രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കണമെന്ന ആവശ്യവുമായി വീണ്ടും ആർഎസ്എസ്. ‘ജനസംഖ്യാ അസന്തുലിതാവസ്ഥ’ പരിഹരിക്കുന്നതിനും രാജ്യത്തിന്റെ ‘ഐക്യം, അഖണ്ഡത, സുരക്ഷ’ സംരക്ഷിക്കുന്നതിനും പൗരന്മാരെ തിരിച്ചറിയേണ്ടത് അനിവാര്യമാണെന്ന് ആർഎസ്എസ് പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞു. ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്സിൽ (ഐജിഎൻസിഎ) നടന്ന പരിപാടിയിലായിരുന്നു അംബേക്കറുടെ പ്രതികരണം. വോട്ടർപട്ടികയിൽ ‘തെറ്റായി ഉൾപ്പെടുത്തിയിട്ടുള്ള’ ആളുകളെ തിരിച്ചറിയേണ്ടതുണ്ടെന്നും പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രകാരം അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയവർക്ക് പൗരത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ജനസംഖ്യാ അസന്തുലിതാവസ്ഥ’ സംബന്ധിച്ച പരിഹാരങ്ങൾ ചർച്ച ചെയ്യുമ്പോൾ ദേശീയ പൗരത്വ രജിസ്റ്റർ വേണമെന്ന നിർദേശം ഉയരാറുണ്ടെന്ന് അംബേക്കർ പറഞ്ഞു. 1947ലെ ഇന്ത്യാ വിഭജനം ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ ഫലമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 1947ന് ശേഷം ഇസ്ലാമിക രാജ്യങ്ങളായി മാറിയ അയൽരാജ്യങ്ങളിൽ അവശേഷിച്ച പലരും പട്ടികജാതി, പട്ടികവർഗ, സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരായിരുന്നുവെന്നും അവർ തുടർന്നും പീഡനം നേരിട്ടുവെന്നും അംബേക്കർ കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയവർക്ക് സിഎഎ വഴി പൗരത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും അവരെ എൻആർസി വഴി തിരിച്ചറിയേണ്ടതുണ്ടെന്നും അംബേക്കർ പറഞ്ഞു. വോട്ടർപട്ടികയിൽ തെറ്റായി ഉൾപ്പെട്ടവരെയും തിരിച്ചറിയേണ്ടതുണ്ടെന്നും അംബേക്കർ വ്യക്തമാക്കി. ഈ നടപടിക്കെതിരായ എതിർപ്പുകൾ നിലവിലുള്ള നിയമപരമായ സംവിധാനങ്ങളിലൂടെയും കോടതികളിലൂടെയും പരിഹരിക്കാമെന്നും എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ മാത്രം ഒരു പൗരനല്ലാത്ത വ്യക്തിയെ പൗരനായി അംഗീകരിക്കുന്നത് തെറ്റാണെന്നും അംബേക്കർ വാദിച്ചു.
ഓരോ രാജ്യത്തിനും അതിന്റേതായ സ്വത്വമുണ്ടെന്നും രാജ്യത്തിന്റെ സംസ്കാരത്തെ സ്വന്തം സംസ്കാരമായി കാണുന്ന ജനവിഭാഗങ്ങളുടെ ജനസംഖ്യയിൽ സന്തുലിതാവസ്ഥ നിലനിൽക്കുമ്പോഴാണ് രാജ്യത്തിന്റെ സാംസ്കാരിക സ്വത്വം സംരക്ഷിക്കപ്പെടുന്നതെന്നും അംബേക്കർ പറഞ്ഞു. ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കുന്നതിനെ വർഗീയമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ജനസംഖ്യാ മാറ്റങ്ങൾക്ക് ദീർഘമായ ചരിത്രമുണ്ടെന്നും മുസ്ലിം അധിനിവേശ കാലഘട്ടം മുതൽ അതിന്റെ തുടക്കം കാണാമെന്നും അദ്ദേഹം പറഞ്ഞു. 