August 11 Tuesday 2026

തടവുകാരുടെ വേതന വര്‍ധന: ട്രോളുകളില്‍ നിറയുന്ന പൊതുബോധം

കേരളത്തില്‍ തടവുകാര്‍ക്ക് നല്‍കിവന്നിരുന്ന വേതനം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പലതരത്തിലുള്ള പ്രതികരണങ്ങള്‍ ആണ് പൊതുസമൂഹത്തില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. വിദഗ്ധ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയും അവിദഗ്ധ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 560 രൂപയുമാണ് പുതുക്കിയ വേതനം. ഏറ്റവും അവസാനം 2018ലാണ് തടവുകാരുടെ വേതനം പുതുക്കിയത്. അതുപ്രകാരം ഏകദേശം 120 മുതല്‍ 167 വരെയാണ് വിദഗ്ധ- അവിദഗ്ധ തൊഴിലിന് നിലവില്‍ വേതനമായി നല്‍കി വരുന്നത്. ഒറ്റനോട്ടത്തില്‍ ‘ക്രമാതീതമായ വര്‍ധനവ് ‘എന്ന് തോന്നാവുന്ന പുതുക്കിയ വേതനത്തെകുറിച്ച് പരാമര്‍ശിക്കുന്നതിനു മുന്‍പ് പൊതുസമൂഹത്തില്‍ അതിനെപ്പറ്റി ഉയര്‍ന്ന അഭിപ്രായങ്ങള്‍ പരിശോധിക്കുന്നത് നന്നാവും എന്ന് തോന്നുന്നു.

പുറത്ത് ഏതെങ്കിലും തരത്തിലുള്ള പണിക്ക് പോയി സമ്പാദിക്കുന്നതിലും അധികം ജയിലില്‍ പോയി പണിയെടുത്താല്‍ ലഭിക്കുമെന്ന തരത്തിലുള്ള ട്രോളുകളാണ് തടവുകാരുടെ വേതനവര്‍ധനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം കഴിഞ്ഞ ഒരാഴ്ചയായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ‘ഇതിലും ഭേദം ജയിലില്‍ പോകുന്നതാണ്’ എന്ന് ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ ഒരിക്കലെങ്കിലും പറയാതെ പോകുന്നവര്‍ വളരെ വിരളമാണ്. വിദ്യാലയത്തില്‍ തുടങ്ങി, പണിയെടുക്കുന്ന തൊഴിലിടങ്ങളും എന്തിന് സ്വന്തം വീട് പോലും പലപ്പോഴും തടവറകളോട് താരതമ്യപ്പെടുത്തി പറയാറുണ്ട് നാം. അതിശയോക്തി കലര്‍ത്തി പറയുന്ന ആ പരാമര്‍ശങ്ങള്‍ ഒരിക്കലും യാഥാര്‍ഥ്യം ആവില്ല എന്ന ഉത്തമ വിശ്വാസത്തിലാണ് അത് പറയാറുള്ളത്. കാരണം, ‘കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം’ തന്നെയെന്ന തിരിച്ചറിവ് നമുക്ക് നല്ലതുപോലെയുണ്ട്. മാത്രവുമല്ല തടവറകള്‍ എന്നത് എല്ലാക്കാലത്തും സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ശക്തികളുടെ അധികാരത്തിന്റെ പ്രത്യക്ഷ രൂപങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുമാണ്. അതില്‍ തന്നെ മൊത്തം മനുഷ്യരില്‍ വളരെ ചെറിയൊരു അംശത്തെ മാത്രമാണ് അധികാരത്തിന് തടവറകളിലേക്ക് തള്ളിയിടുവാന്‍ കഴിയുകയുമുള്ളൂ. ആ ചെറിയൊരു അംശം വരുന്ന മനുഷ്യരുടെ ‘നഷ്ടപ്പെട്ട സ്വാതന്ത്ര്യം’ ചൂണ്ടിക്കാട്ടി മാത്രമേ മഹാ ഭൂരിപക്ഷം വരുന്ന മനുഷ്യരെ നിയന്ത്രിച്ചു നിര്‍ത്താന്‍ അധികാരത്തിനു കഴിയുകയുള്ളൂ. അതിനാല്‍ നാം എല്ലാവരും പുതുക്കിയ വേതനം ലഭിക്കാനായി ജയിലുകളിലേക്ക് പോകാന്‍ തയ്യാറായാലും തടവറകളുടെ ഉടമസ്ഥരായ അധികാര വര്‍ഗ്ഗം അതിന് എന്തായാലും സമ്മതിക്കില്ല. പക്ഷേ, അസംഘടിത മേഖലയിലെ ബഹുഭൂരിപക്ഷം തൊഴിലാളികളും നിയമപരമായി ലഭിക്കേണ്ട മിനിമം വേതനം പോലും ലഭിക്കാത്ത അവസ്ഥയിലാണ് നിലവിലുള്ളത് എന്ന് ഈ പ്രതികരണങ്ങള്‍ തെളിയിക്കുന്നു. 90 ശതമാനം തൊഴിലാളികളും ഇന്ന് അസംഘടിത മേഖലയില്‍ ആണ് എന്നുള്ളതു കൊണ്ടുതന്നെ ജയിലിലെ വേതന വര്‍ധനവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ നാം ഗൗരവത്തോടെ നോക്കി കാണേണ്ടതായുണ്ട്.

