August 9 Sunday 2026

പെരുമാട്ടികുലം: പുലയ ഗോത്രത്തിന്റെ അടയാളപ്പെടുത്തലുകള്‍

കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ ജാതിയെ പ്രശ്‌നവത്കരിക്കുന്ന സംവാദങ്ങളും കലാരൂപങ്ങളും സാഹിത്യവുമെല്ലാം ഈയടുത്ത കാലത്ത് സജീവമായിട്ടുണ്ടല്ലോ. അതിനോട് ചേര്‍ത്ത് വെക്കാവുന്ന ഒരു നാടകമാണ് സുജിത് ചന്ദ്രശേഖരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പെരുമാട്ടികുലം. പ്രമേയം കൊണ്ടും അവതരണം കൊണ്ടും നാടകത്തെ ശ്രദ്ധേയമാക്കി തീര്‍ക്കാന്‍ ഇതിന്റെ സംഘടകര്‍ക്ക് സാധിച്ചിട്ടുണ്ട്.

ചരിത്രത്തില്‍ വേണ്ടവിധം ഇടംപിടിക്കാതെ പോയ പുലയ ഗോത്രത്തിന്റെ സാംസ്‌കാരിക മൂല്യത്തെയും അധികാരവ്യവസ്ഥയെയും കോതറാണിയുടെ പോരാട്ട ചരിത്രത്തിലൂടെ രേഖപ്പെടുത്തുകയാണ് സുജിത് ചന്ദ്രശേഖരന്‍. ജാതിയേയില്ലെന്ന് വാദിക്കുകയും ദലിതരെ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് മാറ്റിനിര്‍ത്തുകയും അവരുടെ അധികാരവ്യവസ്ഥയിലേക്കുള്ള പ്രവേശനത്തെ പല്ലും നഖവുമുപയോഗിച്ചു ചെറുക്കുകയും ചെയ്യുന്നതില്‍ വ്യത്യസ്ത സമുദായിക ഗ്രൂപ്പുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്റകെട്ടായി നീങ്ങുന്ന സാഹചര്യത്തില്‍ നാടകത്തിലൂടെയുള്ള ഇത്തരം ഇടപെടലുകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്.

ഒരുപക്ഷെ ഒപ്പമെന്ന് തോന്നിപ്പിക്കുകയും വേട്ടക്കാരോടൊപ്പം വേട്ടയാടുകയും ചതിയിലൂടെ വെട്ടിവീഴ്ത്തുകയും ചെയ്യുന്നത് ഭൂതകാല ചരിത്രത്തില്‍ മാത്രമല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് നാടകം. ദലിത് ജീവിതത്തെ അകറ്റിനിര്‍ത്തുകയും അതിനെ അങ്ങേയറ്റം പുച്ഛിക്കുകയും പരിഹസിക്കുകയും ഭൗതികമായ വികാസത്തെ ബലം പ്രയോഗിച്ച് തടയുകയും ചെയ്യുന്നത്തിന്റെ വര്‍ത്തമാന കാല സാക്ഷ്യപെടുത്തലുകള്‍ ധാരാളമുണ്ട്. രോഹിത് വെമുലയും നിതിന്‍രാജും നാടകത്തിലെ കറുപ്പനും നീലനും പഞ്ചമിയും കോതറാണിയുമെല്ലാം ഭൂമിശാസ്ത്രപരമായി അകലങ്ങളില്‍ നില്‍ക്കുമ്പോഴും അനുഭവപരമായി ഒരേ ജീവിതവൃത്തത്തിന്റെ ഇഴയടുപ്പത്തില്‍ നില്‍ക്കുന്നത് ദലിത് ജീവിതത്തിന്റെ സമാനതകൊണ്ടാണ്.
പ്രതിരോധത്തിന്റെ ചെറിയ ചലനങ്ങള്‍ പോലും പ്രതീക്ഷയുടെ കിരണങ്ങള്‍ സൃഷ്ടിക്കുമെന്ന അറിവാണ് നാടകത്തിന്റെ കാരണമെന്ന് അറിയുമ്പോഴുണ്ടാകുന്ന സന്തോഷമാണ് നാടകം കണ്ടപ്പോള്‍ ഉണ്ടായത്. നാടകത്തിന്റെ സാങ്കേതികവും ഘടനാപരവുമായി വീഴ്ചകള്‍ ഏറെയുണ്ടെങ്കിലും വിഷയപരമായി ഏറെ ഔനത്യത്തിലാണ് നാടകം ചരിക്കുന്നത്. വലിയ എഫര്‍ട്ട് എടുത്ത് ചെയ്തു പൂര്‍ത്തീകരിക്കുന്നതില്‍ തോളോട് തോള്‍ ചേര്‍ന്ന അണിയറ പ്രവര്‍ത്തകരോടും പ്രത്യേകിച്ച് സുജിതിനോടും നന്ദിയും സ്‌നേഹവും.

Related