August 13 Thursday 2026

സ്വാഭിമാനപ്രസ്ഥാനവും തന്തൈ പെരിയാറും

സ്വാഭിമാനപ്രസ്ഥാനം @ 100

ബ്രാഹ്മണാധിപത്യത്തിനും ജാതി കേന്ദ്രീകൃതമായ സാമൂഹിക അസമത്വത്തിനുമെതിരെ സ്വാഭിമാനത്തിന്റെയും സോഷ്യലിസത്തിന്റെയും ആശയ പ്രപഞ്ചം വികസിപ്പിച്ച് മിഴകത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറ പാകിയ സ്വാഭിമാന പ്രസ്ഥാനം (Self Respect Movement) ശതാബ്ദിയുടെ നിറവിലാണ്. ജനാധിപത്യവിരുദ്ധമായ ബ്രാഹ്മണിസത്തെ (സമത്വം, സ്വാതന്ത്ര്യം, സാ ഹോദര്യം എന്നീ ആദര്‍ശങ്ങളുടെ നിഷേധം) നഖശിഖാന്തം എതിര്‍ത്തും ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തും സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി വാദിച്ചും ജാതിസമ്പ്രദായത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ പൗരാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയും 1925-ല്‍ തന്തൈ പെരിയാര്‍ എന്ന പെരിയാര്‍ ഇ.വി രാമസ്വാമി രൂപം നല്‍കിയ സ്വാഭിമാന മുന്നേറ്റത്തിലൂടെയാണ് തമിഴ് ജനത ഇന്നും കൈമോശം വന്നു പോകാതെ സംരക്ഷിക്കുന്ന ദ്രാവിഡ രാഷ്ടീയത്തിന് അടിത്തറ സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. സ്വാഭിമാനപ്രസ്ഥാനത്തിന് വരവിന് മുന്‍പ് തന്നെ 1916 – ല്‍ ജസ്റ്റീസ് പാര്‍ട്ടിയും അതിനും വളരെ മുന്‍പ് 1890 കളില്‍ പണ്ഡിറ്റ് അയോദി ദാസ് നേതൃത്വം നല്‍കിയ ആദിദ്രാവിഡ, ബുദ്ധിസ്റ്റ് പ്രസ്ഥാനങ്ങളും ബ്രാഹ്മണിസത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരെ നവോത്ഥാന സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും 1925-ല്‍ തന്തൈ പെരിയാര്‍ സ്വാഭിമാനപ്രസ്ഥാനത്തിന് രൂപം നല്‍കുന്നതോടുകൂടിയാണ് അബ്രാഹ്മണ പ്രസ്ഥാനം ഇന്നത്തെ നിലയില്‍ ഒരു രാഷ്ടീയ മുന്നേറ്റമായി വികസിക്കുന്നത്.

1920-ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ തന്തൈ പെരിയാര്‍ അന്നത്തെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിലനിന്നിരുന്ന ബ്രാഹ്മണാധിപത്യത്തെയും സവര്‍ണ-വരേണ്യ ചിന്താഗതികളെയും പ്രാതിനിധ്യവാദ നിഷേധ സമീപനങ്ങളെയും ചോദ്യം ചെയ്തും പ്രതിഷേധിച്ചുമായിരുന്നു കോണ്‍ഗ്രസ് വിട്ട് 1925-ല്‍ സ്വാഭിമാനപ്രസ്ഥാനത്തിന് രൂപം നല്‍കിയത്. തമിഴ്‌നാട്ടിലെ ഈറോഡില്‍ മുള പൊട്ടിയ ആ വിപ്ലവ പ്രസ്ഥാനം വളരെപ്പെട്ടന്ന് തമിഴ്‌നാടിന് പുറത്ത് ശ്രീലങ്ക, ബര്‍മ്മ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. വ്യക്തിയുടെ സ്വാഭിമാനത്തെയും അന്തസ്സിനെയും അംഗീകരിക്കാത്ത, സാമൂഹ്യ സ്വാതന്ത്ര്യത്തിന് മുന്‍ഗണന നല്‍കാത്ത രാഷ്ട്രീയ സ്വാതന്ത്ര്യം അര്‍ഥശൂന്യമായിരിക്കുമെന്നായിരുന്നു പെരിയാറുടെ പക്ഷം. അതുകൊണ്ടു തന്നെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുപരി സാമൂഹ്യ സ്വാതന്ത്ര്യത്തിനും സമത്വത്തിനുമായിരുന്നു അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നല്‍കിയത്. ഇന്ത്യയില്‍ ശ്രേണീകൃത അസമത്വത്തിനും വിവേചനങ്ങള്‍ക്കും വഴിതെളിച്ച, ബ്രാഹ്മണ സവര്‍ണാധിപത്യത്തിന് തുടക്കം കുറിച്ച ജാതികേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥ തകരണമെന്നും ജാത്യാധിഷ്ടിത സാമൂഹ്യ വ്യവസ്ഥയുടെ പ്രത്യയശാസ്ത്രമായ ബ്രാഹ്മണിസം മനുഷ്യ വിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു.

