2014 നവംബര്‍ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന ലോക ഹിന്ദു കോണ്‍ഗ്രസില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ ഹിന്ദുത്വ നേരിടുന്ന അഞ്ച് ‘M’ കളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതില്‍ ഒന്നാണ് ക്രിസ്ത്യന്‍ പാതിരിമാരുടെ മിഷനറി പ്രവര്‍ത്തനത്തിലെ M. മറ്റ് ‘M’കള്‍ മാര്‍ക്‌സിസം, മുസ്ലിം അതിവാദം, മെറ്റീരിയലിസം, മെക്കാളെയിസം എന്നിവയാണ്.
നരേന്ദ്രമോദി ആദ്യമായി അധികാരത്തില്‍ വന്ന അതേ വര്‍ഷമാണ് പ്രസ്തുത കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെട്ടിരുന്നത്. സമീപകാലങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ സംഘ്പരിവാര്‍ കേന്ദ്ര അധികാരം കൈയടക്കിയതിനു ശേഷമുള്ള സംഭവങ്ങളാണ്. തീര്‍ച്ചയായും അതിന് ആ രീതിയില്‍ പ്രാധാന്യവും ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന അതിക്രമങ്ങള്‍ക്ക് ഗോള്‍വാള്‍ക്കറിന്റെ ത്രിദോഷ സിദ്ധാന്തത്തോളം പഴക്കമുണ്ട്. രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷത്തോട് ഹിന്ദുത്വം വെച്ചുപുലര്‍ത്തുന്ന സൈദ്ധാന്തിക നിലപാട് അവരുടെ മുസ്ലിംകളോടുള്ള നിലപാടില്‍ നിന്നും തെല്ലും വ്യത്യസ്തമല്ല. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ മുസ്ലിം ന്യൂനപക്ഷത്തെയാണ് സംഘപരിവാര്‍ ഉന്നമിട്ടിരിക്കുന്നത് എന്ന് മാത്രമേയുള്ളൂ. സിഖ് – ബുദ്ധമതങ്ങളെ ഭാരതീയ മതങ്ങള്‍ എന്ന പരിഗണനയില്‍ ഹൈന്ദവ സംസ്‌കാരത്തോട് ചേര്‍ത്തു നിര്‍ത്തുമ്പോഴും മുസ്ലിം – ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ വൈദേശികരക്തം എന്ന നിലയിലാണ് ഹിന്ദുത്വം പരിഗണിക്കുന്നത്.
ഇന്ത്യയുടെ ചരിത്രകാലങ്ങളെ വിലയിരുത്തുമ്പോള്‍ അതിനെ മൂന്ന് ഘട്ടങ്ങളായാണ് വലതുപക്ഷ ചരിത്രകാരന്മാര്‍ വേര്‍തിരിക്കുന്നത്. ഈ വേര്‍തിരിക്കലിന്റെ അടിസ്ഥാനമായി വര്‍ത്തിച്ചിരിക്കുന്ന മനോനില രാഷ്ട്രീയമല്ല, വംശീയമാണ് എന്നു കാണാം. ഇതിലെ കൊളോണിയല്‍ കാലഘട്ടത്തെ ക്രൈസ്തവ മതപരിവര്‍ത്തന കാലം എന്നാണ് സംഘ്പരിവാര്‍ വിശേഷിപ്പിക്കുന്നത്. സവര്‍ക്കര്‍ മുന്നോട്ടു വെച്ച ഹിന്ദുത്വ ദേശീയതാ സങ്കല്‍പനത്തിന്റെ അടിസ്ഥാനം ‘ഹിന്ദു’ എന്ന സംസ്‌കാരമാണ്. സവര്‍ക്കറിന്റെ ഹിന്ദു നിര്‍വചനത്തിന്റെ അടിസ്ഥാനം ഇന്ത്യയെ പുണ്യഭൂമിയുമായി കരുതുന്നവര്‍ എന്നതാണ്. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിഖ് മതവും ബുദ്ധമതവും സംഘ്പരിവാര്‍ ഭാഷ്യത്തില്‍ ഹിന്ദുത്വയുടെ ഭാഗമാകുന്നത്. ക്രിസ്ത്യാനി ഇന്ത്യയെ ജന്മഭൂമിയായി കരുതുന്നുവെങ്കിലും പുണ്യഭൂമിയായി കരുതുന്നില്ല എന്ന കാരണത്താല്‍ അവര്‍ ഹിന്ദുവിന്റെ ഭാഗമാകുന്നില്ല. അതുവഴി ഇന്ത്യന്‍ ദേശീയതയുടെ ഭാഗമല്ലാതായി മാറുന്നു എന്നതാണ് സവര്‍ക്കറേറ്റ് കാഴ്ചപ്പാട്.