1947ൽ മതത്തിന്റെയും ജനസംഖ്യയുടെയും അടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെട്ടതിനാൽ ഇന്ത്യയെ സംബന്ധിച്ച് ജനസംഖ്യാ സന്തുലിതാവസ്ഥ പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യത്തിന് ശേഷം ജനസംഖ്യയും സെൻസസും സംബന്ധിച്ച് തുടർച്ചയായ സർക്കാരുകൾ ‘വ്യക്തമായ നയം’ രൂപീകരിച്ചില്ലെന്ന് അംബേക്കർ വിമർശിച്ചു. പ്രത്യേകിച്ച് അടിയന്തരാവസ്ഥയ്ക്ക് മുമ്പ് രാജ്യത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ജനസംഖ്യാ നിയന്ത്രണത്തെ അവതരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സമഗ്രമായ ജനസംഖ്യാ നയം രൂപീകരിച്ചില്ലെന്നും 2000ൽ അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്ത് ദേശീയ ജനസംഖ്യാ കമ്മീഷൻ രൂപീകരിച്ചതോടെയാണ് ഇതുമായി ബന്ധപ്പെട്ട സ്ഥാപനപരമായ നീക്കം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വത്തിന്റെ പേരിൽ രൂപപ്പെടുത്തിയ ചില നയങ്ങൾ അസമത്വങ്ങൾക്ക് കാരണമായെന്നും അംബേക്കർ ആരോപിച്ചു. വിവാഹവുമായി ബന്ധപ്പെട്ട വ്യത്യസ്ത നിയമവ്യവസ്ഥകൾ ചൂണ്ടിക്കാട്ടി രാജ്യത്ത് നിയമം ഏകീകൃതമായിരിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. സ്വാതന്ത്ര്യാനന്തര കാലത്തെ വിവിധ നിയമവ്യവസ്ഥകളുമായും ജനസംഖ്യാ അസന്തുലിതാവസ്ഥയെ അംബേക്കർ ബന്ധപ്പെടുത്തി. വിവാഹവുമായി ബന്ധപ്പെട്ട ഏകീകൃത നിയമത്തിന്റെ അഭാവം, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനയിലെ ആർട്ടിക്കിൾ 29, 30 എന്നിവയുടെ വ്യാഖ്യാനം, തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ജനസംഖ്യാ നിയന്ത്രണ വ്യവസ്ഥകൾ എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.
അനധികൃത കുടിയേറ്റം കൈകാര്യം ചെയ്ത രീതിയെയും അംബേക്കർ വിമർശിച്ചു. അസമിലെ ദീർഘകാല പ്രക്ഷോഭങ്ങൾക്ക് പിന്നാലെ സുപ്രീം കോടതി റദ്ദാക്കിയ 1983ലെ ഇല്ലീഗൽ മൈഗ്രൻ്റ്സ് (ഡിറ്റർമിനേഷൻ ബൈ ട്രിബ്യൂണൽസ്) ആക്ട് അദ്ദേഹം പരാമർശിച്ചു. മതേതരത്വത്തിന്റെ പേരിൽ രൂപപ്പെടുത്തിയ നയത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റം അവഗണിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
രാജ്യവ്യാപക എൻആർസി നടപ്പാക്കണമെന്ന ആവശ്യം ആർഎസ്എസ് വർഷങ്ങളായി ഉന്നയിച്ചുവരുന്നതാണ്. 2019ൽ അന്നത്തെ ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയും ഇന്ത്യൻ പൗരന്മാരല്ലാത്തവരെ തിരിച്ചറിയുന്നതിനായി എൻആർസി തയ്യാറാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞിരുന്നു. 2021ൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും എൻആർസി യഥാർഥ പൗരന്മാരെ തിരിച്ചറിയുന്നതിനുള്ള നടപടിയാണെന്നും ഇത് ഹിന്ദു–മുസ്ലിം വിഷയമായി കാണേണ്ടതില്ലെന്നും പറഞ്ഞിരുന്നു.
സെൻസസ് നടപടികൾ പുരോഗമിക്കേ എൻആർസി ചർച്ച വീണ്ടും പ്രസക്തമായിരിക്കുകയാണ്. പുതിയ സെൻസസ് ചോദ്യാവലിയിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) സംബന്ധിച്ച 2020ലെ ഷെഡ്യൂളിലുണ്ടായിരുന്ന ചില ചോദ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. പൗരത്വം, മാതാപിതാക്കളുടെ വിവരങ്ങൾ, ആധാർ, വോട്ടർ ഐഡി തുടങ്ങിയ വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
2019–20 കാലത്തെ സിഎഎ-എൻആർസി വിരുദ്ധ പൗരത്വ പ്രക്ഷേഭത്തെ തുടർന്ന് കേന്ദ്രസർക്കാറിന് ഈ വിഷയത്തിൽനിന്ന് പിന്തിരിയേണ്ടി വന്നിരുന്നു. എസ്ഐആർ നടപടിക്കെതിരെയും തെരഞ്ഞെടുപ്പ് കമീഷനെതിരെയും പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ശക്താമായ പ്രതിഷേധം ഉടലെടുത്തിരിക്കെയാണ് പൗരത്വ വിഷയം വീണ്ടും സജീവ ചർച്ചയിലേക്ക് വരുന്നത്.
