November 23 Monday 2026

ജ്ഞാന പുകഴ്ച്ചി പാടൽ; പീർ മുഹമ്മദ് അപ്പയുടെ ദാർശനിക കാവ്യം

പഴയ തിരുവിതാംകൂര്‍-തമിഴ്നാട് അതിർത്തിയോട് ചേർന്ന നെയ്ത്തു-കമ്പോളഗ്രാമമായിരുന്ന ബാലരാമപുരത്തെ ഏകദേശം മൂന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള മഹല്ലിൽ വർഷം തോറും മുടങ്ങാതെ നടന്നുവരുന്ന പരമ്പരാഗത ചടങ്ങുകളിൽ ഒന്നാണ് റബിഉൽ അവ്വൽ 12 (നബിദിനം) രാത്രിയിൽ നടക്കുന്ന ജ്ഞാന പുകഴ്ച്ചി പാടൽ. ഇശാ നമസ്കാരത്തിന് ശേഷം ആരംഭിച്ചാൽ സുബഹി ബാങ്കിന് മുമ്പ് അവസാനിക്കുന്ന ഈ പാരായണ സദസിൽ പങ്കെടുക്കാനും കേൾക്കാനും ധാരാളം ആളുകൾ കാരണവന്മാർക്കൊപ്പം ഉണർന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

എന്താണ് ജ്ഞാന പുകഴ്ചി
ദക്ഷിണേന്ത്യയിലെ പ്രശസ്തനായ സൂഫി വര്യനും ഇസ്‌ലാമിക ദാർശനിക തമിഴ് കവിയുമാണ് തക്കല പീരപ്പ എന്നറിയപ്പെടുന്ന പീർ മുഹമ്മദ് അപ്പ വലിയുല്ലാഹ്. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ആത്മീയ കൃതികളിലൊന്നാണ് ‘ജ്ഞാന പുകഴ്ചി. തെങ്കാശിയിൽ ജനിച്ച് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കല കേന്ദ്രീകരിച്ച് ജീവിക്കുകയും പ്രബോധനത്തിലേർപെടുകയും ചെയ്തിരുന്ന പീർ മുഹമ്മദ് അപ്പ കേരളവുമായും തമിഴ്നാട്ടുമായും ആത്മീയ ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ്. ഇടുക്കി ജില്ലയിലെ പീരുമേടും പെരുവന്താനവുമെല്ലാം അദ്ദേഹത്തിൻ്റെ സ്മാരകമായി നിലകൊള്ളുന്ന സ്ഥലനാമങ്ങളാണ്. ദക്ഷിണേന്ത്യൻ സൂഫി ആത്മീയ പ്രബോധനത്തിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ സ്വാധീനം വലുതാണ്.

ഇസ്‌ലാമിക മിസ്റ്റിസിസവും (സൂഫിസം) തദ്ദേശീയമായ ദക്ഷിണേന്ത്യൻ തത്ത്വചിന്തകളും തമ്മിലുള്ള അപൂർവ്വ സംഗമമാണ് അദ്ദേഹത്തിന്റെ തമിഴ് ഭക്തി കാവ്യ കൃതികളുടെ സവിശേഷത. തക്കല പീർ മുഹമ്മദ് അപ്പയുടെ ആത്മീയ സാഹിത്യത്തിലെ കിരീട തുല്യമായ കൃതിയാണ് ‘ജ്ഞാന പുകഴ്ചി’. നെയ്ത്തുകാരനായിരുന്ന അദ്ദേഹത്തിൻ്റെ ആത്മീയ പ്രഭാവം ഉൾക്കൊണ്ടവരായിരുന്നു ബാലരാമപുരത്തെ അഞ്ചുവന്ന തെരുവിൽ തിരുവിതാംകൂർ രാജഭരണകൂടം കൂടിയിരുത്തിയ നെയ്ത്തുകാരായ തമിഴ് മുസ്‌ലിംകൾ. അഞ്ചുവന്നം എന്ന ചരിത്ര നാമധേയമുള്ള മുസ്‌ലിം നെയ്ത്തുകാരുടെ തെരുവിൽ പീർമുഹമ്മദ് വലിയുള്ളാഹിയുടെ ആത്മീയ ഗുരുവും തെന്നിന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പ്രബോധകനുമായ മീറാൻ സാഹിബ് ശാഹുൽ ഹമീദ് വലിയുല്ലാഹിയുടെ പേരിലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്.

