August 13 Thursday 2026

ജാതി സെന്‍സസ്, എയ്‍ഡഡ് നിയമനം, ആനുപാതിക പ്രാതിനിധ്യം – പഠനം ഭാഗം അഞ്ച്

a study on caste census part 5

എയ്ഡഡ് മേഖലയിലെ സംവരണം

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ എയ്ഡഡ് മേഖലയ്ക്ക് അതീവ പ്രാധാന്യമുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ എല്‍.പി സ്‌കൂളുകളില്‍ 61.01ശതമാനവും യു.പി സ്‌കൂളുകളുടെ 66.25 ശതമാനവും ഹൈസ്‌കൂളുകളുടെ 58.7 ശതമാനവും എയ്ഡഡ് മേഖലയിലാണ്. ട്രെയിനിംഗ് കോളജുകള്‍ ഉള്‍പ്പടെ 232 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളാണ് 2014-15 ല്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ 180 എണ്ണം അതായത് 78 ശതമാനവും എയ്ഡഡ് സ്ഥാപനങ്ങളാണ്.

എയ്ഡഡ് മേഖലയിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത് കേരള സര്‍ക്കാരാണ്. സംസ്ഥാന ബജറ്റിന്റെ 30 ശതമാനത്തോളം എയ്ഡഡ് മേഖലയിലെ ശമ്പളവും പെന്‍ഷനും നല്‍കാനാണ് നീക്കിവെക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയ്ഡഡ് മേഖലകള്‍ കൂടാതെയും പി.എസ്.സി വഴിയല്ലാതെയും ഒട്ടനവധി നിയമനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഭൂരിപക്ഷം നിയമനങ്ങളിലും സംവരണം പാലിക്കപ്പെടുന്നില്ല. ഇതില്‍ പ്രധാനപ്പെട്ട മേഖലകളാണ് ദേവസ്വം ബോര്‍ഡ്, വിവിധ സര്‍വ്വകലാശാലകള്‍, ഗവണ്‍മെന്റ് നേരിട്ട് നടത്തുന്ന കമ്പനികള്‍, അക്കാദമികള്‍, സൊസൈറ്റികള്‍, കൗണ്‍സിലുകള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ക്ഷേമബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവ.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കാമെന്നും നിയമനങ്ങളില്‍ സംവരണം നല്‍കുന്നതില്‍ നിയമപരമായി തടസങ്ങളൊന്നുമില്ലെന്നും 1958ലെ സുപ്രീം കോടതി ആറംഗ ബഞ്ച് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. 1957ലെ കേരള വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ടാണ് ഈ സുപ്രധാന വിധിയുണ്ടായത്. അതിനെ തുടര്‍ന്നാണ് 1959ല്‍ കേരള വിദ്യാഭ്യാസ നിയമം നിലവില്‍ വന്നത്. എന്നാല്‍ എന്‍.എസ്.എസിന്റെയും കത്തോലിക്കാ സഭയുടെയും നേതൃത്വത്തില്‍ വിമോചന സമരം രൂപം കൊള്ളുകയും ഒടുവില്‍ വിദ്യാഭ്യാസ നിയമം നടപ്പിലാക്കിയ അന്നത്തെ സര്‍ക്കാരിനെ പിരിച്ചുവിടുകയുമായിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന പട്ടം താണുപിള്ള സര്‍ക്കാര്‍ 1960ല്‍ വിദ്യാഭ്യാസ ഭേദഗതി നിയമം കൊണ്ടുവരികയും എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സി വഴിയായിരിക്കണമെന്നും സംവരണം പാലിക്കണമെന്നുമുള്ള വിദ്യാഭ്യാസ നിയമത്തിലെ പതിനൊന്നാം വകുപ്പ് മരവിപ്പിച്ച് നിയമനാവകാശം മാനേജര്‍മാര്‍ക്ക് നല്‍കുകയുമായിരുന്നു. തുടര്‍ന്ന് കേരളം ഭരിച്ച സര്‍ക്കാരുകള്‍ മാനേജ്‌മെന്റുകളുടെ ഭീഷണിക്ക് വഴങ്ങി മറിച്ചൊരു നിയമവും നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടില്ല.

