മുസ്ലിംകൾ ആദിവാസികൾ എന്നിവർ ഉൾപ്പെടെയുള്ളവരെ വിവിധ സംസ്ഥാനങ്ങളിലെ പുതുക്കിയ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കി എന്ന ഗുരുതര കണ്ടെത്തലുമായി വസ്തുത അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു.1960ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ട്രോൾ റൂൾസ് പ്രകാരമല്ലാതെ ക്രമരഹിതവും വ്യവസ്ഥാപിതവുമല്ലാതെയാണ് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന നടന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഭാരത് ജോഡോ അഭിയാൻ, പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ്, നാഷണൽ അലൈൻസ് ഫോർ സിവിൽ ലിബർട്ടീസ്, നാഷണൽ അലൈൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്, എന്നിവർ ചേർന്ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ സംഘടിപ്പിച്ച നാഷണൽ കൺവെൻഷൻ ഓൺ ഡിഫൻഡിങ് യൂണിവേഴ്സൽ അഡൾട്ട് ഫ്രാഞ്ചൈസ് എന്ന പരിപാടിയിലാണ് റിപ്പോർട്ട് പുറത്തുവിടുന്നത്.
രാജസ്ഥാൻ, മധ്യപ്രദേശ്,ചത്തീസ്ഗഡ്, ബീഹാർ,ഗുജറാത്ത്,തമിഴ്നാട് ഗോവ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പൗരന്മാരെ നേരിട്ട് കേട്ട് കൊണ്ടാണ് കമ്മിറ്റി റിപ്പോർട്ടു തയ്യാറാക്കിയത്. ബി എൽ ഓ മാർ വഴി ഇലക്ഷൻ കമ്മീഷൻ നടത്തിയ പ്രത്യേക തീവ്ര പരിശോധന സംസ്ഥാനത്ത് ജനങ്ങളിൽ എവ്വിദമാണ് നടത്തപ്പെട്ടത് എന്ന് ജൂറി അംഗങ്ങൾ നേരിട്ടാണ് വിലയിരുത്തിയത്. രേഖാമൂലമുള്ള തെളിവുകളെയും 2003ലെ ഇലക്ട്രൽ റോളുകളെയും അമിതമായി ആശ്രയിക്കുന്ന പ്രക്രിയ പ്രവാസികൾക്കും എവിടെയും സ്ഥിര താമസക്കാരുമല്ലാത്ത പൗരന്മാർക്കും ഏറെ പ്രതികൂലമാണെന്ന് റിപ്പോർട്ട് കണ്ടെത്തുന്നു.പ്രായം, ലിംഗം,ജീവിത സാഹചര്യങ്ങൾ മതം, ജാതി എന്നിവ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങൾ മൂലവും അരിക് വൽക്കരിക്കപ്പെട്ട ഒരു വിഭാഗം വിവേചനം മൂലം പുതുക്കിയ വോട്ടർ പട്ടികയിൽ നിന്നും പുറത്തായതായും ജൂറി കണ്ടെത്തുന്നുണ്ട്.ഉത്തർപ്രദേശിലും രാജസ്ഥാനിലും സമീപ സംസ്ഥാനങ്ങളിലേക്ക് ജോലിക്ക് പോയ കർഷകരിൽ പലരും പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ടു.ഗുജറാത്ത്,മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മുസ്ലിം പൗരന്മാരുടെ പേര് കൂട്ടമായി പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാർ എന്ന ആരോപണം ഉയർത്തി ഗവൺമെന്റ് അവരുടെ മേൽവിലാസത്തിലുള്ള താമസസ്ഥലം പൊളിച്ചു നീക്കിയതാണ് ഈ സംസ്ഥാനങ്ങളിലെ മുസ്ലിം പൗരന്മാർക്ക് വിനയായത്.
2002ലെ ഗുജറാത്ത് കലാപത്തെ തുടർന്ന് തകർക്കപ്പെടുകയും പിന്നീട് പുനർ നിർമ്മിക്കുകയും ചെയ്ത മുസ്ലിങ്ങൾ താമസിക്കുന്ന സെറ്റിൽമെന്റുകൾ അഹമ്മദാബാദിൽ ബുൾഡോസർ രാജിന് വിധേയമായിരുന്നു. ഇതുമൂലം ഇവിടെ വസിച്ചിരുന്നവരെ കുടിയേറ്റക്കാർ എന്ന് രേഖപ്പെടുത്തി പട്ടികയിൽ നിന്നും പുറത്താക്കി. തമിഴ്നാട്ടിലെ മധുമലൈ കാടുകളിലെയും ജബൽപൂരിലെ ഉമൈറ ഗ്രാമത്തിലെയും ഗോത്ര വിഭാഗങ്ങളും എസ്.ഐ.ആർ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ടവരാണ്.
