August 11 Tuesday 2026

എയ്ഡഡ് വിദ്യാഭ്യാസ മേഖലയും സാമൂഹിക അനീതികളും

സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം, പെൻഷൻ, മെയിന്റനൻസ് ഗ്രാൻ്റ്, ലൈബ്രറി ഗ്രാൻറ് തുടങ്ങിയവ നൽകുന്നതും വിവിധ സ്വകാര്യ – സമുദായ മാനേജ്മെൻറുകൾ ഭരണം നടത്തുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖല എന്നറിയപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രൊഫ.യു.ആർ.അനന്തമൂർത്തി കമ്മീഷൻ്റെ റിപ്പോർട്ടിൽ എയ്ഡഡ് സ്ഥാപനങ്ങളെ വിലയിരുത്തുന്നത് ‘സ്വകാര്യ മാനേജ്മെൻറുകൾ ഭരണം നടത്തുന്ന പൊതുസ്ഥാപനങ്ങൾ’ എന്നാണ്.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല സർക്കാർ സ്ഥാപനങ്ങളും എയ്ഡഡ് മേഖലയും ചേർന്നതാണ്. (സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങളെയോ സ്വാശ്രയ വിദ്യാലയങ്ങളെയോ പൊതുവിദ്യാഭ്യാസ ഗണത്തിൽ പെടുത്തിയിട്ടില്ല). പൊതുവിദ്യാഭ്യാസത്തിൽ തന്നെ എയ്ഡഡ് വിദ്യാലയങ്ങളാണ് ബഹുഭൂരിപക്ഷവും. സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നത് പബ്ലിക് സർവീസ് കമീഷൻ വഴിയാണെങ്കിൽ പൊതുഖജനാവിൽ നിന്ന് ശമ്പളവും പെൻഷനും നൽകുന്ന എയ്ഡഡ് മേഖലയിൽ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നത് സ്വകാര്യ മാനേജ്മെൻറുകളാണ്. ഈ നിയമനങ്ങളിൽ ‘മെറിറ്റോ’ സാമൂഹിക നീതിയോ പരിഗണിക്കാറില്ല. പകരം അടിസ്ഥാന യോഗ്യതയുള്ള സ്വന്തം സമുദായ അംഗങ്ങളെ വൻ കോഴ വാങ്ങി നിയമിക്കുകയാണ് പതിവ്. വൻതുക കോഴ കൊടുക്കാനില്ലാത്ത സമുദായ അംഗങ്ങൾക്കും സ്വന്തമായി സ്ഥാപനങ്ങളില്ലാത്ത സമുദായങ്ങളിലെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്കും അവസരം നിഷേധിക്കപ്പെടുന്നു. ദലിതരും ആദിവാസികളും ദലിത് ക്രിസ്ത്യാനികളും അതിപിന്നോക്ക വിഭാഗങ്ങളും ഉൾപ്പെടുന്ന വലിയൊരു വിഭാഗത്തിന്റെ അവസര സമത്വവും സാമൂഹിക നീതിയും അട്ടിമറിക്കപ്പെടുന്നയിടമാണ് കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖല.

എയ്ഡഡ് സ്ഥാപനങ്ങളുടെ സ്ഥിതി വിവരക്കണക്കുകൾ പരിശോധിക്കുമ്പോൾ ദലിത് – ആദിവാസി വിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലായ്മയുടെ ഭീദിതമായ ചിത്രം വ്യക്തമാവും. 2010 – 11 ലെ കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച് സർക്കാർ വിദ്യാലയങ്ങള അപേക്ഷിച്ച് ഭൂരിപക്ഷം സ്ഥാപനങ്ങളും എയ്ഡഡ് മേഖലയിലാണെന്ന് കാണാം ആർട്സ് ആൻറ് സയൻസ് കോളജുകളുടെ 79 % എയ്ഡഡ് മേഖലയിലാണ്. ഹൈസ്കൂളുകളുടെ 59 % വും യു.പി.സ്കൂളുകളുടെ 66 % വും എൽ പി.സ്കൂളുകളുടെ 61% വും എയ്ഡഡ് മേഖലയിലാണ്. അധ്യാപകരുടെ എണ്ണത്തിലും സർക്കാർ വിദ്യാലയങ്ങളിലേക്കാൾ മൂന്നിരട്ടിയോളം എയ്ഡഡ് മേഖലയിലാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ചിട്ടുള്ള കണക്കുകളാണ് താഴെ.

