August 9 Sunday 2026

ദി കോയിൻ: ശരീരമൊരു സംഘർഷഭൂമികയാകുമ്പോൾ

അതിരുകളില്ലാത്ത മെഡിറ്ററേനിയൻ ആകാശത്തിൻ കീഴിൽ, കീഴടങ്ങരുതെന്ന് പഠിച്ച ജനതയുടെ ശ്വാസം വഹിച്ച്‌ ആവുന്ന വേഗതയിൽ നീങ്ങുന്ന സുമുദ്‌ ഫ്ലോട്ടില്ല. കടൽ ഏതാണ്ട് നിശ്ചലമായി കിടക്കുന്നു. ആ നിശബ്ദതയിൽ , ശാന്തമായിട്ടെങ്കിലും അല്പം ഭാരത്തോടെ ബ്രസീലിയൻ ജേർണലിസ്റ്റ് ജ്യോവന്ന വെയിൽ, സാറയെക്കുറിച്ച് പറഞ്ഞു തുടങ്ങി. ‘ഇന്നൊരു ദുഃഖവാർത്ത കേട്ടു’എന്നതായിരുന്നു ആദ്യവാചകം. അന്നേ ദിവസം, സെപ്റ്റംബർ 5, 2025 നാണ് ഗസ്സ സിറ്റിയിലെ സ്വന്തം ഭവനത്തിൽ നിന്നും സാറാ അവാദിനെയും ഒൻപതംഗ കുടുംബത്തെയും ഇസ്രായേൽ പട്ടാളം നിർബന്ധിച്ച് ഇറക്കിവിട്ടത്. മിടുക്കിയായ ഫലസ്തീനിയൻ പത്രപ്രവർത്തകയാണ് സാറ. അവളുടെ ഉപരിപഠനസ്വപ്നങ്ങളെക്കുറിച്ച്‌, അതിജീവനത്തെക്കുറിച്ച് തുടങ്ങി, ഇന്ന് ഞാൻ നിന്നെ കുറിച്ചാണ് ചിന്തിച്ചിരിക്കുന്നത് സുഹൃത്തേ, ഞങ്ങളിതാ വരുന്നു. നിനക്കായി തന്നെയാണ് ഈ യാത്ര.” എന്ന് പറഞ്ഞ് ജ്യോവന്ന അവസാനിപ്പിക്കുന്നു .

അന്നാണ് ഞാൻ സാറയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ഇറ്റലിയിൽ സ്കോളര്ഷിപ്പോടുകൂടിയുള്ള ഉപരിപഠനത്തിലാണ് ഇപ്പോഴെന്ന് പിന്നീട് മിഡിൽ ഈസ്റ്റ്ഐ യിൽ സാറ എഴുതിയ ലേഖനത്തിൽ നിന്നറിഞ്ഞു. അങ്ങേയറ്റം അരക്ഷിതാവസ്ഥയിൽ, മരണത്തോടൊപ്പം കൈകോർത്ത യുദ്ധദിനങ്ങളിൽ “ഇതെല്ലാം താൽക്കാലികമാണ് നല്ല ദിവസങ്ങൾ വരാൻ പോകുന്നേയുള്ളു” എന്ന ജ്യോവന്നയുടെ വാക്കുകൾ തന്നെ ശ്വാസം പോലെ ചേർത്തു നിർത്തിയത് സാറ നന്ദിപൂർവ്വം ഓർത്തെഴുതുന്നു. ഒരു മനുഷ്യന്റെ ഏറ്റവുമിരുണ്ട കാലത്ത് മറ്റൊരാൾ ജീവനാഡിയായി മാറുന്നതിങ്ങനെയൊക്കെയാണ്. സിംബോർസ്ക തന്റെ കവിതയിൽ പറഞ്ഞപോലെ ‘യഥാർത്ഥ ലോകമൊരിക്കലും സ്വപ്നങ്ങളെപ്പോലെ ഓടിപ്പോകില്ല. യാഥാർഥ്യമെന്നാൽ യാഥാർഥ്യമെന്നേ അർത്ഥമുള്ളൂ’. അതിന്റെ ഭാരത്തിലൂടെ നടക്കാൻ നമ്മൾ നിർബന്ധിക്കപ്പെടുകയാണ്.

