സുരേഷ് രാജകുമാരി – തമിഴ് കൂട്ടുകെട്ടില്‍ പിറന്ന 2025 ലെ മികച്ച ഒരു തമിഴ് ചിത്രം ആണ് സിറൈ. തിരക്കഥകൊണ്ടും സംഗീതം കൊണ്ടുമൊക്കെ മികച്ച ഒരു കാഴ്ചാനുഭവം തരുന്ന, ചെറിയ കാന്‍വാസില്‍ വളരെ ഭംഗിയായി ചിട്ടപ്പെടുത്തിയ ഒരു ക്രൈം ത്രില്ലര്‍ ഡ്രാമ. ഒരു സിനിമ എന്നതിനപ്പുറം സിറൈ ഇന്ത്യയിലെ മുസ്ലിം ജീവിതങ്ങളുടെ സ്വത്വ പ്രശ്നങ്ങളെ അടയാളപ്പെടുത്തുന്ന ശക്തമായ ഒരു ഡോക്യുമെന്റ് കൂടിയാണ്. തങ്ങളുടെ നിരപരാധിത്വവും, രാജ്യസ്നേഹവും മതേതരത്വവുമൊക്കെ ഇടയ്ക്കിടയ്ക്ക് തെളിയിക്കേണ്ട അധികബാധ്യത ഉള്ളവരാണ് ഇന്ത്യയിലെ മുസ്ലിം എന്നത് നിലനില്‍ക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിന്റെ നിരന്തരമായ വെറുപ്പുല്‍പാദനത്തിന്റെയും മുസ്ലിം എന്ന അപരനെ മുന്‍നിര്‍ത്തി വിഭജന രാഷ്ട്രീയ സിദ്ധാന്തം മെനഞ്ഞെടുക്കുന്ന സംഘപരിവാറിന്റെയും അജണ്ടകളുടെ ഭാഗമാണ്.
‘അബ്ദുല്‍ റഊഫ് എന്ന പേര് ഇതിന് മുമ്പ് നീ കേട്ടിട്ടുണ്ടോടാ? 1995 ല്‍ ഈഴ തമിഴര്‍ക്ക് വേണ്ടി തീകൊളുത്തി മരിച്ച ആദ്യ തമിഴന് ആണ്. ഞങ്ങളും മനുഷ്യരായി തമിഴരായി ഇന്ത്യക്കാരായി തന്നെയാടാ ജീവിക്കുന്നത്. നീയൊക്കെ മതം നോക്കി മനുഷ്യരെ അളക്കുന്നത് എന്തിനാ?’ – ലോങ് എസ്കോര്‍ട്ട് പോകുമ്പോ റൈഫിള്‍ ലോഡ് ചെയ്യാറില്ലലോ എന്ന് സുപ്പീരിയര്‍ ഓഫീസര്‍ ചോദിക്കുമ്പോ അക്ക്യൂസ്റ്റ് മുസ്ലിം ആയത് കൊണ്ടാണ് സര് എന്ന് പറഞ്ഞ കോണ്‍സ്റ്റബിളിനോട് ഓഫീസര്‍ ഖദ്ര് ബാദ്ഷാ ചോദിച്ച ചോദ്യമാണിത്. അക്ക്യൂസ്റ്റ് മുസ്ലിം ആയത് കൊണ്ടാണ് ഗണ്‍ ലോഡ് ചെയ്ത് വെച്ചത് എന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ പറയുമ്പോള്‍ അത് ഇന്ത്യയില്‍ സംഘ്പരിവാര്‍ പയറ്റുന്ന വംശീയ രാഷ്ട്രീയത്തിന്റെ ഉപോല്പന്നമായ ഇസ്ലാമോഫോബിയ എങ്ങനെയാണ് സാധാരണക്കാരന്റെ മനസ്സുകളില്‍ പോലും വളരെ എളുപ്പത്തില്‍ ഡയല്യൂട്ട് ചെയ്യപ്പെട്ട് കിടക്കുന്നത് എന്ന് നമുക്ക് കാണിച്ചുതരുന്നു.