അംബേദ്കര്‍ ‘Pakistan or partition of India’ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നത് കാണുക: ‘ഹിന്ദുവാണല്ലോ ഹിന്ദുത്വയുടെ അടിസ്ഥാനം. ഒരു കരുതലോടെയാണ് അദ്ദേഹം ഹിന്ദുവിന് നിര്‍വചനം നല്‍കിയത്. ഇന്ത്യയെ ‘പിത്യഭൂമിയും’ ‘പുണ്യഭൂമിയു’മായി കരുതുന്നവര്‍ മാത്രമേ ആ നിര്‍വചനത്തില്‍ ഒതുങ്ങുന്നുള്ളൂ. രണ്ടു ലക്ഷ്യം സാധിക്കുന്നതിനാണ് സവര്‍ക്കര്‍ ആ നിര്‍വചനം രൂപപ്പെടുത്തിയത്. ഇന്ത്യയെ പുണ്യഭൂമിയായി കണക്കാക്കിയാലേ ഹിന്ദുവാകൂ എന്ന നിബന്ധനയുടെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍, പാഴ്‌സികള്‍ എന്നിവരെ ഒഴിവാക്കാം. പിന്നെ, വേദവിശുദ്ധിയെ യോഗ്യതയായി പരിഗണിക്കാതെ ബുദ്ധ – സിഖ് – ജൈനമതക്കാരെ ഉള്‍പ്പെടുത്തുകയുമാവാം”.
സവര്‍ക്കറിന്റെ നിര്‍വചനത്തില്‍ മുസ്ലിമിനെ പോലെത്തന്നെ ക്രിസ്ത്യാനിയും ഹിന്ദുവിന് പുറത്താണ്. അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ ‘Essentialസ് of hindutva’ യിലെ വരികള്‍ കാണുക: ”എന്നാല്‍, വസ്തുതകളെ യഥാതഥമായി കണ്ടെത്താന്‍ ശ്രമിക്കുന്ന നമുക്ക് ഈ മുഹമ്മദീയരെ ഹിന്ദുക്കളായി ഗണിക്കാന്‍ കഴിയുമോ? കശ്മീരിലെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും മുഹമ്മദീയരും തെക്കേ ഇന്ത്യയിലെ ക്രിസ്ത്യാനികളും തങ്ങളുടെ ജാതിക്കുള്ളില്‍ നിന്ന് വിവാഹം സാധ്യമാകുന്ന അളവോളം പൊതുവില്‍ നമ്മുടെ ജാതി നിയമങ്ങള്‍ പാലിക്കുന്നുണ്ട്. അങ്ങനെ അവരിലെ ഹിന്ദുരക്തം വൈദേശിക ദുഷിപ്പുകള്‍ അധികം ബാധിക്കാതെ ഇരിക്കുന്നുണ്ടെങ്കിലും അവരെ ഹിന്ദുക്കള്‍ എന്ന് വിളിക്കാന്‍ പറ്റില്ല.”