ഭരണകൂടങ്ങള്‍ ഉണ്ടായ കാലം മുതല്‍ ‘തടവറകള്‍’ എന്നത് അതിന്റെ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ ഒന്നാണ്. മനുഷ്യ സമൂഹത്തിന്റെ വികാസത്തിനനുസരിച്ച് ഭരണകൂടങ്ങളുടെ സ്വഭാവത്തിലും പരിണാമങ്ങള്‍ സംഭവിക്കുന്നുണ്ട്. ആ മാറ്റം തടവറകള്‍ അടക്കമുള്ള അതിന്റെ സ്ഥാപനങ്ങളുടെ സ്വഭാവത്തിലും പ്രകടമാണ്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ ‘ശിക്ഷ’ എന്നത് പലപ്പോഴും പ്രതികാരത്തില്‍ ഊന്നുന്നത് ആയിരുന്നു. ശാരീരിക മര്‍ദനങ്ങള്‍ ആയിരുന്നു അതില്‍ പ്രധാനം. സ്വാഭാവികമായും ആ ശിക്ഷ നടപ്പില്‍ വരുത്തുന്നതുവരെ കുറ്റാരോപിതരായ മനുഷ്യരെ പാര്‍പ്പിക്കുവാനുള്ള ഒരിടം എന്ന തലത്തില്‍ ആയിരുന്നു അന്ന് പ്രധാനമായും തടവറകള്‍ പ്രവര്‍ത്തിച്ചിരുന്നത്. അവിടെ നിന്നും സമകാലിക ലോകത്ത് എത്തിച്ചേരുമ്പോള്‍ ശിക്ഷയുടെ ലക്ഷ്യവും, അതിന്റെ നടത്തിപ്പും സമൂലമായി മാറിയതായി മനസ്സിലാക്കാന്‍ കഴിയും. ‘നവീകരണവും, പുനരധിവാസവും’ ആണ് നിലവില്‍ ശിക്ഷയുടെ മര്‍മ്മ പ്രധാന ലക്ഷ്യം. വ്യക്തികളെ നിയമങ്ങള്‍ ലംഘിക്കുന്ന തലത്തിലേക്ക് തള്ളി വിടുന്നതില്‍ സാമൂഹിക-സാമ്പത്തിക കാരണങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ടെന്നുള്ള തിരിച്ചറിവും നിലവില്‍ ശക്തമാണ്.

തൊഴില്‍ പരിശീലനങ്ങളും, കഠിന തടവിന് ശിക്ഷിക്കപ്പെടുന്നവര്‍ നിര്‍ബന്ധമായും ജോലി ചെയ്യണമെന്നും അടക്കമുള്ള നടപ്പു രീതികള്‍ ജയില്‍ നിയമങ്ങളില്‍ കയറി കൂടുന്നത് അങ്ങനെയാണ്. ഇത്തരത്തില്‍ തടവുകാരില്‍ നിന്നും ലഭിക്കുന്ന അധ്വാനത്തിന് മാന്യമായ പ്രതിഫലം നല്‍കണമെന്ന സങ്കല്പം തുടക്കകാലത്ത് വളരെ ദുര്‍ബലമായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ മറ്റൊരിക്കലും സംഭവിക്കാത്ത തരത്തിലുള്ള വേഗതയിലാണ് സാമൂഹിക മാറ്റങ്ങള്‍ സംഭവിച്ചത്. ഫാസിസത്തിന്റെ ഉദയവും- തളര്‍ച്ചയും, കമ്യൂണിസ്റ്റ് ആശയങ്ങളുടെ ഉയര്‍ച്ചയും-താഴ്ചയും, നിലനില്‍പ്പിനായി ഉദാര ജനാധിപത്യ സങ്കല്പങ്ങള്‍ മുന്നോട്ട് വെക്കേണ്ടി വന്ന മുതലാളിത്തം എന്നിങ്ങനെ പല ആട്ടങ്ങളും അരങ്ങില്‍ ആടിതീര്‍ത്ത ഒരു നൂറ്റാണ്ടാണ് പിന്നിട്ടത്.