സിറൈ സമൂഹത്തോട് സംവദിക്കുന്ന രാഷ്ട്രീയം ഒരേ സമയം വളരെ ആഴമുള്ളതും മുഴക്കമുള്ളതുമാണ്. വളരെ സഹജമായി സമൂഹത്തില്‍ ഇടപഴകി ജീവിക്കുന്ന ഒരു മുസ്ലിം ചെറുപ്പക്കാരന് നേരിടുന്ന അവന്റെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പഴികളും ആകുലതകളുും വളരെ സൂക്ഷ്മമായി സിനിമ കൈകാര്യം ചെയ്യുന്നു. ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍ സ്വാഭാവികമായി, വളരെ ജൈവികമായി അബ്ദുല്‍ റഊഫ് കലൈയുമായി പ്രണയത്തില്‍ ആവുന്നുണ്ട്. അത് അവന്റെ ജീവിതത്തെ എങ്ങനെയാണ് വലിയൊരു ദുരിതക്കയത്തിലേക്ക് തള്ളിയിടുന്നതെന്നും, നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യം എങ്ങനെയാണ് ഇവിടുത്തെ ന്യൂനപക്ഷത്തെ മുന്‍വിധിയോടെയും സംശയത്തോടെയും ട്രീറ്റ് ചെയ്യുന്നത് എന്നും ഒക്കെ വളരെ ഗൗരവത്തില്‍ സിനിമ ചര്‍ച്ചചെയ്യുന്നു.
റഊഫും കലയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് സൂചന ലഭിച്ച കലയുടെ അച്ചന് റഊഫിനെയും അമ്മയെയും വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഉപദ്രവിക്കുകയും അത് ഒരു സംഘര്‍ഷത്തില്‍ കലാശിക്കുകയും അബദ്ധത്തില്‍ റഊഫിന്റെ കയ്യാല്‍ കലയുടെ അച്ചന് കൊല്ലപ്പെടുന്നതോടെയുമാണ് റഊഫ് സ്വയം കുറ്റം ഏറ്റുപറഞ്ഞ് ജയിലിലെത്തുന്നത്. ദീര്‍ഘകാലം വിചാരണ പോലുമില്ലാതെ ജയിലില്‍ കഴിയേണ്ടി വരുന്ന റഊഫിന് 1998 ല്‍ കോയമ്പത്തൂരില്‍ നടന്ന സ്ഫോടനം വീണ്ടും ജയിലില്‍ തിക്താനുഭവങ്ങള്‍ സമ്മാനിക്കുന്നു. രാജ്യത്ത് ഒരു ഭീകര പ്രവര്‍ത്തനം നടന്നാല്‍ സ്റ്റേറ്റ്ന്റെ സര്‍വൈലന്‍സ് സിസ്റ്റം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സകല സംശയകണ്ണുകളും കുന്തവും കുറുവടിയുമായി ചെന്ന് നില്ക്കുന്നതും മുസ്ലിം പേരുള്ള മനുഷ്യരുടെ വീട്ടുമുറ്റതായിരിക്കും എന്നത് വിശദീകരണം ആവശ്യമില്ലാത്ത ബോധ്യങ്ങളാണ്. കളമശേരി സ്ഫോടനത്തില്‍ (ഭീകരാക്രമണം) അനുഭവിച്ചതുമാണ്. കുറ്റവാളി മാര്ട്ടിന് ആയതോടുകൂടി പ്രബുദ്ധ കേരളത്തിന് യാതൊരു ഞെട്ടലുമില്ല. യു.എ.പി.