October 10 Saturday 2026

രോഹിത്തിന്റെ ഓർമക്ക് ഒരു പതിറ്റാണ്ട്

“തന്റെ ദലിത് സ്വത്വത്തിനെതിരായ അപമാനത്തിൻ്റെയും വിവേചനത്തിന്റെയും ഇരയായി കൊല്ലപ്പെട്ടതാണ് രോഹിത്.

മരണത്തിനുശേഷം വർഷങ്ങൾ പിന്നിട്ടിട്ടും പ്രതിരോധത്തിൻ്റെ പ്രതീകമായി അദ്ദേഹം തുടരുന്നു.അദ്ദേഹത്തിൻ്റെ ധീരയായ അമ്മ പ്രതീക്ഷയുടെ പ്രതീകമായും നിലകൊള്ളുന്നു.

അവസാനംവരെ പോരാടിനിന്ന, അനീതിക്കിരയായ സഹോദരൻ രോഹിതാണ് എന്റെ ഹീറോ.”

രോഹിത് വെമുലയുടെ ആറാം ചരമദിനത്തിൽ രാഹുൽ ഗാന്ധി തന്റെ എക്സിൽ കുറിച്ച വാക്കുകൾ ആണിത്.

ആരായിരുന്നു രോഹിത് വെമുല?.
മരണപ്പെട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹം ഓർക്കപെടാനുള്ള കാരണം എന്താണ്?.എന്തായിരുന്നു രോഹിത് സാധിച്ച വിപ്ലവം?. പരിശോധിക്കാം

2016 ജനുവരി 17 നാണ് രോഹിത് വെമുല തന്റെ ഹോസ്റ്റൽ മുറിയിൽ ജാതി വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്നത്. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി ആയിരിക്കയാണ് അദ്ദേഹം ആത്മഹത്യ ചെയ്യുന്നത്. ലോകം അറിയപ്പെടുന്ന കാള്‍സാഗനെപ്പോലെ ഒരു ശാസ്ത്ര ചിന്തകനാകണം എന്ന സ്വപ്നവുമായി ഹൈദരാബാദ് കേന്ദ്ര സർവകലാശാലയുടെ പടവുകൾ കയറിയ രോഹിത്തിന് ജാതി വിവേചനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യേണ്ടി വന്നത്. എ.ബി.വി.പി നേതാവ് സുശീൽ കുമാറിനെ മർദ്ദിച്ചു എന്ന ആരോപണത്തെ തുടർന്നാണ് രോഹിത് വെമുല ഉൾപ്പെടെ അഞ്ച് വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നത്. അതിനുശേഷം കേന്ദ്ര സർവകലാശാല സാക്ഷിയായത് 12 ദിവസത്തെ സമരപരമ്പരകൾക്ക് ആയിരുന്നു. പന്ത്രണ്ടാം ദിവസമാണ് രോഹിത് ജീവത്യാഗം ചെയ്യുന്നത്. സർവകലാശാലയ്ക്ക് ഉള്ളിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ശബ്ദമായിരുന്നു രോഹിതിന്റെത്.ഏറെ സമയവും രോഹിത് ചെലവഴിച്ചിരുന്നത് ലൈബ്രറിയിൽ ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപാഠി പി വിജയ് പറഞ്ഞുവെക്കുന്നുണ്ട്. നല്ല വായനക്കാരനായിരുന്നു രോഹിത്. മികച്ചൊരു വിദ്യാർത്ഥിയും.എന്നാൽ യൂണിവേഴ്സിറ്റി അദ്ദേഹത്തിന്റെ സ്കോളർഷിപ്പുകൾ പിടിച്ചുവച്ചു, ക്യാമ്പസിൽ നിന്നും പുറത്താക്കി.ഒടുവിൽ സ്വപ്നങ്ങളെയെല്ലാം ഒരു തുണ്ട് കയറിന്മേൽ രോഹിത് അവസാനിപ്പിച്ചു.

“ഞാൻ എപ്പോഴും നക്ഷത്രങ്ങളെ നോക്കിയിരുന്നു, കാൾ സാഗനെപ്പോലെ ഒരു എഴുത്തുകാരനാകാനും ശാസ്ത്ര എഴുത്തുകാരനാകാനും ആഗ്രഹിച്ചു. പക്ഷേ ഒടുവിൽ, ഞാൻ എഴുതാൻ പോകുന്ന ഒരേയൊരു കത്ത് ഇതാണ്.”

“ഞാൻ ശാസ്ത്രത്തെയും നക്ഷത്രങ്ങളെയും പ്രകൃതിയെയും സ്നേഹിച്ചു – പക്ഷേ പിന്നീട് ആളുകൾ പ്രകൃതിയിൽ നിന്ന് വളരെക്കാലമായി വേർപിരിഞ്ഞു എന്ന് അറിയാതെ ഞാൻ ആളുകളെ സ്നേഹിച്ചു…………..
……. നമ്മുടെ സ്നേഹം കൃത്രിമമാണ്, നമ്മുടെ വിശ്വാസങ്ങൾ നിറമുള്ളതാണ്. വേദനിപ്പിക്കാതെ സ്നേഹിക്കുന്നത് ശരിക്കും ബുദ്ധിമുട്ടാണ്.”

രോഹിത് തന്റെ ആത്മഹത്യ കുറിപ്പിൽ എഴുതിയ വരികളാണിവ.