 

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ 4 കോളേജുകളുടെ കണക്ക് – 2010

College Under Travancore Devaswam Board         Total Teachers     Nair       Ezhava        Namboothiri  Vishwakarma     Ganaka Araya    Vellalla

D.B.College Kollam          71          53          17                                                                   1

D.B.College Pamba         48          40          4            3            1

Sree Ayyappa College, Chengannur         14          11          1                                         1            1

D.B.College, Kottayam    49          31          11          5            1

Total      182        135        33          8            2            1            1            1

% of Teachers    100        74.17    18.13    4.39       1.09       0.54       0.54              0.54

 

2014-15 ലെ കണക്കനുസരിച്ച് 52 സർക്കാർ കോളജുകളിലെ ജീവനക്കാരിൽ (അധ്യാപകർ – അനധ്യാപകർ) പട്ടികജാതി – പട്ടികവർഗ പ്രാതിനിധ്യം 11 % ഉണ്ട്. അതേ സമയം 180 എയ്ഡഡ് കോളജുകളിലെ 11,958 ജീവനക്കാരിൽ 65 പേർ മാത്രമാണ് പട്ടികജാതി – പട്ടികവർഗ പ്രാതിനിധ്യം. ഇത് മൊത്തം ജീവനക്കാരുടെ (0.54%) അര ശതമാനം മാത്രമേയുള്ളൂ. മൂന്ന് എയ്ഡഡ് എഞ്ചിനീയറിംഗ് കോളജുകളിൽ അധ്യാപകരും അനധ്യാപകരുമായി 829 പേർ ജോലി ചെയ്യുമ്പോൾ രണ്ട് പേർ മാത്രമാണ് പട്ടികജാതിയിൽ നിന്നുള്ളവർ. ആറ് പോളിടെക്നിക്കുകളിലായി 1369 ജീവനക്കാർ ജോലി ചെയ്യുമ്പോൾ പട്ടികജാതി – പട്ടിക വർഗ്ഗ പ്രാതിനിധ്യം 4% ആണ്. ഇത് മൊത്തം ജീവനക്കാരുടെ 0.29% മാത്രമാണ്. വൊക്കേഷനൽ ഹയർ സെക്കൻ്ററിയിൽ 8 പേർ മാത്രമാണ് പട്ടികജാതി – പട്ടികവർഗം. ഇത് മൊത്തം വി.എച്ച്.എസ്.സി ജീവനക്കാരുടെ 0.35% മാത്രമേയുള്ളൂ. ഹയർ‍സെക്കൻ്ററിയിൽ 13538 ജീവനക്കാർ ഉണ്ട്. ഇതിൽ 34 ആണ് എസ്.സി – എസ്.ടി. ജീവനക്കാർ‍. മൊത്തം ജീവനക്കാരുടെ 0.23% മാത്രം. ഹൈസ്‌കൂളുകളിലെ പ്രാധിനിധ്യം ഹയർ സെക്കൻഡറിയേക്കാൾ പരിതാപകരമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1,429 എയ്ഡഡ് ഹൈസ്‌കൂളുകളിലായി 38,442 ജീവനക്കാരാണുള്ളത്. ഇതിൽ‍ എസ്.സി – എസ്.ടി. ജീവനക്കാരുടെ എണ്ണം 86 മാത്രമാണ്. അതായത് 0.17% മാത്രം. യു.പി.സ്‌കൂളുകളിലെ 34,926 അധ്യാപക – അനധ്യാപകരിൽ 123 പേരും (0.35%) എൽ‍.പി. സ്‌കൂളുകളിലെ 40,268 പേരിൽ‍ 238 പേരുമാണ് എസ്.സി – എസ്.ടി. വിഭാഗം. ഇതിൽ എൽ.പി. സ്‌കൂളിലാണ് അര ശതമാനത്തിലധികം (0.59%) പ്രാതിനിധ്യമുള്ളത്. എന്നാൽ‍ മേൽ‍ കൊടുത്തിട്ടുള്ള ടേബിൾ‍ പ്രകാരം മൊത്തം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രാതിനിധ്യം എടുത്താൽ അര ശതമാനത്തിലും താഴെയാണ്. കോളേജുകൾ‍, എൻ‍ജിനീയറിങ് കോളേജുകൾ‍, പോളിടെക്‌നിക്, വൊക്കേഷണൽ ഹയർ‍ സെക്കൻ്ററി, ഹയർ‍സെക്കൻ്ററി, ഹൈസ്‌കൂൾ, യു.പി, എൽ‍.പി. സ്‌കൂൾ അടക്കം 1,44,413 ജീവനക്കാരാണുള്ളത്. ഇതിൽ‍ എസ്.സി – എസ്.ടി. ജീവനക്കാരുടെ എണ്ണം 560 മാത്രമാണ്. മൊത്തം ജീവനക്കാരുടെ 0.38% മാത്രം. സർക്കാർ‍ ഖജനാവിലെ ശമ്പളം പറ്റുന്ന ജീവനക്കാർ‍ എന്ന നിലയിൽ‍ 10% സംവരണ പ്രകാരം 14,441 പോസ്റ്റുകളാണ് എസ്.സി., എസ്.ടി.  വിഭാഗങ്ങൾക്ക് ന്യായമായും ലഭിക്കേണ്ടിയിരുന്നത്. എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കിയിട്ടില്ലാത്തതിനാൽ‍ പട്ടികജാതി – പട്ടികവർ‍ഗങ്ങളും അതിപിന്നോക്ക വിഭാഗങ്ങളും അവസരസമത്വം നഷ്ടപ്പെട്ട് പൊതുവിദ്യാഭ്യാസ മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന ഉദ്യോഗങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടുന്നു.

