August 11 Tuesday 2026

സലിം കുമാർ: “ജീവിതം എന്ന പടക്കക്കട ഗുദാ ഗവ!”

സലിം കുമാർ എന്ന നടൻ തന്റെ താര-അഭിനയ ശരീരങ്ങളിലൂടെ പ്രധാനമായും ചെയ്തത് കേരളത്തിലെ ചില സ്ഥാപിത വിമർശന പദ്ധതികളെ തന്നെ അട്ടിമറിക്കുകയായിരുന്നു എന്നതാണ്. ഈഴവ സമുദായത്തിൽ പെട്ട സലിം കുമാർ കൊച്ചിയിലെ ദാരിദ്ര്യത്തിന്റെയും സാമൂഹിക പിന്നാക്കാവസ്ഥയുടെയും ഇടങ്ങളിൽ നിന്ന് മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന ഒരാളാണ്. ആ ജീവിതയാത്ര മലയാളികൾക്ക് സുപരിചിതവുമാണ്. കേരളത്തിലെ ജീവചരിത്ര നിർമാണങ്ങളിലും രാഷ്ട്രീയ വായനകളിലും വ്യക്തികളും സമൂഹങ്ങളും ഭൂതകാലത്തിൽ അനുഭവിച്ച ജാതിവിവേചനങ്ങൾ, ദാരിദ്ര്യം, സാമൂഹിക പുറന്തള്ളലുകൾ എന്നിവ ദൃശ്യവൽക്കരിക്കുകയും തുടർന്ന് അവയെ അതിജീവിച്ചുള്ള ഉയർച്ചയുടെ കഥകൾ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു ചരിത്രഘടന സാധാരണയായി പ്രവർത്തിക്കാറുണ്ട്. സാമൂഹ്യശാസ്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, ഇത് “suffering-to-success narrative” എന്ന ഒരു ജനപ്രിയ ആഖ്യാനരീതിയാണ്. സലിം കുമാറിനും അത്തരമൊരു ജീവിതചരിത്രം ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ആ ചരിത്രത്തെ അദ്ദേഹം എങ്ങനെ അവതരിപ്പിച്ചു എന്നതിലാണ്. തന്റെ ജീവിതത്തിലെ ദുരിതങ്ങളെയും അപമാനങ്ങളെയും കേവലം സഹാനുഭൂതിയുടെ രാഷ്ട്രീയമായി മാറ്റാതെ, പലപ്പോഴും അവയെ തമാശയുടെയും ആത്മപരിഹാസത്തിന്റെയും ജനകീയ ഹാസ്യത്തിന്റെയും ഭാഗമാക്കി മാറ്റുകയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സലിം കുമാറിന്റെ ജീവിതവും അഭിനയവും ഒരു വിജയകഥ മാത്രമല്ല, കേരളത്തിലെ സാമൂഹിക ഉയർച്ചയുടെ പതിവ് ഭാഷയെ തന്നെ പുനർനിർവചിച്ച ഒരു സാംസ്കാരിക പ്രതിഭാസം കൂടിയാണ്.

