November 20 Friday 2026

മതിലുകളിൽ നിന്നും ഓർമക്കുറിപ്പുകളിലേക്ക്; കേരളത്തിലെ രാഷ്ട്രീയ തടവ്

രാഷ്ട്രീയത്തടവുകാരനായ ബഷീർ എന്ന കഥാപാത്രത്തിലൂടെ വൈക്കം മുഹമ്മദ് ബഷീർ അധികാര കൈമാറ്റത്തിന് മുമ്പുള്ള കേരളത്തിലെ തടവറകളെ വരച്ചു കാണിക്കുന്ന ഒരു കൃതിയാണ് മതിലുകൾ എന്ന ചെറു നോവൽ. മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭൂതികളിൽ ഒന്നായ പ്രണയം ആ ചെറു നോവലിന്റെ നട്ടെല്ലായി നിൽക്കുന്നു. മതിലുകൾക്ക് ഇരു പുറത്തുനിന്നുകൊണ്ട് രണ്ടു തടവുകാർ പ്രണയിക്കുകയാണ്. ശബ്ദം കൊണ്ടുള്ള തിരിച്ചറിവുകൾ മാത്രമാണ് പരസ്പരം. ബഷീർ താൻ നട്ടുവളർത്തിയ പൂന്തോട്ടത്തിൽ നിന്ന് റോസാച്ചെടികളും, നാരായണി വനിതാ ജയിലിൽ നിന്ന് സംഘടിപ്പിച്ച ഭക്ഷണവും പരസ്പരം പങ്കുവെക്കാനായി ആഗ്രഹിക്കുന്നു. പ്രണയം, ചെടികൾ, പലഹാരങ്ങൾ, ജീവിത സ്വപ്നങ്ങൾ അങ്ങനെ മനുഷ്യ ജീവിതത്തെ ഒരു തൂവലിതൾ പോലെ മൃദുവാക്കി മാറ്റുന്ന വർണ്ണ ചിത്രങ്ങളിലൂടെയാണ് മുൻ രാഷ്ട്രീയ തടവുകാരൻ കൂടിയായിരുന്ന ബഷീർ എന്ന എഴുത്തുകാരൻ കേരളത്തിലെ ജയിലുകളെ അടയാളപ്പെടുത്തിയത്. എന്നാൽ, ഈ കാലഘട്ടത്തിലെ രാഷ്ട്രീയത്തടവുകാരനായ രൂപേഷിന്റെ “ബന്ധിതരുടെ ഓർമക്കുറിപ്പുകളിലേക്ക്” വരുമ്പോൾ ഭരണകൂടത്തിന് അനിഹിതമായ സർഗ്ഗസൃഷ്ടികൾ നടത്തിയതിന്റെ പേരിൽ തടവിലാക്കപ്പെട്ട സച്ചി എന്ന കവിയിലൂടെയാണ് ഇന്നത്തെ കേരളത്തിലെ ജയിലുകളെയും, അതിലെ രാഷ്ട്രീയ തടവിനെയും നാം വായിക്കുന്നത്. “മതിലുകളിൽ” നാം കണ്ട പ്രതീക്ഷകളുടെ വർണ്ണ ചിത്രങ്ങൾക്ക് പകരം ഭീമാകാരമായ ഭരണകൂട ചക്രങ്ങൾ ഞെരിച്ചമർത്തുന്ന മനുഷ്യ ജീവിതങ്ങളുടെ കഥയാണ്”ബന്ധിതരുടെ ഓർമ്മക്കുറിപ്പുകളിലേക്ക്” എത്തുമ്പോൾ നാം കേൾക്കുന്നത്. അധികാര കൈമാറ്റത്തിന് മുൻപും പിമ്പുമുള്ള കേരളത്തിലെ രാഷ്ട്രീയ തടവിനെ കുറിച്ചുള്ള ചില സൂചനകൾ ഇത് നമുക്ക് നൽകുന്നു. കൊട്ടിഘോഷിക്കപ്പെട്ട ഉദാര ജനാധിപത്യവും, അതിന്റെ ഭരണരൂപങ്ങളും തൊലിപ്പുറത്തെ ചില അടയാളപ്പെടുത്തലുകൾക്ക് അപ്പുറത്ത് യാതൊന്നുമല്ല എന്നതിന്റെ സൂചനകളും ഇത് നമുക്ക് നൽകുന്നു.