നമ്മുടെ രാജ്യത്തെ സംബന്ധിച്ചും വലിയ മാറ്റങ്ങളാണ് ഈ കാലയളവില്‍ ഉണ്ടായിട്ടുള്ളത്. ലിബറല്‍ ഡെമോക്രസി മുന്‍പോട്ടു വെക്കുന്ന മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് 1950ല്‍ ഇവിടെ ഒരു ഭരണഘടന ഉണ്ടാകുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 23പ്രകാരം ഫോഴ്‌സ്ഡ് ലേബര്‍ സമ്പൂര്‍ണ്ണമായി നിരോധിക്കുന്നു. അങ്ങനെയാണ് ന്യായമായ പ്രതിഫലം നല്‍കാതെ തടവുകാരെ കൊണ്ട് പണിയെടുപ്പിക്കുന്ന വിഷയം ഭരണഘടന കോടതികളുടെ മുന്‍പിലേക്ക് എത്തുവാനായി ആരംഭിക്കുന്നത്. 1998 ല്‍ Gujarat vs hon highcourt of Gujarta എന്ന കേസില്‍ മാന്യമായ പ്രതിഫലം നല്‍കാതെ തടുവുകാരെ കൊണ്ട് പണിയെടുപ്പിക്കുന്നത് ‘forced labour’ ന്റെ പരിധിയില്‍ വരുന്നതാണെന്നും, അത് ആര്‍ട്ടിക്കിള്‍ 23 ന്റെ ലംഘനമാണെന്നും വ്യക്തമാക്കി. തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും ജയില്‍ നിയമങ്ങളില്‍ തിരുത്തല്‍ വരുത്തിക്കൊണ്ട് തടവുകാരുടെ കൂലി വര്‍ധിപ്പിക്കുകയുണ്ടായി. അങ്ങനെ വര്‍ധിപ്പിച്ച കൂലിയും നിയമപ്രകാരം നിശ്ചയിക്കപ്പെട്ടിരുന്ന minimum wage ന് വളരെ താഴെയായിരുന്നു. ഇതിനൊക്കെ വളരെ മുന്‍പ് തടവുകാര്‍ക്ക് അവരുടെ അധ്വാനത്തിന് ന്യായമായ പ്രതിഫലം നല്‍കണമെന്ന ആവശ്യം കേരള ഹൈക്കോടതിയുടെ മുന്‍പില്‍ വന്നിട്ടുണ്ട്.

Prison reforms enhancement of,,,,,, vs unknown (AIR1983KER261) എന്ന ആ കേസിലെ വിധി ഈ അവസരത്തില്‍ പരിശോധിക്കുന്നത് നന്നായിരിക്കും. ഈ കേസില്‍ minimum wage അല്ല ന്യായമായ കൂലിയാണ് (Fair Wage) തടവുകാര്‍ക്ക് നല്‍കേണ്ടത് എന്ന സങ്കല്പം കേരള ഹൈക്കോടതി മുന്‍പോട്ട് വയ്ക്കുന്നു. 1948ല്‍ കേന്ദ്ര തൊഴില്‍ വകുപ്പ് Fair Wage Committee രൂപീകരിക്കുകയുണ്ടായി. minimum wages, fair wages, living wages എന്നിങ്ങനെ മൂന്നായി കൂലിയെ തരംതിരിക്കുകയാണ് ആ കമ്മിറ്റി ചെയ്തത്. അതിജീവനത്തില്‍ മാത്രം ലക്ഷ്യം വെക്കുന്നതാണ് minimum wage. ഒരു കുടുംബത്തിന് അടിസ്ഥാന ആവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റി മുന്‍പോട്ട് പോകുന്നതിന് ആവശ്യമായ തുകയാണ് living wage. ഇതിനിടയില്‍ ഉള്ളത് fair wage ഉം. പൊതുസമൂഹത്തില്‍ അടക്കം നിയമപ്രകാരം ഉറപ്പിക്കപ്പെട്ടിട്ടുള്ളത് minimum wage മാത്രമാണ്. ഈ സാഹചര്യത്തിലാണ്, മുകളില്‍ പറഞ്ഞ കേസില്‍, അന്ന് കേരളത്തില്‍ നിലവിലുണ്ടായിരുന്ന മിനിമം കൂലിയെക്കാളും അധികംതുക ജയിലില്‍ തടവുകാരുടെ അധ്വാനത്തിന് പ്രതിഫലമായി നല്‍കണമെന്ന ഉത്തരവ് ഉണ്ടാകുന്നത്.