സലിം കുമാർ തന്റെ ജീവിതചരിത്രം പറയുമ്പോൾ, പിന്നോക്ക സമുദായത്തിന്റെ ദുരിതങ്ങളെ മാത്രം ഓർക്കുന്നില്ല; മറിച്ച് തന്റെ കുടുംബത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന പുരോഗമന സാമൂഹിക ബോധത്തെയും അടയാളപ്പെടുത്തുന്നുണ്ട്. സഹോദരൻ അയ്യപ്പന്റെ സാമൂഹിക പരിഷ്കരണ ചിന്തകളിൽ സ്വാധീനിക്കപ്പെട്ട ഒരാളായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ ഗംഗാധരൻ എന്ന് സലിം കുമാർ പല അഭിമുഖങ്ങളിലും പറയുന്നുണ്ട്. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട എന്ന സഹോദരൻ അയ്യപ്പന്റെ യുക്തിവാദ-മാനവിക രാഷ്ട്രീയത്തിന്റെ സ്വാധീനത്തിലാണ് മകന് ഒരു മുസ്ലിം പേര് നൽകാൻ അദ്ദേഹം തീരുമാനിച്ചത്. അതുകൊണ്ടുതന്നെ സലിം കുമാർ എന്ന പേര് ഒരു വ്യക്തിയുടെ പേര് മാത്രമല്ല; കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന്റെ ഒരു സാംസ്കാരിക അവശിഷ്ടം കൂടിയാണ്. ജാതിയുടെയും മതത്തിന്റെയും അതിരുകൾ മറികടന്ന് മനുഷ്യനെ കേന്ദ്രമാക്കുന്ന ഒരു മതേതര ബോധം ബാല്യത്തിൽ തന്നെ അദ്ദേഹത്തിൽ നിക്ഷേപിക്കപ്പെട്ടിരുന്നു എന്ന് പറയാം.

പിന്നീട് അദ്ദേഹത്തിന്റെ പൊതുജീവിതത്തിലും ഈ രാഷ്ട്രീയ ബോധത്തിന്റെ തുടർച്ച കാണാൻ കഴിയും. തിരുവനന്തപുരത്തെ സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ മുസ്ലിം വിദ്യാർത്ഥികൾ സാംസ്കാരികമായ ഒറ്റപ്പെടുത്തലും വിവേചനവും നേരിട്ടപ്പോൾ അവർക്കൊപ്പം നിലകൊണ്ടതും, മഅദനിയുടെ നീതിക്കുവേണ്ടി ശബ്ദമുയർത്തിയതും, ദേശീയ അവാർഡ് ലഭിച്ചതിനേക്കാൾ സന്തോഷം അയ്യങ്കാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ തോന്നിയെന്ന് തുറന്നു പറഞ്ഞതും ഈ രാഷ്ട്രീയ-സാംസ്കാരിക നിലപാടുകളുടെ ഭാഗമായാണ് വായിക്കേണ്ടത്. പലപ്പോഴും കേരളത്തിലെ ജനപ്രിയ സംസ്കാരത്തിൽ കാണപ്പെടുന്ന ഉപരിപ്ലവ മതേതരത്വത്തിൽ നിന്ന് വ്യത്യസ്തമായി, ജാതി, മതം, അപരത്വം, സാമൂഹിക നീതി തുടങ്ങിയ ചോദ്യങ്ങളുമായി നേരിട്ട് ഇടപെടുന്ന ഒരു സാമൂഹിക ബോധമാണ് സലിം കുമാറിന്റെ പൊതുജീവിതത്തിൽ പ്രവർത്തിച്ചിരുന്നത്.

സിനിമയ്ക്ക് പുറത്തുള്ള സലിം കുമാറിന്റെ രാഷ്ട്രീയ നിലപാടുകളുടെ രൂപീകരണങ്ങൾ ഒരു വശത്തുണ്ടെങ്കിൽ, സിനിമയ്ക്കകത്ത് തന്റെ അഭിനയശരീരം ഉപയോഗിച്ച് അദ്ദേഹം നടത്തിയ സാംസ്കാരിക ഇടപെടലുകൾ മറ്റൊരു വശത്തുണ്ട്. ഒരു അർത്ഥത്തിൽ പറഞ്ഞാൽ, കേരളത്തിലെ ഫിലിം വിമർശനത്തിന്റെ ചില സ്ഥാപിത രൂപരേഖകളെ തന്നെ അദ്ദേഹം അട്ടിമറിച്ചു എന്ന് പറയാം. തന്റെ സാമൂഹിക പശ്ചാത്തലത്തിൽ നിന്നും രൂപപ്പെട്ട ശരീരഭാഷ, സംസാരരീതികൾ, മുഖഭാവങ്ങൾ, ചലനങ്ങൾ, വൈകാരിക പ്രകടനങ്ങൾ എന്നിവയെ ഉപയോഗിച്ച് അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ മലയാള സിനിമയിലെ പതിവ് നായകശരീരങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അബ്സർഡിറ്റിയും സ്ലാപ്സ്റ്റിക്കും ആത്മപരിഹാസവും വൈകാരികതയും ഒരേസമയം പ്രവർത്തിക്കുന്ന ഒരു പ്രകടനശൈലിയാണ് അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളിലും കാണാൻ കഴിയുന്നത്. അതിലൂടെ സൗന്ദര്യം, നായകത്വം, ബുദ്ധി, സാമൂഹിക മാന്യത എന്നീ ആശയങ്ങളുമായി ബന്ധപ്പെട്ടിരുന്ന മലയാള സിനിമയുടെ പല സാംസ്കാരിക മാനദണ്ഡങ്ങളും ചോദ്യം ചെയ്യപ്പെട്ടു.

