അമേരിക്കൻ, സെർബിയൻ തെരഞ്ഞെടുപ്പുകളിലെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഭരണകൂടത്തിനെതിരായ ജനകീയ മുന്നേറ്റങ്ങൾ കേവലം ആശയപ്രചാരണങ്ങളിൽ മാത്രം ഒതുങ്ങരുതെന്നും, അത് ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കണമെന്നുമാണ്. ഈ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾക്ക് തങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങൾ രൂപപ്പെടുത്താൻ ആവശ്യമായ ചില കാര്യങ്ങളുണ്ട്.
അമേരിക്കൻ ഡെമോക്രാറ്റുകൾ മികച്ച മുന്നേറ്റം ഉണ്ടാക്കിയത് ജനാധിപത്യത്തെക്കുറിച്ച് നിരന്തരം പ്രസംഗിച്ചതുകൊണ്ട് മാത്രമല്ല; മറിച്ച് ‘ജീവിതച്ചെലവ്’ എന്ന സാധാരണക്കാരന്റെ വിഷയത്തെ അവരുടെ പ്രധാന ആയുധമാക്കിയതുകൊണ്ടാണ്. അവർ ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം പ്രായോഗികമായി നടപ്പിലാക്കി. അബ്ദുൽ അൽ സഈദ് അല്ലെങ്കിൽ ഇൽഹാൻ ഒമർ തുടങ്ങിയ നേതാക്കളെ ലക്ഷ്യം വെച്ച് അവർ ‘മുസ്ലീമാണ്, തീവ്രവാദിയാണ്’ എന്ന് എതിരാളികൾ ആരോപിച്ചപ്പോൾ, പ്രതിരോധത്തിലാകാൻ ഡെമോക്രാറ്റുകൾ തയ്യാറായില്ല. പകരം “So What?” എന്ന മറുപടിയോടെ അവർ വിഷയങ്ങളെ നേരിട്ടു.
ഇന്ത്യയിലും ജനകീയ വിഷയങ്ങൾക്ക് പഞ്ഞമില്ല. കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേലോ മറ്റൊരു ന്യൂനപക്ഷ നേതാവോ മുഖ്യമന്ത്രിയാകുമെന്ന് എതിരാളികൾ ആരോപിക്കുമ്പോൾ, “അല്ല, ആകില്ല” എന്ന് പ്രതിരോധിച്ച് നിൽക്കുന്നതിന് പകരം “അതിനെന്താ?” എന്ന് ചോദിക്കാൻ കഴിയുന്നതാണ് യഥാർഥ രാഷ്ട്രീയം. വിവാദങ്ങളിൽ കുടുങ്ങാതെ, സംവാദം ജനങ്ങളുടെ അടിസ്ഥാനജീവിത പ്രശ്നങ്ങളിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടത്.
ഇന്ത്യൻ പ്രതിപക്ഷം ഏറ്റവും പ്രധാനമായി പഠിക്കേണ്ട പാഠം ഇതാണ്: പ്രക്ഷോഭങ്ങളെ ഒറ്റപ്പെട്ട തുരുത്തുകളായി കാണരുത്. ഇന്ത്യയിൽ വോട്ടർ പട്ടികയിൽ നിന്നും ലക്ഷക്കണക്കിന് പേരുകൾ ഒഴിവാക്കപ്പെടുന്ന എസ്.ഐ.ആർ പോലെയുള്ള നീക്കങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളെ കേവലം സാങ്കേതികമോ ഭരണഘടനാപരമോ ആയ ഒരു പ്രശ്നമായി മാത്രം ചുരുക്കിക്കാണരുത്. വോട്ടവകാശം നിഷേധിക്കപ്പെടുന്നത് താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ അതിജീവനവുമായി നേരിട്ട് ബന്ധപ്പെട്ട കാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഈ പ്രക്ഷോഭത്തെ ഓരോ ജനകീയ സമരങ്ങളുമായും കണ്ണിചേർക്കണം
വിലക്കയറ്റവും തൊഴിലില്ലായ്മയും: അടുക്കളയിലെ ബജറ്റ് താളംതെറ്റുമ്പോഴും, കോടിക്കണക്കിന് യുവാക്കൾ തൊഴിലില്ലാതെ വലയുമ്പോഴും ഭരണകൂടത്തെ തിരുത്താനുള്ള അവരുടെ ഏക ആയുധം വോട്ടാണ്. വോട്ടവകാശം ഇല്ലാതാക്കുന്നത് ഈ ചോദ്യം ചെയ്യാനുള്ള അവകാശം ഇല്ലാതാക്കലാണ്. കാരണം, വോട്ടുണ്ടെങ്കിലേ ചോദ്യത്തിന് രാഷട്രീയപാർട്ടികളും !ഭരണകൂടവും ഉത്തരം നൽകാൻ നിർബന്ധിതരാകൂ.
