മാത്രം.

ഒന്നാലോചിച്ച് നോക്കിയാല്‍ എത്ര സുതാര്യമായാണ് സംഘ്പരിവാര്‍ അവരുടെ അജണ്ട ഇവിടെ നടപ്പാക്കുന്നത്. എന്തെങ്കിലും ഒളിയോ മറയോ ഉണ്ടോ? വനരോധനം പോലെ ചില എതിര്‍പ്പുകള്‍ അങ്ങിങ്ങ് ഉയരുകയും ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നത് പോലെ നിയമം ചില നടപടികള്‍ സ്വീകരിക്കുന്നതും ഏതെങ്കിലും ഘട്ടത്തില്‍ സംഘ്പരിവാറിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയാതായി ആര്‍ക്കെങ്കിലും അറിവുണ്ടോ? ഇപ്പോഴിതാ കന്യാസ്ത്രീകള്‍ അറസ്റ്റിലായ പശ്ചാത്തലം മുതലെടുത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിനെതിരായ നിയമം ശക്തമാക്കാന്‍ ഒരുങ്ങുന്നു. ആ നിയമം കൂടി വന്നാല്‍ വെറും വാക്കിന്റെ പുറത്ത് മതന്യൂന പക്ഷങ്ങളെ നിയമക്കുരിക്കില്‍ പെടുത്താന്‍ സാധിക്കും.

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് നടന്നപ്പോള്‍ നമ്മളില്‍ പലരും 2007 മുതല്‍ ഒഡീഷയിലെ കണ്ഡമാലില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് നേരെ നടന്ന ആക്രമണ പരമ്പരകളെ ഓര്‍ക്കുന്നുണ്ടാകും, അതിലും കുറച്ചുപേര്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് പിറക്കുന്നതിന് ഒരു വര്‍ഷം മുന്നെ സംഭവിച്ച ക്രിസ്ത്യന്‍ മിഷണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ന്‍സിന്റെയും അദേഹത്തിന്റെ പത്തും ആറും വയസ്സുള്ള രണ്ട് മക്കളുടേയും അതിക്രൂരമായ കൊലപാതകവും ഓര്‍ക്കുന്നുണ്ടാകും. സംഘ്പരിവാറിലെ പ്രബല വിഭാഗമായ ബജ്‌റംഗ് ദള്‍ ആണ് ഈ രണ്ട് സംഭവങ്ങളും നടപ്പാക്കിയത്. ഗ്രഹാം സ്റ്റെയ്ന്‍സിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രതാപ് ചന്ദ്ര സാരംഗി നിലവില്‍ ബിജെപിയുടെ പാര്‍ലമെന്റ് അംഗമാണ് എന്നത് എത്ര ക്രൂരമായ തമാശ ആണല്ലേ.

