ജാതിസെന്‍സസിന്റെ കേരള കാപട്യം
ജാതി സെന്‍സസ് ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തിട്ടുണ്ട്. ബീഹാറിനെ കൂടാതെ ഛത്തീസ്ഗഢ്, രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളും ജാതി സെന്‍സസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങി വെക്കുകയോ മുമ്പ് നടത്തിയ സാമൂഹിക-സാമ്പത്തിക-സാമുദായിക കണക്കെടുപ്പ് വിവരങ്ങള്‍ അടിസ്ഥാനമാക്കി സമുദായങ്ങളുടെ സംവരണതോത് പുതുക്കി നിശ്ചയിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയോ ചെയ്തിട്ടുണ്ട്. അതേസമയം ഈ വിഷയത്തില്‍ ഉരുണ്ടുകളിക്കുകയാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍. കോടതി നിര്‍ദേശമുണ്ടായിട്ടും വിദ്യാഭ്യാസ രംഗത്തെ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ സംവരണ തോത് 40% ആക്കാനുള്ള നടപടികള്‍ എടുത്തിട്ടില്ല. സര്‍ക്കാര്‍ സര്‍വീസിലെ പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം പഠിക്കാനുള്ള കണക്കെടുപ്പില്‍ കുറ്റകരമായ ഉദാസീനത കാണിച്ച ദളിത് ആദിവാസി വിഭാഗങ്ങളെയും മറ്റ് പിന്നോക്ക വിഭാഗങ്ങളെയും പിന്നാക്കാവസ്ഥയുടെ പരകോടിയിലേക്ക് തള്ളുന്ന വിധത്തിലുള്ള സവര്‍ണ ”കേരളീയത” ഉല്‍പാദിപ്പിക്കുന്ന തിരക്കിലാണ് സര്‍ക്കാരിപ്പോള്‍.
വേണ്ടത് സാമ്പിള്‍ സര്‍വേകളല്ല. ജാതി സെന്‍സസ് തന്നെയാണ്.
നിലവില്‍ ഹൈക്കോടതി മുന്‍പാകെ സമര്‍പ്പിച്ച ഹരജിയില്‍ നല്‍കിയ സമുദായങ്ങളുടെ സാമ്പത്തിക-സാമൂഹിക സ്ഥിതിയെ കുറിച്ച് ലഭ്യമായ കേരള ശാസ്ത്ര-സാഹിത്യ പരിഷത്തിന്റെ കേരള പഠനം 2006ലെ സാമ്പിള്‍ സര്‍വെ പ്രകാരമുള്ള കണക്കുകള്‍ നോക്കിയാല്‍ പിന്നാക്ക ലിസ്റ്റ് പുതുക്കുകയും സംവരണ തോത് പുതുക്കി നിശ്ചയിക്കുകയും ചെയ്യേണ്ടത് അനിവാര്യമായി വരും. അതേ സമയം കേരളപഠനത്തിലെ കണക്കുകളെ കുറെകൂടി കൃത്യപ്പെടുത്തുന്ന പഠനങ്ങള്‍ കൂടി കേരളത്തിലെ ജാതി സെന്‍സസുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനമാണ്. സംവരണതോത് പുനര്‍ നിര്‍ണയിക്കേണ്ടി വന്നാല്‍ കൃത്യമായ കണക്കില്ലെങ്കില്‍ വ്യത്യസ്ത സമൂഹങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധക്കായിരിക്കും കാരണമാകുക.
തിരുവനന്തപുരത്തുള്ള സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസ് (സിഡിഎസ്) കേരളത്തിലെ വിവിധ സമുദായങ്ങളുടെ വിദേശങ്ങളിലേക്കുള്ള സ്ഥിരമോ താല്‍കാലികമോ ആയ കുടിയേറ്റങ്ങളെ കുറിച്ചും അത് വിവിധ സമുദായങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളെയും പഠിക്കാന്‍ കേരള മൈഗ്രേഷന്‍ സര്‍വെ എന്ന പേരില്‍ വിവിധ കാലയളവുകളില്‍ സര്‍വേകള്‍ നടത്താറുണ്ട്. പ്രസ്തുത സര്‍വേകളും 2001, 2011 സെന്‍സസുകളും അടിസ്ഥാനമാക്കി സി.ഡി.എസ്സിലെ ഓണററി ഫെല്ലോ ആയിരുന്ന പ്രൊഫ കെ.