സി മര്‍ഗിനെ തേടുകയായിരുന്നു ഞാന്‍. ഖഗങ്ങളുടെ രക്ഷകനെ. എന്റെയും നായകനെ. കെജിഎസ് ചൊല്ലി അയച്ച വഴിയില്‍ രക്ഷകനെ കണ്ടെത്താമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷികള്‍ വഴികാട്ടും. പക്ഷികളെ അലിയിക്കുന്ന കാറ്റും വഴികാട്ടികളുടെ ചെല്ലപ്പേരാവുമെന്ന് പണ്ടേ കേശവദേവ് എഴുതിയിട്ടുണ്ട്. കാറ്റില്‍ കൃഷ്ണപിള്ള ഇരുന്നതങ്ങനെയാണ്. അതിനാല്‍ പക്ഷികളുടെ കോണ്‍ഫ്‌റന്‍സിലിരിക്കാന്‍ എനിക്ക് കൊക്കോ ചിറകോ വേണ്ട. സി മാര്‍ഗിനെ തേടാന്‍ മറ്റൊരു കാരണവും വേണ്ട.
മനക്കലക്കവും ഭൂമികുലുക്കവുമെല്ലാം നേരത്തേ അറിയുന്ന അപൂര്‍വ്വസിദ്ധിയുള്ള കവിയാണ് കെജിഎസ്. ബംഗാള്‍കാലം തൊട്ടേ ആ രാഷ്ട്രീയ ജാഗ്രതയും പുതുക്കല്‍ശേഷിയും അറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം സി മാര്‍ഗിന്റെ വഴി കുറിച്ചപ്പോള്‍ എനിക്ക് അതിലേ പോകാതെ തരമില്ലെന്നായി. ദീര്‍ഘവായനയില്‍ അലഞ്ഞലഞ്ഞ് കവി കുറിച്ച സ്‌പോട്ടിലെത്തി.
”ദിവ്യാകാശങ്ങളിലല്ല സി മര്‍ഗ്.
തെളിനീര് പോലൊരാത്മദര്‍ശന-
ദര്‍പ്പണം കാണിക്കുന്നു, ഗുരു സി മര്‍ഗ്.
ആകാശഭൂമികള്‍ കാലാന്തരങ്ങള്‍
നേരന്ധകാരങ്ങള്‍
അതിലുണ്ടതില്‍ നോക്കൂ
കാണാം നിന്നെ.
നിന്നിലെ നിന്നെ
നിന്നിലെ സി മര്‍ഗിനെ.
ആരിലും പുലരും
ആത്മരക്ഷക ശക്തിയെ.”
ലോകം മുഴുവന്‍ ചുറ്റിച്ച് നാം ഭയക്കുന്ന നമ്മില്‍തന്നെ കൊണ്ടുവന്നെത്തിക്കുന്ന പതിവ് വിടുന്നില്ല കവികള്‍. പല ഭാഷകളില്‍ പലമട്ട് കേള്‍പ്പിക്കും അവര്‍ ആത്മരക്ഷകശക്തിയുടെ കൂര്‍ക്കംവലി. ചലിപ്പിക്കും അതിന്റെ ചിറകുകള്‍. തുറപ്പിക്കും കണ്ണുകള്‍. പലരും ബലപ്രയോഗമാണ് നടത്തുക. അതോടെ ആത്മരക്ഷക ശക്തി കോമയിലാവുകയാണ് പതിവ്. ഇവിടെ കെജിഎസ് ആ പതിഞ്ഞ വഴി ഉപേക്ഷിച്ചിട്ടുണ്ട്. പന്ത്രണ്ടാം ശതകതത്തിലെ ഫരീദുദ്ദീന്‍ അത്തറിന്റെ മാന്ത്രികപ്പേന ചുഴറ്റിയാണ് നില്‍പ്പ്.