ജ്ഞാന പുകഴ്ചിയുടെ സാമൂഹിക ലക്ഷ്യം:
ലൗകികതയിൽ മുഴുകി ജീവിക്കുന്ന മനുഷ്യരെ ദൈവചിന്തയുണർത്തുന്ന ആത്മജ്ഞാനത്തിലേക്ക് നയിക്കാനും, മതപരമായ സങ്കുചിത ചിന്തകൾക്കപ്പുറം മാനുഷിക മൂല്യങ്ങളിലൂന്നിയ ദൈവസ്നേഹം പ്രചരിപ്പിക്കാനും വേണ്ടിയാണ് അദ്ദേഹം ഇത്തരം കൃതികൾ രചിച്ചത്.

പ്രധാന ആശയങ്ങൾ (Core Concepts)
ദൈവസ്തുതിയും ഏകത്വവും (Tawhid): പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്റെ മഹത്വത്തെയും കാരുണ്യത്തെയും പുകഴ്ത്തിപ്പാടുക എന്നതാണ് ‘ജ്ഞാന പുകഴ്ചി’ എന്ന വാക്കിന്റെ അർത്ഥം ഉൾക്കൊള്ളുന്നത്. ദൈവത്തിന്റെ ഏകത്വവും സർവ്വവ്യാപിയായ കഴിവും കൃതിയിൽ പ്രതിപാദിക്കുന്നു

ആത്മജ്ഞാനം (Self-Realization): “തന്നെയറിഞ്ഞാൽ ദൈവത്തെയറിയാം” – സ്വന്തത്തെയറിഞ്ഞവൻ പരിപാലിക്കുന്ന റബ്ബിനെ അറിഞ്ഞു എന്ന നബി വചനത്തിലൂന്നിയ സൂഫി തത്വമാണ് ഇതിന്റെ അടിത്തറ. സ്വന്തം അഹങ്കാരത്തെയും ആഗ്രഹങ്ങളെയും നിയന്ത്രിച്ച് മനസ്സിനെ ശുദ്ധീകരിക്കുന്നതിലൂടെ മാത്രമേ പരമമായ സത്യത്തിലെത്താൻ കഴിയൂ എന്ന് ഇത് പഠിപ്പിക്കുന്നു.

ഭൗതിക ലോകത്തിന്റെ നശ്വരത: ലൗകിക സുഖങ്ങളും ഭൗതിക മോഹങ്ങളും താൽക്കാലികമാണെന്നും, ആത്മാവിന്റെ നിത്യമായ യാത്രയാണ് പ്രധാനം എന്നുമുള്ള തിരിച്ചറിവ് ഇത് നൽകുന്നു.

ദൈവത്തോടുള്ള അടങ്ങാത്ത സ്നേഹം (Ishq): ഭക്തനും സ്രഷ്ടാവും തമ്മിലുള്ള ബന്ധം ഭയത്തിന് ഉപരിയായി അടിയുറച്ച സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്ന് ഈ കൃതി ഓർമ്മിപ്പിക്കുന്നു.

വച്ചിരമോ നമ്മിറയോൻ
വണ്ണമോ വമ്മാനൈ
വണ്ണമായി നിൻറലോപൽ
വകൈയമൈത്ത നമ്മാനെ)
(“നമ്മുടെ സ്രഷ്ടാവായ ദൈവത്തിന്റെ തിരുസ്വരൂപവും വർണ്ണവും എങ്ങനെയുള്ളതാണ്? അത് ആത്മാവിൽ പ്രകാശിക്കുന്ന അനന്യമായ ഒരു യാഥാർത്ഥ്യമാണ്.”)

മനസ്സിന്റെ അനന്തതയെ പറ്റി ഉണർത്തുകയും ഭൗതികാസക്തിക്കെതിരെ വിരൽ ചുണ്ടുകയും ചെയ്യുന്നുണ്ട് പീർ മുഹമ്മദ് അപ്പയുടെ കവിതകൾ. ആത്മാവിന്റെയും മനസ്സിന്റെയും ശക്തി ഭൗതിക ലോകത്തേക്കാൾ എത്രയോ വലുതാണെന്ന് ഊന്നിപ്പറയുന്നുണ്ട്. പർവതശിഖരങ്ങൾ ചെറുതും ഞങ്ങളുടെ മനമേട് വലുതും ആണെന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ദർശനം ജ്ഞാന പുകഴ്ചിയിലും പ്രതിഫലിക്കുന്നുണ്ട്.