സി സക്കറിയ എഴുതിയ Changing Kerala: Population Growth & Economic Development of Religious Denominations എന്ന പുസ്തകവും അതില്‍ കാണിച്ചിട്ടുള്ള കണക്കുകളും കുറെ കൂടി വിപുലമായ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്. (ഇതും സാമ്പിള്‍ സര്‍വ്വേ തന്നെയാണ്) ജാതി സെന്‍സസിന്റെ കേരളീയ പരിസരം ചര്‍ച്ച ചെയ്യുമ്പോള്‍ ഏറെ പ്രസക്തമായ , കേരളത്തിലെ വിവിധ സമുദായങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ നിലയെ വ്യക്തമാക്കിത്തരുന്നുണ്ട് 2017ല്‍ പുറത്തിറങ്ങിയ പ്രസ്തുത പഠനം. ഉദാഹരണത്തിന്, കേരളത്തിലെ സമുദായങ്ങളില്‍ വിദ്യാഭ്യാസ രംഗത്ത് താഴെ നില്‍ക്കുന്ന മൂന്നു സമുദായങ്ങളില്‍ ഒന്ന് മുസ്‌ലിം സമുദായമാണ്. അതേസമയം സാമ്പത്തിക സുസ്ഥിതി, ദാരിദ്രാവസ്ഥ എന്നിവയില്‍ മുസ്‌ലിം സമുദായം ഏറെ മെച്ചമാണെന്നും സര്‍വെയുടെ അടിസ്ഥാനത്തില്‍ ലേഖകന്‍ വരച്ചു കാണിക്കുന്നു. (പട്ടിക 7 കാണുക). സാമൂഹിക-സാമ്പത്തിക അവസ്ഥയുടെ കാര്യത്തില്‍ കേരളത്തിലെ മൊത്തം സമുദായങ്ങളില്‍ 8-ാമത്തെ സ്ഥാനമാണ് മുസ്‌ലിങ്ങളിലെ ഭൂരിപക്ഷ വിഭാഗമായ സുന്നികള്‍ക്ക് പഠനം നല്‍കിയിട്ടുള്ളത്. അതേസമയം മറ്റൊരു പ്രബല സമുദായമായ ഈഴവ സമുദായത്തിന് 14-ാമത്തെ റാങ്കും. (പട്ടിക 5 കാണുക)
അതേ സമയം ഈഴവ സമുദായത്തിലെ തൊഴില്‍ ചെയ്യുന്ന ആളുകളില്‍ 5.9% ആളുകള്‍ സര്‍ക്കാര്‍ സര്‍വീസിലും 3.0% അര്‍ദ്ധ സര്‍ക്കാര്‍ സര്‍വീസിലും ഉണ്ടെന്നും സര്‍വെ അടിസ്ഥാനമാക്കി പഠനം പറയുന്നു. തൊഴില്‍ രംഗത്തുള്ള മുസ്‌ലിങ്ങളില്‍ 2.9% സര്‍ക്കാര്‍ സര്‍വീസിലും 0.8% അര്‍ദ്ധ സര്‍ക്കാര്‍ സര്‍വീസുകളിലും ഉണ്ടെന്നും പഠനം പറയുന്നുണ്ട്. (പട്ടിക 6 കാണുക). എന്നാല്‍, ഈഴവ സമൂഹത്തിന് സാമ്പത്തികമായ പുരോഗതി വേണ്ടത്ര ഉണ്ടായിട്ടില്ല എന്നും പിന്നാക്കാവസ്ഥ തുടരുന്നു എന്നതും ബോധ്യപ്പെടും.
ദാരിദ്ര്യത്തിന്റെ അളവുകോലുകള്‍ എല്ലാം പരിഗണിച്ച് ഏറ്റവും ദാരിദ്രരായ മൂന്നു സമുദായങ്ങളെ ആദ്യം പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളും രണ്ടാമത് ദളിത് ക്രിസ്ത്യാനികളും മൂന്നാമത് വിശ്വകര്‍മ സമുദായവുമാണ് എന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ദാരിദ്ര്യം, വീട്ടുപകരണങ്ങള്‍, വിദ്യാഭ്യാസം, വീടിന്റെ ഗുണമേന്മ, പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം, വിദേശത്ത് നിന്നു പണം അയക്കല്‍ (Remittance), പത്താം ക്ലാസ്സ് യോഗ്യത നേടുന്നതില്‍ ഉള്ള പുരോഗതി, സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം തുടങ്ങിയ കാര്യങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളും അവസാന മൂന്നു സ്ഥാനങ്ങളും ഏതേതു സമുദായങ്ങള്‍ക്കാണ് എന്നു ഇനം തിരിച്ചുള്ള ഒരു പട്ടികയും കേരള മൈഗ്രേഷന്‍ സര്‍വേകളുടെ അടിസ്ഥാനത്തില്‍ ലേഖകന്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (പട്ടിക 7 കാണുക)
