August 13 Thursday 2026

ചെറ്റ, ചെറ്റത്തരം, ഇല്ലത്തരം: ജി. സുധാകരനെ അധിക്ഷേപിക്കുന്ന പിണറായി വിജയന്‍ ഓര്‍ക്കേണ്ടത്

മറ്റുള്ളവരെ ആക്ഷേപിക്കാനും അവഹേളിക്കാനും മറ്റുമായി രാഷ്ട്രീയക്കാരും എഴുത്തുകാരും സിനിമക്കാരും ഉപയോഗിക്കുന്ന ഇഷ്ട ഡയലോഗ് ആണ് ചെറ്റ, ചെറ്റത്തരം, തേര്‍ഡ് റേറ്റ് ചെറ്റ എന്നിവ. ഈയിടെ സിപിഎമ്മില്‍ നിന്ന് വിട പറഞ്ഞ മുന്‍ മന്ത്രി ജി. സുധാകരനെതിരെ ‘സുധാകരന്റേത് ചെറ്റത്തരം’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുകയുണ്ടായി. (മനോരമ 22.03 26 ഞായര്‍ പേജ്. 01 ) ചെറ്റ എന്നാല്‍ തെങ്ങോല പനയോല മുതലായ വസ്തുക്കളെ കൊണ്ട് നിര്‍മിക്കുന്ന വാസസ്ഥലങ്ങള്‍ ആണ്. ചരിത്രപരമായി പരിശോധിച്ചാല്‍ ഇത്തരം കൂരകളില്‍ താമസിച്ചിരുന്നവര്‍ പറയര്‍, പുലയര്‍, പാണര്‍, ആദിവാസികള്‍, ഈഴവര്‍, തീയര്‍ മുതലായവരാണ്. അതുകൊണ്ടുതന്നെ ചെറ്റ എന്നാല്‍ ദലിതരും ആദിവാസികളും പിന്നാക്കക്കാരും താമസിച്ചിരുന്ന കൂര എന്നാണര്‍ഥം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭാഷ പണ്ഡിതര്‍ അടക്കം ഈ വാക്ക് വളരെ മോശമായ അര്‍ഥത്തിലാണ് ഉപയോഗിച്ചു വരുന്നത്!

വൃത്തികെട്ടവന്‍, തെമ്മാടി, ഒന്നിനും കൊള്ളാത്തവന്‍, തന്തയില്ലാത്തവന്‍, സംസ്‌കാരശൂന്യന്‍ എന്നീ അര്‍ഥങ്ങളാണ് ഇവര്‍ പതിച്ചു നല്‍കിയിട്ടുള്ളത്. തേര്‍ഡ് റേറ്റ് ചെറ്റ എന്നാല്‍ കുറെക്കൂടി ഗ്രേഡ് കൂടിയതായി കണക്കാക്കാം . ചെറ്റത്തരം എന്നാല്‍ തെമ്മാടിത്തം, അല്‍പ്പത്തരം, സംസ്‌കാര ശൂന്യത എന്നീ അര്‍ഥങ്ങളുമാണ് മേലാളര്‍ കൊടുത്തത്! ശബ്ദതാരാവലിയില്‍ ചെറ്റ എന്ന വാക്കിന് നികൃഷ്ടന്‍, അല്പന്‍ എന്നീ അര്‍ഥങ്ങള്‍ കൊടുത്തിട്ടുണ്ട്. ചെറ്റയില്‍ കിടക്കാത്തവര്‍ ശബ്ദതാരാവലി ഉണ്ടാക്കുമ്പോള്‍ ഇത്തരം അര്‍ഥങ്ങള്‍ നല്‍കുന്നത് സ്വാഭാവികം. എന്നാല്‍, ചെറ്റയില്‍ കിടന്നവര്‍ കൊടുക്കുന്ന അര്‍ഥങ്ങളും നാനാര്‍ഥങ്ങളും ഭാഷാശൈലികളും മറ്റു വിധത്തില്‍ ആയിരിക്കും.

ചെറ്റയില്‍ കിടന്നവരാണ് ഇവിടെ കൃഷി ചെയ്ത് മേലാളരുടെ പള്ളയും പത്തായവും നിറച്ചു കൊടുത്തത്! അവരാണ് ഇവിടെ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും റോഡുകളും നിര്‍മിച്ചത്. അവര്‍ തന്നെയായിരുന്നു നാടുമുഴുവന്‍ വൃത്തിയാക്കിയിരുന്നത്! വൃത്തി കേടാക്കുന്നവര്‍ നല്ലവരും വൃത്തിയാക്കുന്നവരാകട്ടെ മോശക്കാരും! ചെറ്റയുടെ വിപരീതങ്ങളായ പഴയ മനകളിലേക്കും ഇല്ലങ്ങളിലേക്കും നാലുകെട്ടുകളിലേക്കും ഒന്ന് കണ്ണോടിച്ചു നോക്കുന്നത് നല്ലതാണ്. അവിടുത്തെ അന്തപ്പുര രഹസ്യങ്ങള്‍ അവിടങ്ങളിലെ ഉണ്ണികള്‍ തന്നെ നമുക്ക് പുസ്തകരൂപത്തില്‍ വേണ്ടുവോളം വിളമ്പി തന്നിട്ടുണ്ട്. രാപ്പകല്‍ ജോലി ചെയ്തവര്‍ക്ക് നിലം കുഴിച്ച് കഞ്ഞി വിളമ്പി കൊടുത്തവരും ചെയ്ത ജോലിക്ക് മാന്യമായ കൂലി കൊടുക്കാത്തവരും കൂലി ചോദിച്ചാല്‍ കെട്ടിയിട്ട് തല്ലിയവരും അവിടങ്ങളിലെ ആളുകള്‍ തന്നെ! എന്നിട്ടും അവര്‍ താമസിക്കുന്ന ഇല്ലം ചൂണ്ടിക്കാണിച്ച് ഇല്ലത്തരം പറയരുത് എന്ന് ആരും പറയാറില്ല. ചെറ്റയില്‍ താമസിച്ചവര്‍ പോലും അങ്ങനെ ഉപയോഗിക്കാറില്ല. അതാണ് അവരുടെ മഹത്വം!

ചെറ്റയെയും അവിടെ താമസിക്കുന്നവരുടെ സ്വഭാവത്തെയും മോശമായി ചൂണ്ടിക്കാണിക്കാന്‍ ചെറ്റത്തരം എന്ന വാക്കു ഉപയോഗിക്കുന്ന പിണറായി വിജയനെ പോലുള്ള ‘മാര്‍ക്‌സിസ്റ്റ്’ സഖാക്കള്‍ ഓര്‍ക്കേണ്ട ഒരു കാര്യം പണ്ട് കമ്യൂണിസ്റ്റുകാരെ സര്‍ക്കാര്‍ വേട്ടയാടിയപ്പോള്‍ ദിവസങ്ങളോളം ഒളിവില്‍ താമസിച്ചിരുന്നത് ഇത്തരം ചെറ്റകളില്‍ ആണെന്നതാണ്. അന്ന് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ചെറ്റകളും ചെറ്റത്തരവും വേണ്ടിയിരുന്നു; ഇന്ന് അധികാരത്തിലേറിയപ്പോള്‍ അന്ന് ചെറ്റകളില്‍ താമസിപ്പിച്ചവരേയും അവരുടെ ചെറ്റത്തരത്തെയും മറക്കുകയും ചെറ്റയും ചെറ്റത്തരവും സംസ്‌കാര ശൂന്യതയുടെ പേരുകളാക്കിമാറ്റുകയും ചെയ്യുന്നത് നീതികേടാണ്.

Related