August 13 Thursday 2026

പികെഎസിന്റെ വിവരക്കേടുകള്‍ക്ക് മറുപടി ആവശ്യമാണ് – വിനില്‍ പോള്‍

‘വ്യക്തികളുടെ ജാതിയല്ല പ്രശ്‌നം, നിലപാടുകളാണ്. അത് മനസ്സിലാക്കാന്‍ എത്ര ജന്മം കഴിയേണ്ടിവരും’ എന്ന പട്ടികജാതി ക്ഷേമ സമിതി(പികെഎസ്)യുടെ പ്രസ്താവനയോടുള്ള പ്രതികരണമായി ദലിത് ചിന്തകനും എഴുത്തുകാരനും ഗവേഷകനുമായ വിനില്‍ പോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

ഇത്തരം വിവരക്കേടുകള്‍ക്ക് മറുപടി ആവശ്യമാണ്.

ഒന്നാമത് മനസിലാക്കേണ്ട കാര്യം വ്യക്തിയുടെ ജാതിയല്ല പ്രശ്‌നം; ജാതി അടിസ്ഥാനമാക്കിയ അധികാര ഘടനകളാണ് പ്രശ്‌നം. അത് തിരിച്ചറിയുന്നത് ചരിത്രബോധമാണ്, വെറുപ്പല്ല. ചരിത്രം വ്യക്തികളുടെ സഹായങ്ങളുടെയും നല്ല മനസ്സുകളുടെ പട്ടികയല്ല; അത് അധികാര ഘടനകളുടെ വിശകലനമാണ് എന്നത് കൂടി തിരിച്ചറിയുക. ഒരു സമൂഹത്തില്‍ ചിലര്‍ നല്ല നിലപാടുകള്‍ എടുത്തത് കൊണ്ട് ആ സമൂഹത്തിന്റെ ചരിത്രപങ്ക് ശുദ്ധീകരിക്കപ്പെടുകയില്ല. പികെഎസ്സിന്റെ പോസ്റ്റിന്റെ പ്രധാന തന്ത്രം എന്താണ്? ചില സവര്‍ണ്ണ വ്യക്തികള്‍ അയ്യന്‍കാളിയെയോ അംബേദ്കറെയോ സഹായിച്ചു; അതിനാല്‍ ജാതിവ്യവസ്ഥയെ വിമര്‍ശിക്കുന്നത് അന്യായമാണെന്നതാണ് അവകാശവാദം. ഇത് ചരിത്രപഠനത്തിലെ ഒരു അടിസ്ഥാന തര്‍ക്കദോഷമാണ് – individual benevolence vs structural domination എന്ന വ്യത്യാസം തിരിച്ചറിയാത്തത്.

ചില സവര്‍ണ്ണ വ്യക്തികള്‍ ദലിത് നേതാക്കളെ പിന്തുണച്ചത് സത്യമാണ്. എന്നാല്‍, അതുകൊണ്ട് ജാതി ഒരു അസമത്വഘടനയായിരുന്നില്ല എന്ന് തെളിയിക്കാനാകില്ല. 1841-ല്‍ മലബാറില്‍ ടാക്‌സ് അടയ്ക്കുന്ന രണ്ട് ചെറുമന്മാര്‍, ഒരു കണക്കന്‍ ഉണ്ടെന്നു പറഞ്ഞു സകല ദലിതര്‍ക്കും ഭൂമി ഉണ്ടായിരുന്നു എന്ന് പറയുന്നപോലത്തെ വാദമാണിത്. അയ്യന്‍കാളി സ്‌കൂള്‍ സ്ഥാപിക്കുമ്പോള്‍ ഒരു നായര്‍ അധ്യാപകന്‍ ഉണ്ടായിരുന്നത്, അല്ലെങ്കില്‍ പെരിനാട് കലാപത്തിന് ശേഷം ഒരു സവര്‍ണ്ണ അഭിഭാഷകന്‍ കേസെടുത്തു എന്നത് ഒരിക്കലും ജാതി അധികാരത്തിന്റെ ദീര്‍ഘകാല പീഡനരൂപങ്ങളെ നിഷേധിക്കുന്ന തെളിവാകില്ല. കേരളത്തിന്റെ സാമൂഹികചരിത്രം പരിശോധിക്കുമ്പോള്‍ നയര്‍ സര്‍വീസ് സൊസൈറ്റി പോലുള്ള സംഘടനകള്‍ സമുദായ സംരക്ഷണത്തിനായി രൂപം കൊണ്ടതും അതേസമയം ജാതി ആധിപത്യത്തിന്റെ രാഷ്ട്രീയവും മുന്നോട്ടു കൊണ്ടുപോയതുമാണ് നാം കാണുന്നത്. അതുപോലെ മന്നത്ത് പത്മനാഭന്‍ നായരുടെ പങ്ക് വൈക്കം സത്യാഗ്രഹത്തില്‍ ഉണ്ടായത് ചരിത്രത്തിലെ ഒരു ഭാഗം മാത്രമാണ്; എന്നാല്‍ ക്ഷേത്രപ്രവേശനത്തിനും സാമൂഹിക സമത്വത്തിനും എതിര്‍പ്പായ ശക്തികളും സവര്‍ണ്ണ സമൂഹത്തിനുള്ളില്‍ തന്നെ നിലനിന്നിരുന്നു എന്നതും മറക്കാന്‍ പാടില്ല.

