August 13 Thursday 2026

ഗുരുവിന്റെ മതവും ദൈവശാസ്ത്രവും

സെപ്തംബര്‍ 20- ശ്രീനാരായണഗുരു സമാധി.
സമാധി ദിനത്തില്‍ അദ്ദേഹത്തിന്റെ മത-ദൈവശാസ്ത്ര സങ്കല്‍പ്പങ്ങളെക്കുറിച്ചുള്ള ചെറു കുറിപ്പാണ് താഴെ. ഗുരുവിന്റെ മതമെന്താണ്? ഗുരു ഒരു ഹിന്ദു സന്യാസിയാണോ? തുടങ്ങിയ ചോദ്യങ്ങള്‍ പരിശോധിക്കുന്നതിനുള്ള വഴിയായി അത് മാറിയേക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുറിപ്പെഴുതുന്നത്.

ഗുരുപഠിതാക്കളുടെ പ്രധാനമായ പ്രശ്‌നം അവര്‍ മതത്തെയും ദൈവശാസ്ത്രത്തെയും കൂട്ടിക്കുഴയ്ക്കുന്നുവെന്നതാണ്. അവരെ സംബന്ധിച്ചിടത്തോളം മതവും ദൈവശാസ്ത്രവും വ്യത്യസ്തമല്ല. സാമാന്യ വ്യവഹാരങ്ങളില്‍ അങ്ങനെ സ്വീകരിക്കുന്നതില്‍ തെറ്റില്ലെങ്കിലും ഗുരുവിന്റെ മതസങ്കല്‍പ്പത്തെ മനസ്സിലാക്കാന്‍ അതുപോരാ. മതത്തെയും ദൈവശാസ്ത്രത്തെയും വ്യത്യസ്തമായിത്തന്നെ മനസ്സിലാക്കണം.

മതം എന്നതിന്റെ പരിമിതമായ അര്‍ഥത്തില്‍ പരിശോധിച്ചാല്‍ ഒരാള്‍ ഒരു മതത്തില്‍ ഉള്‍പ്പെടുക എന്നാല്‍ എന്താണ് അര്‍ഥമാക്കുന്നത്? ഒരു പ്രത്യേക മതവിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി നാം സ്വയം കരുതുകയോ അല്ലെങ്കില്‍ മറ്റുള്ളവര്‍ അങ്ങനെ കരുതുകയോ ചെയ്താല്‍ നാം ആ വിഭാഗത്തില്‍ ഉള്‍പ്പെടും. അങ്ങനെ നോക്കുമ്പോള്‍ നാം സ്വയം ഹിന്ദുവായി കരുതുകയും മറ്റുള്ളവരും അങ്ങനെ കരുതുകയും ചെയ്താല്‍ നാം ഹിന്ദുവാകും. 1850കള്‍ക്കു ശേഷം സെന്‍സസ് തുടങ്ങുകയും പലതരത്തിലുള്ള കൊളോണിയല്‍ രേഖകള്‍ ആവിര്‍ഭവിക്കുകയും ചെയ്തശേഷം പില്‍ക്കാലത്ത് ഈഴവരെന്ന വിശേഷത്തില്‍ ഉള്‍പ്പെട്ടിരുന്ന പലരെയും അധികാരികള്‍ ഹിന്ദുവായി കണക്കാക്കിയിരുന്നു. ചിലരെങ്കിലും സ്വയം അങ്ങനെ കരുതിയെന്നതിനുള്ള രേഖകളും ലഭ്യമാണ്. മറിച്ചുള്ളവരും ഉണ്ടായിരുന്നു.