എന്നാല്‍ കേരള മൈഗ്രേഷന്‍ സര്‍വേകള്‍ക്കും മറ്റേതൊരു സാമ്പിള്‍ സര്‍വേക്കും ഉണ്ടാകാനിടയുള്ള പ്രശ്‌നം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ലേഖകന്‍ പുസ്തകത്തിലെ പല അനുമാനങ്ങളുടെയും വിശകലനത്തിന്റെ കൂടെ പറയുന്നുണ്ട്. ഇത്തരത്തില്‍ പല സമുദായങ്ങളെ പല കാലഘട്ടത്തിലായി സര്‍വേകളിലൂടെ പഠനം നടത്തിയ രേഖകള്‍ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക രംഗത്ത് ആരാണ് സമസ്ത അധികാരങ്ങളും പദവികളും കയ്യടക്കി വെച്ചിട്ടുള്ളത് എന്ന ചോദ്യത്തിന്റെ ഉത്തരത്തിനുള്ള സൂചകങ്ങള്‍ മാത്രമാണ്. ഈ സൂചകങ്ങള്‍ ഉണ്ടായിരിക്കെ തന്നെ നാം മനസ്സിലാക്കേണ്ടുന്ന സുപ്രധാന കാര്യം പിന്നാക്ക ലിസ്റ്റ് പുതുക്കാനും ഓരോ സമുദായങ്ങളുടെയും സംവരണ തോത് പുതുക്കി നിശ്ചയിക്കാനും കേവല സൂചകങ്ങള്‍ പോര എന്നാണ്. ഭരണഘടനാപരമായി സംവരണതോത് പുതുക്കി നിശ്ചയിക്കാന്‍ ഏറ്റവും അടിയന്തിരമായി വേണ്ടത് കേരളത്തിലെ എല്ലാ ജാതി-മത സമുദായങ്ങളുടെയും സാമൂഹിക-സാമ്പത്തിക അവസ്ഥകള്‍ വ്യക്തമാക്കുന്ന കൃത്യമായ കണക്കുകളാണ്. അത് ലഭിക്കാനുതകുന്ന ജാതി സെന്‍സസ് ആണ് നടക്കേണ്ടത്. കേവല സര്‍വെ കണക്കുകളിലൂടെയുള്ള അനുമാനങ്ങളല്ല.
സാമ്പിള്‍ സര്‍വെകളുടെ പ്രശ്‌നങ്ങള്‍
എന്തൊക്കെ ആയാലും സാമ്പിള്‍ സര്‍വെ കണക്കുകള്‍ തെറ്റാന്‍ സാധ്യത കൂടുതലാണ്. മാത്രമല്ല, കുളം കലക്കി മീന്‍ പിടിക്കാം എന്ന ഉദ്ദേശത്തില്‍ നടക്കുന്ന കൂട്ടര്‍ കേന്ദ്രം ഭരിക്കുന്നതിനാലും തെറ്റായ സാമ്പിള്‍ സര്‍വേകള്‍ അടിസ്ഥാനപ്പെടുത്തി സംവരണ തോത് കൂടുതല്‍ വേണമെന്ന് ഏതെങ്കിലും ജാതി-മത സമുദായം പറയുന്നത് ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥയില്‍ സാമൂഹിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ വഴി മരുന്നിടലാവും. ജാതി സെന്‍സസ് നടന്നാല്‍ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കാം. അതല്ലാതെയുള്ള അവകാശ വാദങ്ങള്‍ കൂടുതല്‍ അപകടം ചെയ്യും.
ബീഹാര്‍ മാതൃകയില്‍ ജാതി സെന്‍സസ് നടത്തി ഓരോ സമുദായങ്ങളുടെയും സാമൂഹിക സാമ്പത്തിക ജീവിത സാഹചര്യങ്ങള്‍, സര്‍ക്കാര്‍ സര്‍വീസിലെ നിലവിലെ പ്രാതിനിധ്യം എന്നിവ കൃത്യമായി തിട്ടപ്പെടുത്തി സംവരണ തോത് കൃത്യപ്പെടുത്തുകയും ഓരോ സമുദായങ്ങളുടെയും ജനസംഖ്യക്ക് ആനുപാതികമായ സംവരണ തോത് നിശ്ചയിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാന്‍ നില്‍ക്കുന്നവരുടെ ആസൂത്രണങ്ങളെ മറികടക്കാനാകൂ. ആയതിനാല്‍ ജാതി സെന്‍സസ് നടത്തുകയെന്നത് കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥയിലും അത്യന്താപേക്ഷിതവും അടിയന്തര സ്വഭാവത്തില്‍ നടക്കേണ്ടതുമാണ്. കാലഘട്ടത്തിന്റെ ഈ ആവശ്യം നിറവേറ്റാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്.



(വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ബുക്ക്‍ലെറ്റ്)
പഠനത്തിന്‍റെ ഒന്നാം ഭാഗം – പ്രാതിനിധ്യത്തിന്‍റെ രാഷ്ട്രീയം
പഠനത്തിന്‍റെ രണ്ടാം ഭാഗം – എന്തിനാണ് ജാതി സെന്‍സസ്?
പഠനത്തിന്‍റെ മൂന്നാം ഭാഗം – ഒ.ബി.സി സംവരണം
പഠനത്തിന്‍റെ നാലാം ഭാഗം – ജാതിസെന്‍സസിന്റെ കേരള കാപട്യം
പഠനത്തിന്‍റെ അഞ്ചാം ഭാഗം – എയ്ഡഡ് മേഖലയിലെ സംവരണം
പഠനത്തിന്‍റെ ആറാം ഭാഗം – വേണ്ടത് ആനുപാതിക പ്രാധിനിത്യം
