വടകര ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലുണ്ടായ വിവാദ കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ടി മനോഹരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനാണ് ചുമതല. എൽഡിഎഫ് ഭരണകാലത്ത് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കണ്ട് അന്വേഷണം അവസാനിപ്പിച്ച കേസാണ് യുഡിഎഫ് സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
2024 ലെ ലേക്സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ ശൈലജക്കെതിരെ പ്രടചരിച്ചതാണ് തകാഫിർ സ്ക്രീൻഷോട്ട്. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതിയിൽ മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിചേർത്ത് കേസെടുത്തെങ്കിലും കുറ്റകൃത്യത്തിലെ പങ്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയരുന്നു. തുടർന്ന് അനേഷണം അവസാനിപ്പിച്ച കേസിൽ യുഡിഎഫ്എ സർക്കാർ അധികാരത്തിലെത്തിയതോടെ എസ്.ഐ.ടി രൂപവത്കരിച്ച് കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാറക്കൽ അബ്ദുല്ല എം.എൽ.എ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകിയിരുന്നു. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായിയുടെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനത്തിൽ’ പുനരന്വേഷണം നടക്കുന്നതിനിടയിലാണ് വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിലും ആഭ്യന്തര വകുപ്പ് എസ് ഐ ടി രൂപീകരിച്ചിരിക്കുന്നത്.
പുനരന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കെ.കെ ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം നടക്കട്ടെയെന്നും ആരാണ് കണ്ടുപിടിക്കട്ടെയെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വർഗീയധ്രുവീകരണം ഉണ്ടായിട്ടില്ലെന്നും കെ.കെ ശൈലജ പ്രതികരിച്ചു.
വടകര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 410/2024, 411/2024 എന്നീ രണ്ട് കേസുകളാണ് പ്രത്യേക സംഘം അന്വേഷിക്കുക. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് ഐ.പി.സി 153 എ വകുപ്പ് പ്രകാരമുള്ള ഒരു കേസ്. വ്യാജ സന്ദേശങ്ങൾ നിർമ്മിച്ച്പ്രചരിപ്പിക്കുകയും സമൂഹത്തിൽ ലഹളയും സമാധാന ലംഘനവും ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഐ.പി.സി 153, കേരള പോലീസ് ആക്ട് 120(ഒ) എന്നീ വകുപ്പുകൾ പ്രകാരമുള്ള രണ്ടാമത്തെ കേസ്.
