മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന അതിരപ്പിള്ളി അറാക്കപ്പിൽ നിന്നും സുരക്ഷിത ജീവിതം വാഗ്ദാനം ചെയ്ത് മാരാംകോടിലേക്ക് മാറ്റി താമസിപ്പിച്ച ആദിവാസികളുടെ പുനരധിവാസ നടപടികൾ വേഗത്തിലാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ആവശ്യപ്പെട്ടു. അതിരപ്പിള്ളിയിലെ സ്വന്തം ഭൂമിക്ക് പകരമായാണ് കോടശേരി പഞ്ചായത്തിലെ മാരാംകോട് തോട്ടമേഖലയിൽ ഭൂമി നൽകാമെന്ന വാഗ്ദാനം സർക്കാർ നൽകിയിട്ടുള്ളത്. അതിനായി അവരുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ രേഖകളെല്ലാം ട്രൈബൽ ഓഫീസർ ശേഖരിക്കുകയും ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. പകരം ലഭ്യമായ ഭൂമിയുടെ കൈവശാവകാശം ലഭിച്ചിട്ടില്ലാത്തതിനാൽ അവിടെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്താൻ സാധിക്കുന്നില്ല. പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ച വീടുകളിൽ ഇഴജന്തുക്കളെയും വന്യജീവികളെയും ഭയന്ന് ദുരിതപൂർണ്ണമായ ജീവിതമാണവർ നയിക്കുന്നത്. മനുഷ്യ ജീവൻ അപകടത്തലാക്കുന്ന അത്യാഹിതങ്ങൾ ഉണ്ടായതിന് ശേഷം പരിഭവിക്കുന്നത് നല്ല ഭരണകൂട ശൈലിയല്ല. ലഭ്യമായ ഭൂമിയുടെ കൈവശാവകാശം ലഭിക്കാനുള്ള നടപടികളും പുനരധി പദ്ധതികളും എത്രയും വേഗത്തിലാക്കണം.
മനപ്പൂർവമായി വൈകിപ്പിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെ വിവിധ തലങ്ങളിൽ പരാതികൾ നൽകിയിട്ടുണ്ട്. അവർക്കു വേണ്ട എല്ലാ നിയമസഹായവും വെൽഫെയർ പാർട്ടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മാരാം കോട് തോട്ട ഭൂമിയിലെ താൽകാലിക കുടിലുകളിൽ താമസിക്കുന്ന ആദിവാസികളെയും കുടുംബങ്ങളെയും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരപ്പിള്ളി മേഖലയിലെ വന്യമൃഗ ശല്യവും ഉരുൾപൊട്ടൽ ഭീഷണിയും മൂലം ജീവിതം ദുസ്സഹമായ അരയക്കാപ്പ് വീരാൻകുടി ഉന്നതികളിൽ നിന്നുള്ള ആദിവാസികളാണ് ഈ അനീതിക്ക് ഇരയാവുന്നത്. തങ്ങൾക്ക് കൈവശമുണ്ടായിരുന്ന ഭൂമിക്ക് തത്തുല്യമായ ഭൂമിയും കൃഷി സ്ഥലവും ലഭ്യമാക്കുമെന്ന സർക്കാർ വാഗ്ദാനത്തെ തുടർന്ന് നിലവിൽ ഉണ്ടായിരുന്ന സ്ഥലത്തിൻ്റെ രേഖകൾ ട്രൈബൽ ഓഫീസിന് അവർ കൈമാറിയിട്ടുള്ളതാണ്. പകരം ലഭ്യമാക്കിയ ഭൂമിയിലാണ് അവർ കുടിൽ കെട്ടി ദുരിത ജീവിതം നയിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ഇഴജന്തുക്കളുടെ ഭീഷണിയിലും മറ്റും ജീവിക്കുന്ന ഇവരുടെ പുനരധിവാസം വേഗത്തിലാക്കാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ് നിസാർ, ജില്ലാ സെക്രട്ടറി ശിവശങ്കരൻ, ഭൂസമരസമിതി സംസ്ഥാന കോഡിനേറ്റർ കെ.കെ ഷാജഹാൻ, ഭൂസമരസമിതി ജില്ലാ കമ്മിറ്റി അംഗം ഷാജഹാൻ എളനാട് എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശം സന്ദർശിച്ചത്.
