August 9 Sunday 2026

ഭരണകൂട വേട്ടയും ഇന്ത്യയിലെ പ്രതിരോധ-വിമോചന രാഷ്ട്രീയവും

‘You can jail a revolutionary, but you can’t jail the revolution’

കറുത്ത വര്‍ഗക്കാരനായ ആഫ്രിക്കന്‍ – അമേരിക്കന്‍ വിപ്ലവകാരിയും ബ്ലാക്ക് പാന്തര്‍ മൂവ്‌മെന്റിന്റെ നേതാവുമായിരുന്ന ഫ്രെഡ് ഹാംറ്റണിന്റെ വളരെ പ്രസിദ്ധമായ വാചകമാണിത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ അതിശക്തമായ വേട്ടകള്‍ നേരിടേണ്ടി വന്ന ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനവും അതിന്റെ നേതാക്കളും അവരുടെ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പലപ്പോഴും പ്രകടിപ്പിച്ചു കൊണ്ടിരുന്ന മുദ്രാവാക്യങ്ങളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ ധാരാളമായി കാണാം. ലോകചരിത്രത്തില്‍ എല്ലായ്‌പോഴും സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങള്‍, അതിജീവന പോരാട്ടങ്ങള്‍, സാമൂഹിക വിപ്ലവങ്ങള്‍ എന്നിവകളിലെല്ലാം ഇത്തരത്തില്‍ പോരാട്ടത്തെ ചലിപ്പിക്കുന്ന, വിപ്ലവവീര്യം ഉയര്‍ത്തുന്ന, പ്രക്ഷോഭങ്ങളെ ദീര്‍ഘകാലത്തേക്ക് നയിക്കുന്ന പ്രചോദന മുദ്രാവാക്യങ്ങള്‍ ധാരാളമായി ഉയര്‍ന്നിട്ടുണ്ട്. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍, ജയില്‍ ജീവിതം, കൂട്ടക്കുരുതി തുടങ്ങിയ പ്രതികാര നടപടികള്‍ വിപ്ലവങ്ങളെ കൂടുതല്‍ ചലനാത്മകമാക്കുന്നതിന്റെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ വേറെയും വായിച്ചെടുക്കാം. 18 മുതല്‍ 20 ആം നൂറ്റാണ്ടിലെ ലോകചരിത്രങ്ങള്‍ സവിശേഷമായിത്തന്നെ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെ കാലഘട്ടമായതിനാല്‍, കോളനിവല്‍കരണങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ പ്രചോദനമായി വര്‍ത്തിച്ചത് ജയില്‍ ജീവിതങ്ങളായിരുന്നു. ജയില്‍ ജീവിതങ്ങള്‍ സൃഷ്ടിക്കുന്ന മൂവ്‌മെന്റുകള്‍ കോളനിവല്‍കരണത്തിനെതിരായ പോരാട്ടങ്ങളുടെ വ്യാപ്തിയും ശക്തിയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ഭരണകൂടവേട്ടകളും ജയിലിലടക്കലും വിപ്ലവങ്ങളെ നിര്‍വീര്യമാക്കിയ ഉദാഹരണങ്ങളും ചരിത്രത്തിലുണ്ട് എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്തു
വായിക്കേണ്ടതുണ്ട്.

