November 23 Monday 2026

പ്രിയദർശിനിയും സ്വകാര്യ ബസ്സുകളും

കേരളത്തിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് ആരംഭിച്ച ‘പ്രിയദർശിനി’ പദ്ധതി, ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ ജനപ്രീതി നേടിയിരിക്കുകയാണ്. എന്നാൽ, ഒരു ജനക്ഷേമ പദ്ധതി വിജയകരമായി മുന്നോട്ടുപോകുമ്പോൾ തന്നെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയ്ക്ക് അത് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടോ എന്ന ചോദ്യം ഇപ്പോൾ ഗൗരവമായി ഉയരുന്നു.

2026 ജൂൺ 15 മുതൽ ആരംഭിച്ച പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകളിൽ സൗജന്യ യാത്രയാണ് അനുവദിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർന്നുവന്ന ഈ പദ്ധതി അധികാരത്തിലെത്തിയ ശേഷം സർക്കാർ നടപ്പാക്കുകയായിരുന്നു.

പദ്ധതി ആരംഭിച്ച ആദ്യഘട്ടത്തിൽ തന്നെ വലിയ തോതിലുള്ള യാത്രക്കാരുടെ വർധനയാണ് കെ.എസ്.ആർ.ടി.സിയിൽ രേഖപ്പെടുത്തപ്പെട്ടത്. ജൂൺ 16 മുതൽ ജൂലൈ 16 വരെയുള്ള ഒരു മാസത്തിനിടെ ഓർഡിനറി സർവിസുകളിൽ 50 ശതമാനത്തിന്റെ അധികയാത്ര രേഖപ്പെടുത്തിയെന്നാണ് പഠന റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 80 കോടി രൂപയുടെ ടിക്കറ്റ് വരുമാനമാണ് ഇതിനായി സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ടത്. പദ്ധതിക്കായി ബജറ്റിൽ 600 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.

എന്നാൽ, ഈ പദ്ധതിയെ വെറും സർക്കാർ ചെലവായി മാത്രം കാണാനാകില്ല. സാധാരണക്കാരായ സ്ത്രീ തൊഴിലാളികൾക്കും വീട്ടമ്മമാർക്കും യാത്രാച്ചെലവിൽ ഉണ്ടാകുന്ന ലാഭം അവരുടെ കുടുംബ ബജറ്റിന് വലിയ ആശ്വാസമാകും. യാത്രയ്ക്കായി ചെലവഴിക്കേണ്ടിവന്ന പണം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുമ്പോൾ അത് വിപണിയിലേക്കും തിരിച്ചെത്തും. അതിനാൽ, സാമൂഹികക്ഷേമത്തിനൊപ്പം സമ്പദ്‌വ്യവസ്ഥയിലും ചലനം സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതിയായാണ് പ്രിയദർശിനിയെ കാണേണ്ടത്.

എന്നാൽ പദ്ധതിയുടെ ഗുണം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഒരേ രീതിയിൽ എത്തുന്നില്ലെന്നതാണ് പ്രധാന വിമർശനം.

സംസ്ഥാനത്ത് നിലവിൽ 3125 പ്രിയദർശിനി ബസുകളാണുള്ളത്. ഇതിൽ മൂന്നിലൊന്ന് മാത്രമാണ് മലബാർ മേഖലയിലൂടെ സർവിസ് നടത്തുന്നത്. തിരുവനന്തപുരത്ത് 687 പ്രിയദർശിനി സർവിസുകൾ ഉള്ളപ്പോൾ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ വെറും 98 സർവിസുകൾ മാത്രമാണുള്ളത്.