ബി.ജെ.പിയുടെ മുന്‍ രാജ്യസഭ എം.പിയും കോളമിസ്റ്റുമായ സ്വപന്‍ ദാസ് ഗുപ്ത സവര്‍ക്കറുടെ ‘ഹിന്ദു’ നിര്‍വചനത്തെ എതിര്‍ത്തു കൊണ്ട് പറയുന്നു: ”പുണ്യഭൂമിയെ നിര്‍വചിക്കുന്നതിന് മതത്തിനു നല്‍കിയ അമിതപ്രാധാന്യം യുക്തിബോധത്തിന് നിരക്കാത്തതാണ്. ഹിന്ദുവിനു നല്‍കിയ നിര്‍വചനം സങ്കുചിതമാണ്. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും ഈ രാഷ്ട്ര പൗരത്വപദവി നേടണമെങ്കില്‍ ഹിന്ദുമതത്തിലേക്കു വരണമെന്ന ആശയവും ഇടുങ്ങിയതാണ്. സമകാലിക ഹിന്ദുദേശീയതയുടെ അനുകൂലവും പ്രതികൂലവുമായ അംശങ്ങളെ ഈ സവര്‍ക്കര്‍ വിചാരഗതി സ്വാധീനിച്ചിട്ടുണ്ട്’.
ഇത്തരം പ്രതിലോമ പ്രസ്താവനകളില്‍ ഒന്നിലും തന്നെ രാജ്യത്തെ ക്രിസ്ത്യാനികള്‍ ഒഴിവല്ല എന്നത് ശ്രദ്ധേയമാണ്. എം എസ് ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ ത്രിദോഷങ്ങളായി ക്രിസ്ത്യാനിറ്റിയെ എണ്ണുന്നതോടൊപ്പം തന്നെ ഇന്ത്യയിലെ ക്രൈസ്തവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പദം ”കൈയേറ്റക്കാര്‍” എന്നാണ്. ക്രിസ്ത്യാനികള്‍ അന്യനാടുകളെ പുണ്യസ്ഥലമായി സങ്കല്‍പിക്കുന്നതിനാല്‍ പുണ്യഭൂമിയുടെയും പിതൃഭൂമിയുടെയും ഇരട്ടപ്പരീക്ഷണത്തിലൂടെ ഇവിടെ അംഗീകാരം നേടണമെന്നും ഗോള്‍വാള്‍ക്കര്‍ ആവശ്യപ്പെടുന്നുണ്ട്.
സംഘ്‌സാഹിത്യങ്ങളിലെ ഇത്തരം ഹീനമായ പരാമര്‍ശങ്ങളെ കുറിച്ച് ഓര്‍മപ്പെടുത്തുമ്പോള്‍ അതൊക്കെ ഏതോ ഒരു സാഹചര്യത്തില്‍ പറഞ്ഞു പോയതാണ് എന്ന് വിലയിരുത്തി നിസാരവത്കരിക്കുന്നവരെ സമൂഹത്തില്‍ കാണാം. ക്രൈസ്തവ അപരവല്‍ക്കരണത്തിലൂന്നിയ ഹിന്ദുത്വയുടെ രാഷ്ട്രീയം അവരുടെ അഖണ്ഡ ഭാരത സങ്കല്പം വരെ ലക്ഷ്യം വെച്ചുള്ളതാണ് എന്നതാണ് യാഥാര്‍ഥ്യം.