അത്തര്‍ പറവയായിരുന്നു. ജലാലുദ്ദീന്‍ റൂമി പറഞ്ഞു: ”സ്‌നേഹത്തിന്റെ ഏഴുനഗരങ്ങളും ചറ്റിയ കവിയാണ് അത്തര്‍. നമ്മളോ ഒരു നഗരത്തിന്റെ മൂലപോലും പിന്നിട്ടില്ല”. എല്ലാവരും പക്ഷേ, പറഞ്ഞു, റൂമിയില്‍ അത്തറുണ്ടെന്ന്. അതെ, റൂമിയിലൂടെയാണ് ആ നേര്‍മണം നാം അറിഞ്ഞത്. അതിന്റെ ദര്‍ശനക്കാരിരുമ്പാണ് ചെത്തിക്കൂര്‍പ്പിക്കുന്നത് കെജിഎസ്.
അതാണ് കെജിഎസ്സിലെ വഴിമാറ്റം. എതിര്‍വാതങ്ങളെ മുറിച്ചു പറക്കാനുള്ള പുതിയ കോപ്പുകള്‍ കണ്ടെത്തും. പുതിയ വാര്‍പ്പില്‍ പകര്‍ത്തും അത്തറിനെ. റൂമിയെ കൊണ്ടാടുന്നവര്‍ അത്തര്‍ മണത്ത് കവിതയുപേക്ഷിക്കുന്നത് കെജിഎസ്സിന് സഹിക്കാനാവില്ല. അതിനാല്‍ കവിതയുടെ വശ്യശയ്യയില്‍ തൂവലിനൊപ്പം അതിന്റെ പേനത്തുമ്പും എഴുന്നു നില്‍ക്കും. ആ കോറലുകളാണ് വാസ്തവബോധം പകരുക. അത്തറിനെ ജ്വലിപ്പിച്ച മാനവികചോദനകളുടെ ഭൂമണ്ഡലമാണ് അതെഴുതുന്നത്. ഭയവും ആര്‍ത്തിയും അഹങ്കാരവും നിറഞ്ഞ ആകാശത്തെ ഭേദിക്കുകയാണ് അത്തറിന്റെ സി മര്‍ഗ്. അതേ അന്തരീക്ഷത്തിലാണ് കെജിഎസ്സും സി മര്‍ഗിനെ തേടുന്നത്.
പഴയ പേര്‍ഷ്യയുടെ ആകാശത്ത് ഇപ്പോള്‍ പോര്‍വിമാനങ്ങള്‍ ഇരമ്പുകയാണ്. ഫരീദുദ്ദീന്‍ അത്തറിന്റെ ആകാശത്ത് സി മര്‍ഗിന് വഴി മുടങ്ങുകയാണ്. അഥവാ സി മര്‍ഗിന് അനിവാര്യമായ പിറവിക്ക് നേരമാവുകയാണ്. ഈ നേരത്താണ് കെജിഎസ്സിന്റെ കവിത വീണ്ടും വീണ്ടും വായിക്കുന്നത്. ഓരോ വ്യക്തിയുടെയും അകമ്പുറ സംഘര്‍ഷങ്ങള്‍ ചോരയിറ്റുംവിധം പകര്‍ത്തുന്നുണ്ട് കവി. ആത്മീയവും ഭൗതികവുമായ ഇല്ലായ്മകളില്‍ ഉഴലുകയാണ് പുതിയ ലോകവും.
”കനി കനിയെന്ന് കേട്ട് അക്കരെ ചെല്ലുമ്പോള്‍
കാടേയില്ലെന്ന് കാണല്‍
മീന്‍ മീനെന്ന് കേട്ട് ഇക്കരെ വരുമ്പോള്‍
നീര്‍ച്ചാല് പോലുമില്ലെന്ന് കാണല്‍
ഇല്ലായ്മകളെക്കാള്‍ കൊടിയ പീഡക-
നില്ലെന്നനുഭവിക്കല്‍.
ഒന്നിനെത്തന്നെ നിനച്ചപസ്മാര
ച്ചുഴലിയായ് സര്‍വ്വം ചുറ്റിക്കുരുക്കല്‍
തുറസ്സിലെത്താത്തൊരു ഭീകര
ക്കുടുസ്സിനെ സ്വാതന്ത്ര്യമെന്ന് സഹിക്കല്‍
കൂടിനെച്ചുറ്റി കൂട്ടരെച്ചുറ്റി വറ്റുന്ന പറക്കല്‍.”
