August 11 Tuesday 2026

യുഡിഎഫിനെ പിന്തുണക്കുമെന്ന് എസ്‌സി/എസ്ടി സംഘടനകള്‍ | Election Beats

ഇടതുപക്ഷ വികസന പദ്ധതികള്‍ ആദിവാസി-ദലിത് വിഭാഗങ്ങളെ അവഗണിച്ചതിനാല്‍ എസ്‌സി/എസ്ടി സംഘടനകള്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഡിഎഫ്). അറുപത്തിയഞ്ചോളം എസ്‌സി/എസ്ടി സംഘടനകളുടെ സംയുക്ത വേദിയാണ് എഡിഎഫ്. ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം പാര്‍ശ്വവല്‍കൃതരുടെ നിലനില്‍പ്പ് അപകടത്തിലാക്കുമെന്നതാണ് എസ്‌സി/എസ്ടി സംഘടനകളുടെ പൊതുവികാരമെന്ന് നേതാക്കള്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ വമ്പന്‍ വികസന മാതൃകകള്‍ വിഴിഞ്ഞും തുറമുഖം, നാഷണല്‍ ഹൈവേ, തുരങ്കപാത തുടങ്ങിയവയാണ്. കേരളത്തിന്റെ ബജറ്റിന്റെ വാര്‍ഷിക ചെലവ് രണ്ട് ലക്ഷം കോടിയിലേറെയായി വര്‍ധിച്ചു എന്നത് വളര്‍ച്ചയുടെ ലക്ഷണമായാണ് ഇടതുപക്ഷം പറയുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യം അതല്ലെന്ന് എഡിഎഫ് നേതാക്കള്‍ പറയുന്നു. വാര്‍ഷിക ബജറ്റിന്റെ 1/7 ഭാഗം മാത്രമാണ് പ്ലാന്‍ വിഹിതം (പ്ലാന്‍ ഫണ്ട്). ഇത് കഴിഞ്ഞ എട്ട് വര്‍ഷമായി ശരാശരി 29,000 കോടിയായി തുടരുന്നു. ഉല്‍പാദനമേഖല മുരടിച്ചു പോയി. ബജറ്റ് ചിലവിന്റെ ഗണ്യമായ ഭാഗം പദ്ധതി ഇതര (നോണ്‍ പ്ലാന്‍) മേഖലയാണ്. റവന്യൂ വരുമാന ന്റെ മുഖ്യഭാഗമെടുത്ത് ജീവനക്കാരുടെ ശമ്പളം, എയ്ഡഡ് മേഖല ശമ്പളം, പെന്‍ഷനുകള്‍, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങിയവ നല്‍കുന്നതാണ് പദ്ധതി ഇതര (നോണ്‍ പ്ലാന്‍) മേഖലയില്‍ നടക്കുന്നത്. കിഫ്ബിയില്‍ നിന്നും 50,000 കോടിയോളം കടമെടുത്ത് വമ്പന്‍ പശ്ചാത്തല വികസനവും നടത്തുന്നു. നികുതിദായകരായ സാധാരണക്കാര്‍, ദലിതര്‍, ആദിവാസികള്‍, മത്സ്യതൊഴിലാളികള്‍, ചെറിയ വരുമാനക്കാര്‍ തുടങ്ങിയവര്‍ ഇതിന്റെ ഗുണഭോക്താക്കളല്ല. കാഴ്ചക്കാര്‍ മാത്രമാണ്. സര്‍ക്കാരുണ്ടാക്കുന്ന കടം വീട്ടാന്‍ സാധാരണക്കാര്‍ നികുതി നല്‍കുകയും വേണമെന്ന് എഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.