കേരളത്തിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളുടെ 47.77 ശതമാനവും വിവിധ ക്രിസ്ത്യന്‍ മാനേജുമെന്റുകളുടെ കീഴിലാണ്. 18 കോളജുകള്‍ (10 %) എന്‍. എസ്. എസ്. (നായര്‍ സര്‍വ്വീസ് സൊസൈറ്റി) നടത്തുന്നതാണ്. 20 എണ്ണം (11.11%) എസ്.എന്‍. ട്രസ്റ്റിന്റെ മാനേജുമെന്റുകളുടെ കീഴിലാണ്. 7 കോളജുകള്‍ (3.88 %) സര്‍ക്കാരിന്റെ കീഴിലുള്ള ദേവസ്വം ബോര്‍ഡാണ് നടത്തുന്നത്. 12 എണ്ണം (6.66 %) കോളജുകള്‍ ഏകാംഗ മാനേജ്‌മെന്റുകളാണ്. 2 എണ്ണം (1.11 %) ശ്രീ ശങ്കരട്രസ്റ്റിന്റെ കീഴിലാണുള്ളത്. 22 ആര്‍ട്‌സ് & സയന്‍സ് കോളജുകളും 11 എണ്ണം അറബിക് കോളജുകളും അടക്കം 33 എണ്ണം (19.44 %) വിേവിധ മുസ്‌ലിം മാനേജുമെന്റുകള്‍ നടത്തുന്നതാണ്. പട്ടിക ജാതി മാനേജ്‌മെന്റും പട്ടികവര്‍ഗ മാനേജ്‌മെന്റുകള്‍ക്കുമായി 1 കോളേജ് വീതമുണ്ട്. എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കോ ഒ.ബി.സി വിഭാഗങ്ങള്‍ക്കോ ജനസംഖ്യയുടെ അനുപാതത്തിനടുത്തുപോലും കോളേജുകളില്ല എന്നും ആകെയുള്ള കോളേജുകളില്‍ 65 ശതമാനവും മുന്നാക്ക വിഭാഗങ്ങള്‍ക്കാണെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാനാവുന്നതാണ്.

അന്ന്‌തൊട്ട് ഇന്നുവരെ എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ സംവരണാടിസ്ഥാനത്തിലല്ല നടത്തപ്പെടുന്നത്. എയ്ഡഡ് മേഖലയില്‍ പട്ടിക ജാതി/പട്ടിക വര്‍ഗ സംവരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ദളിത് ആദിവാസി വിഭാഗങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നിയമ പോരാട്ടങ്ങള്‍ നടത്തിയെങ്കിലും പ്രസ്തുത പോരാട്ടത്തെ കേസ് നടത്തി തോല്‍പ്പിക്കാന്‍ മുന്‍നിരയില്‍ നിന്നത് സവര്‍ണ സമുദായ സംഘടനകളാണ്. സമുദായ സംഘടനകളാല്‍ നിയന്ത്രിക്കപ്പെടുന്ന എയ്ഡഡ് കോളേജുകളില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെയോ അതല്ലെങ്കില്‍ കൂടുതല്‍ കോഴ നല്‍കാന്‍ തയ്യാറുള്ളവരെയോ ആണ് നിയമിക്കാറ്. വിദ്യാഭ്യാസ യോഗ്യതയും കൂടുതല്‍ അധ്യാപന പരിചയവും എല്ലാമുണ്ടായാല്‍ പോലും പണമുള്ളവന് മാത്രം നിയമനം ലഭിക്കുന്ന അവസ്ഥ. ഇത് സംവരണ വിഭാഗങ്ങളിലെ, വിശിഷ്യാ പട്ടിക ജാതി-പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ടവരെ എയ്ഡഡ് മേഖലയിലെ തൊഴിലവസരങ്ങളില്‍ നിന്നും അകറ്റുന്നു. സംവരണ വിഭാഗങ്ങളോട് വര്‍ഷങ്ങളായി തുടരുന്ന നീതികേടില്‍ സാമുദായിക സംഘടനകള്‍ നേതൃത്വം നല്‍കുന്ന മാനേജ്‌മെന്റുകളോടൊപ്പം സര്‍ക്കാരും പങ്കുചേരുകയാണ്.