മലബാറിൽ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവിസുകൾ താരതമ്യേന കുറവായതിനാൽ അവിടുത്തെ സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം വേണ്ടത്ര ലഭിക്കുന്നില്ലെന്ന വിമർശനത്തിന് സർക്കാർ പരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓർഡിനറി സർവിസുകൾ കുറവുള്ള ജില്ലകളിൽ ടൗൺ-ടു-ടൗൺ സർവിസുകൾ ഉൾപ്പെടുത്തി പ്രിയദർശിനി ബസുകളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ പ്രിയദർശിനിയെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ ആശങ്ക സ്വകാര്യ ബസ് മേഖലയുടേതാണ്.

കേരളത്തിലെ സ്വകാര്യ ബസ് വ്യവസായം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ സംസ്ഥാനത്തെ പൊതുനിരത്തിൽനിന്ന് 5,336 സ്വകാര്യ ബസുകളാണ് അപ്രത്യക്ഷമായത്. 2001ൽ 19,018 സ്വകാര്യ ബസുകളുണ്ടായിരുന്ന കേരളത്തിൽ ഇന്ന് അത് 13,882 ആയി കുറഞ്ഞിരിക്കുകയാണ്.

ഈ തകർച്ച പ്രിയദർശിനി വന്നതോടെ മാത്രം ഉണ്ടായതല്ല. ഡീസൽ വിലവർധന, ലൂബ്രിക്കന്റുകളുടെ വിലക്കയറ്റം, ടയർ, സ്പെയർ പാർട്സ് എന്നിവയുടെ ഉയർന്ന ചെലവ്, മോട്ടോർ വാഹന നികുതി, ഇൻഷുറൻസ് പ്രീമിയം, ക്ഷേമനിധി വിഹിതം, പെർമിറ്റ് പുതുക്കൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഫീസ് തുടങ്ങി നിരവധി സാമ്പത്തിക ബാധ്യതകളാണ് സ്വകാര്യ ബസ് മേഖലയെ വർഷങ്ങളായി പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.

എന്നാൽ, ഇതിനകം പ്രതിസന്ധിയിലായിരുന്ന ഈ മേഖലയിലേക്ക് പ്രിയദർശിനിയുടെ വരവ് കൂടുതൽ സമ്മർദം സൃഷ്ടിച്ചുവെന്നതും അവഗണിക്കാനാകാത്ത യാഥാർഥ്യമാണ്.

2025 ജൂൺ-ജൂലൈ മാസങ്ങളിൽ കെ.എസ്.ആർ.ടി.സിയിൽ 3.8 കോടി യാത്രകൾ നടന്നപ്പോൾ, പ്രിയദർശിനിയുടെ ആദ്യമാസം യാത്രക്കാരുടെ എണ്ണം 5.75 കോടിയായി ഉയർന്നു. ഇതിൽ മാത്രം 3.81 കോടി യാത്രകൾ പ്രിയദർശിനി പദ്ധതിയിലൂടെയായിരുന്നു.

ഈ അധികയാത്രക്കാരിൽ ഒരു വലിയ വിഭാഗം മുമ്പ് സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്നവരാകാമെന്ന ആശങ്കയാണ് സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും ഉയർത്തുന്നത്. അതായത്, സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യ യാത്ര ഒരു വലിയ സാമൂഹിക നേട്ടമാണെങ്കിലും അതിന്റെ മറുവശത്ത് സ്വകാര്യ ബസുകളുടെ വരുമാനത്തിൽ ഇടിവുണ്ടാകാനുള്ള സാധ്യതയും യാഥാർഥ്യമാണ്.

ഈ സാഹചര്യത്തിലാണ് സർക്കാർ നിയോഗിച്ച വിദഗ്ധ പഠനസമിതി ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്ന് സ്വകാര്യ ബസുകളെ പ്രിയദർശിനി സർവിസിനായി കെ.എസ്.ആർ.ടി.സിക്ക് വാടകയ്ക്ക് നൽകുക എന്നതാണ്.