 

എയ്ഡഡ് മേഖലയും സമുദായ മാനേജ്‌മെന്റുകളും:

പൊതുവിദ്യാഭ്യാസ മേഖലയിലെ എൽ‍.പി.സ്‌കൂളുകളിൽ 61.01% വും യു.പി.സ്‌കൂളുകളിൽ 66.25%വും ഹൈസ്‌കൂളുകളുടെ 58.7%വും എയ്ഡഡ് മേഖലയിലാണ്. അതേപോലെ 2014-15- ൽ‍ ട്രെയിനിംഗ് കോളേജുകൾ ഉൾ‍പ്പെടെ 232 ആർ‍ട്‌സ് ആൻഡ് സയൻസ് കോളേജുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ‍ 180 എണ്ണം അതായത് 78%വും എയ്ഡഡ് സ്ഥാപനങ്ങളാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഇത്രയും സ്ഥാപനങ്ങൾ ഏതെല്ലാം മാനേജ്‌മെന്റുകളാണ് കൈവശം വെച്ചുകൊണ്ടിരിക്കുന്നത് എന്ന് പരിശോധിക്കാം.180 എയ്ഡഡ് കോളേജുകളില്‍ 86 എണ്ണം (47.77%) ക്രിസ്ത്യൻ‍ മാനേജ്‌മെന്റുകളുടെ കീഴിലാണ്. 35 കോളേജുകൾ (19.44%) മുസ്‌ലിം മാനേജ്‌മെന്റുകളുടെ കൈവശമാണുള്ളത്. 18 കോളേജുകൾ‍ (10%) എൻ‍.എസ്.എസിന്റെ കൈവശമാണ്. 7 കോളേജുകൾ (3.88%) സർക്കാരിന്റെ കീഴിലുള്ള ദേവസ്വം ബോർ‍ഡിന്റെ കൈവശമാണ്. ദേവസ്വം ബോർഡ് കോളജുകളിലെ അധ്യാപകരിൽ ഭൂരിപക്ഷവും (74.17%വും) നായർ സമുദായമാണ്. ഫലത്തിൽ 13.88 % കോളജുകളും നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിലാണെന്ന് പറഞ്ഞാലും തെറ്റല്ല. 20 എണ്ണം (11.11%)  ഈഴവ വിഭാഗത്തില്‍പ്പെട്ട എസ്.എൻ‍. ട്രസ്റ്റ് മാനേജ്‌മെന്റുകളുടെ കീഴിലാണ്. 12 എണ്ണം (6.66%) കോളേജുകൾ ഏകാംഗ മാനേജ്‌മെന്റുകളാണ്. 2 എണ്ണം (1.11%) ശ്രീശങ്കര ട്രസ്റ്റിന്റെ കീഴിലാണുള്ളത്. നമ്പൂതിരി വിഭാഗത്തില്‍പ്പെട്ട ഉത്പതിഷ്ണുക്കളുടെ  മുൻ‍കൈയ്യിൽ‍ 1965 ൽ രൂപീകരിച്ചതാണ് ശ്രീശങ്കര ട്രസ്റ്റ്.

 

2010-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ 4 കോളേജുകളിലെ അധ്യാപക നില (ജാതി തിരിച്ച്)

Aided Institutions           No. of Institutions           No. of Teacher   No. of Non – Teachers           Total Teacher & Non- Teachers   Sc&ST   % SC & ST

College 180        8233      3725      11,958  65          0.54%

Eng. College       3            428        401        829        2            0.24%

Poly Technic       6            831        538        1369      4            0.29%

VHSC     128        1695      530        2225      8            0.35%

Hr. Secondary    585        13538   858        14396   34          0.23%

High School        1429      35584   2858      38442   86          0.17%

UP School           1816      33057   1869      34926   123        0.35%

LP School            3981      36287   3981      40268   238        0.59%

Total      8128      129653 14760   144413 560        0.38%

 

ദേവസ്വം ബോർ‍ഡ് കോളേജുകളെ സർക്കാർ‍ എയ്ഡഡ് കോളേജുകൾ എന്നാണ് വിളിക്കുന്നത്. ദേവസ്വം ബോർ‍ഡ് വകുപ്പ് മന്ത്രിയും സർക്കാർ നോമിനികളും അടങ്ങുന്ന ഭരണസമിതിക്ക് കീഴിലാണ് ഈ കോളേജുകൾ. മറ്റ് എയ്ഡഡ് സ്ഥാപനങ്ങളെ പോലെ സ്വകാര്യ മാനേജ്‌മെന്റുകളല്ല ഇവിടെ ഭരണം നടത്തുന്നത്. സർ‍ക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ‍ നിയമനം നടക്കുന്ന 4 കോളേജുകളിലെ അധ്യാപകരുടെ കണക്കുകളാണ് മുകളിലുള്ളത്‍.