40ല്‍ അധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മാന്യമായി ജീവിക്കാന്‍ (fair wage) ആവശ്യമായ തുക തടവുകാര്‍ക്കുപോലും, അത് എപ്പോഴും minimum wage ന് മുകളിലായിരിക്കും, നല്‍കണമെന്ന തീരുമാനത്തിലെത്തിയിരുന്ന ഒരു സംസ്ഥാനമാണ് കേരളം. പക്ഷേ, വര്‍ഷങ്ങള്‍ പിന്നിട്ട് 2025ല്‍ എത്തുമ്പോള്‍ ആശാ വര്‍ക്കേഴ്‌സ് അടക്കം സമൂഹത്തിലെ അസംഘടിത മേഖലയിലെ ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്കും നാമ മാത്രമായി കഴിഞ്ഞുകൂടാന്‍ മാത്രം ഉതകുന്ന minimum wage പോലും ലഭ്യമാകാത്ത അവസ്ഥയാണ്. ഇതിലും ഭേദം ജയിലാണ് എന്ന് ഒരു സമൂഹം മൊത്തത്തില്‍ ചിന്തിച്ചു പോകുന്നതിന്റെ കാരണങ്ങള്‍ ഇവിടെയാണ് കണ്ടെത്തേണ്ടത്.

ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങള്‍ ഉള്‍പ്പെടുന്ന ആര്‍ട്ടിക്കിള്‍ 43 പ്രകാരം സംസ്ഥാന ഗവണ്‍മെന്റുകള്‍ 1948 ലെ fair wages committee മുന്നോട്ടുവെച്ച ലിവിങ് വേജസ് എല്ലാവര്‍ക്കും ലഭ്യമാകുന്ന അവസ്ഥ സൃഷ്ടിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. living wages നിര്‍ണയിക്കുന്നതില്‍ നാളിതുവരെ ഒരു ഗവണ്‍മെന്റുകളും, യാതൊരു നടപടികളും നിയമപരമായി കൈകൊണ്ടിട്ടില്ല എന്നതുതന്നെ ന്യായമായ വേതനം തൊഴിലാളികള്‍ക്ക് ലഭിക്കണമെന്ന ആവശ്യത്തിനോടുള്ള ഭരണകൂടത്തിന്റെ സമീപനത്തെ വ്യക്തമാക്കുന്നതാണ്. ഈ അടുത്ത സമയത്ത് നടന്ന ഒരു പഠനപ്രകാരം ഏകദേശം 28,500 രൂപയാണ് ഒരാളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് മുന്നോട്ടു പോകാനായി ഒരു മാസത്തേക്ക് വേണ്ടിവരുന്നത്. അസംഘടിത മേഖലയിലെ 99 ശതമാനം തൊഴിലാളികള്‍ക്കും ഇതൊരു വിദൂര സ്വപ്നം മാത്രമാണ്.

1948ല്‍ നിര്‍ണയിക്കപ്പെട്ട fair wage നും താഴെയാണ് ഇപ്പോള്‍ തടവുകാര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പുതുക്കിയ കൂലി. പക്ഷേ, ബഹുഭൂരിപക്ഷം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അതുപോലും ലഭിക്കുന്നില്ല എങ്കില്‍ കൊതിക്കെറുവെടുത്ത് അസൂയപ്പെടുകയല്ല വേണ്ടത്. മറിച്ച്, ഏറ്റവും കുറഞ്ഞത് article 43ല്‍ പറയുന്ന ‘living wages’ എങ്കിലും നല്‍കുന്ന തലത്തില്‍ ഭരണകൂടങ്ങളെ കൊണ്ട് തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ ആവശ്യമായ പോരാട്ടങ്ങളിലേക്ക് കടക്കുകയാണ് വേണ്ടത്.

1948ല്‍ നിര്‍ണയിക്കപ്പെട്ട ഫെയര്‍ വേജിനും താഴെയാണ് ഇപ്പോള്‍ തടവുകാര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പുതുക്കിയ കൂലി. ബഹുഭൂരിപക്ഷം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അതുപോലും ലഭിക്കുന്നില്ല എങ്കില്‍ കൊതിക്കെറുവെടുത്ത് അസൂയപ്പെടുകയല്ല വേണ്ടത്. മറിച്ച്, ഏറ്റവും കുറഞ്ഞത് ആര്‍ട്ടിക്കിള്‍ 43ല്‍ പറയുന്ന ‘ലിവിങ് വേജ്’ എങ്കിലും നല്‍കുന്ന തലത്തില്‍ ഭരണകൂടങ്ങളെ കൊണ്ട് തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ ആവശ്യമായ പോരാട്ടങ്ങളിലേക്ക് കടക്കുകയാണ് വേണ്ടത് – അനൂപ് മാത്യു ജോര്‍ജ് എഴുതുന്നു.

 

Related