ആധുനിക ദേശരാഷ്ട്രങ്ങളില്‍ ജയില്‍ ജീവിതങ്ങളും ഭരണകൂടവേട്ടയും ബാക്കി വെക്കുന്നത് എന്താണെന്നത് പഠന വിധേയമാക്കേണ്ട വിഷയമാണ്. രാജഭരണം, പ്രഭുഭരണം, ഏകാധിപത്യം, ഇരുണ്ട യുഗത്തില്‍ യൂറോപ്പില്‍ കണ്ടതു പോലുള്ള ചര്‍ച്ചിന്റെ ഭരണം, കോളനിവല്‍ക്കരണം തുടങ്ങിയവകളില്‍ നിന്നും വ്യത്യസ്തമായി ലോകത്ത് ഓരോ വ്യക്തിക്കും സ്വാതന്ത്ര്യം, യുക്തിചിന്ത, സ്വയം നിര്‍ണയ അവകാശം, നിയമപരിരക്ഷ മുതലായവകള്‍ അനുവദിച്ചു നല്‍കിയ സംവിധാനമാണ് ആധുനിക ദേശരാഷ്ട്രങ്ങള്‍. ആധുനിക ദേശീയതയുടെയും ജനാധിപത്യ വ്യവസ്ഥയുടെയും മൗലികമായ സവിശേഷത ഒരു വ്യക്തിക്കും ഭരണാധികാരികള്‍ക്കും ഭരണകൂട ഉപകരണങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥകള്‍ക്കും ഇടയില്‍ ആശയപരമായും സാങ്കേതികമായും അകലങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നതാണ്. ജനപ്രതിനിധികള്‍ നിശ്ചയിക്കുന്ന ഭരണാധികാരികള്‍ എന്ന പ്രത്യേകതയാണ് ആധുനിക ദേശ രാഷ്ട്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ഇത് നല്‍കുന്ന സാധ്യതകളില്‍ പ്രധാനപ്പെട്ടത് ആവിഷ്‌കാര സ്വാതന്ത്ര്യം, രാഷ്ട്രീയ വിസമ്മതം തുടങ്ങിയ കാര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ പൗരന്മാര്‍ക്ക് പ്രാതിനിധ്യ ജനാധിപത്യ വ്യവസ്ഥയില്‍ നിയമപരമായി സാധ്യമാണ് എന്നതാണ്. രാജഭരണത്തിലോ ഏകാധിപത്യത്തിലോ സാമ്രാജ്യത്വ വ്യവസ്ഥിയിലോ ഒരു വ്യക്തിക്കും കൂട്ടായ്മയ്ക്കും ഇത് സാധ്യമല്ല.

ഒരു ജനാധിപത്യ വ്യവസ്ഥയില്‍, വിസമ്മതത്തിന്റെ രാഷ്ട്രീയത്തിനു ഏറെ പ്രസക്തിയുള്ള ഒരു നിയമവ്യവസ്ഥയില്‍ സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ക്കും ഏകധിപത്യ ഭരണകൂടങ്ങള്‍ക്കും കീഴിലുള്ളതിന് സമാനമായ വംശീയവിദ്വേഷത്തിലൂന്നിയ ഭരണകൂടവേട്ടകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍, ആധുനിക ദേശരാഷ്ട്രങ്ങളിലെ ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ വിസമ്മതവും ആവിഷ്‌കാര സ്വാതന്ത്ര്യവും എത്രത്തോളം സാധ്യമാണെന്ന വിമര്‍ശനാത്മകമായ ചര്‍ച്ചകളും പഠനങ്ങളും ധാരാളം നടന്നിട്ടുണ്ട്. ജനാധിപത്യവ്യവസ്ഥയും നീതിന്യായവ്യവസ്ഥയും സുതാര്യമായ ഇന്ത്യയില്‍ കൊളോണിയല്‍ വ്യവസ്ഥയില്‍ നിന്നും രാജഭരണത്തില്‍ നിന്നും വ്യത്യസ്തമായ നിയമനിര്‍വഹണമല്ല നടക്കുന്നത് എന്ന് വെളിപ്പെടുത്തുന്ന അനവധി സംഭവങ്ങള്‍ സ്വാതന്ത്ര്യനന്തരമുള്ള ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കീഴില്‍ സാമ്രാജ്യത്വ സുരക്ഷയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമങ്ങള്‍ അതേപടി ചേര്‍ത്തു കൊണ്ടാണ് ഇന്ത്യന്‍ പീനല്‍ കോഡ് തന്നെ നിര്‍മിച്ചിരിക്കുന്നത്. ഭരണകൂടവേട്ട, വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ നേരിടുന്ന ജയില്‍ വാസം തുടങ്ങിയവയുടെ കണക്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇരയാവുന്നത് മുസ്ലിം സമൂഹമാണ് എന്ന പഠനം ഇതിനോടകം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ജനസംഖ്യയില്‍ 15% മാത്രമുള്ള മുസ്ലിംകളുടെ ജയില്‍ പ്രാതിനിധ്യം 19% ത്തിനു മുകളില്‍ ആണ്.