വിളകൾക്ക് താങ്ങുവില ലഭിക്കാത്ത കർഷകന്റെയും, കോർപ്പറേറ്റുകൾക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന സാധാരണക്കാരന്റെയും അതിജീവന പോരാട്ടങ്ങൾ വിജയിക്കണമെങ്കിൽ അവർക്ക് വോട്ട് എന്ന അധികാരം വേണം. വോട്ടില്ലാത്ത കർഷകനെ ഭരണകൂടത്തിന് ഭയമില്ല.
ലേബർ കോഡുകളിലൂടെയും കരാർ വത്കരണത്തിലൂടെയും അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്ന തൊഴിലാളികളുടെ സമരങ്ങൾ എസ്.ഐ.ആർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ചേരേണ്ടതുണ്ട്. ഭൂമിക്ക് വേണ്ടിയുള്ള ദലിത് സമരങ്ങളും, സംവരണ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വനഭൂമിയിൽ നിന്നും പുറത്താക്കപ്പെടുന്ന ആദിവാസികളുടെയും, തീരദേശം കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതിനെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെയും ശബ്ദം ഇല്ലാതാക്കാനാണ് വോട്ട് വെട്ടിക്കുറയ്ക്കുന്നതിലൂടെ ഭരണകൂടങ്ങൾ ശ്രമിക്കുന്നത് എന്ന രാഷ്ട്രീയ യാഥാർത്ഥ്യം പ്രചരിപ്പിക്കപ്പെടണം.
കലാലയങ്ങളിലും തെരുവിലും ജനാധിപത്യത്തിനും അക്കാദമിക സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന വിദ്യാർത്ഥി സമൂഹത്തെ ഈ വിശാല സമരമുന്നണിയിൽ പങ്കാളികളാക്കണം.
ചുരുക്കത്തിൽ, “വോട്ട് പോയാൽ റേഷൻ പോകും, തൊഴിൽ പോകും, ഭൂമി പോകും, കാടും കടലും പോകും” എന്ന ലളിതമായ യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ മാത്രമേ ഇത്തരം പ്രക്ഷോഭങ്ങൾ വൻവിജയമാകുകയുള്ളൂ.
സെർബിയയിൽ ഭരണാധികാരിയായ അലക്സാണ്ടർ വുചിച്ചിന്റെ പാർട്ടിക്ക് മുൻ തെരഞ്ഞെടുപ്പിലെ വോട്ടുകൾ ഏറെക്കുറെ അതേപടി നിലനിർത്താൻ കഴിഞ്ഞിരുന്നു. എന്നാൽ, പ്രതിപക്ഷം ജയിച്ചത് വോട്ടിംഗ് ശതമാനം കുതിച്ചുയർത്തിയതിലൂടെയാണ്. യൂഗോസ്ലാവിയ പിളർന്നതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് അവിടെ രേഖപ്പെടുത്തി. വോട്ട് ചെയ്യാതിരുന്നവരെ ബൂത്തിലെത്തിച്ചാണ് വിദ്യാർത്ഥി സംഘടനകൾ അവിടെ അത്ഭുതം സൃഷ്ടിച്ചത്. അതുമാത്രമല്ല, നൂറുകണക്കിന് നിരീക്ഷകരെ പോളിംഗ് സ്റ്റേഷനുകളിൽ നിയോഗിച്ച് അവർ വോട്ടെണ്ണലിനും കാവൽ നിന്നു.
ഇന്ത്യയിൽ എസ്.ഐ.ആർ പോലെയുള്ള സംവിധാനങ്ങളിലൂടെ ഒരു വർഷം കൊണ്ട് ഏകദേശം ആറ് കോടി പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു എന്ന് കണക്കുകൾ പറയുന്നു (പശ്ചിമ ബംഗാളിൽ മാത്രം 91 ലക്ഷം). വോട്ടെണ്ണിയ ശേഷം “വോട്ട് മോഷണം നടന്നു” എന്ന് വിളിച്ചുപറയുന്നത് വെറുമൊരു പരാതി മാത്രമാണ്. വോട്ടെടുപ്പിന് മാസങ്ങൾക്ക് മുൻപ് തന്നെ ബൂത്ത് തലത്തിൽ വോട്ടർ പട്ടികയിലെ ഓരോ പേരും സംരക്ഷിക്കുന്നതാണ് യഥാർത്ഥ തെരഞ്ഞെടുപ്പ് തന്ത്രം.