കേരളത്തിലെ സിനിമാ വിമർശനത്തിന്റെ ഒരു പ്രധാന വാദം, മലയാള സിനിമ ചരിത്രപരമായി കീഴാളരെയും പിന്നോക്ക സമുദായങ്ങളിൽപ്പെട്ടവരെയും പലപ്പോഴും മണ്ടന്മാരായോ, ഹാസ്യപാത്രങ്ങളായോ, അക്രമികളായോ, വില്ലൻമാരായോ അവതരിപ്പിച്ചു എന്നതാണ്. ഈ വിമർശനത്തിൽ വലിയൊരു സത്യമുണ്ട്. എന്നാൽ സലിം കുമാറിന്റെ കാര്യത്തിൽ സ്ഥിതി കൂടുതൽ സങ്കീർണമാണ്. കാരണം, അദ്ദേഹം അവതരിപ്പിച്ച പല കഥാപാത്രങ്ങൾക്കും പുറമേനോക്കിയാൽ ഇത്തരം സ്വഭാവലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയെ പ്രേക്ഷകർ സ്വീകരിച്ച രീതി അതിൽ നിന്ന് വ്യത്യസ്തമായിരുന്നു. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ പരിഹാസത്തിന്റെ വസ്തുക്കളായി മാത്രം നിലനിന്നില്ല; മറിച്ച് അവ ജനപ്രിയ സംസ്കാരത്തിന്റെ കേന്ദ്രത്തിലേക്ക് കടന്നുവന്നു. പ്രേക്ഷകർ അവയെ സ്വീകരിക്കുകയും ആഘോഷിക്കുകയും ചെയ്തത് വംശീയതയുടെ ഏകതാനമായ ഭാവനകളിലൂടെ അല്ല. പലതരം ആഘോഷങ്ങളിലൂടെയും നിത്യ ജീവിതങ്ങളിലെ ഉപയോഗങ്ങളിലൂടെയും മറ്റ് പല രീതികളിലും സലീം കുമാറിന്റെ കഥാപാത്രങ്ങൾ സ്വീകരിക്കപ്പെട്ടു അതുകൊണ്ടുതന്നെ സലിം കുമാറിന്റെ താര-അഭിനയ ശരീരം മലയാള സിനിമയിലെ സബാൾട്ടേൺ പ്രതിനിധാനങ്ങളെ കുറിച്ചുള്ള ലളിതമായ പല സിദ്ധാന്തവായനകളെയും സങ്കീർണമാക്കുകയും ചില സന്ദർഭങ്ങളിൽ അവയെ അട്ടിമറിക്കുകയും ചെയ്ത ഒരു സാംസ്കാരിക പ്രതിഭാസമായി മാറുന്നു.