മൊത്തം 182 അധ്യാപകരാണിവിടെയുള്ളത്. ഇതിൽ 135 പേരും (74.17%) നായർ വിഭാഗമാണ്. 8% നമ്പൂതിരി അധ്യാപകർ‍ കൂടി ആകുമ്പോൾ 143 പേരും (78.56%) മുന്നോക്ക വിഭാഗങ്ങളാണ്. ഈഴവ വിഭാഗം 18 ശതമാനവും മറ്റു സംവരണീയർക്ക് നാമമാത്ര പ്രാതിനിധ്യവും ആണുള്ളത്. പട്ടികജാതി – പട്ടികവർഗ്ഗത്തിൽ പെട്ടവരും ന്യൂനപക്ഷ അധ്യാപകരും ഇല്ല. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള  ശ്രീ കേരളവർമ്മ കോളേജിൽ‍ ഇതേ കാലത്ത് (2010) 89 അധ്യാപകർ‍ ജോലി ചെയ്തപ്പോൾ‍ പട്ടികജാതി – പട്ടികവർഗ്ഗ – മുസ്‌ലിം അധ്യാപകർ ഈ സർ‍ക്കാർ‍ എയ്ഡഡ് കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നില്ല. 8 ക്രിസ്ത്യൻ വിഭാഗക്കാർ‍ ഇതേ സമയം ഇവിടെ അധ്യാപകരായി ഉണ്ടായിരുന്നു.

 

1972 ലെ ‘ഡയറക്ട് പേയ്മെൻ്റ് സിസ്റ്റം

1972 ൽ‍ അച്യുതമേനോൻ സർക്കാരും സ്വകാര്യ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ‍ ഉണ്ടാക്കിയ കരാറാണ് ‘ഡയറക്റ്റ് പെയ്‌മെന്റ് സിസ്റ്റം’. കോളേജ് അധ്യാപക – അനധ്യാപക നിയമനങ്ങൾ‍ക്കുള്ള അവകാശം സ്വകാര്യ മാനേജ്‌മെന്റുകളുടെ കൈവശം എത്തിച്ചേർന്നത് ഈ കരാറിലൂടെയാണ്.

ഈ കരാറനുസരിച്ച് അധ്യാപകരെയും അനധ്യാപകരേയും തെരഞ്ഞെടുക്കുന്നതിന് ഒരു 5 അംഗ കമ്മിറ്റി വേണമെന്ന് തീരുമാനിച്ചു. എന്നാൽ അഞ്ച് അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള അവകാശം മാനേജ്‌മെന്റിൽ നിക്ഷിപ്തമായതുമൂലം അധ്യാപക – അനധ്യാപക നിയമനങ്ങളിൽ‍ മാനേജ്‌മെന്റുകള്‍ക്ക് പരിപൂർണ്ണ അധികാരം ലഭിച്ചു. നിയമനങ്ങളിൽ 50% ഒഴിവുകളിൽ‍ മെറിറ്റ് അടിസ്ഥാനത്തിൽ മാനേജ്‌മെന്റ് സമുദായങ്ങളിലെ അംഗങ്ങളെ നിയമിക്കാമെന്നും ബാക്കി 50% ഒഴിവുകൾ‍ ‘ഓപൺ മെറിറ്റിൽ‍’ നിന്ന് നിയമിക്കണമെന്നും വ്യവസ്ഥ ചെയ്തു. ഡയറക്ട് പെയ്‌മെന്റ് വ്യവസ്ഥ നടപ്പാക്കുന്നതിന് മുമ്പും നിയമനങ്ങൾ‍ നടത്തിയിരുന്നത് മാനേജ്‌മെന്റുകൾ തന്നെയായിരുന്നെങ്കെിലും 50% ഒഴിവുകൾ‍ മാനേജ്‌മെന്റ് സമുദായങ്ങള്‍ക്ക് നിയമപരമായി സംവരണം ചെയ്തത് ഈ കരാറിലൂടെയാണ്. ബാക്കി 50% ഓപൺ മെറിറ്റിൽ നിന്ന് നിയമനം നടത്തണമെന്ന വ്യവസ്ഥ വെച്ചെങ്കിലും നിയമനാവകാശം പരിപൂർണ്ണമായും  മാനേജ്‌മെന്റിന്റെ കൈവശമായതിനാൽ ഓപ്പൺ മെറിറ്റിലെ നിയമനങ്ങളും മാനേജ്‌മെന്റ് സമുദായങ്ങൾക്ക് തന്നെ സംവരണം ചെയ്യപ്പെട്ടതിന് തുല്യമായിത്തീർന്നു. ഓപൺ മെറിറ്റിൽ നിന്നു തന്നെയാണോ ബാക്കി 50% നിയമനങ്ങൾ‍ നടത്തുന്നത് എന്ന് മോണിറ്റർ ചെയ്യാൻ‍ സർക്കാരിനോ വിദ്യാഭ്യാസ വകുപ്പിനോ അധികാരമുണ്ടായില്ല. ഈ വ്യവസ്ഥ പ്രകാരം തത്വത്തിൽ 100% കോളേജ് അധ്യാപക – അനധ്യാപക നിയമനങ്ങളും മാനേജ്‌മെന്റ് സമുദായങ്ങൾക്ക് സംവരണം ചെയ്യപ്പെട്ടതിന് തുല്യമായി.