ഭരണകൂടവുമായി സമരസപ്പെട്ട് അതിന്റെ സൗജന്യങ്ങളെയും ആനുകൂല്യങ്ങളെയും ഉപയോഗപ്പെടുത്തുന്ന ചരിത്രമാണ്
ക്രൈസ്തവ നേതൃത്വത്തിനുള്ളത്. ജ്ഞാനോദയ കാലഘട്ടത്തിനു തൊട്ടുമുമ്പ് യൂറോപ്പില്‍ കത്തോലിക്ക സഭയുടെ ഭരണകൂട ചങ്ങാത്തം ക്രൈസ്തവതക്ക് സഹായകരമായിട്ടുണ്ട്. ഇന്ത്യയിലെ ചില ക്രൈസ്തവ പൗരോഹിത്യ നേതൃത്വങ്ങള്‍ സംഘ്പരിവാറുമായി ചങ്ങാത്തത്തിലേര്‍പ്പെടുമ്പോള്‍ താല്‍ക്കാലിക നേട്ടം എന്നതിനപ്പുറം ആത്യന്തികമായി അത് വിളിച്ചു വരുത്തുന്നത് ഇന്ത്യയില്‍ സെന്റ് തോമസ് ഉള്‍പ്പെടെയുള്ളവര്‍ തുടക്കമിട്ട ക്രൈസ്തവ സംസ്‌കാരത്തിന്റെ അടിത്തറ ഇളക്കുന്ന സാഹചര്യത്തെയാണ്. പ്രമുഖ ചിന്തകനും രാഷ്ട്രീയ ബുദ്ധിജീവിയുമായ കെ വേണു എഴുതുന്നു: ”ബാബരി മസ്ജിദ് പ്രശ്‌നത്തിന്റെ തുടക്കം മുതല്‍ക്കു തന്നെ, മുസ്ലിം ന്യൂനപക്ഷത്തിന്റെ ഭാഗത്തു നിലയുറപ്പിച്ചു കൊണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലത്തു തന്നെ, ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനെതിരെയും വിശ്വഹിന്ദു പരിഷത്തും മറ്റും പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കുമെന്നും ആ സാധ്യതയ്‌ക്കെതിരായി ജാഗ്രത പാലിക്കണമെന്നും കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ഈ ലേഖകന്‍ പലതവണ ഓര്‍മപ്പെടു ത്തിയിട്ടുണ്ട്. പക്ഷേ, ക്രിസ്ത്യന്‍ ന്യൂനപക്ഷം തങ്ങളുടെ പാശ്ചാത്യ ബന്ധവും സാംസ്‌കാരിക പശ്ചാത്തലവും നിമിത്തം അതിനെ കാര്യമായെടുത്തില്ല. തങ്ങള്‍ ആക്രമിക്കപ്പെടുകയില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവര്‍.”
( പുസ്തകം: സാമുദായിക രാഷ്ട്രീയം ഇന്ത്യയിലും കേരളത്തിലും)
ജാര്‍ഖണ്ഡില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി നിസ്തുലമായ സേവനം കാഴ്ചവച്ച സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയ്ക്ക് ഇരയായി അതിദയനീയമായി തടവറയില്‍ നരകിച്ചു മരിച്ചപ്പോഴും കേരളത്തില്‍ ഈ മൗനം ദൃശ്യമായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ലഭിച്ച പിന്തുണ എന്തുകൊണ്ടാവും സ്റ്റാന്‍ സ്വാമിക്ക് ലഭിക്കാതെ പോയത്? വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിലോമ ആഖ്യാനം നല്‍കി വരുന്ന സംഘ്പരിവാര്‍ പ്രസ്തുത നിലപാടില്‍ നിന്നും ഇന്നുവരെ പിന്നോട്ട് പോയിട്ടില്ല.
ഒഡീഷയിലെ കാണ്ഡമലില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയിലും ഗുജറാത്തിലെ പള്ളി പൊളിക്കലിലും, ആസ്‌ട്രേലിയന്‍ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിനിന്റെയും മക്കള്‍ തിമോത്തിയുടെയും ഫിലിപ്പിന്റെയും ക്രൂരമായ കൊലപാതകത്തിലും രൂപപ്പെട്ടു വരേണ്ട സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ ശക്തമായ മുദ്രാവാക്യങ്ങള്‍ ഔദ്യോഗിക ക്രൈസ്തവ പക്ഷത്തു നിന്നും ഉയര്‍ന്നു വരുന്നില്ല. കേരളത്തിലെ സാഹചര്യത്തില്‍ മുസ്ലിം – ക്രൈസ്തവ ദ്വന്ദയുദ്ധത്തിനാണ് കാസയുള്‍പ്പെടെയുള്ള തീവ്ര ക്രൈസ്തവ സംഘടനകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ക്രിസ്ത്യന്‍ സമുദായത്തിലെ തീര്‍ത്തും ആഭ്യന്തര വിഷയമായ എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലും മുസ്ലിം സംഘടനകളാണ് എന്ന കണ്ടെത്തലിലാണ് കാസ എത്തി നില്‍ക്കുന്നത്. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലുമടക്കം നടമാടുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അവഗണിക്കപ്പെടുകയും മുസ്ലിം പേരുള്ളവര്‍ ചെയ്യുന്ന മതവുമായി യാതൊരു ബന്ധവുമില്ലാത്ത കുറ്റകൃത്യങ്ങളെ വരെ വര്‍ഗീയ ധ്രുവീകരണത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന അത്യധികം ഹീനമായ വര്‍ഗീയ പ്രവര്‍ത്തനമാണ് കാസ പോലുള്ള വിദ്വേഷ സേവകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ കെ എം മാണിയുടെ മരണം സംജാതമാക്കിയ ശൂന്യതയെ ബി.ജെ.പിയെ കൊണ്ട് ഇല്ലാതാക്കാനുള്ള വെള്ളം കോരലുകളാണ് ഉത്തരം ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യം. ക്രൈസ്തവതക്ക് അപമാനമാകുന്ന ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ ഔദ്യോഗികമായി രംഗത്ത് വരാന്‍ എന്തുകൊണ്ടാണ് കേരളത്തിലെ ക്രൈസ്തവ പൗരോഹിത്യത്തിന് സാധിക്കാതെ പോകുന്നത് എന്ന വിമര്‍ശനവും ഉന്നയിക്കപ്പെടുന്നുണ്ട്.
