കെഎസ്ആർടിസി ഓർഡിനറി ബസിൽ മാത്രമാണത്രെ വനിതകൾക്ക് സൗജന്യയാത്ര. എന്നാ പിന്നെയത് തിരുകൊച്ചിയിലെ സ്ത്രീകൾക്ക് മാത്രം എന്നാക്കാമായിരുന്നു. ഓർഡിനറി കെഎസ്ആർടിസി ബസ് എന്നത് മലപ്പുറം ജില്ലയിൽ സവിശേഷമായും, മലബാറിൽ പൊതുവെയും അപൂർവ്വവുമാണ്. ടൗൺ ടു ടൗൺ (ടി.ടി) ബസും അതിന് മുകളിലുള്ളതുമാണ് ചില പ്രത്യേക സ്ഥലങ്ങൾക്കിടയിലെങ്കിലും മലപ്പുറത്ത് കണ്ടിട്ടുള്ളത്. ജില്ലയിലെ പ്രധാന റൂട്ടുകളിലേക്ക് പോലും കെഎസ്ആർടിസി ഇല്ല. ഇതര ജില്ലകളിൽ കൂടി കടന്നുപോകുന്ന കെഎസ്ആർടിസികളാണധികവും ഇവിടെയുള്ളത്. അന്തർ ജില്ല സർവീസ് അപൂർവം ചില റൂട്ടുകളിൽ മാത്രമാണുള്ളത്. ജില്ലയിലെ വിവിധ മലയോര മേഖലകളിലേക്ക് പ്രൈവറ്റ് ബസ് ധാരാളമുള്ള മഞ്ചേരി നഗരത്തിൽ ഒരു കെഎസ്ആർടിസി സബ് ഡിപ്പോയോ ബസ്സ്റ്റാൻഡോ ഇല്ല. പലരും ജില്ലക്കകത്തെ സാധാരണ ജീവിതത്തിൽ കെഎസ്ആർടിസി കാണുകയോ അതിൽ സഞ്ചരിക്കുകയോ ചെയ്തിട്ടുണ്ടാവില്ല.
കെഎസ്ആർടിസിക്ക് 4700 ബസുകളുണ്ടെന്നാണ് കണക്ക്. ഇതിൽ മൂവായിരവും ഓർഡിനറി ബസാണത്രെ. 14 ജില്ലകളിലേക്ക് ഇത് വിഭജിക്കുമ്പോൾ ഒരു ജില്ലയിൽ 250 ബസുകളെങ്കിലും ലഭിക്കണം. കൃത്യമായി തന്നെ വേണമെന്നില്ലെങ്കിൽ മിനിമം 150 എങ്കിലും ലഭിക്കണമല്ലോ.
സംസ്ഥാനത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ ആകെ 24 ഓർഡിനറി കെഎസ്ആർടിസി ബസാണ് ഓടുന്നത്. മലപ്പുറം ടൗൺ ഡിപ്പോയിൽ നിന്ന് ഏഴെണ്ണം, പൊന്നാനി ഒമ്പത്, പെരിന്തൽമണ്ണ മൂന്ന്, നിലമ്പൂർ അഞ്ച് ഇങ്ങനെയാണവ. അത്യപൂർവ്വം ചില റൂട്ടുകളിൽ മാത്രം. തിരൂർ മഞ്ചേരി റൂട്ടിൽ മൂന്ന് മിനിട്ട് വ്യാത്യാസത്തിലോടിയിരുന്ന പതിനഞ്ചിലധികം ഓർഡിനറി ബസ് സർവീസുകളെല്ലാം കഴിഞ്ഞ 10 വർഷത്തിനിടെയാണ് നിർത്തലാക്കിയത്. പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിലോടിയിരുന്ന പതിനഞ്ചിലധികം ഓർഡിനറി ബസുകൾ നിന്നതും കഴിഞ്ഞ പത്ത് വർഷത്തിൽ തന്നെയാണ്.
മലപ്പുറം ജില്ലയിൽ അൽപ്പമെങ്കിലും ജനങ്ങൾക്ക് ലഭ്യമാവുന്നത് കെഎസ്ആർടിസി ടൗൺ ടു ടൗൺ ബസ് ആണ്. അപ്പോഴും ജില്ലയിലെ ഡിപ്പോയിലെ അതിൻ്റെ എണ്ണം വെറും 49 മാത്രമാണ്. മലപ്പുറം ടൗൺ 16, പെരിന്തൽമണ്ണ 17, പൊന്നാനി 5, നിലമ്പൂർ 11, എന്നിങ്ങനെ. ഓർഡിനറിയും ടി.ടി യും ചേർന്നാൽ 73 ബസുകൾ. അപ്പോൾ പോലും 100 തികയില്ല. മലബാറിലെ മറ്റ് ജില്ലകളിലെ കെഎസ്ആർടിസി കണക്കെടുത്താലും നേരിയ മാറ്റങ്ങളെ കാണാനാവൂ. കെഎസ്ആർടിസി സർവീസുകളെല്ലാം തെക്കൻ ജില്ലകളിലാണ് പണ്ടുമുതലെ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ നിയമസഭയിൽ വി.ടി ബൽറാം എം.എൽൽെ ഇതുന്നയിക്കുകയും ഗതാഗത മന്ത്രി സി.പി ജോൺ രേഖാമൂലം ഇതംഗീകരിക്കുകയും ചെയ്തതാണ്. ഇനി വേണ്ടത് പരിഹാര നടപടികളാണ്. അതിലേക്ക് കടക്കുമ്പോഴാണ് ആനവണ്ടിപോലെ പലതും കട്ടപ്പുറത്താകുന്നത്.
