2026 ഒക്ടോബർ 27-ന് ഇസ്രായേലിൽ നടന്ന 26-ാമത് പാർലമെൻ്റ് (നെസെറ്റ്) തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ തീവ്രവലതുപക്ഷ മുന്നണിക്കും കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. 2009 മുതൽ ഇസ്രായേൽ രാഷ്ട്രീയത്തെ അടക്കിവാഴുന്ന നെതന്യാഹുവിന്റെ ഭരണത്തുടർച്ചയ്ക്കുള്ള സാധ്യതകൾക്ക് വലിയ മങ്ങലേൽപ്പിക്കുന്നതാണ് വോട്ടെണ്ണലിന്റെ അവസാനഘട്ട സൂചനകൾ. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷം കണ്ടെത്താനാകാതെ നെതന്യാഹുവും സഖ്യവും വലയുമ്പോൾ, അദ്ദേഹത്തെ പുറത്തിരുത്തി അറബ് പാർട്ടികളുടെ പിന്തുണയോടെ പ്രതിപക്ഷ സഖ്യം ഭരണമേറ്റെടുക്കുമോ എന്നാണ് ആഗോള സമൂഹം ഉറ്റുനോക്കുന്നത്. വോട്ടെണ്ണൽ പ്രക്രിയകൾ പൂർത്തിയായെങ്കിലും നിയമപരമായ ഓഡിറ്റിംഗും മറ്റു പരിഹാര നടപടികളും തുടരുന്നതിനാൽ സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയുടെ അന്തിമ വിജ്ഞാപനം നവംബർ നാലിനായിരിക്കും ഔദ്യോഗികമായി പുറപ്പെടുവിക്കുക.
സംഘട്ടനങ്ങൾക്കിടയിലെ തെരെഞ്ഞെടുപ്പ്
ഫലസ്തീൻ, ലെബനൻ, ഇറാൻ തുടങ്ങിയ അയൽരാജ്യങ്ങളുമായി വർഷങ്ങൾ നീണ്ട ശക്തമായ പോരാട്ടങ്ങളും യുദ്ധസമാനമായ അന്തരീക്ഷവും നിലനിൽക്കുന്ന സങ്കീർണ്ണമായ പശ്ചാത്തലത്തിലാണ് ഇത്തവണ ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണം നിയന്ത്രിച്ചിരുന്ന നെതന്യാഹുവിന്റെ ലിക്കുഡ് (Likud) പാർട്ടി, ചെറിയ തീവ്ര-യാഥാസ്ഥിതിക കക്ഷികളെ കൂട്ടുപിടിച്ചാലും ഇത്തവണ കേവലഭൂരിപക്ഷം തനിച്ച് തികയ്ക്കാനും ഭരണം നിലനിർത്താനുമുള്ള സാധ്യത തുലോം തുച്ഛമാണ്. അതിനാൽ, പുതിയൊരു ഭരണം സാധ്യമാകുന്നതിൽ കേവല ഭൂരിപക്ഷത്തിന് നിർണ്ണായകമാകാൻ പോകുന്നത് അറബ് പാർട്ടികളുടെ സാന്നിധ്യവും പിന്തുണയായിരിക്കും.
ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള ഗുരുതരമായ അഴിമതി ആരോപണങ്ങളും യുദ്ധക്കുറ്റവാളിയെന്ന നിലയിലുള്ള അന്താരാഷ്ട്ര വിമർശനങ്ങളും മുൻനിർത്തി കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് അദ്ദേഹത്തിനെതിരെ അതിശക്തമായ ജനകീയ പ്രതിഷേധങ്ങളാണ് നടന്നിരുന്നത്. അതേസമയം, രാജ്യത്തെ നിലവിലെ സുരക്ഷാ-അസ്തിത്വ പ്രതിസന്ധികൾ കാരണം, പതിവുപോലെ ജനങ്ങളെ ബാധിക്കുന്ന മർമ്മപ്രധാനവും കാതലായതുമായ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ ഒഴിവാക്കിക്കൊണ്ടാണ് വിവിധ കക്ഷികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നേരിട്ടത്.