അങ്ങനെ നോക്കുമ്പോള്‍ ഗുരു ഹിന്ദുവായി ജനിച്ചയാളാണ്. സര്‍വമത സമ്മേളന അധ്യക്ഷ പ്രസംഗത്തില്‍ സത്യവ്രതസ്വാമികള്‍ ഗുരുവിനെ വിശേഷിപ്പിച്ചത് ‘ഹിന്ദുവായി ജനിച്ച് മറ്റുള്ളവരുടെ കണ്ണില്‍ ഹിന്ദുവായിരിക്കുന്ന’ എന്നാണ്. ഗുരുവിന്റെ മതസങ്കല്‍പ്പം അതുകൊണ്ടുതന്നെ ലളിതമാണ്. അദ്ദേഹം അതിനെ ഒരു ഭരണകൂട സൃഷ്ടിയായുംകൂടി മനസ്സിലാക്കിയിരിക്കണം. മതത്തെത്തള്ളുമ്പോള്‍ അങ്ങനെയൊരു ഭരണകൂട സൃഷ്ടിയായ മതത്തെയാണ് അദ്ദേഹം തള്ളുന്നത്. ആ സ്വത്വബോധത്തെയാണ് തള്ളുന്നത്. എന്നാല്‍, ഇങ്ങനെയുള്ള മതത്തെ തള്ളുന്ന ഗുരു ദൈവശാസ്ത്രത്തെ തള്ളുന്നുണ്ടോ?

1916ല്‍ ജാതി മതഭേദം വിട്ടതായി പ്രഖ്യാപിച്ച ഗുരു, 1917ലാണ് ക്ഷേത്രനിര്‍മാണത്തെ നിരുല്‍സാഹപ്പെടുത്തന്ന സന്ദേശം പുറപ്പെടുവിക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും നിരന്തരം ഉപയോഗിക്കുന്ന ഈ പ്രസ്താവന ഗുരുവിന്റെ ദൈവശാസ്ത്രത്തെ മനസ്സിലാക്കാന്‍ വലിയ തടസ്സമായി മാറുകയുണ്ടായി. 1917ലെ ഈ പ്രസ്താവനയോടെ ഗുരു ക്ഷേത്രങ്ങളും അതുവഴി ദൈവശാസ്ത്രവും കയ്യൊഴിഞ്ഞുവെന്ന ഒരു പ്രതീതി പില്‍ക്കാലത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അക്കാലത്ത് അതങ്ങനെയുണ്ടായതായി തെളിവുകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കേരളത്തില്‍ സമുദായ യുക്തിയെത്തള്ളുന്ന ചില യുക്തിവാദികളുടെയും അമ്പതുകളോടെ വേരുപിടിച്ച മതതേരവാദികളുടെയും ഇടപെടലുകളോടെയാണ് ഇത്തരമൊരു ചിന്തക്ക് പ്രചാരം ലഭിക്കുന്നത്.

ഇതിനൊരു കാരണം ചിലര്‍ ദൈവശാസ്ത്രത്തിന് നല്‍കുന്ന പരിമിതമായ അര്‍ഥമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധമാണ് ദൈവശാസ്ത്രം കൈകാര്യം ചെയ്യുന്നത്. പക്ഷേ, അതൊരിക്കലും അവിടെ ഒതുങ്ങിനില്‍ക്കുന്നില്ല. മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തെയും അത് നിര്‍ണയിക്കുന്നു. അതുകൊണ്ടാണ് ഗുരു ബ്രാഹ്മണികമായ ദൈവശാസ്ത്ര സങ്കല്‍പ്പത്തെ തള്ളുന്നത്.

ഗുരുവിന്റെ ദൈവശാസ്ത്രസങ്കല്‍പ്പത്തെ പല നിലയില്‍ പരിശോധിക്കാം. ഉദാഹരണത്തിന് ഗുരു ക്ഷേത്രങ്ങളെ തള്ളി വിദ്യാലയങ്ങളെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം തന്റെ ദൈവശാസ്ത്രത്തന്നെ തള്ളുകയല്ലേ? ഒറ്റ നോട്ടത്തില്‍ അത് ശരിയാണെന്നുതോന്നും. എന്നാല്‍, അങ്ങനെയല്ല. ഗുരുവിന്റെ ദൈവശാസ്ത്രത്തിന് ഒരേസമയം വിദ്യാലങ്ങളെയും അറിവിനെയും അന്‍പിനെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടെന്നുവേണം മനസ്സിലാക്കാന്‍. എന്തിന് വ്യവസായത്തെയും ഫാക്ടറികളെപ്പോലും അതുള്‍ക്കൊള്ളുന്നു.

