പിണറായി വിജയന്‍ തന്റെ ഒന്നാം ഭരണത്തിന്റെ അവസാന കാലത്ത് തുടര്‍ച്ചയായി നടത്തിയ പത്രസമ്മേളനങ്ങളിലൂടെ, കേരളത്തിലെ കുടുംബങ്ങളുടെയും പൗര സമൂഹത്തിന്റെയും മുന്‍പില്‍ ഒരു കാരണവരുടെ സ്ഥാനം നേടിയെടുക്കുകയുണ്ടായി. വലിയ രാഷ്ട്രീയ പരിഗണകള്‍ ഇല്ലാത്ത ‘നിഷ്പക്ഷര്‍’ഉത്തരവാദിത്തമുള്ള ഒരു ഭരണാധികാരിയായും പ്രതികൂല സാഹചര്യങ്ങളോട് നേര്‍ക്കുനേര്‍ നില്‍ക്കുന്ന ബഹുജന നേതാവായും ആ ഘട്ടത്തില്‍ അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്തു. ഈ പ്രതിച്ഛായ അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിക്കാനും ചില ബിജെപി മുഖ്യമന്ത്രിമാര്‍ പോലും പ്രശംസിക്കാനും കാരണമായിട്ടുണ്ട്.
യഥാര്‍ഥത്തില്‍, കേരളത്തിലെ ആരോഗ്യരംഗത്തും വിദ്യാഭ്യസ മേഖലയിലും കാലങ്ങളായി തുടര്‍ന്നു വരുന്ന പൊതു നയപരിപാടികളുടെ ഭാഗമായ തീരുമാനങ്ങളാണ് പിണറായി വിജയന്‍ തന്റെ പത്രസമ്മേളനങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നത്. ഇതിനര്‍ഥം, പ്രതിപക്ഷം ഭരിച്ചിരുന്നാലും കോവിഡ് പ്രതിരോധത്തിലെ സര്‍ക്കാര്‍ നടപടികള്‍ വലിയ വ്യതാസം വരാന്‍ ഇടയില്ലെന്നാണ്.
എന്നാല്‍, പിണറായി വിജയന്റെ പിതൃബിംബത്തെ തകര്‍ക്കാന്‍ അന്നത്തെ നിലയില്‍ പ്രതിപക്ഷത്തിനു കഴിയുമായിരുന്നില്ല. അതിനാല്‍ ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷത്തിനു ഭരണ തുടര്‍ച്ച ഉണ്ടാകുകയും ചെയ്തു. പിണറായി വിജയന്റെ ഇത്തരം പിതൃ ബിംബ നിര്‍മിതിക്കൊപ്പം, കേരളത്തിലെ ഇടതുപക്ഷക്കാര്‍ അദ്ദേഹത്തെ ‘ചെത്തുകാരന്റെ മകന്‍’ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും പുത്രന്‍’ എന്ന നിലയിലുള്ള ഭൂതകാല ഓര്‍മയെ ആവേശപൂര്‍വം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണത്? പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കാന്‍ വലതുപക്ഷ കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ ഈ ഓര്‍മയെ അവര്‍ ആയുധമാക്കി മാറ്റുകയാണുണ്ടായത് എന്നു വ്യക്തമാണ്.
കേരളത്തിലെ മുഖ്യധാര കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നവ വരേണ്യത അടിത്തറയായുള്ള ഒരു ഹിന്ദു സംഘടനയായി നിലനില്‍ക്കാന്‍ കഴിയുന്നതിന് കാരണം, ഈഴവര്‍ പോലുള്ള പിന്നോക്ക സമുദായങ്ങളുടെ അനുസരണയും ദലിതര്‍ അടക്കമുള്ള സമുദായങ്ങളുടെ നിശബ്ദതയും കൊണ്ടാണെന്ന വസ്തുത പരക്കെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഇത്തരം പ്രശ്‌നങ്ങളെ അട്ടിമറിക്കാനാണ് അവര്‍ പിണറായി വിജയന്റെ ജാതീയമായ കീഴാളത്തത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ഈ ഭൂതകാല നിര്‍മിതി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ കേന്ദ്രീകരിച്ചിട്ടുള്ള നവ ആഭിജാത വര്‍ഗ്ഗങ്ങള്‍ക്കും അക്കാഡമിക്ക് വരേണ്യര്‍ക്കും മുതല്‍ക്കൂട്ടാണ്. എന്നാല്‍, കീഴാള ബഹുജനങ്ങള്‍ ഇത്തരം നരേറ്റിവുകള്‍ക്കു പിന്നിലെ സാംസ്‌കാരിക വഞ്ചന അല്ലെങ്കില്‍ അഴിമതിയാണ് തിരിച്ചറിയുന്നത്. ഇന്ന്, പൊതുമുതല്‍ കവര്‍ന്നെടുത്ത് സാംസ്‌കാരിക അധമരെയും മാധ്യമ പിണിയാളുകളെയും അണി നിരത്തി ‘കേരളത്തെ ഇരുണ്ട കാലത്തില്‍ നിന്നും വിമോചിപ്പിച്ച’ വീരനായകനായി പിണറായി വിജയനെ എഴുന്നള്ളിക്കുമ്പോള്‍, ചിന്തിക്കുന്ന മനുഷ്യര്‍ മാത്രമല്ല പൗര സമൂഹം ഒന്നാകെയാണ് അപമാനവീകരിക്കപ്പെടുന്നത്.