അംബേദ്കർ സ്റ്റുഡൻസ് അസോസിയേഷന്റെ പ്രവർത്തകനായിരുന്നു രോഹിത്. മുസഫർ നഗർ കലാപത്തെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ട ആ കാലത്ത് ‘ മുസ്ഫർ നഗർ ബാക്കി ഹേ ’ എന്ന ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിച്ചിരുന്നു രോഹിത്തും സംഘവും. ഇതിനെതിരെ സംഘപരിവാർ അവർക്കെതിരെ അക്രമണങ്ങളും അഴിച്ചു വിട്ടിരുന്നു. സർവ്വകലാശാല വൈസ് ചാൻസലർ അപ്പാ റാവു,എ.ബി.വി.പി നേതാക്കന്മാർ, അന്നത്തെ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവർക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നുമെങ്കിലും അവരെയെല്ലാം കേസിൽ നിന്നും ഒഴിവാക്കണം എന്നതായിരുന്നു തെലുങ്കാന പോലീസിന്റെ റിപ്പോർട്ട്.അപ്പാ റാവുവിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും കോടതി അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യം തള്ളുകയും ചെയ്തതിനെ തുടർന്ന് അദ്ദേഹം അവധിയിൽ പോയിരുന്നു. പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അപ്പാറാവൂനെതിരെ നിരവധി തെളിവുകളും രേഖകളും ഉണ്ടായിട്ടും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല.

രോഹിത് ദലിത് വിദ്യാർത്ഥി അല്ലെന്നും തന്റെ യഥാർത്ഥ ജാതി സ്വത്വം പുറത്തുവരും എന്ന ആശങ്ക നിമിത്തമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതും എന്നുമായിരുന്നു പോലീസ് റിപ്പോർട്ട്. തന്റെ ജാതി സർട്ടിഫിക്കറ്റ് കൃത്രിമമായി ചമച്ചാണ് അദ്ദേഹം ബിരുദങ്ങൾ നേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് തള്ളിയ തെലങ്കാനയിലെ കോൺഗ്രസ് ഭരണകൂടം കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. ദലിത് മുസ്ലിം ഐക്യം എന്ന സമവാക്യം ഇന്ത്യയിലെ ക്യാമ്പസുകളിൽ ഉൾപ്പെടെ ശക്തമായി മുഴങ്ങിൽ കേട്ടത് രോഹിത്തിന്റെ ആത്മഹത്യാനന്തരമാണ്. മണ്ഡൽ പ്രസ്ഥാനത്തിനുശേഷം കീഴാള രാഷ്ട്രീയ മുന്നേറ്റത്തിന് വഴി തെളിയിച്ചത് രോഹിത് മൂവ്മെന്റ് ആയിരുന്നു. സ്ഥാപനവൽകൃത കൊലപാതകം എന്ന പുതിയൊരു വ്യവഹാരത്തിന് തുടക്കമിട്ടത് രോഹിത് വെമുലയുടെ ആത്മഹത്യയാണ്. ഒന്നാം മോദി സർക്കാരിനെതിരെ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടക്കമുള്ള സമരപരമ്പരകൾക്ക് ഹേതുവായ മുഖ്യ കാരണങ്ങളിൽ ഒന്ന് രോഹിത് വെമുലയായിരുന്നു.

ഉമർ ഖാലിദ് , ജിഗ്നേഷ് മവാനി, കനയ്യകുമാർ തുടങ്ങിയ വിദ്യാർത്ഥി നേതാക്കന്മാർ ഉയർന്നുവരുന്നതിൽ രോഹിത് മൂവ്മെന്റ് പ്രധാന പങ്കു വഹിച്ചു.
“എന്റെ പിറവിയാണ് എന്റെ മാരകമായ അപകടം” എന്ന ആത്മഹത്യാ കുറിപ്പിലെ വരികളിൽ തന്നെ രോഹിത് പറഞ്ഞുവെച്ച രാഷ്ട്രീയം കൃത്യമാണ്. രോഹിത്തിന്റെ മരണശേഷമാണ് ജവഹർലാൽ നെഹ്റു സർവകലാശാല അടക്കമുള്ള കേന്ദ്ര സർവകലാശാലകളിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്കുകൾ പുറത്തുവരുന്നത്. അതിനു തുടർന്ന് കഴിഞ്ഞ പത്ത് വർഷങ്ങളായി രോഹിത് മുല ആക്ട് എന്നൊരു ആശയം ഉയർന്നു വന്നിട്ടുണ്ട്. രാജ്യത്തെ ക്യാമ്പസുകളിൽ പിന്നോക്ക വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുന്നതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത് ആക്ട് ഉയർന്നു വരുന്നത്. ഭരണകൂടങ്ങൾ അതിനെ എങ്ങനെ സമീപിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്.

രാജ്യത്തെ ക്യാമ്പസ് രാഷ്ട്രീയം രോഹിത്തിന് മുമ്പും ശേഷവും എന്ന് വേർതിരിക്കുവാൻ രോഹിത്തിന്റെ ആത്മഹത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ജീവിച്ചിരുന്ന രോഹിത്തിനെക്കാൾ അപകടകാരിയാണ് മരണപ്പെട്ട രോഹിത് എന്ന് അധികാര വർഗ്ഗം മനസ്സിലാക്കിയിട്ടുമുണ്ട്. രോഹിത് കൊളുത്തിയ ദീപത്തിൽ നിന്നും പ്രകാശം കൊണ്ട ഒരു വിദ്യാർത്ഥി സമൂഹം ഇന്നും ഇന്ത്യയുടെ തെരുവുകളിലും ക്യാമ്പസുകളിലും ജനാധിപത്യത്തിന്റെ മുദ്രാവാക്യങ്ങളുമായി രംഗത്തുണ്ട് എന്നതാണ് രോഹിത് നിർവഹിച്ച ഏറ്റവും മഹത്തരമായ കൃത്യം. അത്തരത്തിൽ രോഹിത് എന്നും സ്മരിക്കപ്പെടും.

Related