പാർട്ടികളുടെ പ്രകടനവും മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളും
ഇസ്രായേലിൽ 37-ാമത് ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നതിനായി,120 അംഗ പാർലമെന്റിലേക്ക് 36 പാർട്ടികളാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. കേവലഭൂരിപക്ഷം നേടി ഭരണത്തിലെത്താൻ ഏതൊരു കക്ഷിക്കും കുറഞ്ഞത് 61 സീറ്റുകളെങ്കിലും ആവശ്യമായിരുന്നു. ഇസ്രായേലിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നാളിതുവരെ ഒരു ഒറ്റക്കക്ഷിക്കും തനിച്ച് ഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ലെന്ന ചരിത്രം ആവർത്തിച്ചുകൊണ്ട് ഇക്കുറിയും കൂട്ടുകക്ഷി ഭരണത്തിനുള്ള സാധ്യതകളാണ് തെളിഞ്ഞുനിൽക്കുന്നത്.
വോട്ടെണ്ണൽ 100 ശതമാനം പൂർത്തിയായപ്പോൾ പുറത്തുവന്ന ഫലങ്ങൾ നെതന്യാഹുവിന് ഒട്ടും ആശ്വാസകരമല്ല. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മാതൃകക്ഷിയായ ലിക്കുഡ് (Likud) പാർട്ടിക്ക് കഴിഞ്ഞ തവണത്തെ 32 സീറ്റുകളിൽ നിന്ന് ഇക്കുറി 27 ആയി കുറഞ്ഞു. നെതന്യാഹു പാളയത്തിലെ പ്രധാന സഖ്യകക്ഷികളായ ഷാസ് (6), യുണൈറ്റഡ് തോറ ജൂഡായിസം – UTJ (7), ഒറ്റ്സ്മ യെഹൂദിത് (7), റിലിജിയസ് സീയോണിസ്റ്റ് പാർട്ടി – RZP (6) എന്നിവരടക്കം മൊത്തം വലതുപക്ഷ മുന്നണിക്ക് 53 സീറ്റുകൾ മാത്രമാണ് കരസ്ഥമാക്കാൻ കഴിഞ്ഞത്. കഴിഞ്ഞ തവണ തീവ്രവലതുപക്ഷ പാർട്ടികളെയും മത-യാഥാസ്ഥിതിക കക്ഷികളെയും ഒരുമിച്ച് നിർത്തിയാണ് നെതന്യാഹു ഭരണം പിടിച്ചെടുത്തത്. എന്നാൽ, ഇത്തവണ എന്നും ഒപ്പം നിന്നിരുന്ന ചില തീവ്രയാഥാസ്ഥിതിക വിഭാഗങ്ങളുടെയും പഴയ കൂട്ടുകക്ഷികളുടെയും പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ലെന്ന് മാത്രമല്ല, അവരിൽ പലരും നെതന്യാഹുവിന് എതിരെ തിരിയുകയും ചെയ്തു.
നെതന്യാഹുവെ പുറത്താക്കുക എന്ന ലക്ഷ്യത്തിൽ മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട്, മുൻ പ്രധാനമന്ത്രി യായീർ ലാപിഡ് എന്നിവരുടെ നേതൃത്വത്തിലുള്ള മധ്യവലതുപക്ഷ പാർട്ടികളുടെ സഖ്യമാണ് നെതന്യാഹുവിനെതിരെ ശക്തമായ പ്രതിരോധം തീർത്തത്. പ്രഗത്ഭനായ യായീർ ലാപിഡിന്റെ നേതൃത്വത്തിലുള്ള ‘യേഷ് ആറ്റിഡ്’ (Yesh Atid) സഖ്യവും ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള ‘യാഷാർ!’ പാർട്ടിയും മുന്നിൽ നിന്ന് നയിച്ച പ്രതിപക്ഷ മുന്നണിക്ക് ഇത്തവണ ആകെ 48 സീറ്റുകളാണ് ലഭിച്ചത്. യാഷാർ (21), ബെയാചാദ് (12), ഡെമോക്രാറ്റ്സ് (8), ഇസ്രായേൽ ബെയ്തേനു (7) എന്നിങ്ങനെ വിവിധ കക്ഷികൾ അടങ്ങുന്നതാണ് ഈ പ്രതിപക്ഷ നിര. ഈ സഖ്യത്തിന് തനിച്ച് ഭൂരിപക്ഷം തികയ്ക്കാൻ കഴിയില്ലെങ്കിലും, 19 സീറ്റുകൾ നേടിയ അറബ് പാർട്ടികളുടെ പിന്തുണയോടെയോ അല്ലെങ്കിൽ നെതന്യാഹു പാളയത്തിൽ നിന്ന് വിട്ടുപോന്ന ചെറിയ കക്ഷികളെ കൂടെക്കൂട്ടിയോ അധികാരം പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് യായീർ ലാപിഡും സഖ്യകക്ഷികളും. എല്ലാ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെയും തകിടം മറിക്കുന്ന തരത്തിലുള്ള പുതിയ അധികാര പങ്കാളിത്ത ചർച്ചകളിലേക്കാണ് ഇസ്രായേൽ രാഷ്ട്രീയം ഇപ്പോൾ നീങ്ങുന്നത്.