കാണ്ഡമലില്‍ നടന്ന ക്രൈസ്തവ വംശീയ ഉന്മൂലനത്തില്‍ സംഘ്പരിവാറിന്റെ പങ്ക് വ്യക്തമാണ്. കാണ്ഡമാല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുസ്തകത്തില്‍ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റമാരോപിക്കപ്പെടുന്നത് കാണ്ഡമലിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മിഷനറികളെയാണ്. പ്രസ്തുത പുസ്തകം പുറത്തിറക്കിയ ഫൗണ്ടേഷന്റെ ബോര്‍ഡ് അംഗമായ നിര്‍മല സീതാരാമനും സുരേഷ് പ്രഭുവും ഭാഗമായ മുന്നണിയെ അധികാരത്തില്‍ എത്തിക്കുവാന്‍ വേണ്ടിയാണ് കേരളത്തില്‍ ക്രൈസ്തവ സമുദായത്തിലെ ഒരുപക്ഷം കച്ചകെട്ടി ഇറങ്ങിയത് എന്നത് എത്രമാത്രം ഖേദകരമാണ്. രാജ്യത്തെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ വന്നു കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമം പ്രഥമദൃഷ്ടിയാല്‍ തന്നെ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനത്തിന് രാജ്യത്ത് തടയിടുന്നതിനെ ലക്ഷ്യം വെച്ചുള്ളതാണ്. ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നപ്പോഴും കേരളത്തിലെ മുഖ്യധാര ക്രിസ്ത്യന്‍ സമൂഹം അതിനോട് മൗനം അവലംബിക്കുകയായിരുന്നു. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദര്‍ തെരേസ സ്ഥാപിച്ച മിഷന്‍ ഓഫ് ചാരിറ്റി എന്ന സംഘടനയുടെ വിദേശ ഫണ്ട് സ്വീകരിക്കുവാനുള്ള അനുവാദം റദ്ദു ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും കേരളത്തിലെ ക്രൈസ്തവ മൗനം ദൃശ്യമായി. നോബേല്‍ സമ്മാന ജേതാവ് മദര്‍ തെരേസക്കെതിരെ സംഘ്പരിവാര്‍ ജിഹ്വകള്‍ തൊടുത്തു വിടുന്ന അസഹിഷ്ണുത നിറഞ്ഞ വര്‍ത്തമാനങ്ങള്‍ ഒട്ടും നൈതികമല്ല. ജാര്‍ഖണ്ഡില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി നിസ്തുലമായ സേവനം കാഴ്ചവച്ച സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയ്ക്ക് ഇരയായി അതിദയനീയമായി തടവറയില്‍ നരകിച്ചു മരിച്ചപ്പോഴും കേരളത്തില്‍ ഈ മൗനം ദൃശ്യമായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ലഭിച്ച പിന്തുണ എന്തുകൊണ്ടാവും സ്റ്റാന്‍ സ്വാമിക്ക് ലഭിക്കാതെ പോയത്? വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിലോമ ആഖ്യാനം നല്‍കി വരുന്ന സംഘ്പരിവാര്‍ പ്രസ്തുത നിലപാടില്‍ നിന്നും ഇന്നുവരെ പിന്നോട്ട് പോയിട്ടില്ല.