സെർബിയൻ വിദ്യാർഥി മുന്നേറ്റത്തിന് പ്രഗത്ഭനായ ഒരു നേതാവോ ഔപചാരിക നേതൃത്വമോ ഉണ്ടായിരുന്നില്ല. ജനകീയ അസംബ്ലികളാണ് തീരുമാനങ്ങൾ എടുത്തത്. അവരുടെ 250 സ്ഥാനാർത്ഥികളും സാധാരണ പ്രൊഫഷണലുകളായിരുന്നു: അധ്യാപകർ, കർഷകർ, കായികതാരങ്ങൾ, കലാകാരന്മാർ.
ഇന്ത്യൻ സാഹചര്യത്തിൽ സഖ്യങ്ങൾ പലപ്പോഴും ഡൽഹിയിലെ പത്രസമ്മേളനങ്ങളിൽ ഒതുങ്ങുന്നു. സംസ്ഥാന തലങ്ങളിൽ പാർട്ടികൾ തമ്മിൽ പോരടിക്കുകയും, ദേശീയ തലത്തിൽ ഒന്നിച്ചുനിൽക്കുകയും ചെയ്യുന്നത് വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. സീറ്റ് ധാരണകൾ നേരത്തേ ഉറപ്പിക്കണം. സാധാരണക്കാർക്ക് ഓർത്തുപറയാവുന്ന ലളിതമായ ഒരു ‘പൊതു മിനിമം പരിപാടി’ രൂപീകരിക്കുകയും വേണം. ഗ്രൗണ്ടിൽ ഒന്നിച്ചുനിൽക്കാത്ത സഖ്യങ്ങൾ വോട്ടർമാരെ സംബന്ധിച്ച് നിലവിലില്ലാത്തതാണ്.
സെർബിയൻ സർക്കാരിനെ അനുകൂലിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ വിദ്യാർഥികളെ ‘വിദേശ ഏജന്റുമാർ’ എന്ന് മുദ്രകുത്തിയപ്പോൾ, അവർ അതിന് മറുപടി പറഞ്ഞത് ടിവി സ്റ്റുഡിയോകളിലൂടെയല്ല. ഭരണകക്ഷിയുടെ ശക്തികേന്ദ്രങ്ങളായ ഗ്രാമങ്ങളിലേക്ക് അവർ സൈക്കിളിലും കാൽനടയായും എത്തി, വീടുവീടാന്തരം കയറി പ്രചാരണം നടത്തി. അമേരിക്കയിൽ 2024-ൽ ട്രംപിന് 14 പോയിന്റിലേറെ ലീഡുണ്ടായിരുന്ന എന്നും റിപ്പബ്ലിക്കൻമാർമാത്രം വിജയിക്കുന്ന രണ്ട് ടെക്സാസ് മണ്ഡലങ്ങൾ ഡെമോക്രാറ്റുകൾ പിടിച്ചെടുത്തത് ഈ ഗ്രൗണ്ട് വർക്കിലൂടെയാണ്.
ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽഗാന്ധിക്കും കോൺഗ്രസിനും ജനങ്ങളിലേക്ക് നടന്നിറങ്ങാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാൽ, അതൊരു ഒറ്റത്തവണ പരിപാടിയായി അവസാനിക്കരുത്. ടിവിയിലെ രോഷപ്രകടനങ്ങൾക്കപ്പുറം, ഒരു സാധാരണക്കാരന്റെ മരണവീട്ടിലും, റേഷൻ കാർഡ് പ്രശ്നത്തിലും, ലേബർ ക്യാമ്പിലും ഓടിയെത്തുന്ന പ്രാദേശിക പ്രവർത്തകരും ബൂത്ത് കമ്മിറ്റികളുമാണ് തെരഞ്ഞെടുപ്പ് ജയിപ്പിക്കുന്നത്.
സെർബിയയിൽ സർക്കാർ ജനങ്ങൾക്ക് മേൽ ഭയവും “സ്ഥിരത നഷ്ടപ്പെടുമെന്ന” ചിന്തയും വിറ്റപ്പോൾ, വിദ്യാർഥികൾ പ്രതീക്ഷയുടെ സന്ദേശവുമായാണ് ഇറങ്ങിയത്. “അഴിമതി കൊല്ലുന്നു”, “സെർബിയയോ അതോ മാഫിയയോ” എന്നിങ്ങനെ വളരെ ചെറുതും ധാർമികവുമായ മുദ്രാവാക്യങ്ങളാണ് അവർ ഉയർത്തിയത്.