ബജറ്റിന്റെ പ്ലാന്‍ വിഹിതത്തിന്റെ (1/7 ഭാഗം) 10 ശതമാനം മാത്രമാണ് എസ്‌സി/എസ്ടി വികസനത്തിന് വേണ്ടി മാറ്റിവെക്കുന്നത്. ഇതിലേറെയും പാഴാക്കുന്നു. ഒന്‍പത് വര്‍ഷത്തിനുള്ളില്‍ എസ്‌സി/എസ്ടി ഫണ്ടില്‍ 7411 കോടി പാഴാക്കിയെന്ന് എഡിഎഫ് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ മേഖലയാണ് ഇതുവഴി തകര്‍ക്കപ്പെട്ടത്. വിദ്യാഭ്യാസത്തിന് സംസ്ഥാന സര്‍ക്കാരിന് കൈമാറുന്ന തുകയുടെ 50 ശതമാനം മാത്രമെ ഏഴ് വര്‍ഷക്കാലമായി ചെലവഴിക്കുന്നുള്ളു. ഇ-ഗ്രാന്റുകള്‍ കൃത്യസമയത്ത് നല്‍കാത്തതിനാല്‍ 150-ഓളം എസ്‌സി, എസ്ടി വിദ്യാര്‍ഥികള്‍ പഠനം അവസാനിപ്പിച്ചു. ഭീമമായ തുക പാഴാക്കുമ്പോള്‍ തുച്ഛമായ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അക്കാദമിക് അലവന്‍സുകള്‍ (സ്‌റ്റൈപെന്റ്, ഹോസ്റ്റല്‍ ഫീസ്, പോക്കറ്റ് മണി എന്നിവ) വര്‍ദ്ധിപ്പിച്ചില്ലെന്ന് എഡിഎഫ് ചൂണ്ടിക്കാട്ടുന്നു .

സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ക്ക് 3500 രൂപ (എസ്.സി /എസ്.ടി.) സ്വകാര്യ സ്റ്റല്‍ 1500 രൂപ (എസ്.സി.), സ്വകാര്യ സ്റ്റല്‍ 3000 രൂപ (എസ്.ടി.) എന്നീ നിരക്കിലാണ് ഇപ്പോഴും നല്‍കുന്നത്. പ്രതിമാസം 6500- 7500 നിരക്കില്‍ ചിലവ് വരുമ്പോഴാണ് എസ്.സി./എസ്.ടി. വിദ്യാര്‍ഥികളോട് അനീതി കാട്ടുന്നത്. പ്രതിമാസം നല്‍കുന്ന സ്റ്റെപ്പന്റ് വര്‍ധിപ്പിച്ചില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കുന്ന ലംപ്സംഗ്രാന്റ് പത്ത് ശതമാനം മാത്രം വര്‍ധിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന എല്ലാ ഗ്രാന്റുകളും അട്ടിമറിച്ചതായി സി.എ.ജി. റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇ-ഗ്രാന്റുകള്‍ കുടിശികയില്ലാതെ കൊടുത്തു എന്ന മന്ത്രി ഒആര്‍ കേളുവിന്റെ പ്രസ്താവന സത്യമല്ല. ‘കോളനി’ എന്ന പേര് മാറ്റി ‘ഉന്നതി’ എന്നാക്കിയതല്ലാതെ കേന്ദ്രസര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് നല്‍കാന്‍ കൈമാറിയ ഭൂമിപോലും (19000 ഏക്കര്‍) വിതരണം ചെയ്തിട്ടില്ല. ലൈഫ് ഭവനപദ്ധതിയില്‍ കൈമാറുന്ന തുകയുടെ ഗണ്യമായ ഭാഗം എസ്‌സി എസ്ടി ഫ്രണ്ട് ആയിട്ടും, എസ്‌സി എസ്ടി ഗുണഭോക്താക്കള്‍ അവഗണിക്കപ്പെടുന്നുവെന്ന് എഡിഎഫ് ആരോപിച്ചു.

യു.ഡി.എഫിന് പിന്തുണ നല്‍കുന്നതോടൊപ്പം എസ്‌സി, എസ്ടി വികസനത്തിന്റെ മുന്‍ഗണന നിശ്ചയിക്കാന്‍ ഒരു അവകാശപത്രിക മുന്നണികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എഡിഎഫ് നേതാക്കള്‍ പറഞ്ഞു. എസ്‌സി എസ്ടി ഫണ്ട് പാഴാക്കാതിരിക്കാന്‍ എസ്‌സി/എസ്ടി ഫണ്ട് ആക്റ്റ് നടപ്പാക്കുക, ഭൂപ്രശ്നം പരിഹരിക്കുക, എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കുക തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. യുഡിഎഫ് മുന്നണിക്ക് പിന്തുണ നല്‍കുന്നതോടൊപ്പം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ദലിത് – ആദിവാസി ആക്റ്റിവിസ്റ്റുകള്‍ക്ക് വേണ്ട പരിഗണന നല്‍കിയിട്ടില്ല എന്ന വിമര്‍ശനവുമുണ്ടെന്ന് എഡിഎഫ് വര്‍ക്കിങ് പ്രസിഡന്റ് അംബുജാക്ഷനും ജനറല്‍ കണ്‍വീനര്‍ ഗീതാനന്ദനും പറഞ്ഞു.

 

Related