1929-ല്‍ നടന്ന സ്വാഭിമാന പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനത്തിലാണ് പെരിയാര്‍ ആ പ്രസ്ഥാനത്തിന്റെ പ്രാധാന്യവും തത്വങ്ങളും ഇപ്രകാരം വിശദീകരിച്ചത്. സമൂഹത്തില്‍ ഒരു വിധത്തിലുള്ള അസമത്വവും ഉണ്ടാകാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ച അദ്ദേഹം സാമ്പത്തിക ജീവിതത്തില്‍ സമ്പന്നനും ദരിദ്രനും തമ്മില്‍ വ്യത്യാസം ഉണ്ടാകാന്‍ പാടില്ലെന്നും സ്ത്രീ പുരുഷ സമത്വം പുലരണമെന്നും ജാതി, മതം, വര്‍ണം, രാജ്യം എന്നിവയോടുള്ള ആസക്തി ഒഴിവാക്കണമെന്നും വാദിച്ചു. തികഞ്ഞ യുക്തിവാദിയായിരുന്ന പെരിയാര്‍ ശാസ്ത്ര ബോധ്യത്തിന്റെ വെളിച്ചത്തിലായിരുന്നു അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയതും പ്രവര്‍ത്തിച്ചതും. അതുകൊണ്ടാണ് പുതിയ കാലഘട്ടത്തിലെ പ്രവാചകന്‍ എന്ന് യുനെസ്‌കോ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. ധര്‍മത്തിന്റെയും കര്‍മത്തിന്റെയും പേരില്‍ നടക്കുന്ന നിന്ദ്യമായ ആചാരനുഷ്ഠാനങ്ങള്‍ക്കെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ യുക്തിബോധത്തില്‍ അധിഷ്ഠിതമായിരുന്നു. സ്ത്രീ പുരുഷ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച സ്വാഭിമാന പ്രസ്ഥാനം സാമൂഹ്യ മുന്നേറ്റങ്ങളില്‍ സ്ത്രീകളെ അണിനിരത്തിയും നേതൃത്വത്തിലേക്കും സംഘബോധത്തിലേക്ക് അവരെ നയിച്ചുമായിരുന്നു സ്ത്രീ ശാക്തീകരണത്തിനും വിമോചന മുന്നേറ്റത്തിനും മാര്‍ഗദര്‍ശിയായി മാറിയത്.

ഡോ. അംബേദ്ക്കറെ പോലെ ഒരു സമൂഹത്തിന്റെ വളര്‍ച്ച ആ സമൂഹത്തിലെ സ്ത്രീകളുടെ വളര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കണം എന്നു പെരിയാറും വാദിച്ചു. വിധവാ വിവാഹം, സ്വാഭിമാന വിവാഹം, മിശ്രവിവാഹം എന്നിവ സ്വാഭിമാന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന അജണ്ടയുടെ ഭാഗമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗത്തിലെ ബ്രാഹ്മണാധിപത്യത്തെ നിരന്തരം ചോദ്യം ചെയ്ത പെരിയാര്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍വീസില്‍ ജനസംഖ്യാനുപാതിക പ്രതിനിധ്യം നല്‍കി സാമൂഹിക നീതി ഉറപ്പാക്കണമെന്നും നിരന്തരം വാദിച്ചുകൊണ്ടിരുന്നു. ഇതിന്റെ പരിണിത ഫലമായിട്ടാണ് 1928-ല്‍ തമിഴ്‌നാട്ടിലെ സ്റ്റേറ്റ് സര്‍വീസില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം നേടിയെടുക്കാന്‍ കഴിഞ്ഞത്. 1930 കളിലെ വട്ടമേശ സമ്മേളനങ്ങളില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സെപ്പറേറ്റ് ഇലക്ടേറ്റിന് അംഗീകാരം ലഭിച്ചപ്പോള്‍ ഡോ. അംബേദ്ക്കറെ പിന്തുണച്ചു കൊണ്ട് പെരിയാര്‍ സ്വീകരിച്ച നിലപാട് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. സെപ്പറേറ്റ് ഇലക്ട്രേറ്റിനെതിരെ ഗാന്ധി മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പെരിയാര്‍ ഡോ. അംബേദ്ക്കര്‍ക്ക് നല്‍കിയ പിന്തുണ പരക്കെ ശ്ലാഘിക്കപ്പെട്ടിരുന്നു.