 

പി.എസ്.സിയെ മറികടന്നുള്ള നിയമനങ്ങള്‍

2014-15ല്‍ ധനകാര്യ വകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച് കേരളത്തിലെ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടെ എണ്ണം 5,11,487 ആണ്. ഇതില്‍ പകുതിയിലധികം സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെയും തെരഞ്ഞെടുക്കുന്നത് പി.എസ്.സി മുഖേനയല്ല. 2014-15 വര്‍ഷത്തില്‍ ഒന്നര ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ എയ്ഡഡ് മേഖലയിലാണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. സ്വകാര്യ മാനേജര്‍മാര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ അധ്യാപകരായു അനധ്യാപകരായും നിയമിക്കുന്ന എയ്ഡഡ് മേഖലയില്‍ ഇന്നോളം മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കുമുള്ള സംവരണം നടപ്പിലാക്കിയിട്ടില്ല.

എയ്ഡഡ് മേഖലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ പ്രാതിനിധ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2016 ല്‍ യുവജനക്ഷേമ യുവജനകാര്യ സമിതിയെ ചുമതലപ്പെടുത്തി. അഞ്ച് ഇടത്പക്ഷ എം.എല്‍.എമാരും നാല് വലത്പക്ഷ എം.എല്‍.എമാരുമടങ്ങുന്ന സമിതിയുടെ ചെയര്‍മാന്‍ ടി.വി.രാജേഷ് എം.എല്‍. എ ആയിരുന്നു. വിദ്യാദ്യാസ വകുപ്പില്‍ നിന്ന് ശേഖരിച്ച കണക്കുകളനുസരിച്ച് എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി അടക്കം 1990 എയ്ഡഡ് സ്‌കൂളുകളിലായി ഒരു ലക്ഷത്തി പതിനൊന്നായിരത്തി ഇരുപത്തിനാല് അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ടെന്നും അതില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട 657 പേര്‍ (അനധ്യാപകരുള്‍പ്പെടെ) മാത്രമാണുള്ളതെന്നും ഇത് മൊത്തം അധ്യാപകരുടെ അര ശതമാനം മാത്രമേയുള്ളൂവെന്നും കണ്ടെത്തി.

എയ്ഡഡ് മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ കടുത്ത വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും കണ്ടെത്തിയ സമിതി എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കണമെന്നും നിയമനങ്ങള്‍ പി.എസ്.സി മുഖേനയാക്കണമെന്നും ശിപാര്‍ശ ചെയ്ത് കൊണ്ടുള്ള റിപ്പോര്‍ട്ട് 2017ല്‍ നിയമസഭയില്‍ സമര്‍പ്പിക്കുകയുണ്ടായി. റിപ്പോര്‍ട്ട് നിയമസഭയിലെത്തിയിട്ട് വര്‍ഷം ആറായെങ്കിലും ഇതുവരെയും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മാനേജ്മെന്റുകള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ നിയമിക്കുകയും സംവരണ തത്വങ്ങള്‍ അട്ടിമറിക്കുകയും ചെയ്യുന്ന രീതി നിയമപരമായി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്

90307 അദ്ധ്യാപകരാണ് എയ്ഡഡ് മേഖലയിലുള്ളതെന്നും അതില്‍ 808 പട്ടിക ജാതിക്കാരും 76 പട്ടിക വര്‍ഗക്കാരും മാത്രമാണ് ജോലി ചെയ്യുന്നതെന്ന് 2023 നവംബര്‍ 7 ന് നല്‍കിയ വിവരാവകാശ മറുപടിയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ട്. ഇതില്‍ ഒ.ബി.സിയുടെ കണക്ക് കിട്ടിയിട്ടില്ല. വ്യത്യസ്ത കണക്കുകളാണ് ഇത് സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്നത് എന്നതും പ്രാതിനിധ്യം അട്ടിമറിക്കാനുള്ള ചില ലോബികളുടെ നീക്കങ്ങളാണ്.