നിയമനങ്ങൾ പി.എസ്.സി വഴിയാക്കണമെന്നും നിയമനങ്ങളിൽ സംവരണം പാലിക്കണമെന്നുമുള്ള വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥക്കെതിരെ കത്തോലിക്കാസഭക്കൊപ്പം ചേർ‍ന്ന് ‘വിമോചന’സമരം നയിച്ച സമുദായ നേതാവാണ് മന്നത്ത് പത്മനാഭൻ. അദ്ദേഹം രൂപം നൽകിയ നായർ‍ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിൽ 16 അധ്യാപകരും 6 അനധ്യാപകരുമാണുള്ളത്. (2018 ലെ കണക്ക്) മൊത്തം 22 ജീവനക്കാരിൽ‍ 22 പേരും നായർ 100% നായർ‍ സമുദായക്കാരാണ്. 100% നിയമനങ്ങളും നായർ‍ സമുദായത്തിന് സംവരണം ചെയ്തിരിക്കുന്ന മറ്റൊരു കോളേജാണ് എൻ‍.എസ്. എസ്. ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി. ഇവിടെയുള്ള 13 അധ്യാപകരിൽ 13 പേരും 8 അനധ്യാപകരിൽ‍ എട്ട് പേരും നായർ സമുദായാംഗങ്ങളാണ്. (2018 ലെ കണക്ക്). മുസ്‌ലിം മാനേജ്‌മെന്റിന്റെ കീഴിലുള്ള കടവത്തൂർ  നുസ്രത്തുൽ ഇസ്ലാം അറബിക് കോളേജിൽ 8 അധ്യാപകരും 7 അനധ്യാപകരും ഉൾപ്പെടെ 15 ജീവനക്കാരാണ്  ഉള്ളത്. (2018 ലെ കണക്ക്) 15 പേരും മുസ്ലിം സമുദായക്കാരാണ്. ക്രിസ്ത്യൻ മാനേജ്‌മെന്റിന്റെ കീഴിലുള്ള  ബിഷപ്പ് ചൂലപ്പറമ്പിൽ‍ മെമ്മോറിയൽ (ബി.സി.എം.) കോളേജിൽ‍ 37 അധ്യാപകരും 14 അനധ്യാപകരും ഉൾപ്പെടെ 51 ജീവനക്കാരുണ്ട്. 51 പേരും ക്രിസ്ത്യൻ‍ സമുദായക്കാരാണ്. ക്രിസ്ത്യൻ സമുദായത്തിൽ തന്നെ റോമന്‍ കാത്തലിക് സിറിയൻ ക്രിസ്ത്യൻ‍ (RCSC) ആണ് ഭൂരിപക്ഷവും. പേരിന് ഇതര ക്രിസ്ത്യൻ വിഭാഗങ്ങൾ ഉണ്ടെന്ന് മാത്രം. അധ്യാപകർ 100% ക്രിസ്ത്യാനികളായ മറ്റൊരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജാണ്  സെന്റ് സ്റ്റീഫൻ‍സ് കോളേജ്, ഉഴവൂർ‍. അവിടെയുള്ള 31 അധ്യാപകരിൽ 31 പേരും റോമന്‍ കാത്തലിക് സിറിയൻ ക്രിസ്ത്യൻ‍ സമുദായക്കാരാണ്. ക്രിസ്ത്യൻ മാനേജ്മെൻറ് സ്ഥാപനമായ ബി.സി.എം കോളജിൽ ഭൂരിപക്ഷവും  റോമൻ കത്തോലിക്കരാണെങ്കിലും മാർത്തോമ്മ, മലങ്കര കാത്തലിക്, യാക്കോബായ, സിറിയൻ മാർത്തോമ്മ തുടങ്ങിയ ഇതര  ക്രിസ്ത്യൻ വിഭാഗങ്ങളും ജോലി ചെയ്യുന്നുണ്ട്. എന്നാൽ സെൻറ് സ്റ്റീഫൻ കോളജ് ഉഴവൂരിൽ 100 % വും റോമന്‍ കാത്തലിക് സിറിയൻ‍ ക്രിസ്ത്യൻ‍ മാത്രമേയുള്ളൂ. ഇതര ക്രിസ്ത്യൻ വിഭാഗങ്ങളെ പോലും ഈ സ്ഥാപനം പുറന്തള്ളിയിട്ടുണ്ട് എന്ന് മനസിലാക്കാം. മേൽപ്പറഞ്ഞ രണ്ട് കോളജുകളിലും ദളിത് ക്രിസ്ത്യൻ അധ്യാപകരുണ്ടായിരുന്നില്ല.