ഇതാണ് മനുഷ്യരുടെ പക്ഷിജീവിതം. ഈ ദുരിതങ്ങളില്‍നിന്നുമുള്ള മോചനമാണ് ലക്ഷ്യം. പക്ഷികളുടെ കോണ്‍ഫറന്‍സില്‍ ഹുപ്പൂ പക്ഷി പറഞ്ഞു. മനസ്സുപോലെ മായികച്ചിറകുള്ള ഒരു വിസ്മയപ്പക്ഷിയുണ്ട്. സി മര്‍ഗ്. പിന്നീട് അതു തേടിയായി യാത്ര. നമ്മളും തേടുകയാണ്. മാനവികമായ വികാരവും ജീവിതവും ഭാവനയും വറ്റിപ്പോകാത്ത മനുഷ്യര്‍ അവരുടെ നായകനെ തേടുന്നു.
‘യാത്ര ദുരിതഭരം
വേഗവിശപ്പ് ചിറകിനും
യോഗവിശപ്പ് മനസ്സിനും വേണം.
ഭീതി ആസക്തി വിഭ്രമദാഹങ്ങള്‍ താണ്ടണം’.
മുക്കോടി പുറപ്പെട്ടാല്‍ അവിടെ മുപ്പതെത്തിയാലായി എന്ന യാഥാര്‍ത്ഥ്യം കവിയ്ക്കറിയാം. ആരു കണ്ടെത്തുന്ന മനസ്സും ശരീരവും നയിക്കാന്‍ പ്രാപ്തരായ നായകരെ? ഒരു സി മര്‍ഗിന്റെ പേരു പറയൂ എന്ന് മൂന്നാം ഖണ്ഡത്തില്‍ തന്റെ ഉള്ള് തുറക്കുന്നു കവി. ഗാന്ധി? അംബേദ്കര്‍? മാര്‍ക്‌സ്? ഇവരെ ചുറ്റി ഒരു പുതിയ നായകപ്പിറവിക്ക് കളമിടുകയാണ് കവി. ബി രാജീവനും സമീപകാലത്ത് ഇതേ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നു. ഒരാളെ മാത്രം കണ്ട് ഒരു സിമര്‍ഗിനെ നിനയ്ക്കാന്‍ കെജിഎസ്സിന് കഴിയുന്നില്ല. അങ്ങനെ കരുതിയ കാലത്തിന്റെ കലക്കങ്ങള്‍ പുതിയ ചേരുവകളിലേക്ക് ഉണര്‍ത്തിയതാണ്. ആ ഉണര്‍വ്വ് കാഴ്ച്ചയില്‍ മാത്രമല്ല ഭാഷയിലും പുതിയ അന്വയങ്ങള്‍ നിര്‍മിച്ചുപോന്നു. ഇപ്പോള്‍ കെജിഎസ്സിന് ഭാഷയും ദര്‍ശനവും ഒന്നാണ്. ഒരേ കണ്ടെത്തല്‍. ഒരേ കൂട്ടിച്ചേര്‍ക്കല്‍.
കെജിഎസ്സിന്റെ സമീപകാല രചനകള്‍ ബംഗാളിനെക്കാള്‍ ശക്തമായ കാവ്യാവിഷ്‌കാരങ്ങളാണ്. മലയാളകവിതയുടെ ഏറ്റവും പുതുതും ശക്തവുമായ മുഖം ഏതെന്ന് സംശയമില്ല. അത് കെജിഎസ്സാണ്. പുതിയ ആഖ്യാനവും പുതിയ ഭാവുകത്വവും ഇവിടെ ചിറകടിക്കുന്നു. ഇത് കവിത ചിറക് കുടയുന്ന കടപട.
(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെജിഎസ് എഴുതിയ ‘സി മര്‍ഗ്’ കവിതയുടെ വായന; ആസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.)