ഡോ. അംബേദ്കറുടെ ഭാര്യയുടെ ജാതി എന്തായിരുന്നു എന്നത് ചര്‍ച്ചയാക്കി അദ്ദേഹത്തിന്റെ സാമൂഹിക പോരാട്ടത്തെ വിലയിരുത്താനാകില്ല. അംബേദ്കറുടെ ‘അംബേദ്കര്‍’ എന്ന പേര് ഒരു അധ്യാപകന്റെ സമ്മാനമായിരുന്നുവെന്നത് വ്യക്തിഗത ബന്ധത്തിന്റെ ഉദാഹരണമാണ്; പക്ഷേ അതുകൊണ്ട് ബ്രാഹ്മണ്യ സാമൂഹികക്രമത്തിന്റെ ഘടനാപരമായ വിവേചനം ഇല്ലാതാകുന്നില്ല.

ചരിത്രം ‘നല്ല നായര്‍’, ‘നല്ല ബ്രാഹ്മണന്‍’, ‘നല്ല ക്രിസ്ത്യാനി’ എന്നിവരുടെ കഥയല്ല. അത് ഒരു സമൂഹം എങ്ങനെ അധികാരം കൈവശപ്പെടുത്തി, മറ്റു സമൂഹങ്ങളെ എങ്ങനെ അകറ്റി നിര്‍ത്തി എന്നതിന്റെ പഠനമാണ്. വ്യക്തികള്‍ക്ക് ജാതിയേക്കാള്‍ വലിയ നിലപാടുകള്‍ ഉണ്ടാകാം. പക്ഷേ, ജാതി ഒരു ഘടനയാണ്. വ്യക്തിയുടെ നല്ല മനസ്സ് കൊണ്ട് മാത്രം അത് ഇല്ലാതാകുന്നില്ല. ഇത് വ്യക്തികളുടെ നന്മയെയോ ദോഷത്തെയോ കുറിച്ചല്ല; അത് ഒരു സാമൂഹിക ക്രമത്തെ കുറിച്ചാണ്. ദലിത് വിമര്‍ശനം ഈ ഘടനാപരമായ അസമത്വത്തെയാണ് ലക്ഷ്യമിടുന്നത്, വ്യക്തികളുടെ വ്യക്തിഗത സഹകരണങ്ങളെ അല്ല.

ചരിത്രത്തില്‍ ചില സഹകരണ നിമിഷങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അവയെ പൊതുവായ നിയമമായി അവതരിപ്പിക്കുന്നത് selective historicism ആണ്. ഉദാഹരണത്തിന്, വൈക്കം സത്യാഗ്രഹത്തില്‍ ചില സവര്‍ണ്ണ നേതാക്കളുടെ പങ്ക് ചൂണ്ടിക്കാണിക്കാം. പക്ഷേ, അതേസമയം ക്ഷേത്രപ്രവേശനത്തിനും ജാതിസമത്വത്തിനും എതിരെ ശക്തമായ സവര്‍ണ്ണ പ്രതിരോധവും ഉണ്ടായിരുന്നതും ചരിത്രസത്യമാണ്. ചരിത്രം ഒരൊറ്റ ദിശയില്‍ നടന്ന ”സവര്‍ണ്ണ കരുണയുടെ” കഥയല്ല; അത് ശക്തമായ സംഘര്‍ഷങ്ങളുടെ ചരിത്രമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ പലപ്പോഴും വര്‍ഗ്ഗവിമര്‍ശനത്തെ മുന്‍നിര്‍ത്തി ജാതിയെ ഉപരിതല പ്രശ്‌നമായി കണ്ടിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യത്തില്‍ ജാതി സ്വതന്ത്രമായ അധികാര ഘടനയാണ്. അതിനാല്‍ ജാതിയെ ചര്‍ച്ച ചെയ്യുന്നത് ‘തീവ്രവാദം’ അല്ല; അത് സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ അംഗീകാരമാണ്. പ്രശ്‌നം ‘നായര്‍’ എന്ന പേരല്ല. പ്രശ്‌നം ജാതി അധിഷ്ഠിത അധികാര ഘടനയാണ്. വ്യക്തികളുടെ നല്ല മനസ്സ് ചരിത്രത്തെ രൂപപ്പെടുത്തുന്നില്ല; അധികാര ഘടനകളാണ് ചരിത്രത്തെ നിര്‍ണ്ണയിക്കുന്നത്. ജാതി ഇല്ലെന്ന് പറയുകയും രണ്ട് ജാതികള്‍ മാത്രം അധികാരത്തില്‍ തുടരുകയും പട്ടിക ജാതിയും/വര്‍ഗ്ഗവും മറ്റൊരു ശിഖരത്തില്‍ ജീവിക്കേണ്ടിയും വരുന്നതിനെ ന്യായീകരിക്കാന്‍ ചില്ലറ തൊലിക്കട്ടി പോരാ. പികെഎസ് എന്ന ജാതി സംഘടന ഉണ്ടായത് തന്നെ ആലോചിച്ചാല്‍ മതി കാര്യങ്ങള്‍ മനസിലാകും.

Related