August 13 Thursday 2026

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

പതിനാറാമത് നിയമസഭയിലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ നിശ്ചയിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെയും തീരുമാനിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇനി പുതിയറോളിലായിരിക്കും നിയമസഭയിലെത്തുക. ആദ്യമായാണ് പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നത്.

മുന്‍ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.ഡി സതീശനും മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ പിണറായി വിജയനും നേര്‍ക്കുനേരെയുള്ള പോരാട്ടത്തിനാണ് സഭ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം ഭരണപക്ഷത്തിരുന്ന പിണറായി വിജയന്‍ ഇനി പ്രതിപക്ഷ നേതാവിന്റെ സീറ്റിലേക്കും, പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ സീറ്റിലേക്കും മാറും.

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതില്‍ എല്‍ഡിഎഫിലെ മുഖ്യ ഘടകക്ഷിയായ സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാന്‍ സിപിഎം തയ്യാറായില്ല. പിണറായി വിജയന് പകരം പ്രതിപക്ഷ നേതാവായി മുഹമ്മദ് റിയാസോ, കെ.എന്‍ ബാലഗോപാലോ വരുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.  ഐകകണ്‌ഠ്യേനയാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചത്. പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ തയ്യാറായതിന തുടര്‍ന്ന് പാര്‍ട്ടി അത് അംഗീകരിക്കുകയായിരുന്നു. യുഡിഎഫിന്റെ 102 അംഗങ്ങളുും എല്‍ഡിഎഫിന്റെ 35 അംഗങ്ങളുും ബിജെപിയുടെ മുന്ന് അംഗങ്ങളുമാണ് പതിനാറാമത് കേരള നിയമസഭയിലുണ്ടാവുക.

Related