വനിതകൾ, ട്രാൻസ്ജെൻഡറുകൾ, ചേരി നിവാസികൾ തുടങ്ങിയ പീഡിത ജനവിഭാഗങ്ങളെ എല്ലാം അന്യായമായി വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ടതായി റിപ്പോർട്ട് കണ്ടെത്തുന്നു.രാജ്യപുരോഗതിക്ക് കാര്യമായി സംഭാവന ചെയ്യാൻ കഴിയാത്ത ജനവിഭാഗങ്ങളെ പരിഗണിക്കേണ്ടത് രാജ്യത്തിന്റെ കടമയല്ല എന്ന പ്രാചീന യൂറോപ്യൻ വംശീയ തത്വശാസ്ത്രമാണോ ഇന്ത്യയിൽ നിലനിൽക്കുന്നത് എന്ന് ചോദിക്കാതെ വയ്യ
പശ്ചിമ ബംഗാളിൽ മുപ്പത് ശതമാനം വോട്ടർമാരെ ഹിയറിങ്ങിനായി വിളിപ്പിച്ചിരിക്കുകയാണ് ഇലക്ഷൻ കമ്മീഷൻ. സംസ്ഥാനത്ത് നിന്നും ഉടനീളം ലഭ്യമായ ഡാറ്റ വ്യക്തമാക്കുന്നത് മുസ്ലിം സമുദായത്തിലെ വോട്ടർമാരെ എസ് ഐ ആർ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു എന്നാണ് .ഹിയറിങ്ങിനായി കമ്മീഷൻ വിളിക്കുന്ന വോട്ടർമാരിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള വോട്ടർമാരുടെ എണ്ണം മറ്റുള്ള വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അറുപത്തിയാറ് ശതമാനം മുസ്ലിം ജനസംഖ്യയുള്ള മുർഷിദാബാദിൽ മുപ്പത് ശതമാനം വോട്ടർമാരും ഹിയറിങ്ങിനായി വിളിക്കപ്പെട്ടിരിക്കുന്നു. ഡിസംബർ മാസത്തെ റിപ്പോർട്ട് പ്രകാരം മുസ്ലിംകൾ കുറവുള്ള പശ്ചിമബംഗാളിലെ ഇരുപത് നിയമസഭ നിയോജകമണ്ഡലങ്ങളിൽ എസ് ഐ ആർ പ്രക്രിയ നടക്കുന്നത് മന്ദഗതിയിലാണ്
എന്നതും മുസ്ലിം പ്രദേശങ്ങളിൽ എസ്.ഐ.ആർ മികച്ച രീതിയിൽ നടക്കുന്നു എന്നതും സാഹചര്യത്തിന്റെ നിഗൂഢത വ്യക്തമാക്കുന്നുണ്ട്. രാജസ്ഥാനിലും സമാന സാഹചര്യം നിലനിൽക്കുന്നുണ്ട് .രാജസ്ഥാനിലെ അൽവാർ ജില്ലയിൽ മുസ്ലിം വോട്ടർമാരുടെ പേരുകൾ കൂട്ടമായി വെട്ടിമാറ്റിയ നിലയിലാണ്.മുസ്ലിം സമുദായത്തിൽ നിന്നുള്ള ആയിരങ്ങളുടെ പേരുകൾ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാൻ ഫോം ഏഴ് പൂരിപ്പിച്ച് നൽകിയിരിക്കുകയാണ് ചിലർ.ആരാണ് ഈ ഫോമുകൾ പൂരിപ്പിച്ച് നൽകിയത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.കോൺഗ്രസ് അനുഭാവികളുടെ പേരുകളാണ് ഇങ്ങനെ വ്യാപകമായി ഒഴിവാക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്.മുസ്ലിം വോട്ടർമാരുടെ പേരുകൾ കൂട്ടമായി നീക്കം ചെയ്യാൻ തനിക്കുമേൽ സമ്മർദമുണ്ടെന്ന് ജയ്‌പൂരിലെ ഹവാ മഹൽ നിയോചകമണ്ഡലയത്തിലെ ബി എൽ ഓ പറഞ്ഞതായി സ്‌ക്രോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് .