കെ.പി ശശി ചെയ്ത വോയ്‌സസ് ഫ്രം ദ റൂയിന്‍സിനെക്കുറിച്ചാണ് പറഞ്ഞ് തുടങ്ങിയത്. അത് ഈ ഘട്ടത്തില്‍ വീണ്ടും പ്രദര്‍ശിപ്പിക്കേണ്ട സിനിമയാണ്. കണ്ഡമാലില്‍ നടന്ന കലാപത്തെക്കുറിച്ച് 2009 ല്‍ തുടങ്ങി എട്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ സമഗ്രമായ ഒരു ഡോക്യുമെന്ററിയാണ് വോയ്‌സസ് ഫ്രം ദ റൂയിന്‍സ്. ഒരു വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പോലെ സുതാര്യമാണ് ആ ഡോക്യുമെന്ററി. അതില്‍ കണ്ഡമാലിലും ഇന്ത്യയില്‍ പൊതുവെയും സംഘ്പരിവാര്‍ പ്രാവര്‍ത്തികമാക്കുന്ന അജണ്ടകളുടെ വ്യക്തമായ ചിത്രമുണ്ട്. അതില്‍ നിന്നും ഒട്ടും മുന്നോട്ട് പോയി ഒരു പുതിയ അടവും സംഘപരിവാര്‍ പുറത്തെടുത്തിട്ടില്ല. എന്നിട്ടും അവര്‍ ഇവിടത്തെ ന്യൂനപക്ഷത്തിന്റേയും സാമാന്യബോധമുള്ള ജനങ്ങളുടെമേലും ആധിപത്യം പുലര്‍ത്തിക്കൊണ്ടേയിരിക്കുന്നു. അതിന് പ്രധാന കാരണം ഇത്തരം ആക്രമണങ്ങളോട് പൊതുസമൂഹം കാണിക്കുന്ന കുറ്റകരമായ നിസംഗതയാണ്, തന്റെ തൊലിപ്പുറത്ത് തൊടുമ്പോള്‍ മാത്രം ഉണരുന്ന മതേതരത്വമാണ്. വോയ്‌സ് ഫ്രം ദ റൂയിന്‍സ് തന്നെയെടുക്കാം. ആ ഡോക്യുമെന്ററിയില്‍ തുടക്കത്തില്‍ തന്നെ ഈ ആക്രമണങ്ങളുടെ വൈചിത്രം വ്യക്തമാക്കുന്നുണ്ട്. ഒഡീഷയില്‍ മതപരിവര്‍ത്തനം നടക്കുന്നു എന്നാണ് ബജ്‌റംഗ്ദള്‍ ആരോപിച്ചിരുന്നത്. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തന്നെ ക്രിസ്ത്യന്‍ മിഷണറിമാരും ക്രിസ്തുമതവും ഒഡീഷയില്‍ ഉണ്ട്. പല ഹൈന്ദവ ക്ഷേത്രങ്ങളും പിന്നീട് വന്നതാണെന്ന് ഡോക്യുമെന്ററി പറയുന്നു. മാത്രമല്ല ഒഡിയയുടെ പിതാവ് മധുസൂദന്‍ ദാസ് തന്നെ ഒരു പരിവര്‍ത്തിത ക്രിസ്ത്യാനിയാണ്. ഇങ്ങനെയൊരു സ്ഥലത്താണ് സംഘ്പരിവാര്‍ കെട്ടിയിറക്കിയ കഥകള്‍ മെനഞ്ഞ് തദ്ദേശീയരെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇത്തരത്തില്‍ ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ദുരവസ്ഥ പച്ചയായി പരിശോധിക്കുന്ന ആ ഡോക്യുമെന്ററിയ്ക്ക് കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഒട്ടുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മാത്രമല്ല ലൗ ജിഹാദ് പോലെയുള്ള സംഘ്പരിവാര്‍ വിഷയങ്ങളില്‍ രാജാവിനേക്കാള്‍ വലിയ രാജ ഭക്തിയാണ് കാസ പോലുള്ള സംഘടനകളും അവരോട് അനുഭാവമുള്ള സഭയിലെ ചില ഉന്നതരും കാണിക്കുന്നത്.

ഇതെഴുതാനിരുന്നപ്പോള്‍ തോന്നിയ മറ്റൊരു യാദൃശ്ചികത, 2008ലാണ് മലേഗാവ് സ്‌ഫോടനം നടക്കുന്നത്. 2008ല്‍ തന്നെയാണ് ഒറീസയിലെ കണ്ഡമാലില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണ പരമ്പരകളും നടപ്പാകുന്നത്. അന്ന് കേസില്‍ കുടുങ്ങിയ പ്രഗ്യ സിംഗ് ഠാക്കൂര്‍ (ഹേമന്ദ് കാര്‍ക്കറെയുടെ നിര്‍ണായക നിലപാടും അന്വേഷണവുമാണ് പ്രഗ്യയെ കുടുക്കിയത്, പക്ഷേ അതേവര്‍ഷം നടന്ന മുംബൈ ഭീകരാക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ആ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു.) കഴിഞ്ഞ ദിവസം പൂര്‍ണ സ്വതന്ത്രയായി, പക്ഷേ കന്ധമാല്‍ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മലേഗാവും ഒരു പക്ഷേ ആവര്‍ത്തിച്ചേക്കും. തമാശയെന്തെന്നാല്‍ കെ.പി ശശിയെപ്പോലെയുള്ള സംവിധായകര്‍ വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് നിര്‍മിച്ചെടുത്ത സത്യസന്ധമായ സിനിമകളെ തട്ടുപൊളിപ്പന്‍ വാണിജ്യ സിനിമകളുടെ വ്യാജ നരേറ്റീവുകള്‍ ഉപയോഗിച്ച് സംഘ്പരിവാര്‍ പൊളിക്കുന്നത് വളരെയെളുപ്പത്തിലാണ്. കരി പൂശുകയും ആ കരി വളമാക്കി ഹിന്ദുത്വത്തിന്റെ വളര്‍ച്ച സാധ്യമാക്കുകയും, മറ്റൊരു ഭാഗത്ത് കശ്മീര്‍ ഫയല്‍സും, കേരള സ്റ്റോറിയും, ഛാവയും, കേസരി ചാപ്റ്റര്‍2 പോലുള്ള ജനപ്രിയ സിനിമകളിലൂടെ അവ അതി ഗംഭീരമായി വെള്ളപൂശി മായ്ക്കുന്നുമുണ്ട് സംഘപരിവാര്‍. ഇതൊക്കെ എവിടെയോ കേട്ട പോലുണ്ടോ? നാസി ജര്‍മനിയും ഇങ്ങനെയൊക്കെയായിരുന്നു. ട്രൈംഫ് ഓഫ് ദി വില്‍ പോലെയുള്ള ക്ലാസിക് പ്രൊപഗാണ്ട സിനിമകളെടുത്ത് നാസിസത്തെ വെള്ള പൂശിയ ലെനി റീഫന്‍സ്റ്റാള്‍ മികച്ച സംവിധായികയായിരുന്നെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലായിരുന്നു.