ഗുരുവിനെ സംബന്ധിച്ചിടത്തോളം ക്ഷേത്ര സങ്കല്‍പ്പം നോക്കുക. അത് കേവല ‘ആരാധന’യുടെ മാത്രം സ്ഥലങ്ങളല്ല. സമുദായത്തിന്റെ സ്ഥാപനങ്ങളാണ്. ഇതര സ്ഥാപനങ്ങളില്‍നിന്ന് അവയെ ദൈവശാസ്ത്രപരമായി വേര്‍തിരിക്കാനാവില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങള്‍ ജനങ്ങള്‍ക്ക് സുഖമായി ഇരിക്കാനും പ്രാര്‍ഥിക്കാനും പ്രസംഗിക്കാനുമുള്ള സ്ഥലമാണ്. എല്ലാ ക്ഷേത്രങ്ങളോടനുബന്ധിച്ചും വിദ്യാലയങ്ങളും ഗ്രന്ഥശാലകളും വേണം. വ്യവസായങ്ങളും കൈത്തൊഴിലുകളും പരിശീലിപ്പിക്കണം. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് കുളിക്കാന്‍ കുഴല്‍വെള്ളം വേണം. ഏറ്റവും പ്രധാനം അവ സമുദായത്തിന്റെ സ്ഥാപനങ്ങളാണെന്നതാണ്. ക്ഷേത്രത്തില്‍നിന്ന് ലഭിക്കുന്ന പണം സമുദായത്തിന് ഉപയുക്തമാക്കണം. ക്ഷേത്രങ്ങള്‍ വേണ്ട രാജയോഗം അഭ്യസിപ്പിച്ചാല്‍ മതിയെന്ന സാധു ശിവപ്രസാദ് സ്വാമിയോട് ക്ഷേത്രം മോക്ഷത്തിനല്ല, സമുദായ സംഘാടനത്തിനാണെന്ന് ഗുരു വ്യക്തമാക്കി.

മതേതര, യുക്തിവാദ ചിന്തകര്‍ പറയും പോലെ 1917ഓടുകൂടി ഗുരു ക്ഷേത്രനിര്‍മാണത്തില്‍നിന്ന് പിന്‍മാറിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 1917നു ശേഷവും അദ്ദേഹം ധാരാളം ക്ഷേത്രങ്ങളും പ്രതിഷ്ഠകളും നടത്തിയിട്ടുണ്ട്. ക്ഷേത്രപ്രതിഷ്ഠ നടത്താന്‍ ശിഷ്യരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 1921ല്‍ അദ്ദേഹം ഇരുളടഞ്ഞ ക്ഷേത്രസങ്കല്‍പ്പത്തെ തള്ളി വ്യത്യസ്തമായ രീതികള്‍ ഉപയോഗപ്പെടുത്തി. 1928ല്‍ ക്ഷേത്രങ്ങളും ബിംബങ്ങളും വേണ്ടെന്നു വാദിച്ച പത്രാധിപരോട് ക്ഷേത്രവും ആവശ്യമാണെന്ന് വാദിച്ചു. 1928ലും വിഗ്രഹാരാധനയെ ഇകഴ്ത്തിയവരോട് വിയോജിച്ചു. അതേസമയം ഹൈന്ദവരീതികളിലുള്ള ക്ഷേത്രസങ്കല്‍പ്പത്തെ എല്ലായ്‌പ്പോഴും തള്ളിക്കളഞ്ഞു. നിരുത്സാഹപ്പെടുത്തി.

