August 11 Tuesday 2026

ഇരകള്‍ക്ക് വേട്ടക്കാരുടെ പരിവേഷം കൈവരുമ്പോള്‍

പുരുഷന്‍മാര്‍ ഇരകളും സ്ത്രീകള്‍ വേട്ടക്കാരുമായിരുന്ന ഒരു കാലത്തെ വിഭാവനം ചെയ്ത ഫാത്തിമ മെര്‍നീസിയെ ഓര്‍മവരുന്നു. ‘റീലിനുവേണ്ടി ബാഗ്തൂക്കി വൈറല്‍ വേട്ടക്കിറക്കുന്ന പെണ്ണുങ്ങള്‍ക്കെതിരില്‍ ഇരയാകാന്‍ പാകത്തിലുള്ള ലോലമനസ്‌കരായ ആണുങ്ങളെ ‘വലവീശുന്ന’ വളുമാരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്ന കാലത്തെ ഇരവര്‍ഗ്ഗം ആരാണെന്നവര്‍ ചോദിക്കുന്നു. പെര്‍വര്‍ട്ടിസത്തെ ബലഹീനതയായി കാണുന്നവര്‍ പീഡകരെ പരിശുദ്ധരാക്കുമൊ. കാലങ്ങളായി അടിച്ചമര്‍ത്തപ്പെടുന്നവര്‍ അടരാടാന്‍ തീരുമാനിച്ചപ്പോള്‍ അടര്‍ന്നു വീഴുന്ന ആണത്തമാണൊ കാമബലഹീനതക്കൊപ്പം നില്‍ക്കുന്ന ആണ്‍കൂട്ടനീതി?

ആത്മഹത്യാ പ്രേരണ പോലെ തന്നെ കുറ്റകരമല്ലെ വശീകരണ വ്യഗ്രത എന്നിങ്ങനെയുള്ള ആണ്‍ സന്ദേഹങ്ങളേ..
ഷിംജിത-ദീപക് മാനഹത്യ വിഷയം ഒരു പമ്പരം പോലെ കറങ്ങി പിമ്പിരി കയറിയ മലയാളി മിസ്റ്റര്‍മാരേ. ബൈ ദ വേ.. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സ്ത്രീകളോട് മാന്യമായ സഹവര്‍ത്തനം ആഹ്വാനം ചെയ്യുന്ന പാഠങ്ങളെ മുന്‍ നിറുത്തി വിശകലനപ്പെടുത്തുമ്പോള്‍ ആരാണ് ശരിയെന്നതിനെക്കുറിച്ച നേര്‍ചിത്രം പരിശോധിക്കാം.

ആരോഗ്യകരമായ അകലങ്ങള്‍ക്കും അതിരുകള്‍ക്കും അവസരമില്ലാത്ത ഇടങ്ങളില്‍ പാലിക്കേണ്ടതായ പെരുമാറ്റ മര്യാദ ലംഘിക്കപ്പെട്ടു എന്നു തന്നെയാണ് ഷിംജിതയുടെ വാക്കുകളില്‍ നിന്ന് മനസിലാക്കുന്നത്. അനുഭവിച്ച അതിക്രമത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് സംശയാതീതമായി തെളിയിക്കാന്‍ മാത്രം പ്രബലമല്ലാത്തതിനാല്‍ പുറത്തു വിട്ടതില്‍ സൂക്ഷ്മതക്കുറവും ധൃതിയും ഷിംജിതയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്കെതിരില്‍ ബസുകളില്‍ ഉള്‍പ്പെടെയുണ്ടാകുന്ന മോശം പെരുമാറ്റത്തിന്റെ പിന്നിലെ സൈക്കോളജി വിശകലനം ചെയ്ത് ബോധവല്‍കരിച്ചത് തെറ്റൊന്നുമല്ല. എന്നാല്‍, ഇത്തരം ദുര്‍ബല മനസുള്ളവരെ അപമാനത്തിന്റെ വൈറല്‍ച്ചുഴിയില്‍ പെടുത്തി ശ്വാസംമുട്ടിക്കുന്നതിനെതിരില്‍ കേരളീയ പുരുഷത്വം മുഷ്ടിചുരുട്ടിയിറങ്ങിയിട്ടും ആത്മഹത്യാ പ്രേരണാ കുറ്റത്തിന് റിമാന്റ് ചെയ്യുകയും ചെയ്തിട്ടും ഷിംജിതക്കെതിരായ വിദ്വേഷ ട്രോളുകള്‍ തുടരുകയാണ്.

അടിച്ചമര്‍ത്തപ്പെടുന്നവളും അതിക്രമത്തിന് ഇരയാക്കപ്പെടുന്നവളുമായ പെണ്‍ പ്രതിനിധാനം തന്റെ വേട്ടക്കാരന്‍ സ്വയം വരിച്ച മരണത്തിലൂടെ വീണ്ടും അടിച്ചമര്‍ത്തപ്പെടാന്‍ ഇടയായത് സമൂഹ മനസിന്റെ സ്ത്രീവിരുദ്ധ അബോധം തന്നെയല്ലെ. ആരോപിതന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പോരാടുന്നതിനുപകരം ആത്മഹത്യ ചെയ്തത് ദൗര്‍ഭാഗ്യകരമായിപ്പോയി. മരണപ്പെട്ടവനോടുള്ള സഹതാപ തരംഗം മുഴുവന്‍ ജീവിച്ചിരിക്കുന്നവളോടുള്ള അസഹ്യതയും ആക്രോശവുമായി മാറുന്ന കാഴ്ച സൈബര്‍ ലോകത്തെ ആള്‍ക്കൂട്ട വിചാരണയായി വിലയിരുത്തപ്പെടുന്നു.

യഥാര്‍ത്ഥ ഇരയോടൊപ്പം നില്‍ക്കണമെങ്കില്‍ സൂക്ഷ്മവും ജാഗ്രത്തുമായ രാഷ്ട്രീയ നിലപാടിനെ നൂലിഴതിരിച്ചെടുക്കുന്നത് ബുദ്ധിപരമായ പ്രതിബദ്ധതയാണ്. കോവിഡ് ഭീതിയുടെ ആനുകൂല്യത്തില്‍ തബ്‌ലീഗ് വിഭാഗത്തെ ഒറ്റതിരിഞ്ഞാക്രമിച്ച ഇസ്‌ലാമോഫോബിയയെ കണ്ടെടുത്ത സാമാന്യ ബുദ്ധിക്ക് കുറ്റാരോപിതന്റെ ആത്മഹത്യയുടെ സഹതാപ ആനുകൂല്യം കൊണ്ട് മുസ്‌ലിം സ്ത്രീവിരുദ്ധതയെ ആഘോഷിക്കുന്ന ആണധികാര പ്രിവിലേജിന്റെ വിദ്വേഷമുന്‍വിധിയെ തിരിച്ചറിയല്‍ പ്രയാസകരമാകുന്നത് നവാത്ഥാനപരമായ സ്ത്രീപക്ഷ നീതിയെക്കുറിച്ച പ്രതീക്ഷകളെ പിറകോട്ടടിപ്പിക്കുന്നു.

കാലാന്തരങ്ങളായി പൊതു വാഹനങ്ങളില്‍ നേരിട്ടു കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ ചെറുവിരലനക്കിയത് ശ്ലാഘനീയമല്ലാതാക്കിയത് മരണം കൊണ്ടുള്ള പ്രതികാരമാണ്. അതിനെ വീരമുദ്ര അണിയിക്കാന്‍ കഴിഞ്ഞത്, തീവ്രമായ പൈശാചികവത്കരണം ഷിംജിതക്കു നേരെ നടന്നതുകൊണ്ടാണ്. (കൊച്ചു കുഞ്ഞായിരിക്കെ ബസ്സില്‍ അതിക്രമം നേരിട്ട ശേഷം മാനസിക നില തെറ്റിയ പെണ്‍കുട്ടിയെ നേരിട്ടറിയാം. ആള്‍ക്കൂട്ടത്തിനിടയിലെ അപമാന ഭാരത്തിന്റെ ആഴവും എന്തെന്നറിയാം) പൊതുജന മധ്യത്തില്‍ തൊലിയുരിക്കപ്പെടുന്നതിന്റെ വേദനയോട് ഐക്യപ്പെടുമ്പോഴും ലൈംഗിക പീഡനത്തിന്റെ ആജീവനാന്ത ട്രോമ അനുഭവിക്കുന്നവരെ അവഗണിക്കുന്ന മെയില്‍ ഷോവനിസം സംഹാര താണ്ഡവമാടിയത് നാം കണ്ടു. പ്രതികരിക്കുന്ന സ്ത്രീകളെ പൈശാചികവത്കരിക്കുന്ന പ്രവണത സാമൂഹിക ശാക്തീകരണത്തെ റദ്ദു ചെയ്യുന്നതാണ്.

ആര്‍ജ്ജവപ്പെടുന്ന സ്ത്രീ എന്ന നിലയിലും മുസ്‌ലിം സ്വത്വം എന്ന നിലയിലും ഇരയെ കിട്ടിയ ആണ്‍കൂട്ടം ജയിലിലേക്കുള്ള അവരുടെ വേഷത്തിന്റെ തെരഞ്ഞെടുപ്പിനെ പോലും വിചാരണ ചെയ്യുന്നു. വിരല്‍ ചൂണ്ടിയവള്‍ക്കു നേരെ ചൂണ്ടയെറിയുന്ന ഈ സിസ്റ്റം ഇങ്ങനെയൊക്കെ ആയതു കൊണ്ടാണ് ആത്മഹത്യയുടെ ആണ്‍കോയ്മാ നാഴ്‌സിസത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടി വരുന്നത്.

Related