ഓരോ സാമുദായിക മാനേജ്‌മെന്റിന്റെയും കീഴിലെ എട്ട് വീതം കോളേജുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും ജാതി / മതം തിരിച്ചുള്ള കണക്കുകൾ‍ പരിശോധിച്ചപ്പോൾ 83 – 96 ശതമാനം ജീവനക്കാരും അതത് ജാതി / മതക്കാർ‍ തന്നെയാണെന്നാണ് കാണാൻ‍ കഴിയുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ 78 ശതമാനം വരുന്ന എയ്ഡഡ് ആർട്‌സ് ആന്റ് സയൻ‍സ് കോളേജുകളിലെയും ട്രെയിനിങ് കോളേജുകളിലെയും 80 – 100% നിയമനങ്ങളും നാല് മാനേജ്‌മെന്റുകളുടെ സമുദായക്കാർക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് മുകളിലെ വസ്തുതകൾ വ്യക്തമാക്കുന്നത്. ഭരണഘടനാനുസൃതമായ പ്രാതിനിധ്യം പട്ടികജാതി – പട്ടികവർഗങ്ങർക്ക്  മാത്രം നിഷേധിക്കപ്പെട്ടതിൻ്റെ ചിത്രം കൂടിയാണ് ഈ കണക്കുകൾ.

 

എയ്ഡഡ് കോളേജ് അധ്യാപക നിയമനം: കേന്ദ്ര / യു ജി സി നിയമങ്ങൾ

1956 ലെ യു.ജി.സി. ആക്ട് സെക്ഷന്‍ 20(1) പ്രകാരം സെൻ‍ട്രൽ‍ യൂണിവേഴ്‌സിറ്റികൾ, ഡീംഡ് യൂണിവേഴ്‌സിറ്റികൾ‍, പൊതുഖജനാവിൽ‍ നിന്ന് ശമ്പളം പറ്റുന്ന സ്ഥാപനങ്ങൾ എന്നിവയിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെയുള്ളവയിൽ‍ നിർ‍ബന്ധമായും എസ്.സി, എസ്.ടി. സംവരണം നടപ്പാക്കേണ്ടതാണെന്ന് വ്യക്തമാക്കുന്നുണ്ട്. നിലവിൽ സംവരണ വ്യവസ്ഥ നടപ്പിലാക്കാൻ നിയമമില്ലാത്ത സ്ഥാപനങ്ങളുണ്ടെങ്കിൽ‍ അത്തരം സ്ഥാപനങ്ങൾ‍ യു.ജി.സി. മാതൃകയിലുള്ള നിർ‍ദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്ന വിധത്തിൽ ചട്ടങ്ങൾ‍ പരിഷ്‌കരിക്കണമെന്നും അതിനായി ഭരണ നിർവഹണ സമിതി, സിൻഡിക്കേറ്റ്, സെനറ്റ് തുടങ്ങിയ സമിതികൾ മുൻകൈ എടുക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

എയ്ഡഡ് കോളേജ് അധ്യാപക – അനധ്യാപക നിയമനങ്ങളിൽ‍ പട്ടികജാതി – പട്ടികവർഗ സംവരണം നടപ്പിലാക്കണമെന്ന കേന്ദ്രസർക്കാർ‍ നിയമവും അതിനായുള്ള യു.ജി.സി. നിർദേശങ്ങളും വ്യക്തമായി നിലവിലുണ്ടായിരുന്നിട്ടും കേരളത്തിലെ സർവകലാശാലകളോ അതിനു കീഴിലുള്ള എയ്ഡഡ് കോളേജുകളോ സംവരണം നടപ്പാക്കിയില്ല. മാറി വന്ന സർ‍ക്കാരുകൾ ഇതിനെ സാമൂഹിക നീതിയുടെയും അവസര സമത്വത്തിന്റെയും ലംഘനമായോ ഭരണഘടന താല്പര്യങ്ങളുടെ ലംഘനമായോ പരിഗണിച്ചില്ല.