രാഷ്ട്രീയ മേഖലയിലും സംവരണം അനിവാര്യമാണ്. രാജ്യത്ത് എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ സംവരണമുണ്ട്. ഇത് പക്ഷേ നിയമ നിര്‍മാണ സഭകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അംഗത്വത്തില്‍ പരിമിതമാണ്. അതുകൊണ്ട് തന്നെ ക്യാബിനറ്റ് പോലെയുള്ള നിര്‍ണായക അധികാര കേന്ദ്രങ്ങളില്‍ ആനുപാതികമായ പ്രാതിനിധ്യം ഒരിക്കലും എസ്.സി. എസ്.ടി വിഭാഗങ്ങള്‍ക്ക് ലഭിക്കാറില്ല. കേരള മന്ത്രി സഭ തന്നെ എടുത്തു നോക്കൂ. മന്ത്രി സഭയില്‍ എസ്.സി വിഭാഗത്തിലുള്ള ഒരാള്‍ മാത്രം. എത്ര സീനിയോറിറ്റി ഉണ്ടെങ്കിലും നിര്‍ണായക വകുപ്പുകള്‍ എസ്.സി നേതാക്കള്‍ക്ക് ക്യാബിനറ്റില്‍ നല്‍കാറുമില്ല. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട ആരും മന്ത്രി സഭയിലില്ല. കേരള ചരിത്രത്തില്‍ ഒരേ ഒരാള്‍ മാത്രമാണ് ആ വിഭാഗത്തിന്റെ പ്രതിനിധിയായി മന്ത്രി സഭയില്‍ വന്നിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരും മറ്റ് സംസ്ഥാന സര്‍ക്കാരുകളും ഇതേ നിലയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്.

ഒ,ബി.സി വിഭാഗങ്ങള്‍ക്കാകട്ടെ നിയമ നിര്‍മാണ സഭകളില്‍ സംവരണമില്ലാത്തതിനാല്‍ ആനുപാതിക അംഗത്വം ലഭിക്കാറില്ല. വനിത സംവരണത്തില്‍ ഒ.ബി.സി ഉപ സംവരണം നടപ്പാക്കാതിരുന്നാല്‍ ഇനിയും പ്രാതിനിധ്യം കുറയാനിടയാകും. ദലിത് ക്രൈസ്തവര്‍, പിന്നാക്ക ഹിന്ദുക്കള്‍, മുസ്‌ലിങ്ങള്‍ തുടങ്ങിയവരെ ഇത് ഗുരുതരമായി ബാധിക്കും. രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ മുസ്‌ലിങ്ങളുടെ എണ്ണം അതീവ ഗുരുതരമായി കുറഞ്ഞു വരുന്നു. പാര്‍ലമെന്റില്‍ മുസ്‌ലിം പ്രാതിനിധ്യം കേവലം 26 അംഗങ്ങള്‍ മാത്രമാണ് 541 അംഗ ലോക്‌സഭയിലുള്ളത്. രാജ്യത്തെ 17 സംസ്ഥാന ക്യാബിനറ്റുകളില്‍ മുസ്‌ലിം മന്ത്രിമാരില്ല. കേന്ദ്ര ക്യാബിനറ്റിലും ഇല്ല. അധികാരത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നും മുസ്‌ലിം സമൂഹം തുടച്ച് നീക്കപ്പെടുകയാണ്.

ദലിത് ക്രൈസ്തവ സമൂഹവും മറ്റ് പരിവര്‍ത്തിത ദലിത് വിഭാഗങ്ങളും സമാനമായ പുറംതള്ളലിന് വിധേയമാകുകയാണ്. കേരളത്തിലെ കണക്കെടുത്താല്‍ 1964 ന് ശേഷം ദലിത് ക്രൈസ്തവരാരും കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടില്ല. മുഖ്യ മുന്നണികളുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പോലും അവരുണ്ടാകാറില്ല. ഇതെല്ലാം പരിഹരിക്കാന്‍ രാഷ്ട്രീയ സംവരണം കൂടി അനിവാര്യമാണ്.

 

 

(വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ബുക്ക്‍ലെറ്റ്)

 

പഠനത്തിന്‍റെ ഒന്നാം ഭാഗം – പ്രാതിനിധ്യത്തിന്‍റെ രാഷ്ട്രീയം

പഠനത്തിന്‍റെ രണ്ടാം ഭാഗം – എന്തിനാണ് ജാതി സെന്‍സസ്?

പഠനത്തിന്‍റെ മൂന്നാം ഭാഗം – ഒ.ബി.സി സംവരണം

പഠനത്തിന്‍റെ നാലാം ഭാഗം – ജാതിസെന്‍സസിന്റെ കേരള കാപട്യം

പഠനത്തിന്‍റെ അഞ്ചാം ഭാഗം – എയ്ഡഡ് മേഖലയിലെ സംവരണം

പഠനത്തിന്‍റെ ആറാം ഭാഗം – വേണ്ടത് ആനുപാതിക പ്രാധിനിത്യം

Related