November 20 Friday 2026

സ്പെയിനിൽ കുടിയേറ്റ നിയന്ത്രണങ്ങൾ ലഘൂകരിച്ച് സർക്കാർ

 

500000 കുടിയേറ്റക്കാർക്ക് നിയമപദവി നൽകാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുകയാണ് സ്പെയിൻ. ഇതിലൂടെ രാജ്യത്തിന്റെ തൊഴിൽ മേഖലയുടെ ഭാഗമാകാൻ അവർക്ക് സാധിക്കും. സ്പെയിനിൽ ഈ പദ്ധതി ആവശ്യമാണ് എന്ന രീതിയിലാണ് പ്രധാനമന്ത്രി പെട്രോ സാഞ്ചസ് പദ്ധതി വിശദീകരിക്കുന്നത്. എന്നാൽ ഈ പദ്ധതിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സ്പെയിനിലെ യാഥാസ്ഥിതിക പ്രതിപക്ഷമായ പീപ്പിൾസ് പാർട്ടി. പുതിയ നിയമം കൂടുതൽ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കും എന്നാണ് അവരുടെ പക്ഷം. രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ഒരു വർഷത്തെ പുതുക്കാവുന്ന താമസാനുമതി നൽകുന്നതാണ് സർക്കാരിന്റെ പദ്ധതി. യോഗ്യത നേടുന്നതിന് അപേക്ഷകർ സ്പെയിനിൽ അഞ്ചുമാസം താമസിച്ചിട്ടുണ്ടെന്നും കുറ്റാന്വേഷണത്തിൽ കുറ്റക്കാരൻ അല്ലെന്നും തെളിയിക്കണം.പ്രായമാകുന്ന ജനസംഖ്യയുള്ള ഒരു രാജ്യത്ത് സമ്പദ്‌വ്യവസ്ഥയും പൊതു സേവനങ്ങളും നിലനിർത്താൻ ഈ കുടിയേറ്റക്കാർ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ സ്വന്തം പൗരന്മാരിൽ പലരും മെച്ചപ്പെട്ട അവസരങ്ങൾ തേടി കുടിയേറുന്നത് കണ്ടിട്ടുള്ള ഒരു രാജ്യത്തിന് ഇത് ശരിയായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.സ്പെയിനിൽ ഏകദേശം 840,000 രേഖകളില്ലാത്ത കുടിയേറ്റക്കാർ ഉണ്ടെന്നും അവരിൽ ഭൂരിഭാഗവും ലാറ്റിൻ അമേരിക്കക്കാരാണെന്നും കണക്കാക്കപ്പെടുന്നു.സർക്കാരിന്റെ കണക്കുകൾ തെറ്റാണെന്നും ഏകദേശം പത്ത് ലക്ഷം കുടിയേറ്റക്കാർക്ക് ഈ പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാമെന്നും പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷമായ പീപ്പിൾസ് പാർട്ടി ഈ പദ്ധതിയെ “അതിക്രമം” എന്നാണ് വിശേഷിപ്പിച്ചത്.എന്നാൽ, കത്തോലിക്കാ സഭ സർക്കാരിന്റെ നിയമനിർമ്മാണത്തെ പിന്തുണച്ചിട്ടുണ്ട്.സ്പെയിനിന്റെ പല യൂറോപ്യൻ അയൽ രാജ്യങ്ങളും കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ പദ്ധതി വരുന്നത്.

Related