‘ഗസ്സയിൽ നിന്ന് രക്ഷപെട്ടു. എന്നാൽ ഈ സുരക്ഷിതത്വത്തിൽ എനിക്ക് നാണക്കേട് തോന്നുന്നു’ പിന്നീടവരെഴുതിയ ലേഖനത്തിന്റെ തലവാചകമാണിത്. അതിജീവനത്തിന്റെ ഭാരവും വഹിച്ചുകൊണ്ടാണ് ഇറ്റലിയിലെത്തിയത്. അവിടെ കണ്ടെത്തുന്നതാവട്ടെ അസ്വസ്ഥതയുളവാക്കുന്ന ശൂന്യത. “ഇവിടെ ജീവിക്കുന്നതിന്റെ ആനന്ദം എന്നെ വേദനിപ്പിക്കുന്നു” എന്ന തുടർവാചകത്തിലുണ്ട്‌ അപകടകരമായ അനിശ്ചിതത്വം പേറുന്നവരുടെയിടയിൽ നിന്ന് ഇറങ്ങിപ്പോന്നതിലുള്ള തീവ്രവേദന. രക്ഷപ്പെടലിനും സ്വന്തമാക്കലിനും ഇടയിലുള്ള ആ അസ്വസ്ഥ ഇടത്തിലാണ് യാസ്മിൻ സാഹറിന്റെ “ദി കോയിൻ”എന്ന നോവലും പ്രതിധ്വനിക്കുന്നത്. സാറയെപ്പോലെ, സാഹറിന്റെ ലോകവും സ്ഥാനഭ്രംശത്താൽ രൂപപ്പെടുത്തപ്പെട്ടതാണ്. വിട്ടുപോകുക എന്നാൽ എത്തിച്ചേരുക എന്നല്ല എന്ന ഭാരിച്ച തിരിച്ചറിവ്.

ന്യൂയോർക്കിൽ താമസിക്കുന്ന ഫലസ്തീനിയൻ ജേർണലിസ്റ്റ് യാസ്‌മിൻ സാഹിറിന്റെ 2024 ൽ പ്രസിദ്ധീകരിച്ച നോവൽ ആണ് ‘ദി കോയിൻ’. ഫലസ്തീൻ രാഷ്ട്രീയ ചരിത്രത്തിൽ വേരൂന്നിയല്ല ഈ നോവലിന്റെ യാത്ര, മറിച്ച് അഭ്യാർത്ഥിത്വത്തിന്റെയും സ്വത്വപ്രതിസന്ധിയുടെയും യൂണിവേഴ്സൽ അനുഭവമായിട്ടാണ് മുൻപോട്ട് നീങ്ങുന്നത്. കഥാപാത്രത്തിന്റെ ആന്തരിക ജീവിതത്തിലാണ് അതിജീവനരാഷ്ട്രീയം പ്രത്യക്ഷപ്പെടുന്നത്. എഴുത്തുകാരിയുടെ ഫലസ്തീൻ സ്വത്വവും സാംസ്കാരിക അന്യവത്കരണവും നോവലിലെ കഥാപാത്രത്തിലും പിണഞ്ഞു കിടക്കുന്നുണ്ട്.

ന്യൂയോർക്ക് സിറ്റിയിൽ ഒരു മിഡിൽ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന, ശുചിത്വത്തിനോട് ഒടുക്കത്തെ അഭിനിവേശമുള്ള പേരില്ലാത്ത ഫലസ്തീനിയൻ യുവതിയാണ് ഈ നോവലിലെ ആഖ്യാതാവ്. അവരുടെ വിചിത്രമായ മനോനില വെളിവാക്കുന്ന ചിതറിയ തലത്തിലുള്ള ആഖ്യാന രീതിയും കാവ്യാത്മകഭാഷയും നോവലിനെ വേറിട്ടൊരു തലത്തിലേക്ക് ഉയർത്തുന്നു.

ബാല്യത്തിന്റെ ആശ്രദ്ധയിൽ വിഴുങ്ങിയ ഒരു ഇസ്രായേൽ നാണയമിന്നും ഉള്ളിലെവിടെയോ തങ്ങി നിൽക്കുന്നതായി, ചലിക്കുന്നതായി വളരെ അസ്വസ്ഥതപ്പെടുത്തുന്ന വേദനിപ്പിക്കുന്ന ഒന്നായി ആഖ്യാതാവിന് അനുഭവപ്പെടുന്നു. ക്രമേണ ഉള്ളിലടർത്തിവച്ച ചരിത്രത്തിന്റെ ഒരു ദൃശ്യരഹിത നാഡിയായത് മാറുന്നു. ഈ നാണയമീ നോവലിലെ കേന്ദ്രസ്പന്ദനമാണ്. മാംസത്തിനുള്ളിൽ കുരുങ്ങിയ ഒരു രാജ്യത്തിന്റെ ഓർമ്മ. അഭയാർഥിയായി ന്യൂയോർക്കിൽ എത്തിയിട്ടും തന്റെ സ്വത്വത്തിന്റെ താക്കോൽ മറ്റാരിലോ ആണെന്ന, ഇസ്രായേലിന്റെ രാഷ്ട്രീയാധികാരത്തെ നാണയം പ്രതിനിധീകരിക്കുന്നു. നോവലിലുടനീളമത്‌ സംഘർഷം സൃഷ്ടിക്കുന്നുണ്ട്. അയൽക്കാരന്റെ ജനാലയിൽ നിന്ന് ‘ബെല്ലാ ചാവോ’ എന്ന പഴയ പ്രതിരോധ ഗാനം ഉയർന്ന് കേൾക്കുമ്പോൾ നാണയം ഒരു നിമിഷത്തേക്ക്, വേദനയില്ലാതെ ചലിക്കുന്നതായി തോന്നുന്നു, ശരീരമെങ്ങനെ ശ്വസിക്കണമെന്ന് ഓർമ്മിപ്പിക്കുന്നത് പോലെ. ഏതിടത്തേക്ക് പാലായനം ചെയ്താലും ‘ഫലസ്തീൻ സ്വാതന്ത്രമാകാതെ തങ്ങൾക്ക് സ്വാതന്ത്രം ലഭിക്കില്ല’ എന്ന ചരിത്രപരമായിട്ടുള്ള വസ്തുതയാണ് നോവലിൽ നാണയത്തിന്റ രൂപത്തിൽ എത്തുന്നത്. അതുതന്നെയാണ് സാറയുടെ ഇറ്റലിയെ ശാന്തജീവിതത്തിലും അവരെ പിന്തുടരുന്ന ആന്തരിക വേദന.