കിംഗ് മേക്കറായി അറബ് പാർട്ടികൾ
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അറബ് നേതൃത്വത്തിലുള്ള പാർട്ടികൾക്ക് സഖ്യരൂപീകരണത്തിൽ അത്യാവശ്യമായ നിർണ്ണായക സ്വാധീനം നൽകിയിരിക്കുകയാണ്. എന്നാൽ, ഇവരുമായുള്ള പങ്കാളിത്തം ഇസ്രായേലിലെ പ്രധാന രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിൽ ഇപ്പോഴും കടുത്ത തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവെക്കുന്നുണ്ട്. ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് അറബ് പാർട്ടികളുമായി സഹകരിക്കാൻ കഴിഞ്ഞാൽ, കേവലഭൂരിപക്ഷം (61 സീറ്റുകൾ) കടന്ന് സർക്കാരുണ്ടാക്കാനുള്ള വലിയ സാധ്യത മുന്നിൽ തുറക്കപ്പെടുന്നു. എന്നിരുന്നാലും ദേശീയത, സൈനിക സേവനം, രാജ്യ സുരക്ഷാ നയം, ഹമാസിനോടുള്ള സമീപനം തുടങ്ങിയ മർമപ്രധാന വിഷയങ്ങളിൽ അറബ് പാർട്ടികൾ പുലർത്തുന്ന നിലപാടുകൾ മധ്യവലതുപക്ഷ നേതാക്കളെ കുഴക്കുന്നുണ്ട്. ‘റാം’ (Ra’am) സഖ്യത്തിന്റെ നേതാവായ മൻസൂർ അബ്ബാസ് ഇസ്രയേലിന്റെ അസ്തിത്വത്തെ അംഗീകരിക്കുകയും, ഒക്ടോബർ 7-ലെ അക്രമങ്ങളെ പരസ്യമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, ഹമാസിനെ പൂർണ്ണമായി ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ തയ്യാറാകാത്തത് സഖ്യരൂപീകരണ ചർച്ചകൾക്ക് വലിയ തടസ്സമാകുന്നുണ്ട്. അതേസമയം, 2021-ലെ നെതന്യാഹു വിരുദ്ധ സഖ്യത്തിൽ ‘റാം’ പാർട്ടി പങ്കാളിയായിരുന്നു എന്ന കാര്യം, ഇസ്രായേലിൽ അറബ്-ജൂത സഹകരണത്തിന് മുന്നിൽ ഒരു മുൻ മാതൃക നിലവിലുണ്ടെന്ന് വ്യക്തമാക്കുന്നു.