മലൈമേട് സിറുത്…
എങ്കൾ മനമേട് പെരിതു..
പ്രപഞ്ചത്തിലെ ഏത് വലിയ പർവ്വതങ്ങളെക്കാളും ഔന്നത്യവും വിശാലതയും മനുഷ്യന്റെ മനസ്സിനുണ്ട്. ആ മനസ്സിനെ നിയന്ത്രണ വിധേയമാക്കി ലൗകിക മോഹങ്ങളും അഹങ്കാരവും വെടിയുമ്പോൾ മാത്രമേ യഥാർത്ഥ ആത്മജ്ഞാനം സാധ്യമാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

‘ജ്ഞാന പുകഴ്ചി’ കേവലം ഒരു സൂഫി കവിതാ സമാഹാരം മാത്രമല്ല, മറിച്ച് ഒരു സത്യ വിശ്വാസി തന്റെ ആത്മാവിനെ ശുദ്ധീകരിക്കാൻ കടന്നു പോകേണ്ട ആത്മീയ പടവുകളുടെ മാന്വൽ കൂടിയാണ്. സമാധാനം തേടി മനുഷ്യരുടെ ആധുനിക കാലത്തെ നെട്ടോട്ടങ്ങൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും ഇടയിൽ തക്കല പീർ മുഹമ്മദ് അപ്പയുടെ ദർശനങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ഭൗതികവാദത്തിന് പിറകെ പായുന്ന ഇന്നത്തെ മനുഷ്യന് അദ്ദേഹത്തിന്റെ കൃതികൾ നൽകുന്ന ചില പ്രധാന ജീവിത പാഠങ്ങൾ ഇവയാണ്.

അഹങ്കാരവും ആഗ്രഹങ്ങളും അടക്കുക: ആധുനിക സമൂഹത്തിൽ ഉപഭോഗ സംസ്കാരത്തിന്റെയും സോഷ്യൽ മീഡിയ പ്രൊജക്ഷനുകളുടെയും സ്വാധീനം കാരണം ആളുകളിൽ അഹങ്കാരവും അമിത വാഞ്ഛയും കൂടിവരുന്നു.
ആത്മനിയന്ത്രണം: ബാഹ്യലോകത്തെ കീഴടക്കുന്നതിനേക്കാൾ വലുതാണ് സ്വന്തം മനസ്സിനെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കുക എന്നത്.
ലളിതമായ ജീവിതം: അമിതമോഹങ്ങൾ മനുഷ്യനെ അശാന്തിയിലേക്ക് നയിക്കുമെന്നും, മനസ്സിനെ ശുദ്ധീകരിക്കുമ്പോൾ യഥാർത്ഥ സന്തോഷം ലഭിക്കുമെന്നും ഇത് പഠിപ്പിക്കുന്നു.
മനസ്സിന്റെ ശാന്തിയും ആത്മപരിശോധനയും: സമ്മർദ്ദങ്ങൾ നിറഞ്ഞ ഇന്നത്തെ ജീവിത ശൈലിയിൽ പലർക്കും സ്വന്തം മനസ്സിനെക്കുറിച്ച് പോലും ബോധമില്ലാത്ത അവസ്ഥയാണ്.
ഏകാഗ്രത: പുറംലോകത്തെ ഭൗതിക നേട്ടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ആത്മാവിലേക്ക് തിരിഞ്ഞുനോക്കാൻ പീർ അപ്പ ഓർമ്മിപ്പിക്കുന്നു.
മനക്കരുത്ത്: ചെറിയ പ്രതിസന്ധികളെയും മാനസിക ഭാരങ്ങളെയും അതിജീവിക്കാൻ വലിയ മനക്കരുത്ത് ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ തത്ത്വചിന്ത ഓർമ്മപ്പെടുത്തുന്നു.
പരസ്പര സ്നേഹം: ആധുനിക കാലത്തെ മനുഷ്യബന്ധങ്ങളിലെ അകൽച്ചകൾക്കും സ്വാർത്ഥതയ്ക്കും എതിരെ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും പാതയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
വിദ്വേഷമില്ലാത്ത മാനവികത: ജാതി-മത-വർഗ്ഗ ഭേദങ്ങൾക്കപ്പുറം എല്ലാ മനുഷ്യരെയും സ്നേഹത്തോടെയും കാരുണ്യത്തോടെയും സമീപിക്കുക എന്നതാണ് സൂഫി ദർശനങ്ങളുടെ കാതൽ.

 

Related