മായാവിയിലെ കണ്ണൻ സ്രാങ്ക് എന്ന കഥാപാത്രത്തെ തന്നെ ഉദാഹരണമായി എടുക്കാം. പരമ്പരാഗത സിനിമാ വിമർശനത്തിന്റെ ഭാഷയിൽ നോക്കിയാൽ അയാൾ ഒരു മണ്ടനായ, വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ള ഒരു ഹാസ്യകഥാപാത്രമാണ്. എന്നാൽ ഒരു കഥാപാത്രത്തിന്റെ സാംസ്കാരിക ജീവിതം സിനിമയ്ക്കകത്ത് അവസാനിക്കുന്നില്ല എന്നതാണ് കണ്ണൻ സ്രാങ്കിൻറെ പ്രസക്തി. 2007-ൽ റിലീസ് ചെയ്ത മായാവിക്ക് ശേഷം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കേരളസമൂഹം ഈ കഥാപാത്രത്തെ സ്വീകരിക്കുകയും പുനർവായിക്കുകയും ചെയ്ത രീതി സിനിമാ വിമർശനത്തിന്റെ പല സ്ഥാപിത നിഗമനങ്ങളെയും സങ്കീർണമാക്കുന്നതാണ്. സിനിമയിലെ നായകകഥാപാത്രമായ മായാവിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ താരസാന്നിധ്യത്തെ പോലും പല സന്ദർഭങ്ങളിൽ മറികടന്ന് കണ്ണൻ സ്രാങ്ക് ജനപ്രിയ സംസ്കാരത്തിലെ ഒരു സ്വതന്ത്ര സാംസ്കാരിക ചിഹ്നമായി മാറി.

പ്രധാനമായും ശ്രദ്ധിക്കേണ്ടത്, മലയാളികൾ കണ്ണൻ സ്രാങ്കിനെ ഒരു പരിഹാസവസ്തുവായി മാത്രം സ്വീകരിച്ചില്ല എന്നതാണ്. മറിച്ച് അവർ അയാളെ ആഘോഷിക്കുകയായിരുന്നു. ജനപ്രിയ സംസ്കാരത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, അയാൾ ഒരു “കൾട്ട്” കഥാപാത്രമായി രൂപാന്തരപ്പെട്ടു. സിനിമയിലെ സാമൂഹിക സ്ഥാനക്രമത്തിൽ താഴെയുള്ള ഒരാളായിരുന്നിട്ടും, സാംസ്കാരിക സ്വീകാര്യതയുടെ തലത്തിൽ അയാൾ കേന്ദ്രസ്ഥാനത്തേക്ക് എത്തി. അതുകൊണ്ടുതന്നെ “അയാളെ മണ്ടനായി ചിത്രീകരിച്ചു” എന്ന വിമർശനം മാത്രം ഈ കഥാപാത്രത്തിന്റെ സാമൂഹിക ജീവിതത്തെ വിശദീകരിക്കാൻ പര്യാപ്തമല്ല. കാരണം പ്രേക്ഷകർ കഥാപാത്രത്തെ സ്വീകരിച്ച രീതി സിനിമ നിർദ്ദേശിച്ചേക്കാവുന്ന അർത്ഥങ്ങളെക്കാൾ വളരെ വിപുലമായിരുന്നു.

ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് “ഇതൊക്കെ എന്ത്?” എന്ന അദ്ദേഹത്തിന്റെ ഡയലോഗിന്റെ സാംസ്കാരിക പരിണാമം. സിനിമയിലെ ഒരു തമാശാ മുഹൂർത്തത്തിൽ ഉരുത്തിരിഞ്ഞ ആ വാചകം പിന്നീട് ഡിജിറ്റൽ കേരളത്തിന്റെ ദൈനംദിന ആശയവിനിമയത്തിന്റെ ഭാഗമായിത്തീർന്നു. വാട്‌സ്ആപ്പ് സന്ദേശങ്ങളിലും ഫേസ്ബുക്ക് കമന്റുകളിലും ട്രോളുകളിലും റീലുകളിലും റിയാക്ഷൻ വീഡിയോകളിലും അത് നിരന്തരം പുനരുപയോഗിക്കപ്പെട്ടു. ഒരു സിനിമാ ഡയലോഗ് എന്ന നിലയിൽ നിന്ന് മാറി അത് ഒരു സാമൂഹിക പ്രതികരണരീതിയായി, ഒരു വികാരഭാഷയായി, ഒരു ഡിജിറ്റൽ ഇമോജിയായി പോലും രൂപാന്തരപ്പെട്ടു. ഇവിടെ ശ്രദ്ധിക്കേണ്ടത്, മലയാളികൾ കണ്ണൻ സ്രാങ്കിനെ ഓർത്തുവെക്കുന്നത് അയാളുടെ പരാജയങ്ങൾ കൊണ്ടല്ല; മറിച്ച് ജീവിതത്തിന്റെ അബ്സർഡിറ്റികളോട് പ്രതികരിക്കുന്ന ഒരു ജനകീയ ജ്ഞാനത്തിന്റെ പ്രതിനിധിയായിട്ടാണ്. അതുകൊണ്ടുതന്നെ കണ്ണൻസ്രാങ്കിന്റെ സാംസ്കാരിക യാത്ര ഒരു ഹാസ്യകഥാപാത്രത്തിന്റെ വിജയകഥ മാത്രമല്ല, ജനപ്രിയ സംസ്കാരം എങ്ങനെ ഔദ്യോഗിക വിമർശനങ്ങളെ മറികടന്ന് പുതിയ അർത്ഥങ്ങൾ സൃഷ്ടിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ്.

ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം ഏലിയാസ് എന്ന കഥാപാത്രത്തെ തന്നെ നോക്കുക. സിനിമാ വിമർശനത്തിന്റെ ലളിതമായ ഭാഷയിൽ പറഞ്ഞാൽ അത് ഒരു പാരഡി കഥാപാത്രമാണ്. എന്നാൽ കേരളീയ ജനപ്രിയ സംസ്കാരത്തിൽ ആ കഥാപാത്രം ജീവിച്ച രീതി അതിലും വളരെ സങ്കീർണമാണ്. ലോകത്തിലെ ഏറ്റവും വലിയ പോപ്പ് ഐക്കണുകളിൽ ഒരാളായ മൈക്കൽ ജാക്സൺ എന്ന ആഗോള സാംസ്കാരിക പ്രതിഭാസത്തെ കേരളത്തിന്റെ പ്രാദേശിക ജനപ്രിയ സംസ്കാരത്തിലേക്ക് വിവർത്തനം ചെയ്ത കഥാപാത്രമായിരുന്നു ഡാൻസ് മാസ്റ്റർ വിക്രം. അത് ഒരു അനുകരണമോ പരിഹാസമോ മാത്രമായിരുന്നില്ല; മറിച്ച് ഒരു ആഗോള ഐക്കണിന്റെ കേരളീയ പുനർജന്മം പോലെയായിരുന്നു. മൈക്കൽ ജാക്സന്റെ ശരീരഭാഷയെയും നൃത്തചലനങ്ങളെയും വേഷവിധാനങ്ങളെയും സ്വന്തം അഭിനയശരീരത്തിലൂടെ പുനർനിർമിച്ച സലിം കുമാർ, അതിനെ പൂർണമായും മറ്റൊരു സാംസ്കാരിക സന്ദർഭത്തിലേക്ക് മാറ്റി സ്ഥാപിച്ചു. താൻ മിമിക്ക് ചെയ്താൽ മൈക്കിൾ ജാക്സണ് ഒന്നും സംഭവിക്കില്ല എന്നു സലീം കുമാറിന് നന്നായിട്ട് അറിയാം.