തന്റ വേദനയെ പരാജയങ്ങളെ ഉരച്ചു കളയാൻ ശ്രമിക്കുന്ന രൂപകമായിട്ടാണ് വൃത്തിയോടുള്ള ആഭിമുഖ്യം നോവലിൽ കടന്നു വരുന്നത്. എത്ര വൃത്തിയാക്കിയിട്ടും അഴുക്ക് കയറി വരുന്ന ഒരു യുദ്ധഭൂമിയായി ശരീരം അനുഭവപ്പെടുന്നു. അവരുടെ അധ്യാപന രീതി സൗഹൃദങ്ങൾ ആഡംബര ഉത്പന്നങ്ങളോടുള്ള ഭ്രമം ഇവയെല്ലാം വിചിത്രവും അനിശ്ചിതത്വം നിറഞ്ഞതുമാണ്. ബന്ധങ്ങൾ പൂർണ്ണതയുടെ വക്കിലെത്തുമ്പോൾ പിൻവാങ്ങുന്നു. ഒരു മതിൽ അവയെ തടഞ്ഞുവെക്കുന്നപോലെ. നിരന്തരമായ പരാജയങ്ങളിൽ നിന്ന് പുറത്തേക്കുയരാൻ നടത്തുന്ന പരിശ്രമങ്ങൾ നിശ്ശബ്ദ തകർച്ചയായി മാംസത്തിനുള്ളിൽ തന്നെ കുരുങ്ങിക്കിടക്കുന്നു. വേദന ഒരു ശേഖരണമായി മാറുന്നു. എന്നാൽ, ആ ഭാരത്തിനുള്ളിൽ നിന്ന് തന്നെ ഒരു തിരിച്ചറിവ് പതിയെ ഉയർന്ന് വന്ന് തകർച്ചയുടെ ഇടിവഴികളിലൂടെ വീണ്ടും നടക്കാൻ ശ്രമിക്കുന്നിടത്താണ് കഥയവസാനിക്കുന്നത് .

സ്വന്തം രാജ്യം വിട്ട് ഓടിപ്പോകേണ്ടിവന്ന ഫലസ്തീൻ സ്ത്രീയുടെ ഓർമ്മയും മറവിയും, കുറ്റബോധവും അതിജീവനവും, ശൂന്യതയും പ്രതിരോധവുമടങ്ങിയ ആന്തരിക സംഘർഷങ്ങളുടെ നിരവധി ലയറുകളാണ് നോവൽ തുറന്നുകാട്ടുന്നത്. “ഇവിടെ ജീവിക്കുന്നതിന്റെ ആനന്ദം എന്നെ വേദനിപ്പിക്കുന്നു” എന്ന സാറയുടെ വാക്കുകളും ഇതേ സംഘർഷങ്ങളുടെ പ്രതിധ്വനിയാണ്. തിരിച്ചുവരാൻ കഴിയാത്ത ഭൂതകാലത്തിനും പൂർണ്ണമായും എത്തിച്ചേരാൻ കഴിയാത്ത വർത്തമാനത്തിനും ഇടയിലുള്ള പ്രതലമാണീ ലോകം. ആലോകത്തെ മനുഷ്യരെ അതെ ആവൃത്തിയിൽ മനസ്സിലാക്കാൻ നമുക്ക് കഴിയണമെന്നില്ല. വിലാസമില്ലാത്ത വർത്തമാനകാലത്താൽ നനയ്ക്കപ്പെട്ട മണ്ണിൽ, ചുറ്റുമുള്ളയേതൊരു വാതിലിനും ചേരാത്ത ചാവിയുമായിട്ടാണാ മനുഷ്യരുടെ നിൽപ്പ്.
—————————

Related