രാഷ്ട്രീയത്തടവുകാരായി അംഗീകരിക്കണമെന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് 63 ദിവസത്തെ നിരാഹാര സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യൻ ജയിലിൽ ജതിൻ ദാസ് രക്തസാക്ഷിത്വം വഹിച്ചത് 1929 സെപ്റ്റംബർ 13നായിരുന്നു. ജസ്റ്റിസ് ഫോർ പ്രിസനേഴ്സിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 6 മുതൽ 13 വരെ രാഷ്ട്രീയത്തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ഓൺലൈൻ ക്യാമ്പയിൻ കേരളത്തിൽ നടന്നിരുന്നു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും, സാംസ്കാരിക പ്രവർത്തകരും ഈ ക്യാമ്പയിനിൽ പങ്കുചേർന്നു. എന്തുകൊണ്ട് രാഷ്ട്രീയത്തടവ് ഒരു ജനാധിപത്യ സമൂഹത്തിൽ ചർച്ചാവിഷയമാക്കണം എന്ന ചോദ്യം സ്വാഭാവികമായി ഈ ക്യാമ്പയിനുകൾ നമ്മുടെ മുന്നിൽ ഉയർത്തുന്നു.

ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യത്തിന്റെ അളവുകോലായി തടവറകളെയും, തടവു ജീവിതത്തെയും നമുക്ക് എടുക്കാവുന്നതാണ്. അതിൽ തന്നെ രാഷ്ട്രീയ തടവുകാർ എന്നത്, മുൻപ് സൂചിപ്പിച്ചതുപോലെ, തങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നുകൊണ്ട് നിലനിൽക്കുന്ന അധികാര വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനും, മാറ്റിമറിക്കാനും ശ്രമിച്ചതിന്റെ ഭാഗമായി ഭരണകൂടത്താൽ തടവിലാക്കപ്പെട്ടവരാണ്. വ്യക്തി താൽപര്യങ്ങൾക്കപ്പുറത്തുള്ള സാമൂഹിക ചിന്തകളാണ് രാഷ്ട്രീയ തടവുകാരുടെ പ്രയോഗങ്ങളുടെ അടിത്തറയായി വർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ആധുനിക തടവറകളുടെ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന “നവീകരണവും_ തിരുത്തലും” രാഷ്ട്രീയത്തടവുകാരിൽ എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതും പരിശോധന വിധേയമാക്കേണ്ടതാണ്. നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായ ഇന്ത്യൻ ഭരണവർഗങ്ങൾ, ലോകത്തെമ്പാടും എന്നതുപോലെ, അടിച്ചമർത്തലിന്റെ രാഷ്ട്രീയ പ്രയോഗങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും രാഷ്ട്രീയ തടവുകാരെ കൈകാര്യം ചെയ്യുന്ന കാര്യത്തിലും ഈ സമീപനം തന്നെ ഇന്ത്യൻ ജയിലുകളിൽ എമ്പാടും നമുക്ക് കാണാവുന്നതാണ്. പേരിൽ ഇടതന്നും, വലതെന്നും അടയാളപ്പെടുത്തപ്പെടുന്ന കേരളത്തിലെ രണ്ട് മുന്നണികളും ഈ കാര്യത്തിൽ വ്യത്യസ്തരല്ല. നമ്മൾ എത്തി നിൽക്കുന്ന അപകടകരമായ അവസ്ഥയെ മനസ്സിലാക്കാനും, മറികടക്കാനും ലഭ്യമായ ഏറ്റവും നല്ല പ്രതീകങ്ങളിൽ ഒന്ന് “രാഷ്ട്രീയ തടവ്” ആയതുകൊണ്ട് കൂടിയാണ് ജനാധിപത്യ ശക്തികൾ രാഷ്ട്രീയ തടവുകാരോട് ഐക്യപ്പെടേണ്ടത്.