ഈ കഥാപാത്രത്തിന്റെ നിർമ്മിതിയിൽ ശ്രദ്ധിക്കേണ്ടത്, സലിം കുമാറിന്റെ അഭിനയത്തിലെ സൂക്ഷ്മമായ ശരീരരാഷ്ട്രീയമാണ്. വേഷങ്ങൾ, നോട്ടം, മുഖഭാവങ്ങൾ, ശരീരചലനങ്ങൾ, സംസാരരീതി, ഇടയ്ക്കിടെ മുഖത്തേക്ക് വീണുകിടക്കുന്ന മുടിയെ ഊതിമാറ്റുന്ന ആ ചെറിയ ജെസ്ച്ചർ വരെ കേരളീയ ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നു. ഒരു കഥാപാത്രത്തിന്റെ ഡയലോഗുകൾ മാത്രമല്ല, അതിന്റെ മുഴുവൻ ശരീരഭാഷയും സമൂഹം ഏറ്റെടുത്ത അപൂർവ ഉദാഹരണങ്ങളിൽ ഒന്നാണ് ഡാൻസ് മാസ്റ്റർ വിക്രം. അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തെ കേവലം ഒരു ഹാസ്യപാത്രമായോ അല്ലെങ്കിൽ ഒരു രാഷ്ട്രീയ പ്രതിനിധാനമായോ മാത്രം വായിക്കാൻ കഴിയില്ല. വിവിധ സാമൂഹിക പശ്ചാത്തലങ്ങളിലുള്ള പ്രേക്ഷകർ അതിൽ വ്യത്യസ്ത അർത്ഥങ്ങൾ കണ്ടെത്തുകയും ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്.

ഇതേ പ്രതിഭാസം അദ്ദേഹത്തിന്റെ മറ്റ് കഥാപാത്രങ്ങളിലേക്കും വ്യാപിക്കുന്നു. വെനീസിലെ വ്യാപാരി എന്ന സിനിമയിൽ “ഞാൻ അൽ കമലഹാസൻ ആണ്” എന്ന് അദ്ദേഹം പറയുന്ന ഡയലോഗ് അതിന്റെ മികച്ച ഉദാഹരണമാണ്. ഉപരിതലത്തിൽ അത് ഒരു പേർഷ്യക്കാരൻ മലയാളിയുടെ ഷോ-ഓഫിനെയും ആത്മപ്രദർശനത്തെയും പരിഹസിക്കുന്ന ഒരു തമാശ മാത്രമാണ്. എന്നാൽ പിന്നീട് ആ പ്രയോഗം മലയാളികളുടെ ദൈനംദിന ഭാഷയിലേക്കും ഡിജിറ്റൽ ആശയവിനിമയങ്ങളിലേക്കും കടന്നുകയറി. മീമുകളിലും ട്രോളുകളിലും സോഷ്യൽ മീഡിയ സംഭാഷണങ്ങളിലും അത് പുതിയ അർത്ഥങ്ങൾ സ്വീകരിച്ചു. സിനിമയിലെ യഥാർത്ഥ സന്ദർഭത്തിൽ നിന്ന് വേർപെട്ട് അത് ഒരു സാംസ്കാരിക ടെക്സ്റ്റായി സ്വതന്ത്ര ജീവിതം ആരംഭിച്ചു.

ഇവിടെയാണ് സലിം കുമാറിന്റെ കഥാപാത്രങ്ങളുടെ പ്രത്യേകത നിലകൊള്ളുന്നത്. സിനിമാ സ്ക്രീനിൽ അവസാനിക്കാതെ, അവ നിരന്തരം പുനരുപയോഗിക്കപ്പെടുകയും പുനർവായിക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്യുന്നു. ഡിജിറ്റൽ യുഗത്തിൽ മീമുകളിലൂടെയും റീലുകളിലൂടെയും റിയാക്ഷൻ വീഡിയോകളിലൂടെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പുതിയ അർത്ഥങ്ങൾ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സലിം കുമാറിന്റെ അഭിനയശരീരത്തെയും കഥാപാത്രങ്ങളെയും കേവലം പ്രതിനിധാനരാഷ്ട്രീയത്തിന്റെ ഏകമാന വായനകളിലൂടെ മനസ്സിലാക്കാൻ കഴിയില്ല. അവ ഒരേസമയം ഹാസ്യവും, പാരഡിയും, ജനകീയ പ്രകടനവും, ഡിജിറ്റൽ സംസ്കാരത്തിന്റെ അസംസ്കൃത വസ്തുവും, പ്രേക്ഷകർ നിരന്തരം പുനർസൃഷ്ടിക്കുന്ന സാംസ്കാരിക അടയാളങ്ങളുമാണ്. അതാണ് സലിം കുമാറിനെ മലയാള സിനിമയിലെ ഒരു നടൻ എന്ന പരിധിക്കപ്പുറം ഒരു സാംസ്കാരിക പ്രതിഭാസമാക്കി മാറ്റുന്നത്.