നെതന്യാഹുവിന്റെ ഗ്രാഫ് ഇടിയുമ്പോൾ
ജുഡീഷ്യൽ പരിഷ്കാരങ്ങൾ, നിർബന്ധിത സൈനിക സേവന ഇളവുകൾ തുടങ്ങിയ വിഷയങ്ങളിൽ നെതന്യാഹു സ്വീകരിച്ച വിവാദപരമായ സമീപനങ്ങൾ ഇസ്രായേലിനകത്ത് വലിയ പ്രതിഷേധങ്ങൾക്കും ജനരോഷത്തിനും വഴിതുറന്നു. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയുന്നതിനും രാഷ്ട്രീയ ഗ്രാഫ് താഴേക്ക് പോകുന്നതിനും പ്രധാന കാരണമായി. സ്വന്തം പാർട്ടിയായ ലിക്കുഡിൽ നിന്നുണ്ടായ ഭിന്നതകളും, മുൻപ് ഒപ്പം നിന്നിരുന്ന ചില വലതുപക്ഷ പാർട്ടികൾ പിന്തുണ പിൻവലിച്ചതും നെതന്യാഹുവിന് വലിയ തിരിച്ചടിയായി. ഇതിനുപുറമേ, അദ്ദേഹം നേരിടുന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും ഭരണപരമായ പരാജയങ്ങളും നെതന്യാഹു മുന്നണിയുടെ അനിവാര്യമായ വീഴ്ചയ്ക്ക് ആക്കം കൂട്ടി. എന്നിരുന്നാലും അമേരിക്കൻ പ്രസിഡൻഡ് ഡൊണാള്ഡ് ട്രംപിൻ്റെ ഉറപ്പിന്മേൽ ഒരു ശ്രമം നടത്താനാണു നെതന്യാഹു ശ്രമിക്കുന്നത്.
അടിസ്ഥാന വിഷയങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം
രാജ്യത്ത് ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ചർച്ചയാകേണ്ട മർമപ്രധാനമായ, അടിസ്ഥാന വിഷയങ്ങളിൽ നിന്ന് പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ഒളിച്ചോടി എന്ന വിമർശനം ഇത്തവണയും ശക്തമാണ്. ഇസ്രായേൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർന്നു വരേണ്ട സുപ്രധാനമായ ചോദ്യങ്ങൾ പലതും ഒരു പാർട്ടിയും ചർച്ചയാക്കിയില്ല എന്നത് വിചിത്രമായി തോന്നാമെങ്കിലും, ആ രാജ്യത്തിന്റെ അസ്തിത്വപരമായ പ്രതിസന്ധികളാണ് അതിന് കാരണം. ഫലസ്തീനുമായുള്ള അതിർത്തി തർക്കങ്ങൾ, അധിനിവേശ പ്രദേശങ്ങളുടെ ഭാവി, ഇസ്രായേൽ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, അന്താരാഷ്ട്ര നീതിന്യായ കോടതിക്കും (ICJ) അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കും (ICC) മുന്നിലുള്ള യുദ്ധക്കുറ്റ കേസുകൾ, ദ്വിരാഷ്ട്ര പരിഹാരം, അമേരിക്കൻ ഭരണകൂടവുമായുള്ള വിദേശനയ വ്യതിയാനങ്ങൾ തുടങ്ങിയ കാതലായ വിഷയങ്ങളൊന്നും ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് മുഖ്യവിഷയങ്ങളായില്ല. പകരം, ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതി ആരോപണങ്ങളിലും ‘നെതന്യാഹു അനുകൂല-പ്രതികൂല’ തരംഗത്തിലുമാണ് ഇത്തവണയും പ്രചാരണങ്ങൾ കേന്ദ്രീകരിച്ചത്.
വിശ്വാസവഞ്ചന, വഞ്ചന (Cheating/Deception) കൈക്കൂലി എന്നീ ഗുരുതരമായ മൂന്ന് കേസുകളിൽ നെതന്യാഹു കോടതിയിൽ ഇപ്പോഴും വിചാരണ നേരിടുകയാണ്. എന്നാൽ, നയപരമായ മാറ്റങ്ങൾ മുന്നോട്ട് വെക്കുന്നതിന് പകരം നെതന്യാഹുവിനെ പുറത്താക്കി അധികാരം പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രത്യേകിച്ച് മധ്യവലതുപക്ഷ പാർട്ടികൾക്ക് പല വിദേശനയ-സുരക്ഷാ വിഷയങ്ങളിലും തീവ്രവലതുപക്ഷ പാർട്ടികളുടെ അതേ വീക്ഷണവും നിലപാടുകളുമാണുള്ളതെന്ന വസ്തുതയും ഇതോടൊപ്പം വ്യക്തമാകുന്നുണ്ട്.