ജാതിവിരുദ്ധ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനം എന്ന നിലയില്‍ സ്വാഭിമാന പ്രസ്ഥാനം തമിഴകത്തിന്റെ സാമൂഹിക- രാഷ്ട്രീമണ്ഡലങ്ങളില്‍ ചെലുത്തിയ സ്വാധീനം അന്നും ഇന്നും അപരിമേയവും പ്രസക്തവുമാണ്. ബ്രാഹ്മണമേധാവിത്വത്തെ സനാതനവത്കരിക്കുന്ന ഹിന്ദുസാമൂഹിക ഘടനയെ വെല്ലുവിളിച്ച സ്വാഭിമാന പ്രസ്ഥാനം സാമൂഹ്യ നീതിക്കും സാമൂഹ്യ സമത്വത്തിനും വേണ്ടി നിലകൊള്ളുകയും അബ്രഹ്മണ വിഭാഗങ്ങള്‍ക്കിടയില്‍ ആത്മാഭിമാനം ഉണ്ടാകേണ്ടതിന്റെ അനിവാര്യത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ബ്രാഹ്മണ മേല്‍ക്കോയ്മയ ന്യായീകരിക്കുന്ന ജാതിവ്യവസ്ഥയെ തകര്‍ക്കുന്നതിലൂടെ മാത്രമെ ഹിന്ദു സമൂഹഘടനയെ ഉടച്ചുവാര്‍ക്കാന്‍ കഴിയൂ എന്നായിരുന്നു പെരിയാറിന്റെ വാദം. അതുകൊണ്ടുതന്നെ ബ്രാഹ്മണ മേധാവിത്വത്തെ സാധൂകരിക്കുന്ന എല്ലാവിധ പുരാണേതിഹാസങ്ങളെയും സ്ഥാപനങ്ങളെയും ഭാഷകളെയും അടയാളങ്ങളെയും പെരിയാറും സ്വാഭിമാന പ്രസ്ഥാനവും നഖശിഖാന്തം എതിര്‍ത്തു. ജാതി, മത, വര്‍ണ്ണങ്ങളുടെ പേരില്‍ നിലനില്‍ക്കുന്ന എല്ലാവിധ അസമത്വങ്ങളെയും എതിര്‍ത്ത സ്വാഭിമാന പ്രസ്ഥാനം ആത്യന്തികമായി സാമൂഹ്യ സമത്വത്തിനും ലിംഗസമത്വത്തിനും വ്യക്തിയുടെ സ്വാഭിമാനത്തിനും യുക്തിബോധത്തിനും വേണ്ടിയാണ് നിലകൊണ്ടത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും തുല്യ പദവിക്കും വേണ്ടി വാദിച്ച സ്വാഭിമാന പ്രസ്ഥാനം സ്ത്രീകളുടെ വിദ്യാഭ്യാസം, സ്വത്തവകാശം എന്നിവക്കു വേണ്ടിയും വാദിച്ചു. ഒപ്പം ശൈശവ വിവാഹത്തെ എതിര്‍ക്കുകയും വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും പൗരോഹിത്യത്തെ നിരാകരിച്ചു കൊണ്ട് സ്വാഭിമാന വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോന്നു. തമിഴകത്തില്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചതും വിധവാ വിവാഹത്തെ പിന്തുണച്ചതും അതിനു വേണ്ടി വാദിച്ചതും സ്വാഭിമാന പ്രസ്ഥാനമായിരുന്നു. ജാതി ചിഹ്നങ്ങളും ജാതിപ്പേരുകളും നീക്കം ചെയ്യുക, ക്ഷേത്ര നിര്‍മാണത്തെയും വേദപഠനത്തെയും നിരുത്സാഹാപ്പെടുത്തുക എന്നതും സ്വാഭിമാന പ്രസ്ഥാനത്തിന്റെ അജണ്ടകളായിരുന്നു. നിയതാര്‍ഥത്തില്‍ ബ്രാഹ്മണാധിപത്യത്തിനും ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരെ കലാപത്തിലേര്‍പ്പെട്ട് തമിഴകത്തിന്റെ സാംസ്‌കാരിക, രാഷ്ടീയ ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ രചിച്ച സ്വാഭിമാന പ്രസ്ഥാനത്തിന്റെ ആശയാടിത്തറയില്‍ നിന്നാണ് പില്‍ക്കാലത്ത് ദ്രാവിഡ രാഷ്ടീയ മുന്നേറ്റങ്ങള്‍ ഉദയം ചെയ്യുന്നത്. ജനാധിപത്യ സംസ്‌കൃതിയുടെ അതിജീവനത്തിനും സാമൂഹിക നീതിയുടെ വീണ്ടെടുപ്പിനും വിവേചന രഹിത, സമത്വാധിഷ്ഠിത സമൂഹ നിര്‍മിതിയുടെ സാക്ഷാത്ക്കാരത്തിനും അബ്രാഹ്മണ, ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ അനിവാര്യമാണെന്ന് സ്വാഭിമാന പ്രസ്ഥാനം അന്നും ഇന്നും നമ്മളെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

 

Related