അപ്പോള്‍ എന്താണ് ഗുരുവിന്റെ ദൈവശാസ്ത്ര സങ്കല്‍പ്പം. അത് ലളിതമാണ്. ഗുരു ഒരേ സമയം ബിംബപ്രതിഷ്ഠയിലും ബിംബരാഹിത്യത്തിലും വിശ്വസിച്ചു. ഇവ രണ്ടും ഒരേ സമയം സാധുവാണെന്ന് കരുതി. അതില്‍ വൈരുധ്യമുണ്ടന്ന് കരുതിയില്ല. അജ്ഞര്‍ക്ക് ബിംബപ്രതിഷ്ഠ അല്ലാത്തവര്‍ക്ക് ബിംബരാഹിത്യവും എന്ന ശൈലിയിലല്ല. ബിംബങ്ങള്‍ പ്രതീകമാണെന്നാണ് കരുതിയത്. പ്രതീകങ്ങള്‍ എന്തുമാകാം. അതുകൊണ്ടാണ് അദ്ദേഹം കലമാന്‍കൊമ്പ് പോലും പ്രതിഷ്ഠയാക്കിയത്. പ്രതീകങ്ങള്‍ക്ക് അതിന്റെതായ പ്രത്യേക ശക്തിയൊന്നുമില്ല. എന്നുവച്ച് പ്രതീകങ്ങള്‍ ഉപേക്ഷിക്കണമെന്നുമില്ല.

ഒരു ഭക്തന്‍ കണ്ണടച്ച് ഒരു പ്രതിഷ്ഠയ്ക്കുമുന്നില്‍ നിന്നാല്‍ പിന്നെ അയാള്‍ക്കുള്ളില്‍ ദൈവമാണുള്ളത്. വിഗ്രഹം ഗണപതിയാണെന്നും ശിവലിംഗമാണെന്നും നാം പറഞ്ഞു കൊടുക്കണം. ധര്‍മം പത്രാധിപരുമായി നടത്തിയ സംഭാഷണത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇവിടെ വ്യത്യസ്ത ദൈവശാസ്ത്രങ്ങളെ അപരത്വം കലര്‍ത്തി മാറ്റിനിര്‍ത്തുന്നില്ല. ഇതാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു മതവും ഒരു ദൈവവും.

ഗുരുവിന്റെ കൃതികള്‍ പരിശോധിച്ചാല്‍ അദ്ദേഹം സവര്‍ണ/ബ്രാഹ്മണ ദൈവശാസ്ത്രത്തെ തള്ളി, സ്വന്തമായ ദൈവശാസ്ത്രം സ്വീകരിക്കുന്നതായി കാണാം. ആ ദൈവശാസ്ത്രത്തിനനുസരിച്ച കുടുംബ-നൈതിക-ജീവിതരീതിയും ഉപദേശിച്ചു. പക്ഷേ, ആ ദൈവശാസ്ത്രത്തിന് അദ്ദേഹം പ്രത്യേകിച്ച് ഒരു പേരിട്ടിട്ടില്ല. പലരും പലരീതിയില്‍ അതിനെ വിശേഷിപ്പിച്ചു-1925 ഓടെ ചില ശിഷ്യമാര്‍ അതിനെ ശ്രീനാരായണധര്‍മം എന്ന് വിശേഷിപ്പിച്ചിരുന്നു. ബോധാനന്ദന്‍ തന്റെ അവസാന കാലത്ത് ശ്രീനാരായണമതം എന്ന് പേരിട്ട് വിളിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അത് ഏറെ മുന്നോട്ടു പോയില്ല.

ഗുരുവിന്റെ കാലത്ത് അദ്ദേഹത്തിന്റെ മിക്കവാറും ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തെയാണ് പിന്തുടര്‍ന്നത്. അതുകൊണ്ടാണ് അവര്‍ സ്വന്തം ക്ഷേത്രങ്ങള്‍ നിര്‍മിച്ച് അവിടെ പോകാന്‍തുടങ്ങിയത്. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ തന്നെ ശിഷ്യന്മാര്‍ ഗുരു ഉപദേശിച്ച ദൈവശാസ്ത്രം തന്നെ ഉപേക്ഷിക്കുകയും പകരം ഹൈന്ദവദൈവശാസ്ത്രം സ്വീകരിക്കുകയും ചെയ്തു.

Related