പുലിവാൽ കല്യാണത്തിലെ മണവാളൻ എന്ന കഥാപാത്രവും ഈ പ്രതിഭാസത്തിന്റെ മറ്റൊരു പ്രധാന ഉദാഹരണമാണ്. ഗൾഫ് ജീവിതത്തിൽ നിന്ന് മടങ്ങിയെത്തുന്ന ഒരു മനുഷ്യനായാണ് ആ കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ, മണവാളനെ മലയാളികൾ ഓർത്തുവെക്കുന്നത് കഥയിലെ അദ്ദേഹത്തിന്റെ സ്ഥാനമോ ജീവിതചരിത്രമോ കൊണ്ടല്ല; മറിച്ച് അദ്ദേഹം സൃഷ്ടിച്ച ഭാഷാപ്രപഞ്ചം കൊണ്ടാണ്. “പടക്കങ്ങൾ എന്നും എന്റെ വീക്നെസ് ആയിരുന്നു”, “പടക്കക്കട ഗുദാ ഗവ”, “എന്റെ മാതൃഭൂമി വരെ നനഞ്ഞുപോയല്ലോ”, “ഉം… കൊച്ചി എത്തി…”, “ഞാൻ നിങ്ങൾക്ക് പൈസ തന്നു എന്ന് എനിക്ക് തന്നെ ഒരു വിശ്വാസം വേണ്ടേ…” തുടങ്ങിയ ഡയലോഗുകൾ പരമ്പരാഗത മലയാള സിനിമാ ഭാഷയുടെ ഭാഗമായിരുന്നില്ല. അതുപോലെ തന്നെ കല്യാണരാമനിലെ “ചത്ത കിളിക്ക് എന്തിനാ കൂട്?”, “ഈ കലവറ നമുക്ക് ഒരു മണിയറ ആക്കാം” തുടങ്ങിയ പ്രയോഗങ്ങൾക്കും മലയാള ഭാഷയുടെ സാധാരണ ആശയവിനിമയ ലോകവുമായി നേരിട്ടൊരു ബന്ധമുണ്ടായിരുന്നില്ല. എന്നിട്ടും ഈ ഡയലോഗുകൾ മലയാളികളുടെ സാംസ്കാരിക സ്മൃതിയുടെ ഭാഗമായി മാറി.

ഇവിടെ ശ്രദ്ധേയമായത്, സലിം കുമാറിന്റെ പല ഡയലോഗുകളും അവയുടെ യുക്തിപരമായ അർത്ഥം കൊണ്ടല്ല ജീവിക്കുന്നത് എന്നതാണ്. പലപ്പോഴും അവ അബ്സർഡിറ്റിയുടെയും അസംബന്ധത്തിന്റെയും ഭാഷയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ആ അസംബന്ധത തന്നെയാണ് അവയുടെ ശക്തി. ജീവിതത്തിന്റെ യുക്തിഭദ്രമായ വിശദീകരണങ്ങളെ മറികടന്ന്, അപ്രതീക്ഷിതമായ ഭാഷാ സ്ഫോടനങ്ങളായി അവ പ്രേക്ഷകരിലേക്ക് എത്തുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, മലയാള ജനപ്രിയ സംസ്കാരത്തിൽ ഒരു പോസ്റ്റ്‌മോഡേൺ ഭാഷാബോധം സൃഷ്ടിക്കുന്നതിൽ സലിം കുമാറിന്റെ കഥാപാത്രങ്ങൾക്ക് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ പല ഡയലോഗുകളും യഥാർത്ഥ അർത്ഥത്തെക്കാൾ ഒരു വികാരാവസ്ഥയെയോ പ്രതികരണരീതിയെയോ സംവേദനാത്മക അനുഭവത്തെയോ പ്രതിനിധീകരിക്കുന്നവയാണ്. അതുകൊണ്ടുതന്നെ അവ പിന്നീട് മീമുകളായും ട്രോളുകളായും റിയാക്ഷൻ ടെംപ്ലേറ്റുകളായും അനന്തമായി പുനരുപയോഗിക്കപ്പെടാൻ സാധിച്ചു.