പശ്ചിമബംഗാളിൽ എസ് ഐ ആർ പ്രധാനമായും ബാധിക്കുന്നത് മുസ്ലിം ജനവിഭാഗത്തെയാണ്.ബംഗ്ലാദേശിൽ നിന്നും പശ്ചിമബംഗാളിലേക്ക് കുടിയേറിയ ഹിന്ദുകൾക്ക് പൗരത്വം ലഭിക്കും എന്ന ഉറച്ച വിശ്വാസമുള്ളിടത്താണ് പൗരരായിട്ടും അത് തെളിയിക്കാൻ പാടുപെടുന്ന മുസ്ലിം സമുദായങ്ങൾ സംസഥാനത് ആശങ്കയിൽ കഴിയുന്നത്.അസ്സമിലെ പൗരത്വ പ്രശ്നവുമായി പശ്ചിമബംഗാളിലെ എസ് ഐ ആറിന് അഭേദ്യമായ ബന്ധമുണ്ട്. കുടിയേറ്റ വിഷയത്തിൽ അസമിന്റേതിനു സമാനമായ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലമാണ് പശ്ചിമബംഗാളിലും നിലനിൽക്കുന്നത് എന്നതുതന്നെ അതിന്റെ കാരണം. പൗരത്വം തെളിയിക്കാനായി അസ്സമിൽ ട്രൈബ്യൂണലുകൾ നിലവിലുണ്ട്. ട്രൈബ്യൂണലിലെ ജഡ്ജിമാർക്ക് കാലാവധി കഴിഞ്ഞാലും സർവീസിൽ തുടരണോ വേണ്ടയോ എന്ന് ഭരണകൂടം തീരുമാനിക്കുന്നത് തന്നെ എത്ര പൗരത്വ ഹരജികൾ അവർ സർവീസ് കാലയളവിൽ തള്ളി എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് എന്നിരിക്കെ എസ് ഐ ആർ എങ്ങനെയാകും അസ്സമിൽ പ്രതിഫലിക്കുക എന്നത് ഇപ്പോൾ തന്നെ മനസ്സിലാക്കാവുന്നതാണ്. പശ്ചിമബംഗാളിലെ കുടിയേറ്റ ഹിന്ദുക്കൾക്ക് ലഭ്യമാകുന്ന പൗരത്വത്തെ കുറിച്ചുള്ള ഉറപ്പ് അസ്സമിലും കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി നിയമത്തിലൂടെ ലഭ്യമാകുന്നുണ്ട്. എന്നാൽ പശ്ചിമ ബംഗാളിന് സമാനമല്ല അസ്സം. അസമീസ് ദേശീയത പ്രതിലോമകരമായി ഇടപെടുന്ന സംസ്ഥാനത്ത് എസ് ഐ ആർ അന്തിമ പട്ടിക എത്രമാത്രം കുഴപ്പം സൃഷ്ടിക്കും എന്നു മാത്രമേ നോക്കി കാണേണ്ടതുള്ളൂ.അസ്സമിലും പശ്ചിമ ബംഗാളിലും രണ്ടിടങ്ങളിലും പുറന്തള്ളപ്പെടുക മുസ്ലിം സമുദായത്തിലെ പൗരന്മാരായിരിക്കും. പൗരത്വ നിയമ ഭേദഗതി നൽകുന്ന പരിരക്ഷ മുസ്ലിങ്ങൾക്ക് ലഭ്യമല്ല എന്നതും ഇതിനോട് ചേർത്തു വായിക്കുക. അവകാശത്തിനായുള്ള അവകാശമാണ് പൗരത്വം എന്ന് ജർമൻ അമേരിക്കൻ ചരിത്രകാരിയും തത്വചിന്തകയുമായ ഹന്നാ ആറെണ്ട് അഭിപ്രായപ്പെടുന്നുണ്ട്. പൗരത്വ അവകാശം എത്ര മാത്രം പ്രാധാന്യം അർഹിക്കുന്നുവെന്ന് ഹന്നയുടെ ഈയൊരൊറ്റ നിരീക്ഷണത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