ആഗോള അടിസ്ഥാനത്തില്‍ ചരിത്രപരമായിത്തന്നെ മുസ്ലിംകളും ക്രൈസ്തവരും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഇന്നും ലോകത്ത് പലയിടങ്ങളിലും അത്തരം ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ നടക്കുന്നുമുണ്ട്. അവയെല്ലാം ഊതി വീര്‍പ്പിച്ച് അമിത പ്രാധാന്യം നല്‍കി മുസ്ലിം വിദ്വേഷം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന ഫ്രിന്‍ജ് ഗ്രൂപ്പുകള്‍ സംഘ്പരിവാര്‍ തങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണ പരമ്പരകള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന സമീപനം ആര്‍ക്കുവേണ്ടിയാണ് എന്നത് വ്യക്തമാണ്. ഏറ്റവും ഒടുവില്‍ രാജ്യത്തെമ്പാടും ക്രിസ്തുമസിനോടനുബന്ധിച്ച് ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമ പരമ്പരകളുടെ ഭാഗമായി പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളിലും ക്രൈസ്തവ ഗ്രൂപ്പുകള്‍ എടുത്ത നിലപാടുകളും കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അതേ സമയം തന്നെ, സ്വത്വസംരക്ഷണത്തിനായുള്ള പോരാട്ടങ്ങളില്‍ സംഘ്പരിവാര്‍ ഹിന്ദുത്വക്കെതിരെ രംഗത്തു വരാനും പോരാടാനും രാജ്യത്തെ ചില ക്രൈസ്തവ പുരോഹിതന്മാര്‍ രംഗത്ത് വരുന്നു എന്നത് സ്വാഗതാര്‍ഹമാണ്. 2023ല്‍ മലങ്കര സഭയുടെ കാര്‍മികത്വത്തില്‍ പുറത്തിറങ്ങിയ ക്രൈസ്തവ കാഹളം മാസികയില്‍ സംഘ്പരിവാര്‍ ഹിംസാത്മക രാഷ്ട്രീയത്തെ രൂക്ഷമായിത്തന്നെ വിമര്‍ശിക്കുന്നുണ്ട്. ഗുജറാത്തിലെ പള്ളി തകര്‍ക്കലും ഒഡീഷയിലെ ക്രൈസ്തവ കൂട്ടക്കൊലയും കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും ക്രൈസ്തവ വിശ്വാസികള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളും ഇന്നും മോദി ഇന്ത്യയില്‍ അനുസ്യൂതം തുടരുന്ന കാഴ്ചയാണ് നാം കാണുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട സംസ്ഥാനം യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ് എന്നതാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണ്ടെത്തല്‍. ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം നരേന്ദ്രമോദിയുടെ സ്ഥാനാരോഹണം നടന്ന വര്‍ഷം 154 വംശീയ അക്രമണങ്ങളാണ് ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ നടന്നതെങ്കില്‍, മോദി ഭരണം ഒരു പതിറ്റാണ്ടു പിന്നിട്ട 2024 ല്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ 834 ലില്‍ എത്തി നില്‍ക്കുന്നു എന്നത് ഏറെ ഭയാനകമായ വസ്തുതയാണ്. മോദിക്കാലത്ത് ഉണ്ടായ ഈ വര്‍ദ്ധനവ് അടിവരയിടുന്നത് ഹിന്ദുത്വയുടെ അധികാരാരോഹണം ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണ പരമ്പരകള്‍ക്ക് ആവേശം നല്‍കി എന്നുതന്നെയാണ്. 