ഭരണം മാറിയാലും മാറാത്ത വിദേശനയം
ഇസ്രായേലിൽ രൂപപ്പെടാൻ പോകുന്ന പുതിയ മുന്നണി സമവാക്യങ്ങൾ, ആദർശങ്ങളേക്കാൾ കൂടുതൽ അധികാരത്തിന് തന്നെയായിരിക്കും പ്രാധാന്യം നൽകുന്നത് എന്ന് വ്യക്തമാണ്. ആര് അധികാരത്തിലെത്തിയാലും ഇസ്രായേലിന്റെ അടിസ്ഥാന നയങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ ഇടയില്ലെന്നതാണ് യാഥാർത്ഥ്യം. ആഭ്യന്തരമായി വംശീയതയ്ക്കും വിഭാഗീയ രാഷ്ട്രീയത്തിനും മുൻതൂക്കമുള്ളതും, അറബ് വംശജരോട് രാഷ്ട്രീയമായ തൊട്ടുകൂടായ്മ പുലർത്തുന്നതുമായ കക്ഷികൾക്ക് അധികാരം പിടിച്ചെടുക്കാൻ ഇപ്പോൾ അറബ് പാർട്ടികളുടെ പിന്തുണ കൂടി അനിവാര്യമായി വന്നിരിക്കുന്നു. സാങ്കേതികമായി ചില കക്ഷികൾ ഈ ഘട്ടത്തിൽ താൽക്കാലികമായി വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കാമെങ്കിലും, അധിനിവേശ കുടിയേറ്റങ്ങളും ഫലസ്തീൻ ജനതയുടെ അവകാശനിഷേധങ്ങളും അതേപടി തുടരാനാണ് സാധ്യത.
വെറുപ്പ് ഉത്പാദിപ്പിക്കുന്നതിലും അയൽ രാജ്യങ്ങളെ ആക്രമിക്കുന്നതിലും മുൻ ഭരണാധികാരികളുടെ അതേ പാത പിന്തുടരുന്നതിനപ്പുറം, അടിസ്ഥാനപരമായ വിദേശനയത്തിൽ വലിയൊരു വിസ്ഫോടനാത്മക മാറ്റം കൊണ്ടുവരാൻ ഇസ്രായേലിലെ ഒരു മുന്നണിയും തയ്യാറാകില്ല. ബെഞ്ചമിൻ നെതന്യാഹുവിന് പകരം മറ്റൊരാൾ നേതൃത്വത്തിൽ വന്നാലും ഇസ്രായേലിന്റെ സയണിസ്റ്റ് അജണ്ടകളിൽ ഇളവുണ്ടാകില്ല. അമേരിക്കൻ ഭരണകൂടത്തെ ഒപ്പം നിർത്തി ‘വിശാല ഇസ്രായേൽ’ എന്ന ആശയം മുന്നോട്ട് കൊണ്ടുപോകാനും, ഗസ്സ, ലെബനൻ, ഇറാൻ, സിറിയ തുടങ്ങിയ മേഖലകളിൽ യു.എസ് പിന്തുണയോടെ സൈനിക ആധിപത്യം തുടരാനുമായിരിക്കും പുതിയ ഭരണകൂടവും ശ്രമിക്കുക.
ചുരുക്കത്തിൽ, ഫലസ്തീനുമായുള്ള കടുത്ത സംഘർഷങ്ങൾക്ക് അയവുവരുമോ, ഇറാനുമായുള്ള യുദ്ധം അവസാനിക്കുമോ, ലെബനനിലെയും സിറിയയിലെയും സൈനിക ഇടപെടലുകൾ അവസാനിക്കുമോ, അതോ അറബ് രാജ്യങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്ന തന്ത്രങ്ങളിൽ നിന്ന് രാജ്യം പിന്മാറുമോ അബ്രഹാം ഉടമ്പടി മാറ്റിവെക്കുമൊ എന്ന ആശങ്കകൾക്കൊന്നും തൃപ്തികരമായ ഉത്തരം പുതിയ ഭരണമാറ്റം നൽകില്ല. ഭരണസാരഥ്യം പുതിയ കൈകളിൽ എത്തുമെങ്കിലും, അടിസ്ഥാന സുരക്ഷാ-വിദേശ നയങ്ങളിൽ മാറ്റമൊന്നുമില്ലാതെ, ഇസ്രായേൽ രാഷ്ട്രീയത്തിൽ വരാൻ പോകുന്ന ഘടനാപരമായ മറ്റ് വ്യതിയാനങ്ങളിലേക്ക് തന്നെയാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