കേരളത്തിൽ 2015 -16 ൽ 5,11,487 സർക്കാർ ജീവനക്കാരാണുള്ളത്. ഇതിൽ‍ ഒന്നര ലക്ഷത്തിനടുത്ത് എയ്ഡഡ് മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇത്രയും ജീവനക്കാരിൽ പട്ടികജാതി – പട്ടികവർഗക്കാർ ഒരു ശതമാനത്തിലും താഴെയാണുള്ളത്. എയ്ഡഡ് മേഖലയിൽ‍ പട്ടികജാതി – പട്ടികവർഗങ്ങൾ‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്ന് മാത്രമല്ല എയ്ഡഡ് മേഖലയിലെ ‘സംരക്ഷിത അധ്യാപകരെ’ സർക്കാർ വിദ്യാലയങ്ങളിൽ‍ നിയമിക്കുന്നത് മൂലം സർ‍ക്കാർ‍ മേഖലയിലെ സംവരണം പോലും ദലിത് – ആദിവാസി വിഭാഗങ്ങൾക്ക് നഷ്ടപ്പെടുന്ന സ്ഥിതിയിലാവുന്നു.

 

സംരക്ഷിത അധ്യാപക നിയമനവും ദലിത് – ആദിവാസി പുറന്തള്ളലും

എയ്ഡഡ് മാനേജ്‌മെന്റുകൾ‍ സർക്കാർ‍ അനുവാദമില്ലാതെ നിയമിക്കുന്ന അധ്യാപകർ‍ക്ക് പിന്നീട് തസ്തികയും ശമ്പളവും ഇല്ലാതാകുന്നു. ഇത്തരം അധ്യാപക‍രാണ് സംരക്ഷിത അധ്യാപകർ‍ (Protected Teachers) എന്നറിയപ്പെടുന്നത്. 2011-12 അധ്യയനവർ‍ഷം 3389 അധ്യാപകരുടെ നിയമനങ്ങൾ‍ അംഗീകരിച്ചുകൊണ്ട് (2011 ൽ‍) അന്നത്തെ യു.ഡി.എഫ്. സര്‍ക്കാർ‍ ഉത്തരവിറക്കിയെങ്കിൽ 2016-17-ൽ 4060 സംരക്ഷിത അധ്യാപകരെ സർക്കാർ‍ സ്‌കൂളുകളിൽ‍ നിയമിച്ചു കൊണ്ടാണ് എൽ‍.ഡി.എഫ്. സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇങ്ങനെ വിവിധ ജില്ലകളിലെ സർക്കാർ‍ സ്‌കൂളുകളിൽ‍ നിയമിച്ച എയ്ഡഡ് അധ്യാപകരുടെ കണക്കുകളാണ് ചുവടെ  ചേർത്തിരിക്കുന്നത്.

2016-17ൽ സംരക്ഷിത അദ്ധ്യാപകർ സർക്കാർ സ്കൂളിൽ നിയമിച്ചതിന്റെ കണക്ക്, ജില്ല തിരിച്ച്

ക്രമനമ്പർ    ജില്ല   അധ്യാപകരുടെ എണ്ണം

1            തിരുവനന്തപുരം    447

2            കൊല്ലം        470

3            പത്തനംതിട്ട 217

4            ആലപ്പുഴ     293

5            കോട്ടയം      108

6            ഇടുക്കി        12

7            എറണാകുളം         399

8            തൃശൂർ         429

9            പാലക്കാട്    480

10          മലപ്പുറം       357

11          കോഴിക്കോട്          451

12          വയനാട്       13

13          കണ്ണൂർ         316

14          കാസർകോഡ്       68

ആകെ                   4060

 

4060 സംരക്ഷിത അധ്യാപകരെ സർ‍ക്കാർ‍ സ്‌കൂളുകളിൽ‍ നിയമിച്ചപ്പോൾ പി.എസ്. സി.പരീക്ഷ പാസായ 460 (10% സംവരണ പ്രകാരം) ആദിവാസി – ദലിത് ഉദ്യോഗാർ‍ഥികളുടെ അവസരങ്ങളാണ് നഷ്ടപ്പെട്ടത്. മറ്റ് സാമൂഹിക വിഭാഗങ്ങളെ അപേക്ഷിച്ച് ആദിവാസി – ദലിത് വിഭാഗങ്ങൾക്ക് എയ്ഡഡ് മേഖലയിൽ‍ അവസരമില്ലെന്ന് മാത്രമല്ല എയ്ഡഡ് മേഖലയിലെ സംരക്ഷിത അധ്യാപകരെ സർക്കാർ വിദ്യാലയങ്ങളിൽ‍ നിയമിക്കുന്നത് മൂലം സർക്കാർ‍ വിദ്യാലയങ്ങളിലെ 10%  സംവരണ പോസ്റ്റുകൾ‍പോലും നഷ്ടപ്പെടുകയും ചെയ്യുന്നു.

എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ സാമൂഹിക നീതിയിലധിഷ്ഠിതമായി പരിവർത്തിപ്പിക്കുന്നതിന്  ഒട്ടനവധി ശ്രമങ്ങൾ‍ നടന്നെങ്കിലും അതെല്ലാം മാനേജ്‌മെന്റുകളുടെയും സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളുടെയും മുമ്പിൽ‍ പരാജയപ്പെടുകയായിരുന്നു. 1957-ൽ കൊണ്ടു വന്ന കേരള വിദ്യാഭ്യാസ നിയമത്തിൽ‍ നിന്നും നിയമനങ്ങൾ പി.എസ്. സി.ക്ക് വിടുന്നതിനും, സംവരണ നടപ്പിലാക്കുന്നതിനുമുള്ള വ്യവസ്ഥകൾ‍ എടുത്തു കളയുകയായിരുന്നു. അതിനു ശേഷവും ഒട്ടനവധി വിദ്യാഭ്യാസ കമ്മീഷനുകൾ ഇതേ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു. യു.ആർ‍. അനന്തമൂർ‍ത്തി കമ്മീഷനനും സി.പി. നായർ കമ്മീഷനും ശേഷം ഏറ്റവും ഒടുവിൽ പുറത്തു വന്ന ടി.വി. രാജേഷ് എം.എൽ‍.എ. അധ്യക്ഷനും 9 ഇടത് – വലത് എം.എൽ.എ.മാർ‍ അംഗങ്ങളുമായ യുവജനക്ഷേമ യുവജനകാര്യ സമിതി റിപ്പോർട്ടും ഇതേ കാര്യം പറഞ്ഞു. 2017 ൽ നിയമസഭയിൽ‍ സമർപ്പിച്ച റിപ്പോർട്ടിൽ എയ്ഡഡ് നിയമനങ്ങളിൽ പട്ടികജാതി – പട്ടികവർഗ്ഗ സംവരണം നടപ്പിലാക്കണമെന്നും നിയമനങ്ങൾ പബ്ലിക് സര്‍വീസ് കമ്മീഷനെ ഏൽ‍പ്പിക്കണമെന്നും ശുപാർശ ചെയ്യുകയുമുണ്ടായി. പ്രസ്തുത റിപ്പോർട്ടും ദീർഘനാളായി നിദ്രയിലാണ്.

ഐക്യകേരള രൂപീകരണത്തിന് ശേഷം ആറു പതിറ്റാണ്ടിലേറെ പിന്നിട്ടെങ്കിലും വിദ്യാഭ്യാസമേഖലയെ ഭരണഘടനാ മൂല്യങ്ങൾക്കനുസൃതമായി പരിഷ്‌കരിക്കുന്നതിൽ കേരളീയ സമൂഹം കുറ്റകരമായ മൗനത്തിലാണ്. ഒരുവശത്ത് ദലിതരുടെയും ആദിവാസികളുടെയും പിന്നാക്കക്കാരുടെയും സാമൂഹിക നീതിയും ഭരണഘടനാവകാരങ്ങളും നിഷേധിക്കപ്പെടുന്നു.  മറുവശത്ത് വർഷം തോറും പൊതു ഖജനാവ്  സമുദായ മാനേജ്മെൻറുകളുടെ മൂലധനമായി കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ശമ്പളം, പെൻഷൻ, മറ്റ് അലവൻസുകൾ അടക്കം പതിനെണ്ണായിരം കോടി രൂപയാണ് 2019 – 20 ലെ കേരള ബഡ്ജറ്റിൽ എയ്ഡഡ് മേഖലയ്ക്കായി വകയിരുത്തിയത്. പൊതുഖജനാവിലെ ഇത്രയും ഭീമമായ തുക പങ്കിട്ടെടുക്കുന്ന മാനേജ്മെൻറുകൾ കൂടുതൽ ധനികരും രാഷ്ട്രീയ സമ്മർദ്ദശേഷിയുള്ള വിഭാഗവുമായി മാറുന്നു. തൻമൂലം പൊതുവിദ്യാഭ്യാസത്തെ കാലികമായി പരിഷ്കരിക്കുന്നതിനോ രാജ്യത്തെ ഭരണഘടന മൂല്യങ്ങൾക്കനുസരിച്ച് തുല്യതയും അവസരസമത്വവും സാമൂഹികനീതിയും സ്ഥാപിക്കുന്നതിനോ  ശേഷിയില്ലാതെ മാറി വരുന്ന സർക്കാറുകൾ നിഷ്പ്രഭരാവുകയും ചെയ്യുന്നു.

Related