ഇതൊരു വിവേചനമായി പലർക്കും തോന്നാത്തതിന് കാരണമുണ്ട്. കേരളത്തിൽ എല്ലായിടത്തും ഇങ്ങനെ തന്നെയായിരിക്കുമെന്നാണ് മിക്കവരുടെയും ധാരണ. തിരുകൊച്ചി മേഖലയിലെ കുഗ്രാമങ്ങളിലെ ഉൾറോഡിലൂടെ കൂടിയുംകെഎസ്ആർടിസി ഓർഡിനറി ബസുകൾ യഥേഷ്ടം ഓടുന്നുണ്ടെന്ന വിവരം അറിയുക ഇവിടെയുള്ള കുറച്ച് പേർക്ക് മാത്രമാണ്; അവിടെ ജോലിയാവശ്യാർഥം താമസിക്കുന്നവരോ ആ ജില്ലകളിൽ നിന്ന് ജോലിയാവശ്യാർഥം മലപ്പുറത്ത് താമസിക്കുന്നവരോ ആയവർക്ക് മാത്രം.
ഇതിപ്പോ കെഎസ്ആർടിസി മാത്രമല്ല കെട്ടോ. എസ്എസ്എൽസി കഴിഞ്ഞ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനം തെക്കൻ ജില്ലകളിലെ രക്ഷിതാക്കൾക്ക് ഒരു ടെൻഷനേ അല്ല. ഇഷ്‌ടമുള്ള സ്ട്രീമിൽ ഇഷ്‌ടമുള്ള സർക്കാർ സ്‌കൂളിൽ അവർക്ക് അഡ്‌മിഷൻ കാലങ്ങളായി ഉറപ്പാണ്. ലഭിച്ച ഗ്രേഡെന്നും അതിൽ പ്രശ്നമേ അല്ല. പത്ത് പാസായ എല്ലാവർക്കും അഡ്‌മിഷൻ കൊടുത്താലും ബാച്ചുകളും സീറ്റുകളുമവിടെ ബാക്കിയാണ്. ഒരു കുട്ടിയും അഡ്‌മിഷനെടുക്കാത്ത അത്തരം ചില ബാച്ചുകൾ കൂടിയാണ് മലപ്പുറത്തേക്കും മലബാറിലേക്കും ” താൽക്കാലികമായി” വെച്ചുനീട്ടുന്ന ഭരണകൂട ഔദാര്യങ്ങൾ. 500 കോടി അനുവദിച്ച് സർക്കാരിൻ്റെ അമ്പത് ഏക്കർ ഭൂമിയിൽ 2020 ൽ തുടങ്ങിയ പത്തനംത്തിട്ട മെഡിക്കൽ കോളേജ് മറ്റൊരുദാഹരണം. അതേ സമയത്താരംഭിച്ച മഞ്ചേരി മെഡിക്കൽ കോളേജിന് അമ്പത് ഏക്കർ ചൂണ്ടികാണിച്ച് കൊടുത്തിട്ടും ഇതുവരെ ഭൂമി ഏറ്റെടുത്തിട്ടില്ല. സ്ഥലസൗകര്യമില്ലായ്‌മ കൊണ്ട് വീർപ്പുമുട്ടുന്ന മഞ്ചേരി ജില്ല ഹോസ്പിറ്റലിനെ മെഡിക്കൽ കോളേജാക്കി മാറ്റുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്.
പറഞ്ഞുവരുന്നത് വനിതകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര എന്നതിൽ മലപ്പുറവും മലബാറുമൊക്കെ പുറത്തായിരിക്കുമെന്നതാണ്. ഒരേ നികുതി കൊടുക്കുന്ന സംസ്ഥാനത്ത് ചില ജില്ലകൾ മാത്രം സർക്കാർ അവശ്യസർവീസുകളിൽ വിവേചനമനുഭവിക്കുന്നത് അനീതിയായി തോന്നാത്ത ഭരണകൂടങ്ങളും രാഷ്ട്രീയ പാർട്ടികളും ഇനിയും തുടരുമെന്നർഥം.