മുസ്ലിംകളുടെ രാഷ്ട്രീയ അവകാശ പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തുന്ന ഭരണകൂടവേട്ടയും മുസ്ലിംകളുടെ മേല്‍ ചാര്‍ത്തപ്പെടുന്ന തീവ്രവാദ ആരോപണങ്ങളുടെ പേരില്‍ നടത്തുന്ന ഭരണകൂടവേട്ടയും വളരെ വലിയ തോതില്‍ ഇന്ത്യയിലെ മുസ്ലിം പൊതുജീവിതങ്ങള്‍ ദുസ്സഹമാക്കുന്നുണ്ട്. ഒരു സമരമോ പ്രക്ഷോഭമോ അവകാശ പോരാട്ടമോ ഒരു മുസ്ലിമിന് നടത്താന്‍ സാധിക്കാത്ത വിധം മുസ്ലിംകള്‍ക്കെതിരായ ഭരണകൂട നിരീക്ഷണം എല്ലാ കാലത്തും ഇന്ത്യയില്‍ അതിശക്തമാണ്.

ഭരണകൂട വേട്ടകളുടെ സാഹചര്യം നിലനില്‍ക്കുമ്പോഴും സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു 2019 ല്‍ നടന്ന പൗര്വത്വ ഭേദഗതി നിയമത്തിനു എതിരായ പ്രക്ഷോഭം. ആ പ്രക്ഷോഭത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കര്‍ഷക പ്രക്ഷോഭങ്ങള്‍ പോലെയുള്ള വലിയ പ്രക്ഷോഭങ്ങളും ഇന്ത്യയില്‍ നടക്കുകയുണ്ടായി. എന്നാല്‍ കോവിഡ് മഹാമാരിയും പൗരത്വ പ്രക്ഷോഭത്തോടനുബന്ധിച്ച് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നടന്ന മുസ്ലിം കൂട്ടക്കുരുതിയും പ്രക്ഷോഭത്തെ വലിയ രീതിയില്‍ ബാധിക്കുകയും പ്രക്ഷോഭം സാങ്കേതികമായി അവസാനിപ്പിക്കുകയും ചെയ്തു. 100 കണക്കിന് രക്തസാക്ഷികളും ആയിരക്കണക്കിന് പേര് ജയിലില്‍ അടക്കപ്പെടുകയും ചെയ്ത വലിയ പ്രക്ഷോഭം തന്നെയായിരുന്നു പൗരത്വ പ്രക്ഷോഭം. പ്രക്ഷോഭം നയിച്ച അനവധി പേര്‍ ഇപ്പോഴും ജയില്‍ കഴിയുകയാണ്. പിന്നീട് സംഭവിച്ചത് ബുള്‍ഡോസര്‍ പ്രയോഗിച്ച് മുസ്ലിം വീടുകളും പള്ളികളും തകര്‍ക്കുകയും ജാമിഅ മില്ലിയ പോലുള്ള സര്‍വകലാശാലകളെ വലിയ തോതില്‍ പട്ടാളവല്‍ക്കരിക്കുകയും ചെയ്യുന്ന ഭരണകൂടവേട്ടകളാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍, വിസമ്മതത്തിന്റെ രാഷ്ട്രീയത്തിനു ഏറെ പ്രസക്തിയുള്ള ഒരു നിയമവ്യവസ്ഥയില്‍ സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ക്കും ഏകധിപത്യ ഭരണകൂടങ്ങള്‍ക്കും കീഴിലുള്ളതിന് സമാനമായ വംശീയവിദ്വേഷത്തിലൂന്നിയ ഭരണകൂടവേട്ടകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്ന അനുഭവമായി ജയില്‍ ജീവിതങ്ങള്‍ ഇന്ത്യയില്‍ മാറുന്നുണ്ടോ, ഒരാളുടെ അന്യായമായ ജയില്‍വാസം മറ്റൊരു പോരാളിയെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് തള്ളിവിടുകയാണോ അതോ പ്രചോദനം നല്‍കുകയാണോ ചെയ്യുന്നത്, ഒരു പ്രക്ഷോഭത്തെ നിര്‍വീര്യമാക്കുകയാണോ സജീവമാക്കുകയാണോ ചെയ്യുന്നത് തുടങ്ങിയ സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ പൗരസമൂഹത്തിന്, പ്രത്യേകിച്ച് ഇന്ത്യയില്‍ നീതിക്കായി നിരന്തരം നിയമ – രാഷ്ട്രീയ പോര്‍മുഖത്ത് നിലയുറപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ മുമ്പാകെയുണ്ട്. ഭരണകൂടവേട്ടയുടെ വ്യാപ്തി വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ സമരമുഖത്തേക്ക് ഇറങ്ങി വീണ്ടും വേട്ടയാടപ്പെടേണ്ടതില്ല എന്ന ചിന്ത ഉടലെടുക്കുകയും പല രീതിയില്‍ പ്രക്ഷോഭങ്ങളുടെ ചാലനാത്മകതയെ അത് സ്വാധീനിക്കുകയും ചെയ്‌തേക്കാം. കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെയോ ഏകാധിപത്യവിരുദ്ധ പ്രക്ഷോഭങ്ങളുടെയോ കാലത്ത് ഭരണകൂടം വേട്ടയാടുന്നവര്‍ ജയിലിന് പുറത്തെ പ്രക്ഷോഭങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും വലിയ ഊര്‍ജ്ജമായി മാറാറുണ്ട് എന്ന രാഷ്ട്രീയ ചരിത്ര അനുഭവങ്ങള്‍ ആധുനിക ദേശരാഷ്ട്രങ്ങള്‍ക്കകത്തുള്ള ഭരണകൂട വേട്ടകളിലും പ്രതിഫലിക്കണം എന്ന് നിര്‍ബന്ധമില്ല. ആധുനിക ജനാധിപത്യ വ്യവസ്ഥകളാണ് കൂടുതല്‍ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളും വിസമ്മതത്തിന്റെ രാഷ്ട്രീയവും വകവച്ച് നല്‍കുന്നത് എന്നു പറയുമ്പോഴും ദേശരാഷ്ട്രങ്ങള്‍ ഭരണകൂട വേട്ടകള്‍ നിര്‍വഹിക്കുന്നത് ആധുനിക ജനാധിപത്യമൂല്യങ്ങളുടെ അകമ്പടിയിലും ആവശ്യമായ നിയമങ്ങള്‍ നിര്‍മിച്ചും നിയമഭാഷ പ്രയോഗിച്ചും സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുമാണ്. സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും തല്‍സംബന്ധമായ വാഗ്ദാനങ്ങളും നല്‍കുന്ന ഭരണഘടനയെ അസാധുവാക്കി എന്ന് പ്രഖ്യാപിച്ചു കൊണ്ടല്ല, മറിച്ചു അദൃശ്യമായ പുതിയൊരു ഭരണഘടന പ്രയോഗതലത്തിലേക്ക് കൊണ്ട് വന്നു കൂടിയാണ് അവകാശ ലംഘനങ്ങള്‍ ഭരണകൂടങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടു തന്നെ, ഭരണകൂട വേട്ടകള്‍ക്ക് ആധുനിക ദേശരാഷ്ട്രങ്ങള്‍ക്കുള്ളില്‍ സാങ്കേതിക ജനാധിപത്യത്തിന്റെയും ‘നിയമ’വ്യവസ്ഥയുടെയും മാധ്യമ വ്യവഹാരങ്ങളുടെയും ‘മതേതര’ മൂല്യങ്ങളുടെയും ന്യായീകരണവും പിന്തുണയും ലഭിക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂട്ടത്തില്‍ അപകടകരമായ സ്വത്വം പേറുന്ന വ്യക്തികളും കൂട്ടായ്മകളും ഉണ്ട് എന്നും അവര്‍ ഈ ആധുനിക സാമൂഹിക വ്യവസ്ഥിതിയില്‍ അപകടകാരികള്‍ ആണ് എന്നുമുള്ള ഒരു ആഖ്യാനം നിര്‍മ്മിച്ചതിനു ശേഷമാണ് ദേശരാഷ്ട്രങ്ങള്‍ക്കുള്ളില്‍ വ്യാപകമായി ഭരണകൂട വേട്ടകള്‍ നടക്കുന്നത്. അപകടകാരിയായ ഒരു തീവ്രവാദി ആകാന്‍ സാധ്യതയുള്ള ഒരു വ്യക്തിയെയാണ് ഞങ്ങള്‍ തടവിലാക്കിയിരിക്കുന്നത് എന്ന ന്യായം വലിയൊരു വിഭാഗം ജനസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന ഒരു വ്യാവഹാരിക മണ്ഡലം ഭരണകൂടങ്ങള്‍ക്ക് അനുകൂലമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ഒരു സാഹചര്യത്തില്‍ വേട്ടയാടപ്പെടുന്നവരുടെ പക്ഷം ചേര്‍ന്നു കൊണ്ട് അവര്‍ക്ക് വേണ്ടിയുള്ള വിമോചന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രക്ഷോഭങ്ങളെ കൂടുതല്‍ ചലനാത്മകമാക്കാന്‍ വേട്ടയാടപ്പെടുന്ന വ്യക്തിയുടെ ജനതക്ക് സാധ്യമല്ലാതാകുന്നു. ഇക്കാരണത്താലാണ് സാമ്രാജ്യത്വ വ്യവസ്ഥിതിയില്‍ നിന്നും വ്യത്യസ്തമായി ആധുനിക ദേശരാഷ്ട്രങ്ങളിലെ ഭരണകൂട വേട്ടകള്‍ വലിയ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന സാധ്യതകളെ കുറച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രവണതയുടെ തുടര്‍ച്ചയായിട്ടാണ് ഇന്ത്യയിലെ പിന്നാക്ക – മുസ്ലിം രാഷ്ട്രീയത്തിന്റെ ചലനാത്മകതയെ നിയന്ത്രിക്കുന്ന തരത്തിലും ഭരണകൂട വേട്ടകള്‍ സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്നത്. ഒരു പ്രത്യേക വിഷയത്തില്‍ ഊന്നിയ പ്രക്ഷോഭങ്ങള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ സാധ്യതകള്‍ വികസിപ്പിച്ചു കൊണ്ട് അതിനെ വിജയിപ്പിക്കുന്നത് വരെ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാതെ വരുന്നു എന്നതാണ് ഇന്ത്യയിലെ പ്രതിരോധ – വിമോചന രാഷ്ട്രീയത്തിന്റെ ഘടനാപരമായ ഒരു പരിമിതി. അതിന്റെ ഒന്നാമത്തെ കാരണവും വള്ളരെ വ്യാപകമായ ഭരണകൂടവേട്ട തന്നെയാണ്. ഒരു വിഷയത്തില്‍ നിന്നും മറ്റൊരു വിഷയത്തിലേക്ക് ഈ രാഷ്ട്രീയത്തെ നിരന്തരം എന്‍ഗേജ് ചെയ്യിപ്പിക്കുന്ന ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയ ഭരണകൂടത്തിന്റെ, നയങ്ങളും നടപടികളും ഇതിനെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്. വംശഹത്യാ പദ്ധതികളാണ് ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടായിരിക്കെ, ജയില്‍ ജീവിതങ്ങളെയും ഭരണകൂട വേട്ടകളെയും മുന്‍നിര്‍ത്തി പ്രതിരോധ – വിമോചന രാഷ്ട്രീയത്തെ കൂടുതല്‍ ചലനാത്മകമാക്കുന്ന പുതിയൊരു വിജ്ഞാന രാഷ്ട്രീയവും പോരാട്ട രാഷ്ട്രീയവും ഇന്ത്യയില്‍ വികസിച്ചു വരേണ്ടതുണ്ട്.

(ലേഖിക ഇബ്‌നു അല്‍ ഹൈതം അക്കാദമിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്)

 

Related