ഇന്ത്യൻ പ്രതിപക്ഷം കഴിഞ്ഞ ഒരു ദശകമായി ജനങ്ങൾക്ക് “എന്ത് നഷ്ടപ്പെടും” (ജനാധിപത്യം തകരും, ഭരണഘടന ഇല്ലാതാകും തുടങ്ങിയവ) എന്ന് മുന്നറിയിപ്പ് നൽകുന്നതിലാണ് കൂടുതൽ സമയവും ചിലവഴിച്ചത്. അതു വേണം എന്നതിൽ തർക്കമില്ല. എന്നാൽ, തങ്ങൾ അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് “എന്ത് കിട്ടും” എന്ന് ലളിതമായി വിശദീകരിക്കാൻ അവർക്ക് സമയം ലഭിച്ചില്ല. അപകട മുന്നറിയിപ്പുകൾ സ്വന്തം രാഷ്ട്രീയ അണികളെ ഒപ്പം നിർത്താൻ സഹായിക്കും; എന്നാൽ, പുതിയ വോട്ടർമാരെയും നിഷ്പക്ഷരെയും ആകർഷിക്കാൻ ഭയത്തേക്കാൾ ഉപകരിക്കുക ശോഭനമായ ഒരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ്.
ലോകം മാറിപ്പോയിരിക്കുന്നു. വംശീയതകളെ ചീഞ്ഞളിഞ്ഞ ശവത്തെപ്പോലെയാണ് യുവതലമുറ കാണുന്നത്. വംശീയതയുടെ ബുൾഡോസറുകൾ നീങ്ങുമ്പോൾ അവിടെ ശബ്ദിച്ചാൽ ഭൂരിപക്ഷ വോട്ടുകൾ പോകും എന്ന മനോനില മാറണം. ഐഡൻ്റിറ്റികളെയും അവരുടെ അവകാശങ്ങളെയും കുറിച്ച് മറയില്ലാതെ പറയാനാകണം.
മുഖ്യധാരാ മാധ്യമങ്ങൾ ഭരണകൂടത്തിന് അനുകൂലമായി നിലകൊള്ളുന്ന സാഹചര്യത്തിൽ, അത് തിരുത്താൻ കാത്തിരിക്കാതെ സ്വന്തമായ ആശയവിനിമയ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ മുഖ്യധാരാ ടിവി ചാനലുകളേക്കാൾ സ്ഥാനാർത്ഥികൾ പ്രാധാന്യം നൽകിയത് പോഡ്കാസ്റ്റുകൾക്കും ഡിജിറ്റൽ ഇൻഫ്ലുവൻസർമാർക്കുമാണ്. സെർബിയയിലെ യുവാക്കളും ഇത് തന്നെയാണ് ചെയ്തത്. ഇൻസ്റ്റാഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ് കൂട്ടായ്മകൾ എന്നിവയിലൂടെ മാധ്യമങ്ങളുടെ സെൻസർഷിപ്പിനെ മറികടന്ന് ജനങ്ങളിലേക്ക് നേരിട്ട് വിവരങ്ങൾ എത്തിക്കുന്ന വിപുലമായ ഒരു ഡിജിറ്റൽ ശൃംഖല പ്രതിപക്ഷം നിർമ്മിക്കേണ്ടതുണ്ട്.
ഭരണകൂടങ്ങൾ കോർപ്പറേറ്റ് ഫണ്ടുകൾ എളുപ്പത്തിൽ നേടുമ്പോൾ പ്രതിപക്ഷത്തിന് അത് ദുഷ്കരമാകുന്നു. അമേരിക്കൻ ഡെമോക്രാറ്റുകൾ സാധാരണക്കാരിൽ നിന്ന് ചെറിയ തുകകൾ സമാഹരിച്ചാണ് വലിയ ഫണ്ടുകൾ ഉണ്ടാക്കിയത്. ജനങ്ങളിൽ നിന്ന് 10 രൂപയോ 100 രൂപയോ വെച്ച് ഫണ്ട് ശേഖരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മാത്രമല്ല സഹായിക്കുക; മറിച്ച്, പണം നൽകുന്ന വോട്ടർക്ക് ആ രാഷ്ട്രീയ പ്രസ്ഥാനത്തോട് വൈകാരികമായ ഒരു അടുപ്പവും ഉത്തരവാദിത്തവും ഉണ്ടാക്കിയെടുക്കാനും സഹായിക്കും.
അവകാശ നിഷേധങ്ങൾക്കെതിരായ സമരങ്ങളെ ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളുമായി ചേർത്ത് കെട്ടാനും, അവർക്ക് പ്രതീക്ഷ നൽകാനും കഴിയുന്നിടത്താണ് പുതിയ രാഷ്ട്രീയ ബദലുകൾ ജനിക്കുന്നത്.
