August 13 Thursday 2026

ഭരണകൂട വീഴ്ചകള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കുള്ള പ്രതിഫലം തടവറ – ഡോ. കഫീല്‍ ഖാന്‍

ഭരണകൂട വീഴ്ചകള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കുള്ള പ്രതിഫലം തടവറയാണെന്ന് പ്രമുഖ ശിശുരോഗ വിദഗ്ധനും മനുഷ്യാവകാശ പോരാളിയുമായ ഡോ. കഫീല്‍ ഖാന്‍. ‘കെയര്‍ ആസ് എ ഫ്രറ്റേണല്‍ പ്രാക്ടീസ്’ എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയും മെഡിക്കല്‍ ഫ്രറ്റേണ്‍സും സംയുക്തമായി കോഴിക്കോട് നിതിന്‍ രാജ് നഗറില്‍ സംഘടിപ്പിച്ച മെഡിക്കല്‍ സമ്മിറ്റില്‍ യു.പി ഖൊരഖ്പൂറിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരണപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം തുറന്നു പറഞ്ഞ തന്നെ ഭരണകൂടം നിരന്തരമായി വേട്ടയാടി. ഭക്ഷണവും വെള്ളവും പോലും നല്‍കാതെ ഏകാന്തതടവില്‍ പാര്‍പ്പിച്ചു. ഭരണകൂടത്തിനെതിരെ ഇനി സംസാരിക്കരുതെന്ന് പറഞ്ഞപ്പോള്‍ ഞാനവര്‍ക്ക് മറുപടിയായി ഒരു പുസ്തകമെഴുതി; അദ്ദേഹം പറഞ്ഞു. അനീതിക്കെതിരെ നിശ്ശബ്ദരാവരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളത്തിലെ മുപ്പത്തിലധികം മേഖലകളില്‍ നിന്നായി അറുനൂറിലധികം മെഡിക്കല്‍ വിദ്യാര്‍ഥികളും പ്രൊഫഷണലുകളും പങ്കെടുത്ത മെഡിക്കല്‍ സമ്മിറ്റ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍ കാമ്പസുകളില്‍ നിലനില്‍ക്കുന്ന വരേണ്യത ദലിത്-പിന്നാക്ക വിഭാഗങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും വിവേചനങ്ങള്‍ക്ക് ഇരയാക്കുന്നുണ്ട്. ഇതിന് പരിഹരമായി രോഹിത് ആക്ട് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമുഖ വാര്‍ സര്‍ജനും ഓര്‍ത്തോപെഡിക്‌സ് & എമര്‍ജന്‍സി മെഡിസിന്‍ പ്രൊഫസറുമായ ഡോ. എസ്.എസ് സന്തോഷ് കുമാര്‍, ഇന്റര്‍നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എക്‌സ്‌പെര്‍ട്ടും പ്രമുഖ എഴുത്തുകാരനുമായ ഡോ. എസ്.എസ്. ലാല്‍, പ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധയും ആരോഗ്യനയ വിശകലന വിദഗ്ധയുമായ ഡോ. സില്‍വിയ കര്‍പ്പഗം, തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. എ. അല്‍ത്താഫ്, കേരള ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സൈജു ഹമീദ്, മീഡിയവണ്‍ അക്കാദമി ഡയറക്ടര്‍ ഡോ. സാദിഖ് പി.കെ, ശാന്തി ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ മുബാറക് ഓമശ്ശേരി, ഇഖ്റ ഹോസ്പിറ്റല്‍ ഫിസിയോതെറാപ്പി വിഭാഗം മേധാവി ഡോ. മുഹമ്മദ് നജീബ് കെ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ തുടങ്ങിയ പ്രമുഖര്‍ സമ്മിറ്റില്‍ സംവദിച്ചു.

ജാതി വിവേചനം, ഇസ്‌ലാമോഫോബിയ എന്നിവ ഇല്ലാതാക്കുന്നതിനായി കേരളത്തില്‍ രോഹിത് ആക്ട് നടപ്പിലാക്കണമെന്ന പ്രമേയം സമ്മിറ്റില്‍ അവതരിപ്പിച്ചു. സമ്മേളന നഗരിയില്‍ ‘The last Sky’ എന്ന പേരില്‍ ഡോ. സന്തോഷ് കുമാറിന്റെ ഗസ്സയിലെ അനുഭവങ്ങള്‍ ചിത്രീകരിക്കുന്ന എക്‌സിബിഷന്‍ നടന്നു. ആരോഗ്യ മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത മെഡിക്കല്‍ സമ്മിറ്റ് രാത്രി 9 മണിയോടുകൂടി കള്‍ച്ചറല്‍ നൈറ്റോടെ സമാപിച്ചു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. കെ. മുഹമ്മദ് സഈദ്, വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, സെക്രട്ടറി ഷിബിന്‍ റഹ്മാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. അഹ്‌സന്‍ അലി, പി.എ. ഫസീല, ജില്ലാ പ്രസിഡന്റ് ആയിഷ മന്ന, മെഡിക്കല്‍ ഫ്രറ്റേണ്‍സ് സംസ്ഥാന കണ്‍വീനര്‍ ഇഷ്മ സലീം, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഡോ. നബീല്‍ ആമീന്‍, ഡോ.ഷെബിന്‍ മുഹമ്മദ്, അഫ്ര മുജീബ്, മെഡിക്കല്‍ സമ്മിറ്റ് കണ്‍വീനര്‍ ഫഹദ തുടങ്ങിയവര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു.

 

 

Related