കേരളത്തിലെ ഗ്വാണ്ടനാമോ

“രാഷ്ട്രീയ തടവ്” എന്നതിനെ നിയമപരമായി നിർവചിക്കുവാൻ പൊതുവിൽ ഒരു ഭരണകൂടവും തയ്യാറാകില്ല. പക്ഷെ, സോക്രട്ടീസിലും, പ്ലേറ്റോയിലും തുടങ്ങി സ്റ്റാൻ സ്വാമിയിലും, ഷർജിൽ ഇമാമിലും വരെ എത്തിനിൽക്കുന്ന രാഷ്ട്രീയ തടവ് എന്ന അവസ്ഥ രാഷ്ട്രീയ ചരിത്രത്തിന്റെ താളുകളിൽ വളരെ വ്യക്തമായി തന്നെ എഴുതപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിൽ IPC124 (A) എന്ന വകുപ്പിനെ രാഷ്ട്രീയ നിയമങ്ങളുടെ രാജകുമാരൻ എന്നാണ് ഗാന്ധി വിശേഷിപ്പിച്ചത്. UAPA എന്നത് സമകാലിക ഇന്ത്യയിൽ രാഷ്ട്രീയ നിയമങ്ങളുടെ ചക്രവർത്തിയായി തന്നെ വർത്തിക്കുന്നു. മാധ്യമപ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, അധ്യാപകർ, കലാകാരന്മാർ, എഴുത്തുകാർ, വിദ്യാർത്ഥികൾ, ട്രേഡ് യൂണിയൻ നേതൃത്വങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ നാനാ മേഖലകളിൽ നിന്നുമുള്ള മനുഷ്യരെയാണ് UAPA നിയമത്തിലൂടെ തടവറകളിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്. രാഷ്ട്രീയ സ്വഭാവമുള്ള പ്രവർത്തനങ്ങളെ ലക്ഷ്യം വെക്കുന്ന നിയമം ആയതുകൊണ്ട് തന്നെ UAPA തടവുകാരെ ഈ ലേഖനത്തിന്റെ ആവശ്യത്തിനായി “രാഷ്ട്രീയ തടവുകാർ” എന്ന് നമുക്ക് പരിഗണിക്കാം.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ UAPA കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്ന് നമ്മുടെ കേരളം ആണ്. മാത്രവുമല്ല, ഇത്തരത്തിലുള്ള രാഷ്ട്രീയത്തടവുകാരെ പാർപ്പിക്കുവാനായി “അതിസുരക്ഷാ ജയിൽ” ഇന്ത്യയിൽ തന്നെ ആദ്യമായി സ്ഥാപിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തിലും കേരളം ഉണ്ട്. കേരളത്തിലെ ഭരണവർഗ്ഗം രാജ്യത്തെ ഭരണവർഗങ്ങളിൽ നിന്നും ഏതെങ്കിലും തരത്തിൽ വ്യത്യസ്തരല്ല എന്ന് ഇത് വ്യക്തമാക്കുന്നു. സ്നേഹത്തിന്റെ കടയുടെ മൊത്തക്കച്ചവടക്കാരായ രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് ഗവൺമെന്റ് തുടങ്ങിവയ്ക്കുകയും, പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയായി അറിയപ്പെടുന്ന സിപിഐ (എം) നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന്റെ കാലത്ത് പൂർണമായി പ്രവർത്തിച്ചു തുടങ്ങുകയും ചെയ്ത കേരളത്തിലെ ഗ്വാണ്ടനാമോ ജയിലാണ് തൃശ്ശൂർ അതിസുരക്ഷാ ജയിൽ. എല്ലാ ജയിൽ നിയമങ്ങളും ലംഘിക്കപ്പെട്ടുകൊണ്ടാണ് രാഷ്ട്രീയ തടവുകാരെ അവിടെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. മനുഷ്യാന്തസിനെ തകർക്കുന്ന തരത്തിൽ നഗ്നരാക്കിയുള്ള പരിശോധനയും, 24 മണിക്കൂറും സെല്ലിനുള്ളിൽ പൂട്ടിയിടുകയും, അതിക്രൂരമായ ശാരീരിക മർദ്ദനങ്ങൾ അരങ്ങേറുകയും ചെയ്യുന്ന കശാപ്പുശാലകളായിട്ടാണ് അതിസുരക്ഷാ ജയിൽ പ്രവർത്തിച്ചുവരുന്നത്. വിചാരണ കോടതികൾ പോലും പലതവണ ഇടപെട്ടിട്ടും ഗുണപരമായ യാതൊരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല. കേട്ടാൽ അറക്കുന്ന അസഭ്യ പ്രയോഗം നടത്തിയ ജയിൽ ഉദ്യോഗസ്ഥനോട് എതിർപ്പ് പ്രകടിപ്പിച്ചതിന്റെ പേരിൽ മുസ്ലിം രാഷ്ട്രീയതടവുകാരനായിരുന്ന അസ്ഹറുദ്ദീനും, മാവോയിസ്റ്റ് രാഷ്ട്രീയത്തോടവുകാരനായ മനോജിനും അതിക്രൂരമായ മർദ്ദനമാണ് അതിസുരക്ഷാ ജയിലിൽ ഏൽക്കേണ്ടി വന്നത്. മനോജിന്റെ ശരീരത്തിലെ ഗുരുതരമായ മുറിവുകൾ എൻ ഐ എ കോടതി രേഖപ്പെടുത്തുകയും, തുടർന്നുള്ള ക്രിമിനൽ നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിനായി കീഴ്കോടതിയിലേക്ക് കൈമാറുകയും ചെയ്തിട്ട് ഒരു വർഷം പൂർത്തിയാകാൻ പോകുന്നു. ഗുരുതരമായ ക്രിമിനൽ കുറ്റം ആയിട്ട് കൂടി രാഷ്ട്രീയ തടവുകാരായ മനോജിന്റെയും, ആസ്ഹറുദിന്റെയും മർദ്ദന വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിഹാര നടപടികളിലേക്ക് കടക്കുവാൻ കോടതികൾക്ക് നാളിതുവരെയായി കഴിഞ്ഞില്ല എന്നത് നീതിന്യായ വ്യവസ്ഥ ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യുവാൻ എത്രത്തോളം അപര്യാപ്തമാണ് എന്ന് വ്യക്തമാക്കുന്നു.