സലിം കുമാറിന്റെ സാംസ്കാരിക പ്രാധാന്യം നിലകൊള്ളുന്നതും അവിടെയാണ്. ഒരു നടൻ എന്ന നിലയിൽ അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിക്കുക മാത്രമല്ല ചെയ്തത്; മറിച്ച് മലയാളികൾക്ക് പുതിയ ഭാഷകളും പുതിയ പ്രതികരണരീതികളും പുതിയ സാംസ്കാരിക ചിഹ്നങ്ങളും നൽകി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സിനിമയുടെ അതിരുകൾ കടന്ന് ജനങ്ങളുടെ ദൈനംദിന സംഭാഷണങ്ങളിലേക്കും ഡിജിറ്റൽ ആശയവിനിമയങ്ങളിലേക്കും കുടിയേറി. അതുകൊണ്ടുതന്നെ സലിം കുമാറിനെ കേവലം ഒരു ഹാസ്യനടനായി മാത്രം വിശേഷിപ്പിക്കാൻ കഴിയില്ല. ജനപ്രിയ സംസ്കാരത്തെ, ഭാഷയെ, ശരീരഭാഷയെ, ഡിജിറ്റൽ ആശയവിനിമയത്തെ, മീം സംസ്കാരത്തെ, കേരളത്തിന്റെ സാമൂഹിക ഭാവനകളെ വരെ സ്വാധീനിച്ച ഒരു സാംസ്കാരിക ശക്തിയായാണ് അദ്ദേഹത്തെ വായിക്കേണ്ടത്. ഭാവിയിൽ മലയാള സിനിമാ പഠനത്തിനും സാംസ്കാരിക പഠനങ്ങൾക്കും ജനപ്രിയ സംസ്കാര ഗവേഷണങ്ങൾക്കും ഏറ്റവും കൂടുതൽ സാധ്യതകൾ തുറന്നിടുന്ന അഭിനേതാക്കളിൽ ഒരാളായി സലിം കുമാർ നിലനിൽക്കുന്നതും അതുകൊണ്ടുതന്നെയാണ്. മുംബൈയിൽ നിന്ന് പിടിച്ച ഒരു ടാക്സിയിൽ മറ്റൊരു ലോകത്തിലേക്ക് മണവാളനായി പോകുന്ന സലിം കുമാർ ഇപ്പോൾ ജീവിതത്തിനെ കുറിച്ചും പറയുന്ന തമാശ ഇങ്ങനെ ആയിരിക്കും. “ജീവിതം എന്ന പടക്കക്കട ഗുദാ ഗവ !”

മലയാള ജനപ്രിയ സംസ്കാരത്തിൽ ഒരു പോസ്റ്റ്‌മോഡേൺ ഭാഷാബോധം സൃഷ്ടിക്കുന്നതിൽ സലിം കുമാറിന്റെ കഥാപാത്രങ്ങൾക്ക് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ പല ഡയലോഗുകളും യഥാർത്ഥ അർത്ഥത്തെക്കാൾ ഒരു വികാരാവസ്ഥയെയോ പ്രതികരണരീതിയെയോ സംവേദനാത്മക അനുഭവത്തെയോ പ്രതിനിധീകരിക്കുന്നവയാണ്. അതുകൊണ്ടുതന്നെ അവ പിന്നീട് മീമുകളായും ട്രോളുകളായും റിയാക്ഷൻ ടെംപ്ലേറ്റുകളായും അനന്തമായി പുനരുപയോഗിക്കപ്പെടാൻ സാധിച്ചു – രൂപേഷ്കുമാർ എഴുതുന്നു.

Related