എ ഇല്ല, ഭീകരത ഇല്ല, തീവ്രവാദി വിളികളില്ല. യുഎപിഎ പോലുള്ള കരിനിയമങ്ങളുടെ മറ പിടിച്ച് രാജ്യത്തെ എത്രയെത്ര ചെറുപ്പക്കാരെയാണ് ഭരണകൂടം വിചാരണത്തടവുകാരായി ഇന്ത്യയിലെ വിവിധ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നീതി നിഷേധിക്കപ്പെട്ട് ജീവിതത്തിന്റെ സിംഹഭാഗവും ജയിലറകളില്‍ വിചാരണതടുവാകരായി കഴിച്ചുകൂട്ടുന്ന ഉമര്‍ ഖാലിദിനെയും ഷര്‍ജില്‍ ഇമാമിനെയും പോലെയുള്ള യുവാക്കളുടെ ശബ്ദങ്ങള്‍ അധികാരത്തിന്റെ ദണ്ഡ കൊണ്ട് അടിച്ച് ഇല്ലാതാക്കാന്‍ ആണ് സര്‍കാര്‍ ശ്രമം. ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങളുടെ പരാജയവും അലംഭാവവും നഷ്ടപ്പെടുത്തികളഞ്ഞത് ലക്ഷകണക്കിന് മനുഷ്യരുടെ ജീവിതങ്ങളാണ്. നാല് ലക്ഷത്തോളം മനുഷ്യരാണ് ഇന്ത്യയിലെ ജയിലുകളില്‍ വിചാരണ തടവുകാരായി കഴിയുന്നത്. ജനസംഖ്യയുടെ 14 ശതമാനം മാത്രം ഉള്ള മുസ്ലിംകളാണ് അതില്‍ 18 മുതല്‍ 19 ശതമാനവും എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം.
വേലൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുലിന്റെ കൂടെ ശിവഗംഗയിലെ കോടതിയിലേക്ക് എസ്കോര്‍ട്ട് പോകേണ്ടിവരുന്നത് വിക്രം പ്രഭുവിന്റെ കഥാപാത്രം കതിരവനും മറ്റു രണ്ട് പൊലീസ് കോണ്സ്റ്റബിള്സുമാണ്. ഈ യാത്രയിലുടനീളം അബ്ദുല്‍ റഊഫിനെ അലട്ടുന്നത് കയ്യിലെ വിലങ്ങുകളും. ഓരോ തവണയും കോടതിയില്‍ ചെല്ലുമ്പോള്‍ മാത്രമാണ് റഊഫും കലയും തമ്മില്‍ കണ്ടുമുട്ടുന്നത്. കാണുമ്പോഴൊക്കെ വിലങ്ങിട്ട കയ്യുമായി നില്ക്കുന്ന റഊഫിനെ നോക്കികലൈ വിതുമ്പിത്തുടങ്ങും. കോടതിയെത്തുമ്പോള് വിലങ്ങ് അഴിച്ച് തരുമോ എന്ന ആവശ്യം അബ്ദുല്‍ റഊഫ് കതിരവനോട് ചോദിക്കുന്നതോടെ ആണ് അബ്ദുല്‍ റഊഫിന്റെ കഥയറിയാന്‍ കതിരവന്‍ ശ്രമിക്കുന്നതും അവനെ സഹായിക്കാന്‍ തീരുമാനിക്കുന്നതും.
നോണ്‍ ലീനിയര്‍ ആയി ഒരുക്കിയ ഒരു തിരക്കഥയിലൂടെ അബ്ദുല്‍ റഊഫിന്റെ കഥ വൈകാരികത ഒട്ടും ചോര്‍ന്നു പോകാതെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തറച്ച് ഇറക്കാന്‍ സംവിധായകന് സാധിച്ചു എന്നതും സിനിമയുടെ സാങ്കേതികമായ വിജയമാണ്. ജസ്റ്റിന് പ്രഭാകറിന്റെ സംഗീതവും ചിന്മയിയുടെയും സൂരജ് സന്തോഷിന്റെയും യുവശങ്കര്‍ രാജയുടെയുമൊക്കെ ശബ്ദവും സിനിമയുടെ ഒഴുക്കിനെ ലയമധുരമാക്കുന്നതോടുകൂടി സിറൈ (ജയില്‍) മനോഹരമായ അനുഭവമാകുന്നു.