മറ്റൊന്നു കൂടി ഇതിനൊപ്പം സംഭവിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകന്‍ ദി കേരള സ്റ്റോറി ചെയ്ത സുദീപ്‌ദോ സെന്‍. ഏത്? അതേ, നീളമേറിയ ഒരു വാട്‌സ്ആപ്പ് ഫോര്‍വേഡ് എന്ന് എന്‍ഡിടിവിയില്‍ എഴുതിയ റിവ്യൂവില്‍ സൈബാള്‍ ചാറ്റര്‍ജി വിശേഷിപ്പിച്ച അതേ കേരള സ്റ്റോറി തന്നെ. അന്ന് കേരളത്തിനെതിരെ അയച്ച ആ മിസൈല്‍ ഇവിടത്തെ സാംസ്‌കാരിക റഡാറില്‍ തട്ടി തെറിച്ചെങ്കിലും, അത് പല ഉത്തരേന്ത്യന്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലും നല്ല രീതിയില്‍ പൊട്ടിയിട്ടുണ്ടെന്ന് അത് വാരിക്കൂട്ടിയ പണം കണ്ടാല്‍ മനസ്സിലാവും. എന്താണ് ആ സിനിമ കൈകാര്യം ചെയ്യുന്നത്? ലൗ ജിഹാദ്.ര ാജ്യത്തെ പൗരന്മാര്‍ക്ക് കൃത്യമായ സന്ദേശം കിട്ടിയില്ലേ? കിട്ടി. വര്‍ഗീയവാദിക്ക് ഇവിടെ വര്‍ഗീയത നടപ്പാക്കാം എന്നും, സാധിച്ചാല്‍ ഒരു നാഷ്ണല്‍ അവാര്‍ഡ് കിട്ടുമെന്നും, ഭിന്നാഭിപ്രായമുള്ളവന് കണ്ടംവഴി ഓടാമെന്നും അവനിവിടെ രക്ഷയില്ല എന്ന സന്ദേശവും കിട്ടി.

ആദ്യം അവര്‍ കമ്യൂണിസ്റ്റുകളെ തേടി വന്നു
ഞാന്‍ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്യുണിസ്റ്റ് അല്ലായിരുന്നു

പിന്നീട് വര്‍ തൊഴിലാളികളെ തേടി വന്നു

അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല

പിന്നീട് അവര്‍ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവില്‍ അവര്‍ എന്നെ തേടി വന്നു
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍

ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…

മാര്‍ട്ടിന്‍ നീമൊളര്‍ എന്ന ക്രിസ്ത്യന്‍ പുരോഹിതനാണ് നാസി ജര്‍മനിയിലിരുന്ന് ഈ വരികള്‍ എഴുതിയത്. ഇതിന്റെ വ്യാഖ്യാനത്തെക്കുറിച്ച് പല അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ഉദ്ദേശിച്ചത് അതിക്രമത്തിന് മൗനത്തിന്റെ കുടപിടിക്കുന്നവരെയാണെന്നത് വ്യക്തമാണ്. എത്ര കെ.പി ശശിമാര്‍ ഉള്ളു തുരന്ന് ചെമ്പരത്തി പൂ കാണിച്ചാലും അതിനെയെല്ലാം പ്രളയ ജലം പോലെ ഒഴുക്കാന്‍ കഴിയുന്ന വ്യാജ നരേറ്റീവുകള്‍ എപ്പോഴേ സംഘ്പരിവാറിന്റെ അടുക്കളയില്‍ തയ്യാറായി കഴിഞ്ഞു. സ്വയം ജാഗരൂകരാകുക, പ്രതിഷേധിക്കാന്‍ കഴിയുന്നയിടങ്ങളിലെല്ലാം നിസംഗത വെടിഞ്ഞ് പ്രതിഷേധിക്കുക എന്നു മാത്രമേ ഈയവസരത്തില്‍ പറയാന്‍ കഴിയൂ.

 

 

 

 

 

 

Related