സാധാരണ തടവുകാർക്ക് ലഭിക്കുന്ന അവകാശങ്ങൾ കൂടി രാഷ്ട്രീയ തടവുകാർക്ക് കേരളത്തിൽ നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. രണ്ടുവർഷം തടവ് പൂർത്തിയാക്കപ്പെടുന്ന ഒരു ശിക്ഷാതടവുകാരന് വർഷത്തിൽ കുറഞ്ഞത് 30 ദിവസമെങ്കിലും പരോൾ ലഭിക്കുമെങ്കിൽ എട്ടും പത്തും വർഷത്തെ തടവ് പൂർത്തിയാക്കിയ രാഷ്ട്രീയ തടവുകാരന് ഒരു ദിവസത്തെ അവധി പോലും നിലവിലുള്ള കേരളത്തിലെ ജയിൽ നിയമങ്ങൾ അനുവദിക്കുന്നില്ല. വിചാരണ തടവുകാർക്കും, ശിക്ഷ തടവുകാർക്കും ജയിലിൽ തൊഴിലും അതിന്റെ ഭാഗമായുള്ള വേതനവും നിയമപരമായ അവകാശമാണ്. ഇതും രാഷ്ട്രീയ തടവുകാർക്ക് കേരളത്തിലെ ജയിലുകളിൽ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് പൊതുവിൽ നിലനിൽക്കുന്നത്. ആദിവാസി വിഭാഗത്തിൽ നിന്നും രാഷ്ട്രീയ പ്രവർത്തനത്തിന്റെ മേഖലയിലേക്ക് കടന്നുവന്ന ശ്രീമതി എന്ന കർണാടക സ്വദേശിനി കഴിഞ്ഞ എട്ട് വർഷമായി തൃശ്ശൂർ വനിതാ ജയിലിൽ വിചാരണ തടവുകാരിയായി കഴിഞ്ഞു വരികയാണ്. മർദ്ദിത വിഭാഗത്തിൽ നിന്നും വരുന്ന ശ്രീമതിക്ക് സുദീർഘമായ തടവു ജീവിതം ഉയർത്തുന്ന വെല്ലുവിളികൾ ചെറുതൊന്നുമല്ല. സുരക്ഷാ കാരണങ്ങൾ പറഞ്ഞുകൊണ്ട് നിലവിൽ അവർ ചെയ്തു വന്നിരുന്ന ജയിൽ ജോലി കൂടി നിഷേധിച്ചിരിക്കുകയാണ് വനിതാ ജയിൽ അധികൃതർ. “ജാമ്യമാണ് നിയമം”എന്ന്‌ നാഴികയ്ക്ക് 40 വട്ടം വിളിച്ചു കൂവുന്ന രാജ്യത്തെ നിയമവ്യവസ്ഥ ശ്രീമതിയെ പോലെയുള്ള രാഷ്ട്രീയതടവുകാരുടെ മുന്നിൽ സമ്പൂർണ്ണ പരാജയമായി മാറിയിരിക്കുന്നു. ജയിലിൽ തൊഴിൽ നിഷേധിക്കപ്പെട്ട വിഷയത്തിൽ പോലും മാസങ്ങൾ നീണ്ടു നിൽക്കുന്ന നിയമ വ്യവഹാരങ്ങൾക്കൊടുവിലും പരിഹാരം കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. 18 വർഷമായി ബാംഗളൂർ പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന സക്കരിയയും മറ്റൊരു നൊമ്പരമായി കേരളീയ മനസാക്ഷിയിൽ ഇന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയ തടവുകാർ കടന്നുപോകുന്ന അനുഭവങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ് മുകളിൽ സൂചിപ്പിച്ചത്.

പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് രാഷ്ട്രീയ തടവുകാരെ പൊതുസമൂഹം ചേർത്തു പിടിക്കേണ്ടുന്നത്. സാധാരണ തടവുകാർക്ക് ലഭിക്കുന്ന സ്വാഭാവിക നീതി പോലും, അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും, രാഷ്ട്രീയ തടവുകാർക്ക് നിഷേധിക്കപ്പെടുന്നു എന്നതാണ് അതിൽ ആദ്യത്തേത്.” രാഷ്ട്രീയ തടവ്” എന്നതിന്റെ അന്തസ്സ് വീണ്ടെടുക്കേണ്ടുന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നത് രണ്ടാമത്തെ കാരണം. ബ്രിട്ടീഷിന്ത്യക്കെതിരെയുള്ള സമരങ്ങളിൽ ബലപ്രയോഗത്തിന്റെ രാഷ്ട്രീയ പ്രയോഗം നടത്തിയവരെ ‘റവല്യൂഷനറി ടെററിസ്റ്റ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നതെങ്കിൽ ഇന്നതിനെ തീവ്രവാദം എന്നും ഭീകരവാദം എന്നും മാത്രമായി അടയാളപ്പെടുത്തുന്നു. രാഷ്ട്രീയ തടവിൻറെ അനുഭവപാഠങ്ങൾ തുടർന്നുള്ള പൊതു ജീവിതത്തിന്റെ മൂർച്ചയും, കരുത്തും കൂട്ടുന്ന ഒന്നായിട്ടാണ് പൊതുവിൽ മാറി തീർന്നിട്ടുള്ളത്. ജയിൽ നിറക്കൽ സമരം എന്നത് 80 കൾ വരെ വലിയ ആവേശത്തോടെ കൂടി തന്നെയാണ് പൊതുസമൂഹം ഏറ്റെടുത്തിട്ടുള്ളത്. സത്യസന്ധമായ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിക്കുന്ന ഏതൊരാളെയും സമകാലിക ഇന്ത്യയിൽ കാത്തിരിക്കുന്നത് തടവറകൾ തന്നെയാണ്, എക്സ്ട്രാ ജുഡീഷ്യൽ കില്ലിഗ്സിന് വിധേയമായില്ല എങ്കിൽ. അതുകൊണ്ടുതന്നെ, ഒരു വിദ്യാലയത്തിന്റെ പരിപാവനതയോടെ തടവറകൾ ഒരുക്കി തീർക്കേണ്ടുന്നത് ജനാധിപത്യത്തിന്റെയും, സമത്വത്തിന്റെയും മൂല്യങ്ങളിൽ വിശ്വസിക്കുന്ന പൊതു സമൂഹത്തിന്റെ കടമയാണ്.

