October 14 Wednesday 2026

കേരളത്തില്‍ രോഹിത് ആക്ട് നടപ്പിലാക്കണം; ഫ്രറ്റേണിറ്റി ‘സമര ജാഥക്ക്’ തുടക്കം

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കാമ്പസുകള്‍ ജാതിരഹിതമാണെന്നും വിവേചനങ്ങള്‍ അന്യം നില്‍ക്കുന്ന ഇടങ്ങളാണെന്നുമുള്ള ആഖ്യാനങ്ങള്‍ ശരിയല്ലെന്നും നിതിന്‍ രാജിന്റെ വ്യവസ്ഥാപിത കൊലപാതകം അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ. കോട്ടയം എം.ജി സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന ദീപ പി.മോഹനന്‍ തന്റെ അധ്യാപകന്‍ നന്ദകുമാര്‍ കളരിക്കലില്‍ നിന്ന് പത്തുവര്‍ഷത്തിലേറെയായി നേരിട്ട ജാതിവിവേചനവും കേരള സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗത്തില്‍ ദലിത് ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന്‍ എച്ച്.ഒ.ഡിയും ഡീനുമായ ഡോ. സി.എന്‍.വിജയകുമാരിയില്‍ നിന്നും നേരിട്ട ജാതി വിവേചനവും അധിക്ഷേപവുമെല്ലാം കേരളത്തിലെ കാമ്പസുകളിലെ ജാതിവിവേചനങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. വസ്ത്രത്തിന്റെയും വേഷത്തിന്റെയും പേരില്‍ മുസ് ലിം പെണ്‍കുട്ടികള്‍ നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധാരാളമായി അധിക്ഷേപിക്കപ്പെടുന്നു. കോഴിക്കോട് പ്രൊവിഡന്റ്‌സ് സ്‌കൂളും എറണാകുളത്തെ സെന്റ്. റീത്താസ് സ്‌കൂളുമെല്ലാം അതിലെ ചില അധ്യായങ്ങള്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ നയിക്കുന്ന സമര ജാഥയുടെ ഉദ്ഘാടനം കാസര്‍കോട്ട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ഘാടന സമ്മേളനത്തില്‍ ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സഈദ് ടി.കെ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളുടെ ആത്മാഭിമാനത്തിന് മുഖ്യ പരിഗണന നല്‍കി ജാതി വിവേചനത്തോടൊപ്പം ഇസ് ലാമോഫോബിയക്കെതിരായ നടപടികള്‍ കൂടി നിയമപരിധിയില്‍ കൊണ്ടുവന്ന് കേരളത്തില്‍ രോഹിത് ആക്ട് നടപ്പിലാക്കണമെന്ന് ജാഥ ക്യാപ്റ്റന്‍ നഈം ഗഫൂര്‍ ആവശ്യപ്പെട്ടു. രോഹിത് ആക്ട് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ അത് നടപ്പാക്കിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് അഷ്‌റഫ് ടി.കെ, സാമൂഹിക പ്രവര്‍ത്തകന്‍ രതീഷ് രാഘവന്‍, DSS ജില്ല സെക്രട്ടറി രമേശന്‍ ബന്തടുക്ക, ഗോപു തോന്നക്കല്‍ എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് ടി.കെ.അഷ്‌റഫ്, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് ജുവൈരിയ, എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി യുസ്‌റ, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി സി.എ.യൂസുഫ് എന്നിവര്‍ ജാഥ ക്യാപ്റ്റന് ഹാരാര്‍പ്പണം നടത്തി. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ഷബ്നം ബഷീര്‍ സ്വാഗതവും ജാഥ ഡയറക്ടര്‍ അമീന്‍ റിയാസ് നന്ദിയും പറഞ്ഞു.

നിതിന്‍ രാജ് വ്യവസ്ഥാപിത കൊലപാതകത്തിനിരയായ കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് പതാക ജാഥ ക്യാപ്റ്റന് ഇന്നലെ കൈമാറിയത്. കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങള്‍ അവസാനിപ്പിക്കുക, കേരളത്തില്‍ രോഹിത് ആക്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സമര ജാഥ മെയ് 16 മുതല്‍ 30 വരെ നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും ജാഥക്ക് സ്വീകരണം നല്‍കും. ജില്ല, മണ്ഡലം കേന്ദ്രങ്ങള്‍ക്ക് പുറമെ മെഡിക്കല്‍ കോളേജുകള്‍, എന്‍.ഐ.ടി, പ്രാദേശിക യൂണിറ്റുകള്‍ എന്നിവിടങ്ങളിലും സ്വീകരണം നല്‍കും. സ്വീകരണ സമ്മേളനങ്ങളില്‍ സാമുദായിക സംഘടന പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും. കലാലയങ്ങളില്‍ ജാതി വിവേചനത്തിനിരയായ നിതിന്‍ രാജിന്റെ കുടുംബമടക്കമുള്ളവരും പങ്കെടുക്കും. മെയ് 30ന് തിരുവനന്തപുരത്ത് ആയിരങ്ങള്‍ അണിനിരന്ന് നടക്കുന്ന റാലിയും അവകാശ സംരക്ഷണ സമ്മേളനത്തോടും കൂടിയാണ് ജാഥ സമാപിക്കുക. കാസര്‍കോട് ജില്ലയില്‍, ടൗണില്‍ നല്‍കിയ സ്വീകരണത്തിന് പുറമെ ചെങ്ങറ പുനരധിവാസ ഗ്രാമം, കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും. അതിന് ശേഷം ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. വൈകീട്ട് 5 മണിക്ക് കണ്ണൂര്‍ ടൗണില്‍ നല്‍കുന്ന സ്വീകരണത്തില്‍ വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും നടക്കും.

 

Related