കേൾക്കുമ്പോൾ ഇത് ഒരു പ്രായോഗിക പരിഹാരമായി തോന്നാം.
സ്വകാര്യ ബസ് ഉടമയ്ക്ക് വരുമാനം ഉറപ്പാക്കാം. അതേസമയം പ്രിയദർശിനി സർവിസുകളുടെ എണ്ണം വർധിപ്പിക്കാനും കഴിയും.

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി നിയന്ത്രണത്തിലേക്ക് വന്നാൽ അവ പ്രവർത്തിപ്പിക്കാൻ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ നിലവിൽ സ്വകാര്യ ബസുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരും കണ്ടക്ടർമാരും തൊഴിൽ നഷ്ടത്തിന്റെ ഭീഷണി നേരിടേണ്ടിവരും.

അങ്ങനെ വന്നാൽ സർക്കാർ ഒരു പ്രശ്നം പരിഹിക്കുമ്പോൾ മറ്റൊരു സാമൂഹിക പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യമുണ്ടാകും.

അതുകൊണ്ടുതന്നെ സ്വകാര്യ ബസുകളെ വാടകയ്ക്ക് എടുക്കുന്ന പദ്ധതി നടപ്പാക്കുകയാണെങ്കിൽ, ബസുകൾ മാത്രമല്ല, അവയിലെ തൊഴിലാളികളുടെയും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലുള്ള സംവിധാനം കൂടി സർക്കാർ ആലോചിക്കേണ്ടതുണ്ട്.

സ്വകാര്യ ബസ് മേഖലയെ ഒരു വ്യവസായമായി അംഗീകരിക്കുക, ബസുകളുടെ കാലാവധി 22 വർഷത്തിൽനിന്ന് 25 വർഷമാക്കുക, കെ.എസ്.ആർ.ടി.സി പമ്പുകളിൽനിന്ന് സ്വകാര്യ ബസുകൾക്കും ഇന്ധനം ലഭ്യമാക്കുക തുടങ്ങിയ നിർദേശങ്ങളും പഠനസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

പ്രിയദർശിനി പദ്ധതി കേരളത്തിലെ സ്ത്രീകൾക്ക് കൂടുതൽ സഞ്ചാരസ്വാതന്ത്ര്യവും സാമ്പത്തിക ആശ്വാസവും നൽകുന്ന ഒരു സുപ്രധാന സാമൂഹികക്ഷേമ പദ്ധതിയാണ്. അതിന്റെ വിജയം സംശയിക്കാനാവില്ല.

എന്നാൽ, ഒരു ജനക്ഷേമ പദ്ധതിയുടെ വിജയം മറ്റൊരു മേഖലയിലെ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന തരത്തിലാകരുത്.

അതുപോലെ തന്നെ, തിരുവനന്തപുരം പോലുള്ള ജില്ലകളിൽ പദ്ധതി ശക്തമായി ലഭിക്കുമ്പോൾ മലബാർ മേഖലയിൽ അതിന്റെ ഗുണം പരിമിതപ്പെടുന്നതും പരിഹരിക്കപ്പെടണം.

അതിനാൽ പ്രിയദർശിനിയുടെ അടുത്ത ഘട്ടം കൂടുതൽ ബസുകൾ പ്രഖ്യാപിക്കുന്നതിൽ മാത്രം ഒതുങ്ങരുത്.

സ്ത്രീകൾക്ക് തുല്യമായ യാത്രാസൗകര്യം ഉറപ്പാക്കുക, മലബാറിലെ സർവിസ് കുറവ് പരിഹരിക്കുക, കെ.എസ്.ആർ.ടി.സിയുടെ ശേഷി വർധിപ്പിക്കുക, അതോടൊപ്പം സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും ജീവിതവും സംരക്ഷിക്കുക, ഈ നാലിനും ഒരുപോലെ പരിഹാരം കണ്ടെത്തുമ്പോഴാണ് പ്രിയദർശിനി യഥാർഥത്തിൽ സമ്പൂർണമായ ഒരു ജനക്ഷേമ പദ്ധതിയായി മാറുക.

Related