4,618 വംശീയ ആക്രമണങ്ങള്‍ക്കാണ് രാജ്യത്തെ ക്രിസ്തുമത വിശ്വാസികള്‍ ഈയൊരു പതിറ്റാണ്ടിനിടയില്‍ ഇരയായത്. മതവിശ്വാസത്തിന്റെ പേരില്‍ ഇന്ത്യയില്‍ പ്രതിദിനം രണ്ടിലധികം പേര്‍ ആക്രമണത്തിന് ഇരയാകുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആരോപിക്കുന്നു. പള്ളികള്‍, പ്രാര്‍ത്ഥന യോഗങ്ങള്‍ എന്നിവയ്ക്കു നേരെയുള്ള ആക്രമണം, വിശ്വാസികളെ ഉപദ്രവിക്കല്‍, സാമൂഹികമായ വിലക്കുകള്‍, വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ക്രിമിനല്‍ കേസില്‍ കുടുക്കുക തുടങ്ങി വിവിധ രീതിയിലാണ് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ രാജ്യത്ത് അരങ്ങേറുന്നതെന്നും സംഘടന പറയുന്നു. പല കേസുകളിലും എഫ്.ഐ.ആര്‍ പോലും ഇടാന്‍ പോലീസ് വിസമ്മതിക്കുന്നതും മതപരിവര്‍ത്തന നിയമം ദുരുപയോഗപ്പെടുത്തുന്നതും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രധാന നീതി നിഷേധങ്ങളാണ്. എ പി സി ആര്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും രാജ്യത്ത് ക്രിസ്ത്യന്‍ പക്ഷം നേരിടുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു, അപ്പോള്‍ ഞാന്‍ ഒന്നും മിണ്ടിയില്ല… എന്ന നിമോളറുടെ കവിത ശകലം ഫാഷിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങളില്‍ കേട്ടുപഴകിയതാണെങ്കിലും അത് എല്ലാ കാലഘട്ടങ്ങളിലും പ്രസക്തമത്രെ. ദൈവം നിമോളറോട് ചോദിച്ചു: ‘1933നും 45നും ഇടക്ക് നീ എവിടെയായിരുന്നു?’ നിമോളര്‍: ‘1937 മുതല്‍ 45 വരെ ഞാന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു.” ദൈവം: ”രാഷ്ട്രീയ എതിരാളികളെ നാസികള്‍ പിടികൂടി പീഡിപ്പിക്കാന്‍ തുടങ്ങിയ 1933 മുതല്‍ 37 വരെ നീ എവിടെയായിരുന്നു?” നിമോളര്‍: ”അക്കാലത്ത് ഞാന്‍ സ്വതന്ത്രനായി ഇടവകയില്‍ സുവിശേഷം വായിക്കുകയായിരുന്നു. നാസികളുടെ ക്രൂരത തുറന്നു കാട്ടി തുടക്കം മുതലേ ജനങ്ങളുമായി സംസാരിക്കുകയായിരുന്നെങ്കില്‍ ഈ ഭീകരതകളൊന്നും സംഭവിക്കില്ലായിരുന്നു”. അങ്ങനെയാണ് കുറ്റബോധം കൊണ്ട് നിമോളര്‍ ഈ വരികള്‍ കുറിച്ചിട്ടത്.
”ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു.
ഞാന്‍ ഒന്നും മിണ്ടിയില്ല.
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു.
പിന്നീട് അവര്‍ തൊഴിലാളികളെ തേടി വന്നു.
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല.
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല.
പിന്നീട് അവര്‍ ജൂതരെ തേടി വന്നു.
ഞാനൊന്നും മിണ്ടിയില്ല.
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവില്‍ അവര്‍ എന്നെ തേടി വന്നു.
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല”
ഇന്ത്യയില്‍ സഹനത്തിന്റെയും സേവനത്തിന്റെയും ഉദാത്ത മാതൃകകള്‍ പ്രചരിപ്പിച്ച, ഇന്ത്യയില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ, രാജ്യനിവാസികള്‍ക്ക് അറിവിന്റെ അക്ഷരഖനികള്‍ തുറന്നുകൊടുത്ത ഒരു സമുദായത്തിന്റെ പിന്‍തലമുറ നാളെ നിമോളറുടെ കവിത ആത്മഗതമായി ഏറ്റുചൊല്ലാതിരിക്കട്ടെ.