ജാഗ്രത മാത്രമാണ് പ്രതിവിധി

ഇന്ത്യൻ ഭരണഘടനയെ പറ്റി അംബേദ്കർ പറഞ്ഞത് ജയിൽ നിയമങ്ങൾക്കും ബാധകമാക്കാവുന്നതാണ്. സാമൂഹികവും, സാമ്പത്തികവുമായ സമത്വം കൈവരിക്കാത്തിടത്തോളം കാലം എത്ര മനോഹരമായ ഭാഷയിൽ എഴുതപ്പെട്ടാലും ഭരണഘടന അതിന്റെ ഫലപ്രാപ്തിയിൽ എത്തില്ല എന്നത് ജയിൽ എന്നതിനെ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം എന്ന് പേരുമാറ്റി വിളിക്കുന്ന കാര്യത്തിലും ബാധകമാണ്. ജസ്റ്റിസ് ഫോർ പ്രിസണർസ്, മനുഷ്യാവകാശ കമ്മീഷൻ അടക്കം നിരവധി ഭരണകൂട സ്ഥാപനങ്ങളിൽ തടവുകാരുടെ സ്വാഭാവിക നീതിക്കായി സമീപിച്ചുവെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഗുണപരമായ മാറ്റം കൊണ്ടുവരുവാൻ കഴിഞ്ഞിട്ടില്ല എന്നത് ആ സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ എന്തിന് എന്ന ചോദ്യം ഉയർത്തുന്നു.

എഴുപതുകളിലും, എൺപതുകളിലും രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള അതിശക്തമായ അഭിപ്രായ രൂപീകരണത്തിന് കേരളീയ സമൂഹം സാക്ഷ്യം വഹിച്ചതാണ്. രാഷ്ട്രീയ പ്രയോഗങ്ങളുടെ ഭാഗമായി നിയമവ്യവസ്ഥയോട് വൈരുധ്യത്തിൽ ആകുന്നവരെ രാഷ്ട്രീയമായിത്തന്നെ അഭിസംബോധന ചെയ്യുന്നതാണ് ഒരു ജനാധിപത്യ സമൂഹത്തിന് അഭികാമ്യം. നിയമത്തിന്റെ കമ്പിവലകൾക്കുള്ളിൽ നിന്നുകൊണ്ട് രാഷ്ട്രീയ തടവുകാർ ഉയർത്തുന്ന ചോദ്യങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയില്ല എന്നത് മനുഷ്യ ചരിത്രം നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതി സുരക്ഷാ ജയിൽ അടക്കമുള്ള ജനാധിപത്യ സമൂഹത്തിന് അപമാനകരമായ സ്ഥാപനങ്ങൾ ഇന്നും ഈ “പ്രബുദ്ധ” കേരളത്തിൽ പ്രവർത്തിച്ചുവരുന്നത് കേരളീയ പൊതുസമൂഹം അടിയന്തരമായി തന്നെ പ്രശ്നവത്കരിക്കേണ്ടതുണ്ട്.

UAPA അടക്കമുള്ള ജനദ്രോഹ നിയമങ്ങൾക്കെതിരെ POTA, TADA എന്നിവയ്ക്കെതിരെ ഉയർന്നുവന്നതുപോലെയുള്ള ശക്തമായ പ്രതിരോധങ്ങളും കേരളത്തിൽ രൂപപ്പെടണം. ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത തരത്തിൽ പ്രവർത്തിച്ചുവരുന്ന അതിസുരക്ഷ ജയിലുകൾക്കെതിരെയും, മുഴുവൻ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായും പൊതു അഭിപ്രായം രൂപീകരിക്കപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ ആവശ്യമാണ്. മുഴുവൻ ജനാധിപത്യ വിശ്വാസികളും ഇതു മനസ്സിലാക്കി മുന്നോട്ട് പോകുന്നതിലാണ് നാളെയുടെ പ്രതീക്ഷകൾ കുടികൊള്ളുന്നത്.

Related